December 28, 2024

പുതുതലമുറക്ക് കേരളം മടുത്തോ? യുവതീയുവാക്കൾ കേരളം വിടാനുള്ള കാരണങ്ങളിതാ...

കേരളം വിടാനുള്ള കാരണങ്ങളായി പുതുതലമുറ പങ്കുവെക്കുന്ന കാര്യങ്ങൾ പരിശോധിക്കാം..
പരിമിതമായ തൊഴിലവസരങ്ങൾ
വിദേശത്തേക്ക് കുടിയേറുന്ന യുവതലമുറ ഏക സ്വരത്തിൽ പറയുന്ന കാരണമാണിത്. എത്ര വിദ്യാഭ‍്യാസ യോഗ്യതയുണ്ടെങ്കിലും തൊഴിൽ ലഭിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. നിലവിലുള്ള തൊഴിലവസരങ്ങൾ ഓരോ വർഷവും കുറഞ്ഞുവരുന്നു. പുതുതായി തുടങ്ങുന്ന വ്യവസായ യൂനിറ്റുകളും സ്റ്റാർട്ടപ്പുകളും പ്രതീക്ഷിച്ച പോലെ വളരുന്നുമില്ല.
കുറഞ്ഞ ശമ്പളം
മതിയായ യോഗ്യതയും നൈപുണ‍്യവുമുള്ള യുവതീയുവാക്കൾക്ക് പല കമ്പനികളും സ്ഥാപനങ്ങളും വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്താലും മാസാവസാനം ഇരുപതിനായിരത്തിലോ പതിനയ്യായിരത്തിലോ താഴെ മാത്രമാണ് ശമ്പളം ലഭിക്കുക.
തൊഴിൽ സ്ഥിരത
കേരളത്തിലായാലും ഗൾഫ് രാജ്യങ്ങളിലായാലും ലഭിക്കുന്ന ജോലിക്ക് സ്ഥിരതയില്ല. പല കമ്പനികളിലും സ്ഥിര നിയമനമില്ല. സർക്കാർ സ്ഥാപനങ്ങളിൽവരെ കരാർ നിയമനങ്ങൾ വർധിക്കുകയാണ്.
ഉയർന്ന ജീവിത നിലവാരം:
വിദേശരാജ്യങ്ങളിലെ ഉയർന്ന ജീവിത നിലവാരം യുവതലമുറയെ ആകർഷിക്കുന്നു.
ഉന്നത വിദ്യാഭ‍്യാസരംഗത്തെ ഗുണനിലവാരമില്ലായ്മ
പ്രാഥമിക വിദ്യാഭ‍്യാസരംഗത്ത് കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ‍്യാസരംഗത്ത് ആ മികവ് കാണാനാവില്ല. അതുകൊണ്ടുതന്നെ ക്വാളിറ്റിയുള്ള ഉന്നത വിദ്യാഭ‍്യാസം തേടി യുവതലമുറ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നു.
പേഴ്സനൽ സ്പേസ്
വ്യക്തിജീവിതത്തിൽ മറ്റുള്ളവർ അനാവശ‍്യമായി ഇടപെട്ട് ആളുകളുടെ പേഴ്സനൽ സ്പേസ് കവർന്നെടുക്കുന്ന പ്രവണത കേരളത്തിൽ കൂടുതലാണെന്ന ആക്ഷേപം പുതുതലമുറക്കുണ്ട്.
പാർട്ട് ടൈം ജോലി
വിദേശത്ത് പഠനത്തോടൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യാമെന്നത് വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്
Explore