കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി വീടുകൾ അളന്നു തിട്ടപ്പെടുത്തുന്നത് സാധാരണ നടപടിക്രമമാണ്.
എന്തൊക്കെ അളവുകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്?
ഒരു വീട് പരിശോധിക്കാനെത്തുന്ന ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്. പ്ലാറ്റ്ഫോം ഏരിയ, നിലകളുടെ എണ്ണം, വരാന്ത, ബാല്‍ക്കണി, പോർച്ച് എന്നിവ അളന്നു തിട്ടപ്പെടുത്തും.
ഷീറ്റ് ഇട്ടാൽ പരിശോധിക്കുമോ?
വീടിന്റെ മേൽക്കൂരയിലോ വശങ്ങളിലോ ഇരുമ്പ് ഷീറ്റുകളോ ആസ്ബറ്റോസ് ഷീറ്റുകളോ മറ്റ് മേൽക്കൂര ഷീറ്റുകളോ ഇട്ടിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അളവുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. ചട്ടങ്ങൾ പ്രകാരം, മേൽക്കൂര ഷീറ്റ് ഉപയോഗിച്ച് അടച്ചുറപ്പുള്ള ഒരു നിർമാണം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് കെട്ടിട വിസ്തീർണ്ണത്തിന്റെ ഭാഗമായി കണക്കാക്കപ്പെടും.
ടാർപ്പായ പരിശോധിക്കുമോ?
ഒരു വീടിന്റെയോ ഷെഡിന്റെയോ വശങ്ങളിലോ മേൽക്കൂരയിലോ വെയിലോ മഴയോ കൊള്ളാതിരിക്കാൻ താൽക്കാലികമായി വലിച്ചുകെട്ടിയ ടാർപ്പായ സാധാരണയായി കെട്ടിടത്തിന്റെ സ്ഥിരമായ ഘടനയായി കണക്കാക്കാറില്ല. ടാർപ്പായകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ എന്നിവ കെട്ടിടത്തിന്റെ വിസ്തീർണ്ണത്തിൽ പെടുത്താറില്ല.
പരിശോധനയിൽ ശ്രദ്ധിക്കേണ്ടവ
രേഖകൾ എപ്പോഴും കൈവശം സൂക്ഷിക്കണം. വീടിന്റെ അപ്രൂവ് ചെയ്ത പ്ലാൻ, മുൻകാല നികുതി രസീതുകൾ എന്നിവ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ നൽകുക. അളവെടുപ്പ് നടത്തുമ്പോൾ കൂടെ നിന്ന് വിവരങ്ങൾ നൽകുന്നത് തെറ്റായ കണക്കുകൾ വരുന്നത് ഒഴിവാക്കാൻ സഹായിക്കും. ഏതെങ്കിലും ഭാഗം പൂർണ്ണമല്ലാത്തതോ താത്കാലികമോ ആണെങ്കിൽ അത് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുക.
പരിശോധന എന്നത് നികുതി നിർണ്ണയത്തിനും കെട്ടിട സുരക്ഷക്കും അത്യന്താപേക്ഷിതമാണ്. നിയമപരമായ രീതിയിൽ വീട് നിർമിക്കുകയും കൃത്യസമയത്ത് നികുതി അടക്കുകയും ചെയ്യുന്നത് വഴി പരിശോധനയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല.