കൈകൾ സോപ്പ് ഉപയോ​ഗിച്ച് കഴുകി വൃത്തിയുള്ള തുണിയിൽ തുടച്ച് ഉണക്കിയ ശേഷം പാചകം തുടങ്ങാം. കൈയിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസബ്ൾ ഗ്ലൗസ് ഉപയോഗിക്കുക.

അ​ടു​ക്ക​ള ന​ല്ല വാ​യുസ​ഞ്ചാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. പുകയും മണങ്ങളും പുറന്തള്ളാൻ എക്സ്ഹോസ്റ്റ് ഫാൻ വെക്കാം.
മാംസത്തിനും പച്ചക്കറിക്കും പ്രത്യേകം കട്ടിങ്ബോർഡുകൾ ഉപയോഗിക്കുക. പ്ലാസ്റ്റിക്കിനേക്കാൾ വുഡൻ ചോപ്പറാണ് ഉചിതം.
ആഹാര പദാർഥങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നതിന് പകരം ചില്ലുപാത്രങ്ങൾ ഉപയോ​ഗിക്കാം. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും വീണ്ടും ഉപയോ​ഗിക്കാതിരിക്കുക.
പാത്രം കഴുകാനുപയോഗിക്കുന്ന സ്‌പോഞ്ച് ഉപയോഗശേഷം ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴുകിവെക്കുക. കിച്ചൻ സിങ്ക്, വാഷ്ബേസിൻ എന്നിവ വൃത്തിയാക്കാൻ പ്രത്യേക സക്രബുകൾ ഉപയോ​ഗിക്കാം. ക്ലീനിങ്ങിന് മൈക്രോഫൈബർ തുണിയാണ് ഉചിതം.
സിങ്കിനൊപ്പം ഡ്രെയിനേജും വൃത്തിയായി സൂക്ഷിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും സിങ്കില്‍ തിളപ്പിച്ച വെള്ളം ഒഴിക്കുക. ഇടക്ക് ബ്ലീച്ചിങ് പൗഡര്‍ ഇടുന്നത് അണുക്കളെ അകറ്റാന്‍ സഹായിക്കും.
കൗണ്ടർ ടോപ്പുകൾ, സ്ലാബ് ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം നേരിയ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കണം. അടുക്കളയുടെ ചുമരുകൾ, ജനാല, വാതിൽ എന്നിവയും തുടച്ച് വൃത്തിയാക്കണം. പാകം ചെയ്യുമ്പോൾ വൃത്തിയാക്കൽ ജോലികൾ വേണ്ട.
പാചകത്തിന് ശേഷം എപ്പോഴും ​ഗ്യാസ് സ്റ്റൗ ക്ലീനാക്കാൻ മറക്കേണ്ട.
തലേ ദിവസത്തെ വേസ്‌‌റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലം ഒഴിവാക്കുക. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം സോപ്പിട്ട് കഴുകിവെക്കുക.
ആഴ്ചയിൽ ഒരിക്കലെങ്കിലും കിച്ചൻ മാറ്റുകൾ സോപ്പുവെള്ളത്തിൽ കുതിർത്തുവെച്ച് കഴുകി വെയ‍ിലത്ത് ഉണക്കി ഉപയോഗിക്കുക. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇവ മാറ്റുക.