ക്ഷീണം, ശ്വാസതടസം, മുടികൊഴിച്ചിൽ..; അയൺ കുറയുമ്പോൾ ശരീരം നൽകുന്ന സൂചനകൾ
ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ അറിയാം..
ക്ഷീണവും തളർച്ചയും
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയാണെങ്കിൽ ഇരുമ്പിന്റെ അഭാവം ആവാം കാരണം.
വിളറിയ ചർമം
വിളറിയ ചർമം ഇരുമ്പിന്‍റെ അഭാവത്തിന്റെ സൂചനയാണ്. ഹീമോഗ്ലോബിൻ ആണ് രക്‌തത്തിന് ചുവപ്പ് നിറം നൽകുന്നത്. എന്നാൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ചർമം വിളറുകയും ചുണ്ടുകളുടെയും കൺപോളകളുടെയും നിറം മങ്ങുകയും ചെയ്യും.
ശ്വസിക്കാൻ പ്രയാസം
ഹീമോഗ്ലോബിന്‍റെ ഉൽപാദനത്തിന് ഇരുമ്പ് ആവശ്യമാണ്. ഇത് ഓക്സിജനെ കോശങ്ങളിലെത്തിക്കുന്നു. ഓക്സിജന്‍റെ അളവ് കുറയുമ്പോൾ ശ്വസനനിരക്ക് കൂടുകയും ശ്വാസംമുട്ടൽ ഉണ്ടാകുകയും അങ്ങനെ ശ്വസനത്തിന് തടസ്സം നേരിടുകയും ചെയ്യും.
വിണ്ടുകീറിയ നഖങ്ങൾ
ഇരുമ്പിന്റെ അഭാവം നഖങ്ങളെയും ബാധിക്കും. നഖങ്ങൾ വിണ്ടുകീറുന്നതും നഖങ്ങളിൽ പാടുകൾ വരുന്നതും ഇരുമ്പിന്‍റെ അഭാവത്തിന്‍റെ ലക്ഷണമാണ്.
മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിലിന് ഇരുമ്പിന്‍റെ അഭാവം കാരണമാകും. ഇരുമ്പ് ആവശ്യത്തിന് ലഭിക്കാത്തതിനാൽ രോമകൂപങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരും. ഇത് മുടികൊഴിച്ചിലിനു കാരണമാകും.
ചികിത്സ
ഈ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടണം. രക്തപരിശോധനയിലൂടെ ഇരുമ്പിന്റെ അളവ് അറിയാൻ സാധിക്കും. ഭക്ഷണത്തിൽ വ്യത്യാസം വരുത്തുക, അയൺ സപ്ലിമെന്റുകൾ കഴിക്കുക തുടങ്ങിയവ നല്ല മാറ്റം കൊണ്ടു വരും.