വയറിങ് പഴകിയോ സൂചനകളിലൂടെ അറിയാം

കാലപ്പഴക്കം മൂലം വീടിനുള്ളിലെ വയറിങ് അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന തീപിടിത്തങ്ങൾക്ക് വഴിവെക്കാറുണ്ട്.
ഫ്യൂസ് ട്രിപ്പാകുന്നത്
മെയിൻ ബോർഡിലെ എം.സി.ബി അല്ലെങ്കിൽ ഫ്യൂസ് ട്രിപ്പ് ആകുകയോ ചെയ്യുന്നത് വയറിങ്ങിലെ തകരാറിന്റെ പ്രധാന ലക്ഷണമാണ്. വയറുകളിൽ ഷോർട്ട് സർക്യൂട്ടോ ഓവർലോഡോ ഉണ്ടെങ്കിലാണ് സാധാരണയായി ഇങ്ങനെ സംഭവിക്കുന്നത്.
സ്വിച്ച് ബോർഡുകളിൽ ചൂട് അനുഭവപ്പെടുക
സ്വിച്ചുകളോ പ്ലഗ് പോയിന്റുകളോ തൊടുമ്പോൾ അസാധാരണമായ ചൂട്, കരിഞ്ഞ മണം, സ്പാർക്ക് ചെയ്യുന്ന ശബ്ദം എന്നിവ കേൾക്കുകയാണെങ്കിൽ ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിപ്പിക്കണം.
ബൾബുകൾക്ക് വെളിച്ചം കുറയുന്നു
വീട്ടിലെ ലൈറ്റുകൾ അണഞ്ഞു കത്തുകയോ, വെളിച്ചം മങ്ങുകയോ ചെയ്യുകയാണെങ്കിൽ വയറിങ് പ്രശ്നങ്ങളോ ലൂസ് കണക്ഷനോ ഉണ്ടെന്ന് മനസ്സിലാക്കാം. വാഷിങ് മെഷീൻ, അലുമിനിയം ഗ്രൈൻഡർ പോലുള്ള ഉപകരണങ്ങൾ ഓൺ ചെയ്യുമ്പോൾ മറ്റു ലൈറ്റുകളുടെ വെളിച്ചം കുറയുന്നുണ്ടെങ്കിൽ വയറിങ് ലോഡ് പരിശോധിക്കേണ്ടതാണ്.
വൈദ്യുതാഘാതം
ഫ്രിഡ്ജ്, വാഷിങ് മെഷീൻ, അയേൺ ബോക്സ്, വാട്ടർ പമ്പ് തുടങ്ങിയ ഉപകരണങ്ങൾ തൊടുമ്പോൾ ഷോക്കുണ്ടെങ്കിൽ, അത് ഉപകരണത്തിന്റെ തകരാറോ അല്ലെങ്കിൽ പ്ലഗ് പോയിന്റിലെ എർതിങ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെയോ സൂചനയാണ്.
വയറിങിലെ കാലപ്പഴക്കം
വീടിന് 20 മുതൽ 25 വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ, ആ വയറുകൾ ഇന്നത്തെ ഹൈ-പവർ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാരം താങ്ങാൻ പര്യാപ്തമായിരിക്കില്ല. ഇൻസുലേഷൻ നശിച്ച പഴയ വയറുകൾ ഏത് നിമിഷവും ഷോർട്ട് സർക്യൂട്ടിന് കാരണമാകാം.
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ കാണുകയാണെങ്കിൽ, സ്വയം നന്നാക്കാൻ ശ്രമിക്കാതെ ഇലക്ട്രിഷ്യനെ വരുത്തി വയറിങ് പരിശോധിപ്പിക്കുക.
Explore