ആത്മാവും ശരീരവും ശുദ്ധീകരിച്ച് പുതിയ മനുഷ്യരായി മാറാൻ ഏറ്റവും നല്ല അവസരമാണ് നോമ്പ് ദിനങ്ങൾ.
ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം, വികാര വിചാരങ്ങൾ നിയന്ത്രിക്കുകയും ആത്മസംസ്കരണത്തിനുള്ള വഴികൾ കണ്ടെത്തുകയും വേണം. താഴെയുള്ള ഗുണങ്ങൾ അതിനു സഹായിക്കും.
ദേഷ്യം, പക തുടങ്ങിയവ നിയന്ത്രിച്ച് മറ്റുള്ളവരോട് ഹൃദയപൂർവം ക്ഷമിക്കുക. വാക്കുകൾ, പ്രവൃത്തികൾ എന്നിവ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. അത് നമ്മുടെയും അവരുടെയും സന്തോഷത്തെ കെടുത്തും.
മനസ്സ് നന്ദി കൊണ്ട് നിറക്കുക. ലഭിച്ച സന്തോഷങ്ങൾക്കെല്ലാം ദൈവത്തോടും ചുറ്റുമുള്ളവരോടും നന്ദിയുള്ളവരാകുക. പ്രാർഥനകൾ വർധിപ്പിക്കുക. തെറ്റിൽ നിന്ന് വിട്ടുനിൽക്കാൻ ഇത് പ്രേരിപ്പിക്കും.
സംസാരത്തിൽ നല്ല വാക്കുകൾ മാത്രം ഉപയോഗിക്കുക. ഹൃദയം വിശാലമാക്കുക. കൂടെ ജോലി ചെയ്യുന്നവർ, കീഴിൽ ചെയ്യുന്നവർ തുടങ്ങി എല്ലാവരോടും വിശാല മനസ്സോടെ പെരുമാറാൻ പഠിക്കുക.
ഉപാധികളില്ലാതെ എല്ലാവരെയും സ്നേഹിക്കുക. സ്നേഹമാകട്ടെ നമ്മുടെ ഭാഷ. എല്ലാവരിലും നന്മമാത്രം കാണുക. കുറ്റം പറയൽ, പരാതി എന്നിവ ഉപേക്ഷിക്കുക.
മിതമായ ഭക്ഷണം കഴിക്കുകയും ഭക്ഷണം പാഴാക്കാതിരിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ വിശപ്പിന്‍റെ വില മനസ്സിലാക്കുക.