നിങ്ങളുടെ ചായപ്പൊടിയിൽ മായമുണ്ടോ? കണ്ടെത്താം, വളരെ എളുപ്പത്തിൽ

മായം പിടികൂടാം
എളുപ്പത്തിലുള്ള ചില പരിശോധനകൾ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം....
ലിറ്റ്മസ് ടെസ്റ്റ്
കടയിൽ നിന്ന് ഒരു ലിറ്റ്മസ് പേപ്പർ വാങ്ങുക. അതിൽ കുറച്ച് ചായപ്പൊടി ഇട്ട് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. അൽപസമയത്തിന് ശേഷം ചായപ്പൊടി മാറ്റുക. മായമുണ്ടെങ്കിൽ പേപ്പറിൽ ഇരുണ്ട നിറം പടരും.
വെള്ളക്കടലാസിലും മായം കണ്ടെത്താം
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ മായമുണ്ടെന്ന് ഉറപ്പ്
വെള്ളത്തിലിട്ടാലും ​മായം തെളിയും
ഗ്ലാസിൽ വെള്ളം നിറച്ച ശേഷം അതിൽ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിനു മുകളിൽ നിൽക്കും. തുടർന്ന് തേയില ഗ്ലാസിന്‍റെ താഴെയെത്തും. പച്ചവെള്ളത്തിൽ തേയില ചേർക്കുമ്പോൾ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും മായം ഉറപ്പിക്കാം
ശാസ്ത്രീയ പരിശോധന
ശാസ്ത്രീയ പരിശോധനയിൽ മാത്രമേ ഏത് രാസവസ്തു, എത്ര അളവിൽ കലർന്നു എന്ന് മനസ്സിലാക്കാൻ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.
വിളിക്കാം ഭക്ഷ്യ സുരക്ഷാ വകുപ്പിനെ
മായമുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിലോ 0471 2322833 എന്ന നമ്പറിലോ വിളിക്കാം.
ചേർക്കുന്നത് ഈ രാസവസ്തുക്കൾ
സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്‍റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറമാണ് വ്യാജന് നിറം നൽകാൻ ഉപയോഗിക്കുന്നത്.
നിർമിക്കുന്നതിങ്ങനെ
വിലകുറഞ്ഞ തേയിലയും ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണക്കിയെടുക്കും. ഇതിൽ കൃത്രിമ നിറം ചേർക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിർമിച്ചെടുക്കുന്നത്