നാരങ്ങാത്തൊലി കളയുന്നവരാണോ; അറിയാം അഞ്ച് ഉപയോഗങ്ങൾ
നാം സാധാരണയായി കളയുന്ന നാരങ്ങാത്തൊലിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നാരങ്ങാത്തൊലി വിനാഗിരിയിൽ ചേർത്ത് രണ്ടോ മൂന്നോ ആഴ്ച സൂക്ഷിച്ചാൽ സുഗന്ധമുള്ള ക്ലീനിങ് ലിക്വിഡ് തയാറാക്കാം.
1. അടുക്കള വൃത്തിയാക്കാൻ
നാരങ്ങാത്തൊലി ചേർത്ത വിനാഗിരി മിശ്രിതം അടുക്കളയിലെ സ്ലാബ്, റാക്കുകൾ, സ്റ്റൗവ് തുടങ്ങിയ ഭാഗങ്ങളിലെ എണ്ണക്കറയും ഭക്ഷണ അവശിഷ്ടങ്ങളും നീക്കാൻ സഹായിക്കും. ഇത് ദുർഗന്ധം ഒഴിവാക്കി പുതിയ സുഗന്ധം നൽകും.
2. പാടുകൾ നീക്കാൻ
സിങ്ക്, ടാപ്പുകൾ തുടങ്ങിയ ഭാഗങ്ങൾ വൃത്തിയാക്കി തിളക്കം വീണ്ടെടുക്കാൻ ഈ മിശ്രിതം സഹായിക്കും. ഇത് കുറച്ച് നേരം സ്പ്രേ ചെയ്ത് വെച്ച ശേഷം തുടച്ചാൽ പാടുകൾ എളുപ്പത്തിൽ നീക്കം ചെയ്യാം
3. ദുർഗന്ധം ഒഴിവാക്കാൻ
അടുക്കള ബിന്നുകളിലും ഡ്രെയിനുകളിലും ഉണ്ടാകുന്ന ദുർഗന്ധം കുറക്കുന്നു. നാരങ്ങ ദുർഗന്ധം ഇല്ലാതാക്കുകയും വിനാഗിരി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു.
4. ഗ്ലാസുകളും കണ്ണാടികളും വൃത്തിയാക്കാൻ
ഗ്ലാസ് പ്രതലങ്ങളിലെയും കണ്ണാടികളിലെയും ചെറിയ കറകൾ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ഇലക്ട്രോണിക് സ്‌ക്രീനുകളിലോ പ്രത്യേക കോട്ടിങ് ഉള്ള ഗ്ലാസുകളിലോ ഇത് ഉപയോഗിക്കരുത്.
5. പാത്രങ്ങൾക്ക് തിളങ്ങാൻ
പ്ലാസ്റ്റിക് പാത്രങ്ങളിലെ പഴകിയ ദുർഗന്ധവും അഴുക്കും കുറക്കാൻ സഹായിക്കും. ഇത് ഉപയോഗിച്ച് പാത്രങ്ങൾ തുടച്ചാൽ കൂടുതൽ വൃത്തിയും തിളക്കവും ലഭിക്കും.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ നാരങ്ങാത്തൊലി നിറച്ച് അത് മൂടുന്നത്ര വിനാഗിരി ഒഴിക്കുക. രണ്ടാഴ്ച വെളിച്ചം കടക്കാതെ സൂക്ഷിച്ച ശേഷം തൊലി നീക്കി, തുല്യ അളവിൽ വെള്ളം ചേർത്ത് ഉപയോഗിക്കാം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്ലീച്ച്, അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളുമായി വിനാഗിരി കലർത്തരുത്.
മാർബിൾ, ഗ്രാനൈറ്റ്, വാക്‌സ് ചെയ്ത മരം തുടങ്ങിയ ആസിഡിനോട് പ്രതികരിക്കുന്ന പ്രതലങ്ങളിലും ഈ മിശ്രിതം ഉപയോഗിക്കരുത്. കേടായ നാരങ്ങാത്തൊലി ഒഴിവാക്കുന്നതാണ് നല്ലത്.