December 24 , 2024

മുഹമ്മദ് റഫി: മേഘം മറയ്ക്കാത്ത താരകം

ശാസ്ത്രീയ ഗാനങ്ങൾ, പ്രണയഗാനങ്ങൾ വിരഹഗാനങ്ങൾ, ഹാസ്യഗാനങ്ങൾ, ഭജനുകൾ, ഗസലുകൾ, ഖവാലികൾ, പാശ്ചാത്യ ഗാനങ്ങൾ എന്നിങ്ങനെ എല്ലാവിധ പാട്ടുകളും പാടാൻ കഴിഞ്ഞ പിന്നണി ഗായകനാണ് മുഹമ്മദ് റഫി. ആ അർഥത്തിൽ ഒരു ‘പൂർണനായ ഗായകൻ’ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
ആലാപനത്തിലെ വൈവിധ്യവും ശബ്ദത്തിന്റെ മാധുര്യവുമാണ് ഈ ഗായകന്റെ ഏറ്റവും പ്രധാന പ്രത്യേകത.
ഈ വിഭിന്നതയാണ് കുന്ദൻലാൽ സൈഗളിനു ശേഷം ഇന്ത്യൻ സിനിമലോകം കണ്ട ഏറ്റവും ജനകീയനായ ഗായകനായി റഫി സാബിനെ സംഗീതചരിത്രത്തിൽ അടയാളപ്പെടുത്തിയത്.
ഹിന്ദി സിനിമ സംഗീതത്തിൽ ക്ലാസിക്കൽ സംഗീതം ആധിപത്യം പുലർത്തിയ 50കളിലും 60കളിലും മുഹമ്മദ് റഫിയുടെ സുവർണകാലമായിരുന്നു.
പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം വന്ന 70കളിൽ കിഷോർ കുമാർ ഉയർന്നുവരുകയും റഫിയുടെ അവസരങ്ങൾ കുറഞ്ഞുവരുകയും ചെയ്തു.
എന്നാൽ, ക്ലാസിക്കൽ സംഗീതം ഗൗരവപൂർവം ആസ്വദിക്കുന്ന ആസ്വാദകരെയും പ്രണയഗാനങ്ങൾ മുതൽ തമാശപ്പാട്ടുകൾ വരെ സ്വന്തം സ്വപ്നങ്ങളിൽ വിളക്കിച്ചേർത്ത് നെഞ്ചിലേറ്റുന്ന വളരെ സാധാരണക്കാരായ ആസ്വാദകരെയും അദ്ദേഹത്തിന് തൃപ്‍തിപ്പെടുത്താൻ സാധിച്ചു.
മലയാള സംഗീത പ്രേമികൾക്ക് യേശുദാസിനോടെന്നപോലെത്തന്നെ അത്രയും ഹൃദയബന്ധം റഫി സാബുമായി ഉണ്ട്. ഹിന്ദി സംസാരിക്കാത്ത മറ്റൊരു സംസ്ഥാനത്തും റഫിയുടെ പാട്ടുകൾക്ക് ഇത്രയേറെ ആരാധകരില്ല.
മുഹമ്മദ് റഫി നമ്മുടെ ഉണർവിൽ മാത്രമല്ല, സ്വപ്നങ്ങളിലുമുണ്ട്‌. അദ്ദേഹത്തിന്റെ മധുര ശബ്‌ദം നമ്മുടെ സന്തോഷത്തിന്റെ, ദുഃഖത്തിന്റെ, നഷ്ടബോധത്തിന്റെ, വിരഹത്തിന്റെ, ഭക്തിയുടെ, കരുണയുടെയെല്ലാം ഭൂതകാല ഓർമകളിൽ നിറച്ചുവെച്ചിരിക്കുന്നു.
Explore