വീടുവെക്കാൻ വായ്പയെടുക്കും മുമ്പ്...

ഹോം ലോൺ എടുക്കുന്നതോടെ വർഷങ്ങളോളം തുടരുന്ന സാമ്പത്തിക ബാധ്യത ആരംഭിക്കുകയാണ്. ഓരോ മാസവും അടയ്ക്കേണ്ട ഇ.എം.ഐ കുടുംബ ബജറ്റിനെ ബാധിക്കാതിരിക്കാൻ ലോൺ എടുക്കുന്നതിന് മുമ്പുതന്നെ കൃത്യമായ ആസൂത്രണം ആവശ്യമാണ്.
ആവശ്യത്തിന് മാത്രം ലോൺ
വീടിന്റെ നിർമാണമോ വാങ്ങലോ സംബന്ധിച്ച ചെലവുകൾ കൃത്യമായി കണക്കാക്കി ആവശ്യമായ തുക മാത്രം വായ്പയെടുക്കുക. ലോൺ തുക കുറയുമ്പോൾ സ്വാഭാവികമായും ഇ.എം.ഐ കുറയും. ഒപ്പം ദീർഘകാലത്ത് നൽകേണ്ട പലിശയും കുറയ്ക്കാൻ കഴിയും.
ഡൗൺ പേയ്മെന്റ് കൂട്ടാം
ഡൗൺ പേയ്മെന്റ് വർധിപ്പിക്കുന്നത് ലോൺ തുക കുറയ്ക്കാൻ സഹായിക്കും. കൂടുതൽ തുക ആദ്യം നൽകാൻ കഴിഞ്ഞാൽ വായ്പയെടുക്കേണ്ട തുക കുറയും, ഇ.എം.ഐയിലും മാറ്റമുണ്ടാകും.
പലിശനിരക്ക് മാത്രം നോക്കരുത്
പലിശനിരക്ക് മാത്രം നോക്കി ബാങ്ക് തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. പ്രോസസിങ് ഫീസ്, മറ്റ് ചാർജുകൾ, ലോൺ നിബന്ധനകൾ, മുൻകൂർ തിരിച്ചടവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നിവയും പരിശോധിക്കണം. ചെറിയ പലിശവ്യത്യാസം പോലും ദീർഘകാല ലോൺ ആകുമ്പോൾ മൊത്തം തിരിച്ചടവ് തുകയിൽ കാര്യമായ വ്യത്യാസമുണ്ടാക്കാം.
കാലാവധി കൂട്ടിയാൽ ഇ.എം.ഐ കുറയും
ലോൺ കാലാവധി വർധിപ്പിച്ചാൽ പ്രതിമാസ ഇ.എം.ഐ കുറയാൻ സാധ്യതയുണ്ട്. മൊത്തം പലിശച്ചെലവ് വർധിക്കാനുള്ള സാധ്യതയുമുണ്ട്. മാസവരുമാനം, നിലവിലെ മറ്റു വായ്പകൾ, കുടുംബച്ചെലവുകൾ എന്നിവ കണക്കിലെടുത്ത് താങ്ങാനാകുന്ന കാലാവധി തിരഞ്ഞെടുക്കുന്നതാണ് പ്രധാനം.
ക്രെഡിറ്റ് സ്കോർ
ലോൺ അപേക്ഷിക്കുന്നതിന് മുമ്പ് സ്വന്തം ക്രെഡിറ്റ് ചരിത്രം പരിശോധിക്കുന്നത് നല്ലതാണ്. നിലവിലെ വായ്പകളുടെയും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളുടെയും തിരിച്ചടവ് കൃത്യമായി നടത്തുന്നത് ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ സഹായിക്കും.
Explore