ഒരു കപ്പ് ചായക്കൊപ്പം നല്ല മൊരിഞ്ഞ പക്കുവടയോ സമൂസയോ പഴംപൊരിയോ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? അലസ സായാഹ്നങ്ങളെ ഊർജസ്വലമാക്കാനും ഇത് നല്ലൊരു വഴിയാണ്. അതിനെല്ലാം പുറമെ, കേരളത്തിലെ വീടുകളിലെ പ്രിയതരമായ പാരമ്പര്യവുമാണിത്.
ഇനി, ഇതിന്റെ മറുവശം കൂടി അറിയേണ്ടേ? എണ്ണയിൽ പൊരിച്ച ഭക്ഷണം അനാരോഗ്യകരമാണെന്ന് ഇതിനകം തന്നെ മുന്നറിയിപ്പുണ്ട്. എന്നാൽ ചായയോടൊപ്പം എണ്ണക്കടികൾ കഴിക്കുന്നത് ദഹനത്തെയും പോഷക ആഗിരണത്തെയും കൂടുതൽ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
ചായയിൽ ടാനിനുകളും ഓക്‌സലേറ്റുകളും ഉണ്ട്. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണ സ്രോതസ്സുകൾക്കൊപ്പം എണ്ണക്കടികൾ കഴിക്കുമ്പോൾ ഇത് ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം കുറക്കുന്നു.
കൂടാതെ, ആവർത്തിച്ച് ചൂടാക്കിയ എണ്ണകളിൽ വറുത്തെടുത്തവ കഴിക്കുന്നത് ട്രാൻസ് ഫാറ്റി ആസിഡുകളുടെ ഉത്പാദനത്തിലേക്ക് നയിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.