ടെലിസ്‌കോപ്പ്
‘കാസ്​പിയൻ സീ’ ഒരു കടലാണോ?
  • ഡോ. സന്തോഷ്​ മാത്യു
  • 02:45 PM
  • 27/06/2019
കാസ്​പിയൻ സീ

ലോകത്തിലെ ഏറ്റവുംവലിയ തടാകം; അതാണ്​ കാസ്​പിയൻ കടൽ. ഇതൊരു തടാകമാണോ കടലാണോ എന്ന ചോദ്യത്തിന്​ ഇതുവരെ അന്തിമ ഉത്തരമായില്ലെങ്കിലും 22 വർഷം നീണ്ടുനിന്ന തർക്കങ്ങൾക്ക്​ താൽക്കാലിക വിരാമമായിട്ടുണ്ട്​. 
 കാസ്​പിയൻ തടാകവുമായി അതിർത്തിപങ്കിടുന്ന അഞ്ചു രാജ്യങ്ങളാണ്​ വിഭവങ്ങൾ ആനുപാതികമായി വിഭജിക്കാം എന്ന കരാറിൽ എത്തിച്ചേർന്നത്​. ഇതിന്​ വേദിയായതാക​െട്ട കാസ്​പിയൻ കടലിടുക്കിലെ അകതാവു (aktau) എന്ന ചെറു ഉസ്​ബെകിസ്​താൻ പട്ടണവും.
 1991ൽ സോവിയറ്റ്​ യൂനിയ​െൻറ തകർച്ചയെ തുടർന്നാണ്​ ഏഷ്യയിലും യൂറോപ്പിലുമായി സ്​ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഉൾത്തടാകത്തെ (inland water) ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുക്കുന്നത്​. സോവിയറ്റ്​ കാലത്ത്​ ഇറാനുമായി അതിസമ്പന്നമായ കാസ്​പിയനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സോവിയറ്റ്​ അനന്തര​േലാകത്ത്​ അസർ​ൈബജാൻ, ഇറാൻ, കസാഖ്​സ്താൻ, റഷ്യ, തുർക്​മെനിസ്താൻ എന്നിവരൊക്കെ അവകാശവാദവുമായി മു​ന്നോട്ടുവന്നു. പ്രകൃതിവിഭവങ്ങളുടെ കലവറയായ കാസ്​പിയൻ കടലിടുക്കിലെ അസംസ്​കൃത എണ്ണയുടെ നിക്ഷേപംതന്നെ അമേരിക്കയുടെയും നൈജീരിയയുടെയും അത്രതന്നെ വരും. പ്രകൃതിവാതക സാന്നിധ്യമാണെങ്കിൽ സൗദിക്കു​ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപവും കാസ്​പിയൻ കടലിലാണ്​ കണ്ടെത്തിയിട്ടുള്ളത്​.
 സമുദ്രനിരപ്പിനെക്കാൾ ഏതാനും അടി താഴെയായി സ്​ഥിതി ചെയ്യുന്ന കാസ്​പിയൻ കടലിലെ ലവണാംശം ഏറെ കൂടുതലാണ്. ഏതാണ്ട്​ ചാവുകടൽപോലെതന്നെ ഫലഭൂയിഷ്​ടവുമാണ്​ കാസ്​പിയൻ തടാകതീരങ്ങളും.
 കാസ്​പിയനിൽ കണ്ടുവരുന്ന caviar എന്ന മത്സ്യത്തിൽനിന്നുള്ള വിഭവത്തിന്​ അന്തർദേശീയ ക​േമ്പാളത്തിൽ 25000 ​േഡാളർ (17 ലക്ഷത്തിലധികം രൂപ) കിലോഗ്രാമിന്​ വിലവരും എന്നതുതന്നെ ഇൗ തടാകത്തി​െൻറ സാമ്പത്തിക പ്രാധാന്യം വിളിച്ചോതുന്നു. വളരെ വിലപിടിച്ച ഇത്തരം മത്സ്യങ്ങളുടെ 90 ശതമാനവും കാസ്​പിയൻ കടലിലാണുള്ളത്​. 48 ബില്യൺ ബാരൽ എണ്ണ നിക്ഷേപം (1 ബാരൽ=159 ലിറ്റർ) കാസ്​പിയനിൽ ഉ​െണ്ടന്നാണ്​ കണക്ക്​. 8.3 ട്രില്യൺ (1 ട്രില്യൺ=1 ലക്ഷം കോടി) ക്യുബിക്​ മീറ്റർ പ്രകൃതിനിക്ഷേപവും കാസ്​പിയനിലുണ്ട്​. ഇതുമാത്രം മതിയല്ലോ കാസ്​പിയനെച്ചൊല്ലി പോരടിക്കുന്നതിനുള്ള കാരണങ്ങൾ!
 ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യം (​പ്രത്യേകിച്ചും അസർബൈജാനിലും മറ്റുമൊക്കെ) ആണ്​ റഷ്യ​െയയും ഇറാനെയും പെ​െട്ടന്ന്​ ഒരു ഉടമ്പടിയിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ച ഘടകം. ഇറാനെ സംബന്ധിച്ചിടത്തോളം അ​മേരിക്കയെയും നാറ്റോയേയും കാസ്​പിയനിൽനിന്നും മാറ്റിനിർത്തുക എന്ന ഒറ്റ അജണ്ടയാണ്​ ഏറെ വിട്ടുവീഴ്​ച ചെയ്​താണെങ്കിലും കാസ്​പിയൻ ഉടമ്പടിയിൽ എത്തിച്ചേരാൻ പ്രേരിപ്പിച്ചത്​.
 ഇറാൻ പരമ്പരാഗതമായി ആവശ്യപ്പെട്ടുവന്നത്​ കാസ്​പിയൻ കടൽവിഭവങ്ങൾ തുല്യമായി വീതം​െവ​ക്കണമെന്നാണ്​. അതല്ലെങ്കിൽ കൂട്ടായി വിളവെടുത്തശേഷം തുല്യമായി വീതം​െവക്കണമെന്ന അഭിപ്രായമായിരുന്നു ഇറാന്​. എന്നാൽ, ആനുപാതികമായി വീതം​െവ​ക്കാനുള്ള തീരുമാനമാണ്​ അഞ്ചു രാഷ്​ട്രങ്ങൾ ചേർന്ന്​ എടുത്തിരിക്കുന്നത്​.
 370000 ച.കി.മീറ്റർ ​ൈദർഘ്യമുള്ള കാസ്​പിയൻ ഒരു കടലായി അന്തർദേശീയ സമുദ്രസംഘടന (UNLOS) കണക്കാക്കിയിട്ടുണ്ട്​. എന്നാൽ, സമുദ്രമായി കണക്കാക്കിയാൽ വിഭവങ്ങൾ എല്ലാ ലോകരാജ്യങ്ങൾക്കുമുള്ളതാണ്​. ഇതൊരു തടാകം മാത്രമാണെന്ന ഒരു പൊതുധാരണ ​െവച്ചുകൊണ്ടാണ്​  രാഷ്​ട്രങ്ങളും ഉസ്​ബെകിസ്​താനിലെ നഗരത്തിൽനിന്ന്​ പിരിഞ്ഞത്​.
 അനിയന്ത്രിതമായ എണ്ണ ഖനനത്തെ തുടർന്ന്​ മലിനമായ അവസ്​ഥയിലാണ്​ കാസ്​പിയൻ തീര​പ്രദേശങ്ങൾ. വിലപിടിപ്പുള്ള മത്സ്യങ്ങളും വംശനാശത്തി​െൻറ വക്കിലാണ്​. കാസ്​പിയനിൽ ഒാക്​സിജ​െൻറ അളവ്​ കുറഞ്ഞുവരുന്നു. പ്രകൃതിയിലെ ആവാസവ്യവസ്​ഥ തകരുന്നതിനാൽ ജലജീവികൾ വംശമറ്റുപോവുന്നു. ഇതിനെ അതിജീവിക്കാൻ അഞ്ചു രാഷ്​ട്രങ്ങളും ഒത്തുചേർന്നാൽ മാത്രമേ സാധിക്കുകയുള്ളൂ.  ഇറാൻ-റഷ്യൻ അച്ചുതണ്ടി​െൻറ വിജയമായാണ്​ കാസ്​പിയൻ കരാറിനെ ലോകം വിലയിരുത്തുന്നത്​.