March 16, 2025

കാറിൽ സൂക്ഷിച്ച കുപ്പിവെള്ളം സുരക്ഷിതമാണോ?

ചൂടുകാലമൊക്കെയാണ്, യാത്രയ്ക്കിടെ ദാഹിച്ചാലോ എന്ന് കരുതി എപ്പോഴും കാറിൽ വെള്ളം സൂക്ഷിക്കാറുണ്ടോ? സ്ഥിരമായി ഇങ്ങനെ ഒരു കുപ്പിവെള്ളം സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എത്ര ദിവസം വരെ ഇങ്ങനെ സൂക്ഷിച്ച വെള്ളം കുടിക്കാറുണ്ട്?
വെള്ളമല്ലെ എന്ന് കരുതി ദിവസങ്ങളോളം ഇങ്ങനെ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നവരുണ്ടെങ്കിൽ ഇനി അത് വേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കാറിലെ ചൂടില്‍ ഏറെ നേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ദീര്‍ഘനേരം ചൂടില്‍ ഇരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതിലൂടെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരത്തിലെത്താന്‍ ഇടയാക്കുമെന്നാണ് പഠനം പറയുന്നത്.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടുവെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അവ ഒരു ലിറ്ററില്‍ ട്രില്യണ്‍ കണക്കിന് എ്‌ന നിരക്കില്‍ നാനോകണങ്ങള്‍ വെള്ളത്തിലേക്ക് പുറത്തുവിടുന്നുവെന്നാണ് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി ഇങ്ങനെയുള്ള വെള്ളം കുടിക്കുന്നത്, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കും.
ബാക്ടീരിയ വളര്‍ച്ചയാണ് മറ്റൊരു പ്രശ്‌നം. കുപ്പി കൃത്യമായി വൃത്തിയാക്കാതെയോ ഒരു ദിവസം കുടിച്ച വെള്ളം ഏറെ നാള്‍ സൂക്ഷിക്കുമ്പോഴോ ഇത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഇങ്ങനെ ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
ചൂട് കാലമാണ്, ഹൈഡ്രേറ്റഡ് ആയിരിക്കേണ്ടത് അത്യാവശ്യവുമാണ്, എപ്പോഴും വെള്ളം കയ്യില്‍ കരുതുകയും വേണം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കാറില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.
Explore