ഒരാൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനാകുമോ? സാധിക്കുമെന്നാണ് ഉത്തരം,
അത് അത്ര എളുപ്പമല്ലെങ്കിലും. നന്നേ ചുരുങ്ങിയത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും.
പ്രോഡോമൽ സിംപ്റ്റംസ് എന്നാണ് ഇതിനെ പറയുക. അഥവാ, ഹൃദയാഘാതത്തിന് ദിവസങ്ങൾക്ക് മുമ്പ് കണ്ടുവരുന്ന ചില ലക്ഷണങ്ങളാണിത്.
നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള പ്രയാസം, ഉറക്കമില്ലായ്മ, ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പ്രോഡോമൽ സിംപ്റ്റംസ്.
ഇക്കൂട്ടത്തിൽ മറ്റൊന്നുകൂടിയുണ്ട്: അത് നമ്മുടെ കണ്ണുകളിൽ കാണപ്പെടുന്ന ചില മാറ്റങ്ങളാണ്. നിങ്ങളുടെ കണ്ണുകളിൽ മഞ്ഞനിറം കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അത് ഹൃദയാഘാതത്തിന്റെ സൂചനയാണ്.
എൽ.ഡി.എൽ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുടുമ്പോഴാണ് ഇങ്ങനെ മഞ്ഞനിറം കാണുന്നത്.
കണ്ണിന് ചുറ്റും വീക്കം കണ്ടാലും അപകടസൂചനയായി കണക്കാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഫ്ലൂയിഡ് റിറ്റൻഷൻ കാരണം സംഭവിക്കുന്നതാണ്.
തുടർച്ചയായി കണ്ണിന് വേദന അനുഭവപ്പെട്ടാലും അത് ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കണം. കാരണം, രക്തക്കുഴലുകളിലേക്ക് ആവശ്യമായ രക്തയോട്ടം ഇല്ലാത്തതുകൊണ്ടാണിത് സംഭവിക്കുന്നത്
അതിനാൽ, കണ്ണിന് ഇത്തരം ‘അസുഖ’ങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ശരീര പരിശോധനക്ക് തയാറാകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.