പോക്കറ്റ് കാലിയാക്കാതെ കിടിലൻ മേക്കോവർ

ലളിതമായ ആശയങ്ങളും അൽപം സർഗ്ഗാത്മകതയും ഉപയോഗിച്ച് കുറഞ്ഞ ബജറ്റിൽ വീടിന്റെ ഉൾവശം ആകർഷകമാക്കാം. പോക്കറ്റ് കാലിയാക്കാതെ വീടിന് പ്രൗഢിയും ഭംഗിയും നൽകാൻ സഹായിക്കും.
വർണ്ണങ്ങളും ലൈറ്റിങ്ങും
മുറിയിലെ എല്ലാ ചുവരുകളും പെയിന്റ് ചെയ്യുന്നതിന് പകരം, ഒരു ചുവർ മാത്രം ആകർഷകമായ നിറത്തിൽ മാറ്റി പെയിന്റടിക്കാം. ഇതിനായി പെയിന്റോ വാൾപേപ്പറോ ഉപയോഗിക്കാം. വാം വൈറ്റ് എൽ.ഇ.ഡി ബൾബുകളും ടേബിൾ ലാംപുകളും ഉപയോഗിക്കുന്നത് വീടിന് ആഡംബര അന്തരീക്ഷം നൽകും.
ഇൻഡോർ പ്ലാന്റുകൾ
മണിലാൻഡ്, സ്നേക് പ്ലാന്റ്, അരെക്ക പാം, സിൻഗോണിയം തുടങ്ങിയ ചെടികൾ കുറഞ്ഞ ചെലവിൽ ലഭ്യമാണ്. പഴയ കളിമൺ ചട്ടികൾ കളർ പെയിന്റ് ചെയ്‌തോ, ചണച്ചരട് ചുറ്റിയോ മനോഹരമായ പ്ലാന്ററുകളാക്കാം. സ്വീകരണമുറിയുടെ കോർണറുകളിലും ജനലിനടുത്തും ഇത് വെക്കാം.
ഗാലറി വാളും പേഴ്സണൽ ടച്ചും
ചുവരുകളിൽ കുടുംബ ചിത്രങ്ങൾ, കുട്ടികളുടെ മനോഹരമായ വരകൾ, പ്രചോദനാത്മകമായ വാക്യങ്ങൾ എന്നിവ ലളിതമായ ഫ്രെയിമുകളിലാക്കി ക്രമീകരിച്ച് ഒരു 'ഗാലറി വാൾ' നിർമിക്കാം. കൈകൊണ്ട് ഉണ്ടാക്കിയ വോൾ ഹാംഗിങുകൾ, മാക്രമേ ഡിസൈനുകൾ എന്നിവയും നൽകാം.
ഫർണിച്ചർ പുനഃക്രമീകരണം
മുറിയിലെ വെളിച്ചവും വായുസഞ്ചാരവും തടസ്സപ്പെടാത്ത രീതിയിൽ സോഫയും മേശകളും പുനഃക്രമീകരിക്കുക. മുറികൾ വൃത്തിയായി സൂക്ഷിക്കുന്നതും അലങ്കാരമാണ്.
Explore