രാത്രി വൈകി പഠിച്ചാൽ കൂടുതൽ പഠിക്കാമോ?

രാത്രി വൈകിയുള്ള പഠനം
രാത്രി വൈകിയുള്ള പഠനമാണ് ചിലർക്ക് ഇഷ്ടം. മറ്റു ചിലർക്ക് രാവിലെയും. രാത്രിയിലെ നിശബ്ദതയാണ് പഠനത്തിന് കൂടുതൽ അ​നുയോജ്യമെന്ന് കരുതുന്ന വിദ്യാർഥികളുണ്ട്. അതിരാവിലെ എഴുന്നേൽക്കാൻ പ്രയാസമുള്ളവരാണ് രാത്രിയിലെ ഏറെ വൈകിയുള്ള പഠനം തെരഞ്ഞെടുക്കുന്നവരിൽ ഏറെയും. രാത്രി വൈകുവോളം പഠിക്കുന്നത് എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല
ഉറക്കം പ്രശ്നമായേക്കാം
രാത്രിയി​ൽ ഏറെ വൈകി കിടന്നുറങ്ങുന്നത് പലർക്കും ഉറക്കം കുറയുന്നതിനും ക്ഷീണം കൂടുന്നതിനും കാരണമാകാം. അടുത്ത ദിവസത്തെ ശ്രദ്ധ, ഓർമശക്തി, പഠനക്ഷമത എന്നിവയെ ബാധിക്കാം. ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം
ഉറക്കം കുറച്ച് പഠിച്ചാൽ ഗുണമുണ്ടോ?
പഠിക്കാൻ കൂടുതൽ സമയം ലഭിക്കുമെങ്കിലും ഉറക്കസമയം കുറക്കുന്നത് പഠനത്തിന്റെ ഗുണനിലവാരത്തെ ചിലപ്പോൾ ബാധിച്ചേക്കാം. രാത്രി ഏറെ വൈകുമ്പോൾ ക്ഷീണം കൂടുന്നത് ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസകരമാകും
പഠിച്ചതെല്ലാം ഓർമയിൽ നിൽക്കാൻ ഉറക്കം വേണം
പുസ്തകത്തിന് മുന്നിൽ കൂടുതൽ മണിക്കൂർ ഇരിക്കുന്നതു കൊണ്ട് മാത്രം കൂടുതൽ പഠിച്ചു എന്നർഥമില്ല. പഠിച്ച കാര്യങ്ങൾ മനസ്സിൽ ഉറപ്പിക്കാൻ ഉറക്കം പ്രധാനമാണ്. എല്ലാവരുടെയും ശരീരഘടികാരം ഒരുപോലെയല്ല. സ്വാഭാവികമായി രാവിലെ കൂടുതൽ ഉന്മേഷം തോന്നുന്ന വിദ്യാർഥികൾക്ക് രാവിലെയുള്ള പഠനം കൂടുതൽ ഫലപ്രദമായി തോന്നാം
ക്ലാസിലും ബാധിച്ചേക്കാം
രാത്രി വൈകിയുള്ള പഠനം പതിവാക്കിയാൽ രാവിലെ ഉണരാനും ക്ലാസിൽ ജാഗ്രതയോടെ ഇരിക്കാനും ബുദ്ധിമുട്ടുണ്ടാകാം. ക്രമരഹിതമായ ഉറക്കരീതിയും ക്ഷീണവും വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കുകയോ പഠിക്കാനുള്ള താൽപര്യം കുറക്കുകയോ ചെയ്യാം
മണിക്കൂറുകളല്ല, ശ്രദ്ധയാണ് പ്രധാനം
രാവിലെയായാലും രാത്രിയായാലും മണിക്കൂറുകളോളം ഉറക്കം കളഞ്ഞ് പുസ്തകത്തിന് മുമ്പിൽ ഇരുന്നിട്ട് കാര്യമില്ല. പുസ്തകത്തിന് മുമ്പിൽ ഇരിക്കു​മ്പോൾ പൂർണ ശ്ര​ദ്ധയോടെ പഠിക്കാൻ കഴിയണം. സ്വന്തം ശരീരത്തിന് അനുയോജ്യമായ പഠനം രാത്രിയാണോ രാവിലെയാണോ എന്ന് കണ്ടെത്തണം. രാത്രിയാണോ രാവിലെയാണോ എന്നതിലുപരി നിങ്ങൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധയും ഉന്മേഷവും ലഭിക്കുന്ന സമയം കണ്ടെത്തുക. എന്നാൽ പഠനത്തിനായി ഉറക്കം സ്ഥിരമായി കുറക്കുന്നത് ഒഴിവാക്കുക
Explore