വൈറ്റമിൻ ഡി അഭാവം: ആദ്യ സൂചനകൾ ലഭിക്കുക നാവിൽ നിന്ന്
വൈറ്റമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുമ്പോൾ ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ഡി അത്യാവശ്യമാണ്.
ശക്തമായ എല്ലുകൾക്കും പല്ലുകൾക്കും ചില അർബുദങ്ങൾ നിയന്ത്രിക്കുന്നതിനും വൈറ്റമിൻ ഡി വേണം.
പ്രമേഹവും അമിതവണ്ണവുമുള്ള രോഗികളിലാണ് പലപ്പോഴും വൈറ്റമിൻ ഡിയുടെ അപര്യാപ്‌തത കണ്ടു വരുന്നത്.
വൈറ്റമിൻ ഡി അഭാവത്തെ പറ്റിയുള്ള ആദ്യ സൂചനകൾ നമ്മുടെ നാക്കിൽ നിന്ന് ലഭിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വായ്ക്കോ നാക്കിനോ പുകച്ചിലുണ്ടാക്കുന്ന ബേണിങ്ങ് മൗത്ത് സിൻഡ്രോം വൈറ്റമിൻ ഡി അടക്കമുള്ള ചില വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു
ചുണ്ടിലോ, നാക്കിലോ ആരംഭിക്കുന്ന പുകച്ചിൽ പിന്നീട് വായ് മുഴുവൻ പടരുന്നു. നാക്ക് ഉണങ്ങി പോകുന്ന അവസ്ഥയും നാക്കിനുണ്ടാകുന്ന തരിപ്പും അരുചിയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ടാണ്ടാക്കും.
എന്നാൽ വായുടെ പുകച്ചിൽ വൈറ്റമിൻ ഡി അഭാവം കൊണ്ടു മാത്രം ആകണമെന്നില്ലെന്നും വൈറ്റമിൻ ബി, അയൺ, സിങ്ക് പോലെ വിവിധ തരം വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം ഇതിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്‌ധർ കൂട്ടിച്ചേർക്കുന്നു.