സ്കൂൾ പച്ച
‘ഇ’ വായനക്കാലത്ത്​...
  • 10:43 AM
  • 19/06/2019

ജൂൺ 19, വായനദിനം. മാറിയ കാലത്ത് വായന മരിക്കുകയല്ല, വായന കൂടുകയാണ്​. രൂപം മാറിയെങ്കിലും ‘ഇ’^വായന കൂടുതല്‍ സുഖം നല്‍കുന്നതുതന്നെയാണ്​. വായിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു​. വിവരസാങ്കേതികവിദ്യയുടെ വികാസംതന്നെയാണ്​ ഇതിന്​ കാരണവും. ഇ^ബുക്കുകളാണ് ഇന്നു വലിയതോതില്‍ വായനയെ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്​. കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ടാബ്​ലെറ്റിലോ എന്തിനു മൊബൈല്‍ ഫോണില്‍ പോലും എമണ്ടന്‍ പുസ്തകങ്ങൾ വായിക്കാം. ഇതാണ്​ ‘ഇ’ കാലം വരുത്തിയ മാറ്റം. അച്ചടിച്ച പുസ്തകങ്ങളുടെ ഇ^പതിപ്പുകളാണ് ആദ്യ കാലങ്ങളില്‍ ഇ^ബുക്കുകളായി ഇറങ്ങിയിരുന്നതെങ്കില്‍ ഇന്ന് അച്ചടിക്കാതെ ‘ഇ’ രൂപത്തില്‍ മാത്രം  ഇറങ്ങുന്ന പുസ്തകങ്ങളുമുണ്ട്.

പുസ്​തകങ്ങളിലേക്ക്​ മടങ്ങുക

പി.കെ. പാറക്കടവ്​

വലിയൊരു വായനാലോകത്തി​െൻറ വാതിൽ ആദ്യമായി തുറന്നുതന്നത്​ സ്​കൂളിലെ പ്രിയ അധ്യാപകരായിരുന്നു​. യു.പി സ്​കൂളിൽ പഠിക്കു​േമ്പാൾ ലൈബ്രറിയിൽനിന്നും പേൾ എസ്​. ബക്കി​െൻറ ‘ഗുഡ്​ എർത്ത്​’ പുസ്​തകത്തി​െൻറ മലയാള പരിഭാഷ ‘നല്ല ഭൂമി’ അധ്യാപകൻ എടുത്തുതന്നു. അന്ന്​ അതൊരു ക്ലാസിക്​ പുസ്​തകമാണെന്ന്​ അറിയില്ലായിരുന്നു. ഹൈസ്​കൂളിൽ പഠിക്കു​േമ്പാൾ മലയാളം അധ്യാപകൻ മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ വരുന്ന കവിതകൾ ക്ലാസിൽ വായിച്ചുകേൾപ്പിക്കും. മറ്റു വരികളൊന്നും അറിയില്ലെങ്കിൽ കൂടി ‘ആര​േണ്യകാന്തതയെ താമരമലരിൻ മണമായ്​ നുകരുന്നു’ എന്ന അതിലെ ഒരു വരി എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും ഒാർമയുണ്ട്​. പിൽക്കാലത്താണ്​ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്​ ഉൾ​െപ്പടെ നേടിയ ആർ. രാമചന്ദ്ര​െൻറ വരികളാണെന്നു തിരിച്ചറിയുന്നത്​. 
ഹൈസ്​കൂൾ കഴിയു​േമ്പാഴേക്കും വൈക്കം മുഹമ്മദ്​ ബഷീ​റി​െൻറ മിക്കവാറും എല്ലാ കൃതികള​ും വായിച്ചുകഴിഞ്ഞിരുന്നു. തറവാട്ടിലെ പത്തായത്തി​െൻറ മുകളിൽ ചിമ്മിനി വിളക്കി​െൻറ അരണ്ട ​െവളിച്ചത്തിൽ ബഷീറി​െൻറ കഥകൾ ഉറക്കെ വായിക്കും. കൂട്ടിന്​ ഉമ്മ കേൾക്കാനിരിക്കും. അന്ന്​ ബഷീറി​െൻറ കൃതികൾ ഒന്നൊന്നായി വായിച്ചുതള്ളിയ കാലമായിരുന്നു​. എഴുത്തി​െൻറ വഴിയേ തിരിയാനുള്ള പ്രധാന കാരണവും അധ്യാപകർ എടുത്തുതന്ന പുസ്​തകങ്ങളും വായനയുമാണ്​. 
മഴയോടും പുഴയോടും പൂക്കളോടും ചെടിക​േ​ളാടും സംസാരിക്കാൻ കഴിഞ്ഞിരുന്ന ഒരു കുട്ടിക്കാലം. മഴയും ഉറവ​പൊട്ടുന്ന വെള്ളത്തിൽ മീൻ തത്തിക്കളിക്കുന്നതും നോക്കിനിന്നിരുന്ന കാലം. പ്രകൃതിയെയും പുസ്​തകങ്ങളെയും അന്ന്​ ഒരേപോലെ വായിച്ചു. അതുകൊണ്ടായിരിക്കണം പിൽക്കാലത്ത്​ എ​െൻറ എഴുത്തുകളിൽ പ്രകൃതിക്ക്​ കൂടുതൽ ഇടം നൽകി​. എട്ടാം ക്ലാസിലെ മലയാളം പുസ്​തകത്തിൽ ‘വേരും തളിരും’ എന്ന ഞാനെഴുതിയ കഥ പഠിക്കാനുണ്ട്​.
 
‘ഭൂമിയിലായിരിക്കു​േമ്പാൾ ഒരു കീറ്​ ആകാശവും  
ആകാശത്തായിരിക്കു​േമ്പാൾ 
ഒരുപിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക. 
ഭൂമിയിലും നിങ്ങൾ തളിർക്കും; 
ആകാശത്തിലും വേരുപടരും’ 
ഇതാണ്​ വേരും തളിരിലും പറയുന്നത്​​. ആറാം ക്ലാസിലും ഏഴാം ക്ലാസിലും എ​െൻറ എഴുത്തുകൾ പഠിക്കാനുണ്ടായിരുന്നു. അവയും പ്രകൃതിയുമായി ബന്ധപ്പെട്ടവയായിരുന്നു. 
ജൂൺ 19 വായനദിനമായി ആചരിക്ക​ു​േമ്പാൾ പി.എൻ. പണിക്കരെന്ന വലിയ മനുഷ്യ​െന ഒാർക്കുന്നുണ്ട്​. പി.എൻ. പണിക്കരുടെ ഒാർമദിനമാണ്​ വായനദിനം. അന്ന്​ ‘വായിച്ചു വളരുക’ എന്നായിരുന്നുവെങ്കിൽ ‘വീണ്ടും പുസ്​തകങ്ങളിലേക്ക്​ മടങ്ങുക’ എന്നതാണ്​ ഇന്ന്​ പറയാനാകുക. ​െമാബൈൽ ഫോണി​െൻറയും കമ്പ്യൂട്ടറി​െൻറയും ലോകത്ത്​ പുതുതലമുറ പുസ്​തകങ്ങളെ ചങ്ങാതിമാരാക്കണം. വായിക്കുന്ന പുസ്​തകങ്ങളുടെ എഴ​ുത്തുകാർ, അവയുടെ സാരം തുടങ്ങിയവ ചെറിയൊരു കുറിപ്പായി എഴുതി സൂക്ഷിക്കണം. ജന്മദിനത്തിനും മറ്റു വിശേഷദിനങ്ങളിലും പുസ്​തകം സമ്മാനം നൽകുക. എബ്രഹാം ലിങ്ക​െൻറ കുട്ടിക്കാലത്ത്​ വായിച്ച ഒരു പുസ്​തകം അദ്ദേഹത്തി​െൻറ ജീവിതം മാറ്റിമറിച്ചത്​ ചരിത്രമാണ്​. അങ്ങനെ വായനയും പുസ്​തകവും നമ്മെയും മാറ്റിമറിക്കും. 
ധാരാളം വായിക്കുന്ന കുട്ടികൾ അന്നും ഇന്നും ന്യൂനപക്ഷമാണ്​. അതിനാൽ, ഇന്നത്തെ കുട്ടികളിൽനിന്നും വായന അകന്നുപോയെന്നും പറയാൻ കഴിയില്ല. വായന നിന്നുപോകുമെന്നും പറയാൻ കഴിയില്ല. അങ്ങനെയെങ്കിൽ സാ​േങ്കതികവിദ്യ ഏറ്റവും കൂടുതൽ വികസിച്ച പാശ്ചാത്യ രാജ്യങ്ങളിൽ പണ്ടേ വായന മരിക്കുമായിരുന്നു. എന്നാൽ, അമേരിക്കയിൽ ചില പുസ്​തകങ്ങളുടെ മില്യൻ കണക്കിന്​ പ്രിൻറഡ്​ പകർപ്പുകൾ ഇക്കാലത്തും​ വിറ്റുപോകുന്നുണ്ട്​. അതു​േപാലെ മലയാളത്തിൽ കെ.ആർ. മീരയുടെ ആരാച്ചാർ, ബെന്യാമി​െൻറ ആടുജീവിതം എന്നിവയുടെ നിരവധി കോപ്പികൾ പുറത്തിറക്കി. ഇന്ന്​ സ്​കൂളുകളിൽ ക്ലാസ്​മുറികളിൽതന്നെ വായനമുറി സജീവമാണ്​. എങ്കിലും, കുട്ടികൾക്ക്​ വായനയുടെ വസന്തം ഒരുക്കാൻ അധ്യാപകർ മുൻ​ൈകയെടുക്കണം.
വായന ഏതുരീതിയിലാ​െണങ്കിലും ഗുണം മാത്രമേ ചെയ്യൂ. സമൂഹമാധ്യമങ്ങളിലാണെങ്കിൽ​പോലും വായനയെ ഒരുപടികൂടി മുന്നോട്ടുകൊണ്ടു​േപാകാ​േന ഉപകരിക്കൂ. പുതിയ പുസ്​തകം ഇറങ്ങു​േമ്പാൾ സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുകാർക്കുപോലും അവയെ പ്രമോട്ട്​ ചെയ്യാനും കൂടുതൽ പേരിലേക്ക്​ എത്തിക്കാനും കഴിയുന്നു. ഒരുപാട്​ ചർച്ചകൾക്കും ഇടം നൽകുന്നു​. സമൂഹമാധ്യമങ്ങളിലെ എഴുത്തുകളിൽനിന്നും കിട്ടുന്ന പ്രതികരണം പുസ്​തക രൂപത്തിലാക്കുന്നതിന്​ പലർക്കും പ്രചോദനം നൽകുന്നുണ്ട്​. വായന പഴയ സാ​മ്പ്രദായിക രീതിയിൽതന്നെ വേണ​െമന്നില്ല. വായന ഇല്ലാതാകരുത്​. അപ്പോൾ വെറും മുദ്രാവാക്യങ്ങൾ വിഴുങ്ങുന്ന തലമുറയല്ലാതെ, വായിക്കുകയും ചിന്തിക്കുകയും ​െചയ്യുന്ന തലമുറ വായനയിലൂടെ വളർന്നുവരും. ലോകത്തെ അറിയും. രാജ്യം ആക്രമിക്കപ്പെടു​േമ്പാൾ ഫാഷിസ്​റ്റുകൾ ചെയ്യുന്ന ആദ്യപ്രവൃത്തി ഗ്രന്ഥശാലക്ക്​ തീയിടുകയാണ്​. പുസ്​തകങ്ങളെ നശിപ്പിക്കു​േമ്പാൾ ഒരു സംസ്​കാരത്തെതന്നെയാണ്​ ഇല്ലാതാക്ക​െപ്പടുക.

തയാറാക്കിയത്: അനിത എസ്​.

 

കൈയിൽ കിട്ടുന്നതെന്തും വായിക്കൂ...

പ്രിയ എ.എസ്.
കുട്ടിക്കാലത്ത് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ പറമ്പിലിറങ്ങി നടക്കുകയോ പുസ്തകം വായിക്കുകയോ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴികൾ. അസുഖങ്ങളുടെ പശ്ചാത്തലമുള്ള കുട്ടിയായതിനാൽ പറമ്പിലിറങ്ങി കളിക്കാനുള്ള സാധ്യതകൾ എനിക്ക് വളരെ കുറവായിരുന്നു. വീട്ടുകാരുടെ പശ്ചാത്തലം വായിക്കുന്നവരുടേതായതിനാൽ പുസ്തകങ്ങളിലേക്ക് തിരിയാതെ വേറെ മാർഗവുമില്ലായിരുന്നു.  വീട്ടിൽ മുത്തശ്ശനടക്കം എല്ലാവരും നന്നായി വായിക്കുന്നവരായിരുന്നു. ബംഗാളി നോവലുകളുടെ വിവർത്തനങ്ങൾ വായിച്ച് മുത്തശ്ശൻ  കഥയായി പറഞ്ഞുതന്നു. ബിമൽ മിത്രയും ‘വിലക്കുവാങ്ങാം’ എന്ന നോവലിലെ ദീപാങ്കുരനെയൊക്കെ മുത്തശ്ശ​െൻറ കഥപറച്ചിലിലൂടെയാണ് കേട്ടുതുടങ്ങുന്നത്. അന്ന് മൂന്നിലോ നാലിലോ പഠിക്കുന്ന സമയമാണ്. കഥയെന്താണെന്നൊന്നും കൃത്യമായി മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും വായനയോടും എഴുത്തിനോടും അതുവഴി ഒരു താൽപര്യം ജനിച്ചിരുന്നു. അക്കാലത്ത്  പ്രഭാത് ബുക്സ് ഏറ്റവും കൂടുതൽ റഷ്യൻ പുസ്തകങ്ങൾ ഇറക്കിയിരുന്നു. സമ്മാനപ്പെട്ടി എന്ന കുട്ടികൾക്കായുള്ള പുസ്തക പദ്ധതി എൻ.ബി.എസ് നടത്തിയിരുന്നു. കഥകൾ വായിക്കുമെന്നല്ലാതെ കഥയെഴുതിയത് ആരാണെന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ മകനുവേണ്ടി പഴയ പുസ്തകങ്ങൾ എടുക്കുമ്പോഴാണ് ലളിതാംബിക അന്തർജനം, കാരൂർ തുടങ്ങിയ സാഹിത്യകാരന്മാരാണ് അതിൽ എഴുതിയിരുന്നതെന്ന് മനസ്സിലാക്കുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങൾ അന്ന് വളരെ പരിമിതമായതിനാൽ പിന്നെ വായിച്ചിരുന്നത് എം.ടി. വാസുദേവൻ നായർ, മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്​ദുള്ള തുടങ്ങിയ എഴുത്തുകാരുടേതായിരുന്നു. സേതുവിെൻറ പാണ്ഡവപുരം വായിക്കുന്നത് ഒമ്പതാമത്തെ വയസ്സിലായിരുന്നു. 
എഴുത്ത് വലിയൊരു കാര്യമാണ് എന്ന ധാരണയും വീട്ടിൽ നിന്നാണ് എനിക്ക് കിട്ടുന്നത്. പ്രസംഗിക്കാനോ വരക്കാനോ ഒന്നും അറിയില്ലാത്ത അവസ്​ഥയിൽ എെൻറ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒന്ന്, അല്ലെങ്കിൽ എന്നെയൊന്ന് മുദ്രപതിപ്പിക്കാൻ പറ്റിയ ഇടം ഏതെന്ന് തിരയുമ്പോഴാണ് എഴുത്ത് മുന്നിൽ തെളിയുന്നത്.  മാധവിക്കുട്ടി പറയുന്നതുപോലെ മോഹിച്ച് മോഹിച്ച് അവസാനം മോഹം സാക്ഷാത്കരിച്ചതുമാകാം.
ഇപ്പോഴത്തെ കുട്ടികളെ നോക്കുമ്പോൾ അവർക്ക് എഴുത്ത് ഒരു മോഹമാകാനുള്ള സാധ്യത വളരെ കുറവാണ്. ഇലക്ട്രോണിക് മീഡിയയുടെ സാധ്യതകൾ ഏറിയതോടുകൂടി വായിക്കാൻ താൽപര്യമുള്ളവർകൂടി മൊബൈൽ കണ്ടാൽ അതിലേക്ക് തിരിയും. കുട്ടികൾക്ക് കഥപറഞ്ഞുകൊടുക്കാൻ ആർക്കാണ് നേരം. ലാപ്​ടോപ്, കമ്പ്യൂട്ടർ, മൊബൈൽ എന്നിവക്ക് മുന്നിൽ ഇരുന്ന് നേരം കളയുന്നത്  കുട്ടികൾക്ക് എളുപ്പമാണ്. വായനയാണ് വലിയ കാര്യം എന്നബോധം കുട്ടികളിലുണ്ടാക്കുന്നതിൽ സ്കൂളുകളും വളരെ പിന്നിലാണ്. ചുറ്റുമുള്ളവരെല്ലാം കുട്ടികളെ പഠിക്കാൻ മാത്രം നിർബന്ധിക്കുന്നു. 
തഴയപ്പെടുന്ന ബാലസാഹിത്യം
മലയാള സാഹിത്യശാഖയുടെ ഏറ്റവും മൂലയിൽ കിടക്കുന്ന ഒന്നായാണ് ബാലസാഹിത്യത്തെ  വായനസമൂഹം കാണുന്നത്. നോവലെഴുത്തുകാരന് കിട്ടുന്ന മതിപ്പോ പരിഗണനയോ കുട്ടികൾക്കുവേണ്ടി കഥയെഴുതുന്നവർക്ക് കൊടുക്കാറില്ല. കുട്ടികൾക്കുവേണ്ടി വളരെ രസിച്ചെഴുതിയ ബാലസാഹിത്യം പുസ്തകരൂപത്തിലായിവരുമ്പോൾ സങ്കടം തോന്നാറുണ്ട്. ചിത്രങ്ങളാണ് പുസ്തകങ്ങളുടെ ജീവൻ എന്ന പൊതുധാരണ  വിദേശ രാജ്യങ്ങളിലുണ്ടെങ്കിലും മലയാള ബാലസാഹിത്യത്തിലില്ല. നമ്മൾ എത്ര നല്ല പുസ്തകങ്ങൾ എഴുതിയാലും പ്രിൻറ് ചെയ്ത് കൈയിൽ കിട്ടുമ്പോൾ കരയാൻ തോന്നും. 
നന്തനാരുടെ ‘ഉണ്ണിക്കുട്ട​െൻറ ലോകത്തിന്’ നമുക്ക് പത്തു ചിത്രം പോലും വരക്കാൻ പറ്റിയിട്ടില്ല എന്നത് ഇന്നും വേദനയുണ്ടാക്കുന്നതാണ്. ഒരു പൂവിടർന്നു നിൽക്കുമ്പോൾ അതിെൻറ നിറവും ഭംഗിയുമെല്ലാം കണ്ടിട്ടാണ് പൂമ്പാറ്റകൾ അങ്ങോട്ട് ആകർഷിക്കപ്പെടുന്നത്. ചിത്രങ്ങളാണ് കുട്ടികളോട് കഥപറയുന്നത്, മറിച്ച് വാക്കുകളല്ല. ചിത്രങ്ങൾ കാണിച്ചുവേണം കുട്ടി​യെ വാക്കുകളിലേക്ക് ആകർഷിക്കാൻ. 
നമ്മുടെ സംസ്കാരത്തിലേക്കും സാഹിത്യത്തിലേക്കും കഥകളിൽ കൂടിയെ കുട്ടികളെ കൊണ്ടുവരാൻ  സാധിക്കൂ. പാട്ട് ഇഷ്​ടപ്പെടുന്ന കുട്ടിപോലും ഉറങ്ങാൻ നേരത്ത് കഥ പറഞ്ഞുതരൂ എ​േന്ന ആവ​ശ്യപ്പെടൂ. അതിനാണ് ഇനി സമൂഹം ഊന്നൽ നൽകേണ്ടത്. നമ്മുടെ ചുറ്റും കാണുന്ന കുട്ടികളാണ് നാളെ തകഴിയുടെയും  ബഷീറിെൻറയും ഒ.വി. വിജയ​​െൻറയും പുസ്തകമെല്ലാം വായിക്കേണ്ടത്. അല്ലെങ്കിൽ നമ്മുടെ സാഹിത്യത്തിന് നിലനിൽപില്ല എന്നത് മറന്നുപോകരുത്. 
എല്ലാവരും എഴുത്തുകാരനാവണമെന്നില്ല, പക്ഷേ, വായിക്കുമ്പോൾ ഓരോ കുട്ടിക്കും കിട്ടുന്നത് നമ്മുെട ചുറ്റുപാടിനെ നിരീക്ഷിക്കാനുള്ള കഴിവാണ്. നാളെ നിങ്ങൾ സയൻറിസ്​റ്റോ ഡോക്ടറോ ആയിക്കോളൂ, പക്ഷേ, ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് നിരീക്ഷണപാടവം തന്നെയാണ്. ഏറ്റവും ചെറിയ കുട്ടികൾക്കു മാത്രമാണ് ബാലസാഹിത്യം എന്ന ശാഖ ആവശ്യമുള്ളൂ. എട്ടു വയസ്സ്​ ആകുന്പോൾ കൈയിൽ കിട്ടുന്നത് എന്തും വായിക്കാം. വായിച്ചിട്ട് ഒന്നും മനസ്സിലായില്ല എന്നത് കാര്യമാക്കരുത്. ഓരോ വായനയിലും എന്തെങ്കിലും ചെറിയ കണിക നിങ്ങളുടെ ഉള്ളിലേക്ക് വീണിട്ടുണ്ടാകും. അതെന്താണെന്ന് ഇപ്പോൾ അറിയാൻ പറ്റില്ലായിരിക്കും. എങ്കിലും, വായന തുടർന്നുകൊണ്ടേയിരിക്കുക. 

തയാറാക്കിയത്: പി. ലിസി

 

പറഞ്ഞാൽ തീരാത്ത വായനസുഖം

ഇന്ദ്രൻസ്​

സ്​കൂളുകളിൽ വായനമുറികളും നാട്ടിൽ വായനശാലകളും സജീവമാകുന്നതിന്​ മുമ്പ്​ വായനയിലേക്ക്​ എത്തേണ്ടി വന്ന തലമുറയിലാണ്​ ജനിച്ചത്​. മഴക്കൊപ്പം സ്​കൂൾ തുറക്കു​േമ്പാൾ പുത്തൻകടലാസി​െൻറ മണം പൂശിയെത്തുന്ന പാഠപുസ്​തകങ്ങളായിരുന്നു ആദ്യ വായനാനുഭവം സമ്മാനിച്ചത്​. ഒന്ന്​, രണ്ട്​, മൂന്ന്​ എന്നിങ്ങനെ പാഠങ്ങളുടെ വേർതിരിവൊന്നുമില്ലാതെ തന്നെ പുസ്​തകം മുഴുവൻ വായിച്ചുതീർക്കും. കഥകളും പുരാണങ്ങളുമൊക്കെ ആവേശത്തോടെ വായിക്കും. അന്നൊന്നും അത്രക്ക്​ സൗകര്യങ്ങളോ പുസ്​തകങ്ങളെ കുറിച്ചുള്ള അറിവോ കുട്ടികൾക്കുണ്ടായിരുന്നില്ല. പക്ഷേ, മൊബൈൽ ഫോണും കമ്പ്യൂട്ടറും ഇല്ലാത്ത ആ കാലത്ത്​ വായനയോട്​ ചേരാൻ ഒരുപാട്​ നേരമുണ്ടായിരുന്നു. 
ഇടവേളകളിൽ പുസ്​തകങ്ങൾ കൂട്ടിനെത്തിയിരുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും വായനയിലേറെ കഥകളിലൂടെ വാമൊഴിയായാണ്​ ഞങ്ങളിലെത്തിയത്​. ഇന്ന്​ കഥപറച്ചിലുകൾ പോലും നഷ്​ടമായിരിക്കുന്നു. മുത്തശ്ശികളും മുത്തശ്ശന്മാരും പറയാത്തതിനാൽ കഥകൾ മരവിച്ചിരിക്കുന്നു. കുടുംബങ്ങളിൽ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള സംസാരവും കൂടിച്ചേരലുകളും ഇല്ലാതാവുന്നു. അന്ന്​ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ എഴുത്തുകാരെയും പുസ്​തകങ്ങളെയും കുട്ടികൾക്ക്​ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അന്ന്​ പഠിച്ചസ്ഥാപനങ്ങളിൽ ലൈബ്രറിയുണ്ടായാലും അതിനെ കുറിച്ച്​​ കുട്ടികൾക്ക്​ അറിവുണ്ടായിരുന്നില്ല. ഇന്ന്​ സ്ഥിതിയാകെ മാറി. സ്​കൂളുകളിൽ വായനമുറികളും നഗരവും ഗ്രാമവും വേർതിരിക്കാതെ വായനശാലകളുമുയർന്നു. 
ഇൻറർനെറ്റിലും വായന വളർന്നു​. എന്നാൽ, എത്രപേർ വായനക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന്​ ആലോചിക്കണം. പറയാനുള്ളത്​ രക്ഷിതാക്ക​േളാടാണ്​. നിങ്ങൾ വേണം അവരെ വായനയുടെ ലോകത്തേക്ക്​ കൊണ്ടുവരാൻ. 
ഇപ്പോഴും യാത്രയിലും മറ്റും സമയം കിട്ടു​േമ്പാഴൊക്കെ വായിക്കാറുണ്ട്​. ആഴ്​ചപ്പതിപ്പുകൾ ഒഴിവാക്കാറില്ല. കുമാരപുരം യു.പി  സ്​കൂളിലാണ്​ ജീവിതത്തിൽ പഠനത്തിനും വായനക്കും വിത്തിട്ടത്​. തിരക്കിനിടയിൽ അതിപ്പോഴും തുടരുന്നു. വായനയുടെ സുഖം പറഞ്ഞു മനസ്സിലാക്കാനാവില്ല. അത്​ വായിച്ചുതന്നെ അറിയണം.

തയാറാക്കിയത്: സന്ദീപ്​ ഗോവിന്ദ്