‘ഇ’ പഠനകാലത്ത്​
 • അമീർ സാദിഖ്​
 • 10:44 AM
 • 29/09/2018

സ്​മൃതി, ശ്രുതി ഇതായിരുന്നു ആദിമകാലത്തെ വിദ്യാഭ്യാസരീതി. ​കാര്യങ്ങൾ കേട്ട്​ ഒാർമയിൽ സൂക്ഷിക്കുക. പാഠങ്ങൾ ഒാർത്തിരിക്കുക. അത്​ മാത്രമായിരുന്നു വഴി. പിന്നീട്​ പുസ്​തകങ്ങളിലേക്ക്​ കാലം വിദ്യാഭ്യാസത്തെ കൊണ്ടുപോയപ്പോൾ അത്​ സ്വീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടായതിന്​ കാരണം മറ്റൊന്നുമല്ല. വിദ്യാർഥികൾ അറിവുകൾ മനസ്സിൽ സൂക്ഷിക്കില്ല. പുസ്​തകങ്ങൾ ഒാർമശക്​തി കുറക്കുമോ? ഇതൊക്കെയായിരുന്നു അവരുടെ ആധി. എന്നാൽ, അതെല്ലാം കാറ്റിൽപറത്തി പുസ്​തകങ്ങൾ വിദ്യാഭ്യാസത്തി​െൻറ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറി. അവിടെ അവസാനിച്ചോ?
കാലം പിന്നെയും മുന്നോട്ടുപോയി. കമ്പ്യൂട്ടർ യുഗം പിറന്നു. ടെക്​നോളജി ലാൻഡ്​ഫോണുകളിൽനിന്ന്​ വയർലെസ്​ ഫോണുകളിലേക്കും ഇപ്പോൾ സ്​ക്രീൻ ടച്ച്​ സമാർട്​ഫോണുകളിലേക്കും ഒാട്ടപ്പാച്ചിലായിരുന്നു. ഇന്ന്​ പുസ്​തകങ്ങൾ മാത്രമാണോ ഒരു വിദ്യാർഥിയുടെ പഠനത്തിന്​ ഉപയോഗിക്കുന്ന മാധ്യമം? അല്ല. ഇന്ന്​ രക്ഷിതാക്കൾ അവരുടെ കുട്ടികൾക്കായി സ്​കൂളുകൾ തിരഞ്ഞെടുക്കുന്നതി​െൻറ മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക. കമ്പ്യൂട്ടർ ലാബി​െൻറ വലുപ്പം, സ്​മാർട്​ ക്ലാസ്​ റൂമുകൾ,  അങ്ങനെ അങ്ങനെ. ഇതെല്ലാം കാലം കൊണ്ടുവന്ന നൂതന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തലല്ലേ. 

സിനിമ തുടങ്ങിവെച്ചത്​
വർഷങ്ങൾക്ക്​ മുമ്പ്​ സിനിമ കേരളത്തിൽ വലിയ ​പ്രചാരമില്ലാത്ത കാലത്ത്​ സ്​കൂളുകളിൽ ആണ്ടിലൊരിക്കൽ 15 എം.എം മിനി പ്രോജക്​ടറുകൾ സംഘടിപ്പിച്ച്​ സിനിമാപ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ചലച്ചിത്രം ഉൾ​ക്കൊള്ളാൻ സമൂഹംപോലും മടിച്ചിരുന്ന കാലത്ത്​ സ്​കൂളുകളിൽ സിനിമാപ്രദർശനം നടത്തുക, അത്​ കുരുന്നുകൾ ആവേശത്തോടെ ആസ്വദിക്കുക. എന്താണ്​ ഇതിനർഥം? അതെ സിനിമ എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തെ കുട്ടികളെ പരിചയപ്പെടുത്തുക. അവരെ മനോഹരമായ പുതിയ അറിവുകളിലൂടെ വളർത്തിയെടുക്കുക. ഇതായിരുന്നു ലക്ഷ്യം. 
ബ്ലാക്ക്​ ബോർഡിൽ ​േചാക്കുകൊണ്ടെഴുതുന്ന കാലം നിലനിൽക്കെത്തന്നെ ഡിജിറ്റൽ പ്രോജക്​ടറുകളിൽ ചിത്രങ്ങളും വിഡിയോകളുമടക്കം പ്രദർശിപ്പിച്ച്​ പാഠഭാഗങ്ങൾ പഠിപ്പിക്കുന്ന രീതി വന്നത്​ കുട്ടികളിൽ ചിന്താശേഷി കുറക്കുമെന്നോ മറ്റോ കരുതാനാകുമോ? ചിത്രങ്ങളിൽനിന്നും മാറി ചിത്രശലഭം മുട്ടയിടുന്നതും കുഞ്ഞുങ്ങൾ പ്യൂപ്പയാവുന്നതുമെല്ലാം ദൃശ്യങ്ങളായി കൺമുന്നിലെത്തു​േമ്പാൾ കുട്ടികളിൽ ചിന്താശേഷി വർധിക്കാനുള്ള സാധ്യതകളെക്കുറിച്ച്​ ആലോചിച്ചുനോക്കൂ.

1990 ആയപ്പോഴേക്കും ഇ​ൻറർനെറ്റ്​ ഒരുവിധം എല്ലായിടത്തും സജീവമായി. അതുവരെ തപാൽ അടിസ്ഥാനമാക്കി പഠനം നടത്തിയിരുന്നവർ ഇ-മെയിൽ വിദ്യാഭ്യാസത്തിലേക്ക്​ കടന്നു. അവിടെ അവസാനിച്ചില്ല. പഠനസാമഗ്രികൾ ഇലക്​ട്രോണിക്​ രൂപത്തിലാക്കി അയച്ചുകൊടുക്കാൻ തുടങ്ങി. വൈകാതെ അതിലും എളുപ്പമാർഗം തേടി എല്ലാം സെർവറുകളിലേക്ക്​ നിക്ഷേപിച്ച്​ ഇൻറർനെറ്റ്​ മുഖേനെ പ്രവേശനം നൽകുന്ന സംവിധാനവും നിലവിൽവന്നു. അതോടെ തപാൽപഠനവും ഇ-മെയിൽ പഠനവും മാറി ഒാൺലൈൻ പഠനം നിലവിൽവന്നു. കോണ്ടാക്​ട്​ ക്ലാസുകൾ വീഡിയോ കോൺഫറൻസ്​ ക്ലാസുകളിലേക്ക്​ മാറി. പരീക്ഷകളും ഒാൺലൈനായി. ഇവിടെ ടെക്​നോളജിയെ അവഗണിച്ചിരുന്നെങ്കിൽ വിദ്യാഭ്യാസമേഖല ഇത്രത്തോളം പുരോഗമിക്കുമായിരുന്നോ...

വിദ്യാർഥികളെ അകറ്റേണ്ടതു​ണ്ടോ?
കാലം വരുത്തുന്ന​ മാറ്റങ്ങളിൽനിന്നും ഒാടിയൊളിക്കാ​േമാ? പാടില്ല. ഒറ്റപ്പെടും. കുറച്ച്​ മുമ്പ്​ വരെ വടിയെടുത്ത്​ പാടത്തുനിന്നും വീട്ടിലേക്ക്​ നമ്മെ ഒാടിക്കാറുള്ള അമ്മക്ക്​ കാര്യം ഇപ്പോൾ അത്ര പാടുള്ളതല്ല. കാരണം, പാടത്തുനിന്നും കളിക്കാവുന്ന കളികളും അതിലപ്പുറവും ഇന്ന്​ കുട്ടികൾ കളിക്കുന്നുണ്ട്​. വീട്ടിനകത്ത്​. കൂടുതൽ ആവേശത്തോടെയും ആകാംക്ഷയോടെയും. പക്ഷേ, വിർച്വൽ ലോകത്താണെന്ന്​ മാത്രം. ഗെയിമിങ്ങും അമിത സ്​മാർട്​ഫോൺ ഉപയോഗവും കാർട്ടൂണുകളും വിദ്യാർഥികളിൽ കടുത്ത മാനസികപ്രശ്​നങ്ങളും സർവോപരി ആരോഗ്യപ്രശ്​നങ്ങളും സൃഷ്​ടിക്കുന്നുവെന്ന്​ പലപ്പോഴായി മാധ്യമങ്ങളിലും മറ്റും നാം വായിക്കാറുണ്ട്​.  ഇവയിൽനിന്നും വിദ്യാർഥികളെ എങ്ങനെ നമുക്ക്​ അകറ്റിനിർത്താം എന്നുള്ള പഠനങ്ങളും തകൃതിയായി പുരോഗമിക്കുന്നു. 

ഉപയോഗം പോസിറ്റിവ്​ ആക്കാം
വിദ്യാർഥികളെ ടെക്​നോളജിയിൽനിന്ന്​ അകറ്റുന്നത്​ പ്രാക്​ടിക്കലായ വഴിയാണോ? ഒരിക്കലുമല്ല. എല്ലാവരും സ്​മാർട്ഫോൺ ഉപയോഗിക്കുന്നവരാണ്​. ഇന്ത്യയിൽ 65 കോടി സ്​മാർട്​ഫോൺ ഉപയോക്​താക്കളുണ്ടത്രെ. ഇത്​ ഒരു ശരാശരി കണക്കാണ്​. അതി​െൻറ വ്യാപ്​തി നിങ്ങളിപ്പോൾ ഇരിക്കുന്ന ചുറ്റുപാടിൽ കണ്ണോടിച്ച്​ നോക്കിയാൽ അറിയാം. കുട്ടികൾ അനുസരിക്കുന്നവരല്ല. അവർ അനുകരിക്കുന്നവരാണ്​. അതെ, രക്ഷിതാക്കളെയും അധ്യാപകരെയും നിരീക്ഷിക്കാനും അത്​ ജീവിതത്തിൽ പകർത്താനുമാണ്​ കുട്ടികൾക്കിഷ്​ടം​. നിങ്ങൾ എത്രത്തോളം ഫോണിലോ ടെക്​​േനാളജിയിലോ മുഴുകിയിരിക്കുന്നുവോ. അത്രത്തോളംതന്നെ കുട്ടികളും അതിലേക്ക്​ അടുക്കും. നിയന്ത്രണവും പോസിറ്റിവായ ഉപയോഗവുമാണ്​ ആവശ്യം. അതി​െൻറ ഗുണവശങ്ങളിലേക്ക്​ ശ്രദ്ധ തിരിച്ചാൽ ലോകം നമ്മുടെ കൈക്കുമ്പിളിലാവും. അറിവി​െൻറ മായിക ലോകം കാതങ്ങൾ കടന്ന്​ നമ്മിലേക്ക്​ എത്തും. 
മഹാ വിപ്ലവം സൃഷ്​ടിച്ച കണ്ടുപിടിത്തങ്ങളാണ്​ ചക്രവും കമ്പ്യൂട്ടറും. രണ്ടും ലോകത്തിന്​ നൽകിയ വേഗത എത്രത്തോളമാണെന്ന്​ ആലോചിച്ചുനോക്കൂ. അതുപോലെയാണ്​ ഇപ്പോൾ സ്​മാർട്​ഫോണുകൾ. നിത്യജീവിതത്തിലെ നമ്മുടെ അത്യാവശ്യകാര്യങ്ങളെല്ലാം ഫോണിലൂടെ മാനേജ്​ ചെയ്യാൻ സാധിക്കുന്ന കാലമാണല്ലോ. സ്​മാർട്​ഫോൺരഹിത ജീവിതം ദുസ്സഹമായ കാലഘട്ടമാണിത്​​. 21ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരാൾക്ക്​ ഒരു ഇ-മെയിൽ ​െഎ.ഡിയും ഒരു ഫോൺ നമ്പറുമില്ല എന്നുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ! 

പൂജ്യം കണ്ടുപിടിച്ചത്​
ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിലൊന്നാണ്​ പൂജ്യം. ഒരു ഭാരതീയനാണ്​ പൂജ്യം കണ്ടെത്തിയത്​ എന്ന കാര്യമോർത്ത്​ അഭിമാനിക്കുന്നവരാണ്​ നമ്മൾ. കമ്പ്യൂട്ടറുകളുടെ അടിസ്​ഥാന പ്രവർത്തന തത്ത്വമായ ബൈനറിയിൽ എല്ലാ കാര്യങ്ങളെയും പൂജ്യവും ഒന്നുമായി രൂപഭാവം മാറ്റിയാണ്​ സംഗണന പ്രക്രിയ ചെയ്യുന്നത്​. പൂജ്യം കണ്ടെത്തിയത്​ ഭാരതീയനാണ്​ എന്നതിൽ ഇപ്പോൾ കൂടുതൽ അഭിമാനം തോന്നുന്നുണ്ടോ?

കുട്ടികളും കാർട്ടൂണും 
ഒരു ശരാശരി മലയാളി വിദ്യാർഥിയുടെ വേനലവധിക്കാലം എങ്ങനെയാവും കടന്നുപോവുക. ഒന്നുകിൽ ഏതെങ്കിലും അവധിക്കാല കോഴ്​സുകൾ. അല്ലെങ്കിൽ വിഡിയോ ഗെയിമുകളോ കാർട്ടൂണുകളോ നമ്മുടെ അവധിക്കാലം വിഴുങ്ങിക്കളയും. കുട്ടികളെ ടി.വിക്കുമുന്നിൽ പിടിച്ചിരുത്തുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. തീരെ കുഞ്ഞായിരിക്കു​​േമ്പാൾ അമ്മയുടെ മടിയിലിരുന്ന്​ കണ്ട്​ തുടങ്ങുന്ന കാർട്ടൂൺ ആനിമേഷൻ സിനിമകൾ വളരുന്നതോടെ ഒരു ഭ്രമമായി മാറുന്നു. ഹോളിവുഡിൽ ഏറ്റവും വരുമാനം ഉണ്ടാക്കിനൽകുന്ന സിനിമകൾ ആനിമേഷൻ സിനിമകളാണ്​. കുങ്​ഫു പാണ്ടയും ശ്രേക്കും ദി ഇൻക്രഡിബിൾസും എന്നുവേണ്ട ഡിസ്​നിയും പിക്​സാറും ഇറക്കുന്ന പല ആനിമേഷൻ സിനിമകളുടെയും കലക്​ഷൻ ബില്യൺ ഡോളറുകൾ ഭേദിക്കാറാണ്​ പതിവ്​​. കാർട്ടൂണുകളും ആനിമേഷൻ കഥാപാത്രങ്ങളും ലോകത്ത്​ തന്നെ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്​ ഉദാഹരണം ഇത്​ മതിയാവുമല്ലോ. കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്​ടിച്ചെടുക്കുന്നത്​ നിസ്സാര ജോലിയാണെന്ന്​​ ​ധരിക്കുന്നവരുണ്ടാവാം.​ എന്നാൽ, ആ ധാരണ തെറ്റാണ്​. ഇന്ന്​ ലോകത്ത്​ ഏറ്റവും ഡിമാൻഡുള്ള ഒരു വിഭാഗം എഴുത്തുകാർ ബാലസാഹിത്യ രചയിതാക്കളാണ്​. കാർട്ടൂണുകളും വിഡിയോ ഗെയിമുകളും വിദ്യാർഥികളിൽ ശാരീരികവും മാനസികവുമായ പ്രശ്​നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നുണ്ട്​. എന്നാൽ, കാർട്ടൂണുകൾ പൂർണമായും അവഗണിക്കേണ്ടതുണ്ടോ? ഒരിക്കലുമില്ല. കാർട്ടൂണുകളും ആനിമേഷൻ സിനിമകളും കുട്ടികളിലുണ്ടാക്കുന്ന ഗുണങ്ങളും ദോഷങ്ങളും നമുക്ക്​ ചർച്ച ചെയ്​താലോ?

അറിവി​െൻറ ലോകം കൂടിയാണ്​ കാർട്ടൂൺ
ഭാഷാപരമായും ഭാവനാപരമായും കാർട്ടൂണുകൾ കുട്ടികളിൽ സ്വാധീനം ചെലുത്തുന്നുണ്ട്​ എന്ന്​ പറഞ്ഞാൽ വി​ശ്വസിക്കുമോ? 

 • ^ഭാഷ: കാർട്ടൂണുകൾ കുട്ടികൾക്ക്​ ഹരമാണ്​. കാർട്ടൂൺ കഥാപാത്രങ്ങളും അവര​ുടെ സംഭാഷണങ്ങളും കുട്ടികൾക്ക്​ മനഃപാഠമായിരിക്കും. കാർട്ടൂൺ കഥാപാത്രങ്ങൾ സംസാരിക്കുന്നത്​ പോലെ കുട്ടികൾ അനുകരിക്കുന്നത്​ ശ്രദ്ധിച്ചിട്ടുണ്ടോ. അതെ കുട്ടികളിൽ ഭാഷാപരമായ വികാസത്തിനും കാർട്ടൂണുകൾ കാരണമാവുന്നുണ്ട്​. മലയാള ഭാഷയിലുള്ള കാർട്ടൂണുകൾ മാത്രമാണോ അവർ കാണുന്നത്​? അല്ല ഇംഗ്ലീഷും ഹിന്ദിയും തമിഴും എന്നുവേണ്ട പല ഭാഷകളിലുള്ളത്​. പരസ്​പര സംഭാഷണത്തിന്​ ഉപയോഗിക്കേണ്ടുന്ന കൃത്യമായ വാക്കുകൾ, ഘടന, അത്​ പ്രയോഗിക്കേണ്ടുന്ന രീതി, ഇതെല്ലാം അവർ ഇപ്പോൾ മനസ്സിലാക്കിയെടുക്കുന്നത്​ കാർട്ടൂണുകൾ കണ്ടാണ്​. അപ്പോൾ ഇതിനെല്ലാം പ്രത്യേകം കോച്ചിങ്​ നൽകേണ്ടതുണ്ടോ. 
 • ^ശ്രദ്ധ: നമുക്ക്​ ഏറ്റവും താൽപര്യമുള്ള കാര്യങ്ങളിലായിരിക്കും നാം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുക. ചെറുപ്രായത്തിൽ കുട്ടികൾ ഏറ്റവും മുഴുകിയിരിക്കുക കാർട്ടൂണുകളിലും ഗെയിമുകളിലുമായിരിക്കും. കാർട്ടൂൺ കണ്ടു തുടങ്ങിയാൽ കുട്ടികളെ വിളിച്ചാൽ കിട്ടില്ല അല്ലേ. അവരുടെ ഇഷ്​ട കഥാപാത്രങ്ങളിലായിരിക്കും ശ്രദ്ധ. ഇത്​ ശ്രദ്ധയോടെ ഒരു കാര്യം ചെയ്യാൻ കുട്ടികളിൽ പ്രചോദനമുണ്ടാക്കാനും കാരണമാകും.
 • ^ഭാവന: ഭാവനയുടെ ലോകത്തേക്കാണ്​ കാർട്ടൂണുകൾ കുട്ടികളെ കൊണ്ടുപോവുന്നത്​. പക്ഷികളും മൃഗങ്ങളും പൂവുകളും പൂമ്പാറ്റകളുമെല്ലാം അവിടെ അവരുടെ കൂട്ടുകാരാണ്​. കാർട്ടൂൺ സ്ഥിരമായി കാണുന്ന കുട്ടികൾ അവരുടെ വളർത്തുമൃഗങ്ങളോടും പൂവിനോടും പക്ഷികളോടും സംസാരിക്കും കഥകൾ പറയും. അവരെ സങ്കൽപിച്ച്​ കഥകളുണ്ടാക്കും. അങ്ങനെ അങ്ങനെ അവർ ഭാവനയുടെ ലോകത്ത്​ വിരാജിക്കും. മികച്ച കഥയുള്ള കാമ്പുള്ള കാർട്ടൂണുകൾ കണ്ടാൽ കുട്ടികളിൽ അത് പ്രതിഫലിക്കും എന്നുള്ളതിൽ തർക്കമില്ലല്ലോ.
 • ^വാക്യഘടന: വീട്ടുകാരും സുഹൃത്തുക്കളും സംസാരിക്കുന്നത്​ കേട്ടുപഠിച്ചാണ്​ കുട്ടികൾ വളരുന്നത്​. എന്നാൽ, നാം പരസ്​പരം സംസാരിക്കുന്നതിന്​ ഒരു വാക്യഘടനയുണ്ടാവണം എന്നില്ല. കാർട്ടൂണുകളിലെ സംഭാഷണരീതികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അതിൽ കഥാപാത്രങ്ങൾ സംസാരിക്കുക നല്ല ഭാഷയായിരിക്കും. മികച്ച വാക്യഘടനയുമുണ്ടാകും. ഇത്​ കുട്ടികളുടെ സംഭാഷണങ്ങളിലും വൈകാതെ ദൃശ്യമായി തുടങ്ങിയേക്കാം.

കാർട്ടൂണുകൾ എങ്ങനെ പോസിറ്റിവാക്കാം?

 • ^സ്ഥിരമായി കാണുന്ന കാർട്ടൂണുകളെ കുറിച്ച് കുട്ടികളോട്​​ വിവരിക്കാൻ പറയാം. അതിലൂടെ അവരിൽ സംസാരരീതി വളർത്തിയെടുക്കാൻ സാധിച്ചേക്കും.
 • ^കാർട്ടൂൺ കഥാപാത്രങ്ങളെ ​െവച്ച്​ ക്ലേമോഡലുകൾ ഉണ്ടാക്കാൻ ആവശ്യപ്പെടാം.
 • ^ഇഷ്​ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ വരക്കാൻ പറയാം. ​അല്ലെങ്കിൽ കഥാപാത്രങ്ങൾക്ക്​ ശരിയായ നിറംനൽകാനും അവയെ കുറിച്ച്​ വിവരിക്കാനും പറയാം.
 • ^വിവിധ കാർട്ടൂണുകളിലെ കഥാപാത്രങ്ങളെ ചേർത്ത്​ പുതിയ കഥകൾ ഉണ്ടാക്കാൻ പറയാം.
 • ^ക്ലാസിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങളെ പ്രതിനിധാനംചെയ്​തു പഠിപ്പിക്കാം. 
 • ^ഒാരോ വിഷയങ്ങളിലുമുള്ള പാഠങ്ങൾക്ക്​ അനുയോജ്യമായ കാർട്ടൂണുകളോ ആനിമേഷൻ ദൃശ്യങ്ങളോ കണ്ടെത്തി കുട്ടികൾക്ക്​ വിവരിച്ച്​ നൽകിയാൽ കൂടുതൽ ഗുണംചെയ്യും. 
 • ^കാർട്ടൂൺ ചാനലുകളിൽ കാണിക്കാറുള്ള പേപ്പർ ആർട്ടുകൾ ചെയ്​തുകാണിക്കാൻ നിർദേശിച്ചാലോ. 

പ്രശ്​നങ്ങൾ ശ്രദ്ധിക്കണം
ആരോഗ്യപ്രശ്​നങ്ങൾ: ടെലിവിഷൻ സ്​ക്രീനുകളിലേക്ക്​ മണിക്കൂറുകളോളം നോക്കിയിരിക്കുന്നത്​ കുട്ടികളുടെ കണ്ണിന്​ കാര്യമായ പ്രശ്​നങ്ങളുണ്ടാക്കും. പ്രത്യേകിച്ച്​ ​സ്​മാർട്​ ഫോണുകളിൽ മണിക്കൂറുകളോളം നോക്കിയിരിക്കുന്നതാണ്​ കൂടുതൽ അപകടം. സ്​മാർട്​ഫോൺ സ്​ക്രീനിലെ ബ്ലൂലൈറ്റ്​ കാഴ്​ച നഷ്​ടമാവുന്നതിന്​ വരെ കാരണമായേക്കുമെന്ന്​ പഠനങ്ങൾ പറയുന്നു. ടെലിവിഷൻ സ്​ക്രീനിലെ വേഗമേറിയ കാഴ്​ചകൾ കണ്ട് ശീലിച്ച്​​ യഥാർഥ ലോകത്തെ നിശ്ചലമോ വേഗത കുറഞ്ഞതോ ആയ ദൃശ്യങ്ങൾ ഉൾക്കൊള്ളാനാകാതെ വരുന്നത്​ കാലക്രമേണ വിദ്യാർഥികളിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. 
ഇതുപോലെയാണ്​ കേൾവിയുടെ കാര്യവും. ടി.വിയിൽ ഉയർന്ന ശബ്​ദത്തിലും സ്​മാർട്​ഫോണുകളിൽ ഇയർഫോൺ പ്ലഗ്​ ചെയ്തും തുടർച്ചയായി കാർട്ടൂൺ കാണുന്നത്​ അത്ര നല്ലതല്ല. തുടർച്ചയായി ഉയർന്ന ശബ്​ദം ശ്രവിക്കുന്നത്​ വൈകാതെ ചെറിയ ശബ്​ദം കേൾക്കുന്നതിന്​ വയ്യാതെ വരും. വ്യായാമവും പോഷകാഹാര കുറവും വിദ്യാർഥികളിൽ ദൃ​ശ്യമായി തുടങ്ങിയത്​ കാർട്ടൂൺ വിഡിയോ ഗെയിം യുഗത്തിലാണ്​. ജങ്ക്​ ഫുഡുകൾ കഴിച്ച്​ ഇത്തരം വിനോദോപാദികളിൽ മുഴുകിയിരിക്കുന്ന കുട്ടികളിൽ ബുദ്ധി വികാസവും ശാരീരികവളർച്ചയും മുരടിക്കുന്ന സാഹചര്യം വരും. 

മാനസിക പ്രശ്​നങ്ങൾ
കാർട്ടൂണുകളും പ്രധാനമായും വിഡിയോ ഗെയിമുകളും ആക്രമണവും സാഹസികതയും പ്രോത്സാഹിപ്പിക്കുന്നവയാണ്​​. പ്രതിയോഗിയെയോ സുഹൃത്തിനെയോ മർദിക്കുന്നതും കീഴ്​പ്പെടുത്തുന്നതുമൊക്കെയായിരിക്കും ചില കാർട്ടൂണുകളുടെ തീം. ഗെയിമുകളിൽ പിന്നെ എന്നും ആക്രമണമാണ്​. കുട്ടികൾ ചെറുപ്രായത്തിൽ ഇത്തരം രംഗങ്ങൾ കാണുന്നത്​ അവരിൽ ആക്രമണ വാസനയുണ്ടാക്കും. ക്ഷമ കുറഞ്ഞ്​ ആർത്തിയും മുൻകോപവും വർധിക്കും. ഒറ്റക്കിരിക്കാനുള്ള പ്രതീതിയും സൗഹൃദം സ്ഥാപിക്കാനുള്ള മടിയും സ്വഭാവത്തിൽ ദൃശ്യമായി തുടങ്ങും. പെരുമാറ്റത്തിലും വൈകല്യം ദൃശ്യമാവും.
ഇതൊക്കെ അതിജീവിക്കാൻ അവർ കാണുന്നതും കളിക്കുന്നതും എന്താണെന്ന്​ രക്ഷിതാക്കൾ ആവർത്തിച്ച്​ ഉറപ്പുവരുത്തണം. ആക്രമണവും കീഴ്​പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗെയിമുകളും കാർട്ടൂണുകളും കാണുന്നതിൽനിന്നും കളിക്കുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാം. പസിൽ ഗെയിമുകളിലും സന്ദേശങ്ങൾ നൽകുന്ന കാർട്ടൂണുകളിലും അവരുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രദ്ധിക്കേണ്ടത്​ രക്ഷിതാക്കളാണ്​. 
മാധ്യമ പിന്തുണയോടെ നീങ്ങുന്ന സമൂഹമാണ്​ ഇന്നത്തേത്​. അപ്പോൾ ഇന്നി​​െൻറ മാധ്യമങ്ങളായ ഇൻറർനെറ്റിനെയും ടി.വിയെയും മറ്റും അവഗണിച്ച്​ എങ്ങനെ മനുഷ്യകുലത്തിന്​ മുന്നേറാനാകും. നന്മയുടെ ഉപകരണങ്ങൾ തിന്മക്കായി ഉപയോഗിക്കുന്നത്​ മനുഷ്യകുലത്തിനുള്ള സ്വാഭാവികതയാണ്​. വെള്ളവും വെളിച്ചവും വായുവും പോലെ വിവരസാ​േങ്കതികവിദ്യയും നവമാധ്യമങ്ങളും ആവശ്യമായ കാലഘട്ടത്തിൽ അവ നന്മയുടെ അറിവി​െൻറ ഭാഗമായി ഉപയോഗപ്പെടുത്താനാണ്​ ശ്രമിക്കേണ്ടത്​. ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വളര്‍ച്ചക്കുതകുന്ന സംവിധാനങ്ങളാണ്​ ഇവയെല്ലാം.

നവമാധ്യമം എന്ന പഠനസഹായി
പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമങ്ങളെയും റേഡിയോയെയും ടെലിവിഷനെയും കടത്തിവെട്ടി നവമാധ്യമങ്ങൾ രംഗം കീഴടക്കാൻ തുടങ്ങിയിട്ട്​ അധികകാലമായിട്ടില്ല. ഇൻറർനെറ്റും ബ്ലോഗുകളും ഗൂഗിളും ഫേസ്​ബുക്കും ട്വിറ്ററും യൂട്യൂബുമെല്ലാം ഇന്ന്​ നിത്യജീവിതത്തി​െൻറ ഭാഗമായി മാറിയിരിക്കുകയാണ്​. ദൂരത്തെയും സമയത്തെയും കീഴടക്കുക എന്നുള്ളതായിരുന്നല്ലോ ആദ്യ കാലം മുതൽ മാധ്യമങ്ങളുടെ ദൗത്യം. എന്നാൽ, തുടക്കത്തിൽ വാർത്തകളും വിവരങ്ങളും ആവശ്യക്കാരിലെത്താൻ ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്നു. ഇന്ന്​ അങ്ങനെയാണോ? ലക്ഷക്കണക്കിന്​ മൈലുകൾക്കപ്പുറമുള്ള വാർത്തകൾ തത്സമയ ദൃശ്യങ്ങളടക്കം നമ്മുടെ കൺമുന്നിലാണ്​. അസാധ്യമെന്ന്​ നാം കരുതിയിരുന്നത്​ പലതും ഇന്ന്​ പൂ പറിക്കുന്നതുപോലെ എളുപ്പമാണ്​. അത്രത്തോളം വിവരസാ​േങ്കതിക വിദ്യയും മനുഷ്യനും വളർന്നിരിക്കുന്നു. 

വിജ്ഞാനം വിരൽതുമ്പിൽ
അറിവ്​ തേടി കി.മീറ്ററുകൾ താണ്ടിയ കഥകളും അറിവിനായി സമ്പത്തും ആരോഗ്യവും ത്യജിച്ച സംഭവങ്ങളുമെല്ലാം നാം കേട്ടിരിക്കും. അറിവുകൾ പരതാനും സ്വായത്തമാക്കാനും കഷ്​ടപ്പെട്ടിരുന്ന കാലം കഴിഞ്ഞു. സൂര്യന്​ കീഴിലുള്ളതും മുകളിലുള്ളതുമായ സർവ അറിവുകളും നമ്മുടെ വിരൽതുമ്പിലായ കാലമാണിത്​. സംശയനിവാരണം നടത്താൻ അധ്യാപകനെ തേടിപ്പോകേണ്ടതുണ്ടോ? നമ്മുടെ വിർച്വൽ അധ്യാപകനും സഹയാത്രികനുമായി ഗൂഗ്​ളും ഇൻറർനെറ്റും ഉള്ള കാലമാണിത്​.

ഗൂഗ്​ൾ
അമേരിക്കൻ മൾട്ടിനാഷനൽ ടെക്​നോളജി കമ്പനിയാണ്​ ഗൂഗ്​ൾ. ഇൻറർനെറ്റ്​ സംബന്ധമായ സേവനം പ്രധാനം ചെയ്യുന്ന ഗൂഗ്​ൾ സ്ഥാപിതമായത് കാലിഫോർണിയയിലെ മെൻലോ പാർക്കിൽ​ 1998 സെപ്​റ്റംബർ നാലിനായിരുന്നു.​ ലാരി പേജ്​, സെർജി ബ്രിൻ എന്നിവർ ചേർന്നായിരുന്നു ഗൂഗ്​ൾ നിർമിച്ചത്​​. ഇന്ന്​ ലോകത്തെ ഏറ്റവും വലിയ സെർച്ച്​ എൻജിനാണ്​ ഗൂഗ്​ൾ. മനുഷ്യരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന സെർച്ച്​ എൻജിൻ. 

തലപ്പത്ത്​ ഇന്ത്യക്കാരൻ
ലോകത്തെതന്നെ ഏറ്റവും വലിയ ടെക്​നോളജി കമ്പനിയുടെ തലപ്പത്ത്​ ഒരു ഇന്ത്യൻ വംശജനാണെന്നത്​ എന്തൊരു അഭിമാനകരമാണ്​ അല്ലേ. അതെ, തമിഴ്​നാട്ടിലെ മധുരൈ സ്വദേശിയായ സുന്ദർ പിച്ചൈ ആണ്​ ഇപ്പോൾ ഗൂഗ്​ളി​െൻറ സി.ഇ.ഒ. നിലവിൽ അമേരിക്കയുടെ പൗരനായ പിച്ചൈ 2004 മുതൽ ഗൂഗ്​ളി​െൻറ ഭാഗമായിരുന്നു. 2015 ആഗസ്​റ്റ്​​ 10നായിരുന്നു ചരിത്രമായ പുതിയ റോളിലേക്ക്​ പിച്ചൈയെ നിയമിക്കുന്നതായി ഗൂഗ്​ൾ പ്രഖ്യാപിക്കുന്നത്​​. 2015 ഒക്​ടോബർ രണ്ടിന്​ ഗൂഗ്​ൾ സി.ഇ.ഒ ആയി സ്ഥാനാരോഹണം. അഞ്ജലി പിച്ചൈ ആണ്​ സുന്ദർ പിച്ചൈയുടെ ഭാര്യ.

ഗൂഗ്​ൾ എന്ന പഠനസഹായി
ഗൂഗ്​ൾ ഒരു സർവ വിജ്ഞാന കോശമാണ്​. ഗൂഗ്​ൾ ഒരു യഥാർഥ സുഹൃത്താണ്​. നാം ചോദിക്കുന്നതെന്തിനും അവന്​ ഉത്തരം നൽകാൻ സാധിക്കും. അടുത്ത്​ ബിരിയാണി കിട്ടുന്ന ഹോട്ടലേതാണ്​ എന്നതിന്​ മുതൽ ന്യൂട്ട​െൻറ ആപേക്ഷിക സിദ്ധാന്തം എന്താണെന്നതിന്​ വരെ ഗൂഗ്​ളിന്​ ഉത്തരമുണ്ട്​. ഗൂഗ്​ൾ നമുക്ക്​ കേവലം ഉത്തരങ്ങൾ മാത്രമാണോ നൽകുന്നത്?​ അതിന് സമമായ ചിത്രങ്ങൾ, വിഡിയോകൾ, ഗ്രാഫുകൾ, എന്നുവേണ്ട ആനിമേഷൻ ദൃശ്യങ്ങൾ വരെ ലഭ്യമാക്കും. 
സംശയങ്ങൾക്കുള്ള ഉത്തരം തേടി പുസ്​തകങ്ങളിൽ സമയം കളയുന്നവർക്കുള്ളതാണ്​ ഗൂഗ്​ൾ. എന്താണ്​ നിങ്ങളുടെ സംശയം.? ഗൂഗ്​ളിനോട്​ ചോദിക്കൂ. കടുകട്ടിയായ കണക്കുകൾ പരിഹരിക്കാനും ബയോളജിയും കെമിസ്​ട്രിയും ഫിസിക്​സും കൂടുതൽ മിഴിവോടെ പഠിക്കാനും ഗൂഗ്​ളിനോട്​ ചോദിക്കാം. 
എന്നാൽ, ഗൂഗ്​ൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും മിടുക്കനാണ്​. ആർക്കും എന്തും എഴുതിച്ചേർക്കാനും എഡിറ്റ്​ ചെയ്യാനും നീക്കം ചെയ്യാനും സാധിക്കുന്ന ലോകമാണ്​ വിർച്വൽ ലോകം. ഇൻറർനെറ്റ്​ അനന്ത സാധ്യതയുള്ള മേഖലയാണ്​. സാധ്യത എന്നു പറഞ്ഞാൽ ഇതിൽ ചൂഷകർക്കും നീന്തിത്തുടിക്കാം. അപ്പോൾ നാം തിരയുന്ന സംശയങ്ങൾക്കുളള ഉത്തരം ശരിയാണെന്നത്​ നാം തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്​. അവിടെ​ നാം അധ്യാപകരുടെ സഹായം തേടാൻ മടിക്കരുത്​​. 

ഗൂഗ്​ൾ മലയാളത്തിൽ
ഗൂഗ്​ൾ ഒാരോ സെക്കൻഡിലും വളർന്നുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്​. നാം ഒാരോരുത്തരുമാണ്​ ഗൂഗ്​ളി​െൻറ വളർച്ചയിൽ സഹായിക്കുന്നവർ. നാം തുന്നിച്ചേർക്കുന്ന അറിവുകളും വിശേഷങ്ങളുമാണ്​ ഗൂഗ്​ൾ ക്രോഡീകരിച്ച്​ മറ്റുള്ളവർക്കും പകർന്നുനൽകുന്നത്​. ഇപ്പോൾ ഗൂഗ്​ൾ മലയാളത്തിലും ലഭ്യമാണ്​. പൂർണമായും മലയാളീകരിച്ചിട്ടില്ലെങ്കിലും പല കാര്യങ്ങളെ കുറിച്ചും മലയാളത്തിൽ സെർച്ച്​ ചെയ്​താൽ വിവിധ സൈറ്റുകളിൽവന്ന മലയാള വിശദീകരണവും നമുക്ക്​ കാണാം. 

യൂട്യൂബ്​
ഗൂഗ്​ളി​െൻറ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ്​ വിഡിയോ ഷെയറിങ്​ വെബ്​സൈറ്റാണ്​ യൂട്യൂബ്​. ഇൗ സംവിധാനത്തിലൂടെ ലോകത്തെവിടെയുമുള്ള ആർക്കും അവരുടെ ​കൈയിലുള്ള വിഡിയോ കണ്ടൻറുകൾ പങ്കുവെക്കാം. 2005 ഫെബ്രുവരി 14ന്​ പേപ്പാൽ എന്ന ഇ-വ്യാപാര  കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഏതാനും പേർ ചേർന്നാണ്​ യൂട്യൂബിന്​ രൂപംകൊടുത്തത്​. കാലിഫോർണിയയി​ലെ സാൻ ബ്രൂണോ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങിയ ഇൗ വെബ്​ സേവന കമ്പനി അഡോബ്​ ഫ്ലാഷ്​ സാ​േങ്കതികവിദ്യ അടിസ്ഥാനമാക്കിയാണ്​ പ്രവർത്തിക്കുന്നത്​. 
സൂനാമിയും ജാനറ്റ്​ ജാക്​സ​െൻറ വിവാദ പ്രകടനവുമാണ്​​​ യൂട്യൂബ്​ തുടങ്ങാൻ പ്രേരണയായതെന്ന്​ അതി​െൻറ നിർമാതാക്കൾ പറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സൂനാമിയുടെ ദൃശ്യങ്ങൾ ആ കാലത്ത്​ കാര്യമായി ലഭ്യമല്ലായിരുന്നുവെന്നും യൂട്യൂബിലൂടെ അത്​ ലോക വ്യാപകമായി എത്തിക്കാൻ സാധിച്ചെന്നും അവർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്​. ഇന്ന്​ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സെർച്ച്​ എൻജിനാണ്​ യൂട്യൂബ്​. അതും ഗൂഗ്​ൾ എന്ന സാഗരത്തിന്​ ശേഷം.

യൂട്യൂബും ഒരു പഠനസഹായി
യൂട്യൂബ്​ സിനിമ കാണാനും കാർട്ടൂണുകൾ കാണാനും ഹാസ്യ പരിപാടികൾ കാണാനും മാത്രമാണോ നിങ്ങൾ ഉപയോഗിക്കുന്നത്​. എന്നാൽ, യൂട്യൂബ്​ കേവലം ഒരു വിനോദോപാതി മാത്രമല്ല. യൂട്യൂബിന്​  നാം കരുതുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ അനന്തസാധ്യതയുള്ള ഒരു ഉപാധിയാണ്​ യൂട്യൂബ്​. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യത്തി​െൻറ വിവിധ തലത്തിലുള്ള വിഡിയോകൾ മാത്രമാണ്​ യൂട്യൂബ്​ നൽകുക. യൂട്യൂബ്​ ആളുകൾ അറിവ്​ നേടാനും ഉപയോഗിക്കുന്നു എന്നുള്ളതി​െൻറ തെളിവായി​ യൂട്യൂബിൽ തിരയുന്ന കീവേർഡുകൾ പരിശോധിക്കാം.
യൂട്യൂബിൽ ഏറ്റവും കൂടുതൽ സെർച്ച്​ ചെയ്യപ്പെടുന്ന കീ വേർഡുകളിൽ ​പ്രധാനി ആരാണെന്ന്​ അറിയുമോ? ​ ‘how to’ അ​തെ, ഹൗ ടു എന്ന്​ തുടങ്ങുന്ന കീ വേർഡുകൾക്കാണ്​ യൂട്യൂബിൽ കൂടുതൽ ഡിമാൻഡ്​​. 
ഹൗ ടു മേ​ക്​ ബിരിയാണി, ഹൗ ടു മേക്​ വെബ്​സൈറ്റ്​, ഹൗ ടു സ്​പീക്​ ഇംഗ്ലീഷ്​, ഹൗ ടു സ്​റ്റഡി മാത്​സ് ഇങ്ങനെ പോകുന്നു വിവിധ സെർച്ചിങ്​ കീവേർഡുകൾ. കേരളത്തിലിരുന്ന്​ ‘how to make american breakfast’ എന്ന്​ ​തിരഞ്ഞാൽ യൂട്യൂബിലൂടെ അത്​ പഠിച്ചെടുക്കാവുന്നതേയുള്ളൂ. 
does, can, how, is, why ഇങ്ങനെ തുടങ്ങി നിങ്ങൾക്ക്​ ചോദിക്കാനുള്ളതെല്ലാം യൂട്യൂബിനോട്​ ചോദിക്കാം. ഇത്തരം കീവേർഡുകൾ ഉപയോഗിച്ച്​ ​യൂട്യൂബിനോട്​ സംശയം ചോദിച്ചു നോക്കൂ. ആളുകൾ ഉപ്പ്​ തൊട്ട്​ ലംബോർഗിനി വരെയുള്ള കാര്യങ്ങളെ കുറിച്ച്​ അറിയാനും പഠിക്കാനും എല്ലാം ഉപയോഗിക്കുന്ന ഒരു മാധ്യമമാണ്​ യൂട്യൂബ്​. പരിധികളില്ല. നിയന്ത്രണങ്ങളില്ല. പണം നൽകേണ്ടതില്ല. എല്ലാർക്കും എല്ലാം സൗജന്യം. 

ധാരാളം എജുക്കേഷനൽ ചാനലുകളും യൂട്യൂബിൽ ലഭ്യമാണ്​. കണ്ട്​ കാര്യങ്ങൾ പഠിക്കാൻ യൂട്യൂബിലും മികച്ച മാധ്യമം വേറെയില്ല. സംശയമുള്ള കാര്യങ്ങൾ നിങ്ങൾ തിരഞ്ഞുനോക്കൂ. ഇന്ന്​ ഏത്​ വിഷയവും നമുക്ക്​ സൗകര്യമുള്ള സമയത്ത്​ ഇഷ്​ടമുള്ള ഇടത്തിരുന്ന്​ പഠിക്കാനാവു​േമ്പാൾ ക്ലാസ്​ മുറികൾ അപ്രസക്​തമാവുന്നു. സ്​കൂൾ വിദ്യാർഥികൾക്ക്​ യൂട്യൂബ്​ മുഖേന ട്യൂഷൻ നൽകുന്ന നിരവധി വിഡിയോ ക്ലാസുകൾ ഇപ്പോൾ നിലവിലുണ്ട്​. നഗരങ്ങളിൽ മാത്രമല്ല കേേട്ടാ... ഗ്രാമങ്ങളിലും ഇപ്പോൾ ഇത്തരം സ​േങ്കതങ്ങൾ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നുണ്ട്​. ട്യൂഷൻ സെൻററുകളിൽ കുട്ടികൾ കുറയുന്നതിന്​ പിന്നിൽ ഇത്തരം ഇ-ലേണിങ്​ സൗകര്യങ്ങളുടെ കുത്തൊഴുക്കാണ്​. 
കാലം മാറിയതോടെ കമ്പ്യൂട്ടർ സ്​ക്രീനുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ശ്രദ്ധയോടെ അറിവ്​ നേടാൻ തയാറാവുന്ന തലമുറ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇതിന്​ സമാന്തരമായി നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും അധ്യാപകരുമാണ്​ മാറേണ്ടത്​. സാ​േങ്കതികവിദ്യയെ വിദ്യാർഥികളിൽനിന്നുമകറ്റാതെ വിർച്വൽ ലോകത്തെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തി ഭാവിതലമുറയെ നമുക്ക്​ സൃഷ്​ടിച്ചെടുക്കാം.

യൂട്യൂബ്​ കിഡ്​സ്​
യൂട്യൂബി​െൻറ മറ്റൊരു സംരംഭമാണ്​ യൂട്യൂബ്​ കിഡ്​സ്​. കുട്ടികൾക്ക്​ വേണ്ടി ഒരുക്കിയ ഇൗ പുതിയ ആപ്പിൽ, യൂട്യൂബ്​ കണ്ടൻറുകൾ തരംതിരിച്ചാണ്​ കൊടുത്തിരിക്കുന്നത്​. അശ്ലീലം നിറഞ്ഞതോ ആക്രമവും ഭീതിയും പ്രോത്സാഹിപ്പിക്കുന്നതോ ആയ കണ്ടൻറുകൾ ഒഴിവാക്കി പൂർണമായും കുട്ടികളുടെ ഉപയോഗത്തിനായി ഒരുക്കിയതാണ്​ യൂട്യൂബ്​ കിഡ്​സ്​. രക്ഷിതാക്കൾക്ക്​ ധൈര്യമായി ഇത്​ കുട്ടികൾക്ക്​ തുറന്നുകൊടുക്കാം.

ക്വോറ (QUORA)
ഒരു ചോദ്യോത്തര വെബ്​സൈറ്റാണ്​ ക്വോറ. ലോകമെമ്പാടുമുള്ള അതി​െൻറ ഉപയോക്​താക്കൾ പരസ്​പരം ചോദ്യങ്ങൾ ചോദിക്കുന്നു, ഉത്തരങ്ങൾ നൽകുന്നു. ചോദ്യം എന്തുമായിക്കൊള്ള​െട്ട. അതിനുള്ള രസകരവും വിജ്ഞാനപ്രദവുമായ ഉത്തരങ്ങൾ ക്വോറയിലൂടെ ആളുകൾ പറഞ്ഞുതരും. അതും സൗജന്യമായി. 2009ൽ ഫേസ്​ബുക്കിൽനിന്നും രാജിവെച്ച രണ്ട്​ യുവാക്കൾ ചേർന്ന്​ ആരംഭിച്ചതായിരുന്നു ക്വോറ. ആദം ഡി ആഞ്ചലോ, ചാർലി ചെവെയർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ഫേസ്​ബുക്കിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്​. ഫേസ്​ബുക്ക്​ സ്ഥാപകൻ മാർക്ക്​ സക്കർബർഗി​െൻറ സ്​കൂൾ സുഹൃത്ത്​ കൂടിയാണ്​ ആദം. 2004ൽ സക്കർബർഗ്​ ആദമി​നെ ഫേസ്​ബുക്കി​െൻറ വൈസ്​ പ്രസിഡൻറായി നിയമിച്ചിരുന്നു. ഇന്ന്​ ഫേസ്​ബുക്കിനെ വെല്ലുവിളിക്കുന്ന തരത്തിലാണ്​ ക്വോറയുടെ വളർച്ച. ക്വോറക്ക്​ നിലവിൽ ലോകമെമ്പാടുമായി 200 മില്യണിലധികം ഉപയോക്​താക്കളുണ്ട്​. അത്​ ദിവസേനെ വർധിച്ചുവരുന്നമുണ്ട്​. കാലക്രമേണ ക്വോറയുടെ മാർക്കറ്റ്​ ഷെയറും മില്യൺ ഡോളർ കടന്ന്​ ബില്യൺ ഡോളറായി മാറി.

കൂടുതൽ വ്യക്​തതയോടെ അറിയാം
വിർച്വൽ ലേണിങ്​ എപ്പോഴും പൂർണമായും വിശ്വാസം അർപ്പിക്കാൻ സാധിക്കാത്ത മേഖലയാണ്​. കാരണം അത്​ സുതാര്യമാണ്​. എഡിറ്റ്​ ചെയ്യാൻ സാധിക്കുന്നതും ചൂഷണം ചെയ്യാനുതകുന്നതും കൂടിയാണ്​. വസ്​തുതാപരവും വിശ്വസിക്കാവുന്നതുമായ പഠനത്തിന്​ വേണ്ടിയാണ്​ ക്വോറ എന്ന സംവിധാനം തുടങ്ങിയതെന്ന്​ അതി​െൻറ സ്ഥാപകർതന്നെ പറയുന്നുണ്ട്​. നാം ചോദിക്കുന്ന എന്തിനും ആളുകളുടെ കൈയിൽ ഉത്തരമുണ്ടാകും. നിങ്ങൾ വിദഗ്​ധനായിട്ടുള്ള മേഖലയിൽനിന്നുള്ള ചോദ്യങ്ങൾക്ക്​ നിങ്ങൾക്ക്​ ഉത്തരം നൽകാൻ സാധിക്കും അല്ലേ. എന്നാൽ, ചോദ്യങ്ങൾക്കായി എവിടെ​ ​പോകും. അതു പോലെത്തന്നെ നിങ്ങൾക്ക്​ അറിയാത്ത മേഖലകളിലെ സംശയങ്ങൾക്ക്​ ഉത്തരം തേടി അതത്​ വിഷയങ്ങളിൽ പുലികളായിട്ടുള്ളവരെ കണ്ടെത്താനും കുറച്ച്​ പാടാണ്​ അല്ലേ.
ക്വോറ ഇൗ രണ്ട്​ വിഭാഗത്തിലുള്ളവരെയും ഒരുമിച്ച്​ കൂട്ടുന്ന ഇടമാണ്​. ആളുകളുടെ തലകളിൽനിന്നും പരമാവധി വിവരങ്ങൾ വലിച്ചെടുക്കാനും അത്​ മറ്റുള്ളവരിലേക്ക്​ കൂടി എത്തിക്കാനുമാണ്​ ക്വോറ ശ്രമിക്കുന്നത്​. ഗൂഗ്​ളിൽ നാം എന്തെങ്കിലും സംശയം തിരയു​േമ്പാൾ ആദ്യം വരുന്ന സൈറ്റ്​ ശ്രദ്ധിച്ചിട്ടുണ്ടോ. അത്​ ക്വോറയായിരിക്കും. 
അറിവുകളെ കേവലം വിശദീകരണം മാത്രമായി ഒതുക്കാതെ ക്വോറ അത്​ രസകരമാക്കി മാറ്റുന്നു എന്നുള്ളതും പ്രത്യേകതയാണ്​. നൽകുന്ന വിശദീകരണം തെറ്റുകുറ്റങ്ങളുള്ളതാണെങ്കിൽ അത്​ ഡൗൺ വോട്ട്​ ചെയ്​ത്​ നീക്കംചെയ്യാനുള്ള സംവിധാനവും ക്വോറയെ വ്യത്യസ്​തമാക്കുന്നു. ഇനി നിങ്ങൾക്ക്​ ഒന്നും ചോദിക്കാനും പറയാനുമില്ലെങ്കിൽകൂടി ക്വോറയിൽ കയറി ഒന്ന്​ നിരീക്ഷണം നടത്തിയാൽ പല അറിവുകളും നേടാം. ഫേസ്​ബുക്കിലും മറ്റ്​ സമൂഹമാധ്യമങ്ങളിലും ന്യൂസ്​ ഫീഡുകൾ പരതി സമയം കളയുന്നതിലും ഭേദമല്ലേ? 

വിക്കിപീഡിയ
ഒരു സ്വതന്ത്ര വിജ്ഞാന കോശമാണ്​ വിക്കിപീഡിയ. ഭാഷാ ഭേദമന്യേ ആർക്കും ഉപയോഗപ്പെടുത്താവുന്നതും തിരുത്താവുന്നതുമായ ഒരു സ്വതന്ത്ര സംരംഭം. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കീപിഡിയ പദ്ധതിക്ക്​ 2001 ജനുവരി 15നാണ്​ തുടക്കം കുറിച്ചത്​. ജിമ്മി വെയിൽസ്​, ലാറി സാങ്ങർ എന്നിവരായിരുന്നു ഇൗ മഹത്തായ സംരംഭത്തിന്​ പിന്നിൽ. എന്തിനെ കുറിച്ചും ഏതി​നെ കുറിച്ചുമുള്ള ലേഖനങ്ങളും പൊതു അറിവുകളും വിക്കിപീഡിയയിലുണ്ടാവും. പുസ്​തകങ്ങളിലാക്കി വരുന്ന എൻസൈക്ലോപീഡിയ എന്ന സംരംഭത്തെ തകർത്തുകളഞ്ഞ സംവിധാനമാണ്​ വിക്കീപിഡിയ. പേരിലും അത്​ കാണാം. ഇന്ന് ഇൻറർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തി​െൻറ അടിസ്ഥാനം. വിക്കിപീഡിയയുടെ പതിപ്പുകൾ 292 ഭാഷകളിലായി വ്യാപിച്ചുകിടക്കുന്നു. 51,41,684ൽ അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ഇൗ സംരംഭത്തി​െൻറ പതാകവാഹകകർ. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നുണ്ട്​.

ഉപയോഗപ്പെടുത്താം സൂക്ഷിച്ച്​
പഠനാവശ്യങ്ങൾക്കായി സൂക്ഷിച്ച്​ ഉപയോഗിക്കേണ്ടുന്ന സംവിധാനമാണ്​ വിക്കിപീഡിയ. കാരണം ആർക്കും തിരുത്താവുന്ന സംവിധാനമായതിനാൽ തെറ്റുകൾ വരാൻ വലിയ സാധ്യതകളുണ്ട്​. അതിനാൽ തേടുന്ന അറിവുകൾ പൂർണമായും ശരിയാണെന്നത്​ ഉറപ്പുവരുത്താൻ ശ്രമിക്കണം. 

സമൂഹമാധ്യമങ്ങൾ
ഫേസ്​ബുക്കും ട്വിറ്ററും വാട്​സ്​ആപ്പും ഗൂഗ്​ൾ പ്ലസും അടങ്ങുന്ന സമൂഹമാധ്യമങ്ങളും ആധുനിക വിദ്യാഭ്യാസ രംഗത്ത്​ ഒഴിച്ചുകൂടാനാകാത്ത പങ്കാളികളാണ്​. നാം പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സമകാലിക സംഭവവികാസങ്ങളെ തിരയാനും അവയെ കുറിച്ചുള്ള വിദഗ്​ധരുടെ അഭിപ്രായങ്ങൾ അറിയാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. ട്വിറ്ററിലുള്ള ഹാഷ്​ടാഗുകൾ പരിശോധിച്ചാൽ മാത്രം മത്രി ലോകത്ത്​ നിലവിൽ ഏറ്റവും കൂടുതൽ പേർ സംസാരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്താണെന്ന്​​ അറിയാം. ഫേസ്​ബുക്കിലും സാമൂഹികവും രാഷ്​ട്രീയവും സാംസ്​കാരികവുമായ സംഭവങ്ങളെ കുറിച്ച്​ തിരയാനും അറിയാനും സാധിക്കും. സമൂഹമാധ്യമം ശരിയായി ഉപയോഗിക്കുകയാണെങ്കിൽ നിത്യജീവിതത്തിൽ അത്രത്തോളം ഉപകാരപ്രദമായ മറ്റൊരു മാധ്യമം ഇല്ല​തന്നെ.

ബ്ലോഗുകൾ
​കുറിപ്പുകളും ചെറു ലേഖനങ്ങളും പങ്കുവെക്കപ്പെടുന്ന വ്യക്​തിഗതമായ വെബ്​ പേജുകളാണ്​ ബ്ലോഗുകൾ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് ബ്ലോഗുകളിൽ പങ്കു​വെക്കപ്പെടുക. ഒരു പ്രത്യേക വിഷയത്തിൽ പൂർണവിവരങ്ങൾ നൽകുന്നതും അതേസമയം ചില വിഷയങ്ങളുടെ ചുരുക്കവിവരങ്ങൾ നൽകുന്നതുമായ ബ്ലോഗുകൾ ലഭ്യമാണ്​. നിലവിൽ ധാരാളം മലയാളം ബ്ലോഗെഴുത്തുകാരുണ്ട്​. ഫേസ്​ബുക്ക്​ വന്നതിന്​ ശേഷം എല്ലാവരും അതിലേക്ക്​ തിരിഞ്ഞതോടെ ബ്ലോഗെഴുത്തിന്​ പഴയതുപോ​ലെ ആളുകൾ പ്രധാന്യം നൽകുന്നില്ല എന്നുള്ളത്​ വാസ്​തവമാണ്​. എങ്കിലും ചില കാര്യങ്ങളെ കുറിച്ച്​ നാം ഗൂഗ്​ളിൽ തിരയു​േമ്പാൾ നമുക്ക്​ സംശയ നിവാരണം ലഭിക്കുന്നത് ചില​ ബ്ലോഗുകളിലൂടെയായിരിക്കും.

വേറെ ഏ​തൊക്കെ സംവിധാനങ്ങൾ നമുക്ക്​ പഠനത്തിനായി ഉപയോഗപ്പെടുത്താം. അധ്യാപകരുമായി ചർച്ചചെയ്​ത്​ പുതിയ ആശയങ്ങളും നവമാധ്യമ സംവിധാനങ്ങളും കണ്ടെത്താൻ ശ്രമിക്കുമല്ലോ...

നവമാധ്യമങ്ങളിലെ മലയാളം
മുകളിൽ പറഞ്ഞ പല പഠനസഹായികളും ഇംഗ്ലീഷിലും മറ്റ്​ ഭാഷകളിലും ലഭ്യമാണ്​. എന്നാൽ, മലയാളി വിദ്യാർഥികൾക്ക്​ ഇവ എത്രത്തോളം ഉപകാരപ്രദമാണെന്നതുകൂടി കണക്കിലെടുക്കണം. എന്നാൽ, ടെക്​നോളജിയുടെ ലോകത്ത്​ ഇപ്പോൾ ഇംഗ്ലീഷ്​ ഒഴിച്ചുകൂടാനാകാത്ത ഭാഷയായി മാറിയതിനാൽ നാം ഇംഗ്ലീഷിനോട്​ കൂടുതൽ അടുപ്പം കാണിക്കേണ്ടതായി ഇരിക്കുന്നു. 
ഇ-ബുക്​സ്​, വെബ്​ കാസ്​റ്റ്​, ഇൗ-ലേണിങ്​, വിഡിയോ കോൺഫറൻസിങ്​ തുടങ്ങി വിർച്വൽ ലോകത്തെ ഒരു പഠനസഹായിയാക്കി ലോകം ഉപയോഗിച്ചുവരുന്നുണ്ട്​. എന്നാൽ, നമ്മുടെ കേരളം അതിൽ എത്രത്തോളം വികസിച്ചിട്ടുണ്ട് എന്ന്​ ചോദിച്ചാൽ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്നു എന്ന്​ പറയാം​. ഇന്ത്യയിലെ സമ്പൂർണ സാക്ഷരത ​െകെയ്യാളുന്ന സംസ്ഥാനം എന്ന നിലക്ക്​ നമുക്ക്​ ഇത്തരം നവ വിദ്യാഭ്യാസരീതി കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയണം. വിദ്യാർഥികൾ വ്യക്​തിപരമായി ഉപയോഗിക്കുന്നതിൽ നിന്നും മാറി ക്ലാസ്​മുറികളിൽകൂടി നവമാധ്യമങ്ങളെ കൂടെക്കൂട്ടിയുള്ള പഠനസംവിധാനം വരണം. അതിലൂടെ ഇത്തരം മാധ്യമങ്ങളുടെ ഗുണകരമായ ഉപയോഗത്തെക്കുറിച്ച്​ അവർ ബോധവാൻമാരാകും.

അപകടങ്ങൾ തിരിച്ചറിയണം
ഫേസ്​ബുക്കിനെതിരെ ലോകം തിരിഞ്ഞ സംഭവം കൂട്ടുകാർ കേട്ടത​േ​ല്ല. കേംബ്രി​ജ്​ അനലറ്റിക്കയെകുറിച്ചും നാം കേട്ടു. ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ വിജയത്തിനായി കേംബ്രി​ജ്​ അനലിറ്റിക്ക എന്ന കൺസൾട്ടൻസി അനധികൃതമായി ഉപയോക്​താക്കളുടെ ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർത്തിനൽകിയത്​ ലോകവ്യാപകമായി പ്രതിഷേധത്തിലേക്ക്​ നയിക്കുകയും ഫേസ്​ബുക്കി​െൻറ ഒാഹരി ഇടിയുകയും ചെയ്​തിരുന്നു. ഇത്തരം പി.ആർ കമ്പനികളും കൺസൾട്ടൻസികളും നമ്മെ പരസ്യങ്ങളിലൂടെ ആകർഷിക്കാനും നമ്മുടെ വിവരങ്ങൾ ചോർത്താനും ശ്രമിക്കുന്നുണ്ട്​. വ്യാപകമായി ഇല്ലെങ്കിലും ഇത്തരം അപകടങ്ങൾ നാം തിരിച്ചറിയണം. ഇങ്ങനെ അറിവി​െൻറ നിധികൾ ​തേടി കണ്ടെത്താനും അപകടങ്ങളെ തിരിച്ചറിഞ്ഞ്​ ജീവിതത്തിൽ മുന്നേറാനും ശ്രമിച്ചാൽ നവ മാധ്യമങ്ങളോടൊപ്പം നമുക്കും ഉയരങ്ങൾ കീഴടക്കാം.

ആപ്പിലാക്കാത്ത ആപ്പുകൾ
ഇന്ന്​ പല സ്​കൂളുകളിലും അവരവർക്കായി ആപ്പുകൾ നിലവിലുണ്ട്​. വിദ്യാർഥികളുടെ ഹാജർനില അറിയാനും ഫീസുകളടക്കാനും സ്​കൂൾ തല പ്രകടനം അളക്കാനും ക്ലാസ്​ ടീച്ചർമാരുമായും പ്രിൻസിപ്പലുമായും സംസാരിക്കാനുമുള്ള സൗകര്യവും ആപ്പുകളി​ൽ ഒരുക്കുന്നുമുണ്ട്​. ഇത്​ അധ്യാപകരും രക്ഷിതാക്കളുമായുള്ള സമ്പർക്കം കൂടുതൽ കാര്യക്ഷമമാക്കുകയും വിദ്യാർഥികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കുകയും ചെയ്യുന്നു. 

പേരൻറ്​ ​െഎ
സെക്കൻഡറി മുതൽ ​ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളുടെ  രക്ഷിതാക്കൾക്കും അധ്യാപകർക്കുമായുള്ള ആപ്ലിക്കേഷനാണ്​ പേരൻറ്​ ​െഎ. സ്വന്തമായി ആപ്പുകൾ ഇല്ലാത്ത സ്​കൂളുകൾക്ക്​ ഉപയോഗപ്പെടുത്താവുന്ന ആപ്പാണ്​ ഇത്​. വിദ്യാർഥികളുടെ പഠന-പാ​േഠ്യതര വിഷയങ്ങളിലുള്ള പ്രകടനം അളന്ന്​ രേഖപ്പെടുത്താനും വിദ്യാർഥികളുടെ ആകെ പ്രകടനവും അവരെ കുറിച്ചുള്ള സമ്പൂർണവിവരവും അധ്യാപകർക്ക്​ ലഭ്യമാക്കാനും ഇൗ ആപ്പിലൂടെ സാധിക്കും. സ്​മാർട്​ഫോണുകൾ സജീവമായ കാലത്ത്​ ഇത്തരം സംവിധാനങ്ങൾ കുട്ടികളുടെ സുരക്ഷക്കായി മികച്ച ഭാവിക്കായി ഉപയോഗപ്പെടുത്താമല്ലോ...

പഠിക്കാനും ആപ്പുകൾ
സ്​മാർട്​ഫോൺ യുഗത്തിൽ പഠനം കൂടുതൽ രസകരവും താൽപര്യമുള്ളതുമാക്കാനുള്ള മാർഗമായാണ്​ എജുക്കേഷനൽ ആപ്പുകളെ അവതരിപ്പിച്ചത്​. ​െഎപാഡുകളും ടാബ്​ലെറ്റുകളും സജീവമായതോടെ ഗെയിമുകൾക്കും കാർട്ടൂണുകൾക്കും അടിമയാകുന്ന വിദ്യാർഥികളെ പഠനത്തോട്​ തൽപരരാക്കാനും ഇത്തരം ആപ്പുകളിലൂടെ സാധിക്കുമെന്ന്​ തെളിയിക്കുന്ന വിധത്തിലാണ്​ അവയുടെ വളർച്ച. മലയാളിയായ ബൈജുവി​െൻറ ബൈജൂസ്​ ആപ്പും ഖാൻ അക്കാദമിയുടെ ആപ്ലിക്കേഷനും അൺഅക്കാദമി ലേണിങ് ആപ്പും ബ്രെയിൻലീ ഹോംവർക്​ ഹെൽപുമെല്ലാം ഇത്തരത്തിൽ ആൻഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ സ്​റ്റോറുകളിൽ ഹിറ്റായ ആപ്പുകളാണ്​.

ബൈജൂസ്​ ആപ്​
ഇൗ സ്​മാർട്​ഫോൺ യുഗത്തിൽ ബൈജൂസ്​ ആപ്പിനെ കുറിച്ചറിയാത്തവർ ചുരുക്കമായിരിക്കും. ഇന്ന്​ 40​ ലക്ഷത്തോളം വിദ്യാർഥികൾ ഉപയോഗിക്കുന്ന ഒരു എജുക്കേഷൻ ആപ്ലി​േക്കഷനാണ്​ ബൈജൂസ്​ ആപ്​. ബൈജു രവീന്ദ്രനെന്ന കണ്ണൂർകാരൻ നിർമിച്ച ഇൗ പഠനസഹായി  ആൻഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ ലഭ്യമാണ്​. സൗജന്യമായും പണം നൽകിയും ഉപയോഗിക്കാവുന്ന ബൈജൂസ്​ ആപ്​ ആറാം ക്ലാസുമുതൽ 12ാം ക്ലാസ്​ വരെയുള്ള വിദ്യാർഥികളുടെ പഠനസഹായിയും അധ്യാപകനും വഴികാട്ടിയുമൊക്കെയായി മാറിയിരിക്കുകയാണ്​.
പാഠപുസ്​തകങ്ങളിലെ ചില ​സംശയങ്ങൾക്ക്​ ഉത്തരം പറഞ്ഞുതരാൻ നമ്മുടെ സുഹൃത്തുക്കൾക്കോ രക്ഷിതാക്കൾക്കോ കഴിഞ്ഞെന്ന്​ വരില്ല അല്ലേ. അത്തരം സാഹചര്യങ്ങളിൽ അധ്യാപകൻതന്നെ വേണം. എന്നാൽ, അധ്യാപകരുടെ സാന്നിധ്യം ക്ലാസ്​ റൂമിന്​ പുറത്ത്​ പലപ്പോഴും അപ്രാപ്യമാവു​േമ്പാൾ ഉത്തരങ്ങൾക്കായി നമ്മൾ കാത്തിരിക്കേണ്ടിവരും അ​ല്ലേ​? എന്നാൽ, അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വ്യക്​തമായി ഒരാൾ നമുക്ക്​ പറഞ്ഞുതരുന്നു. അതും ഒരു വിരൽതുമ്പ്​ അകലത്തിൽ. മനോഹരമായ ആനിമേഷ​െൻറ അകമ്പടിയോടെ ഉത്തരങ്ങൾ വിർച്വലായി പറന്നുകളിക്കുന്നു. അതെ അതാണ്​ ബൈജൂസ്​ ആപ്​. അധ്യാപകന്‍-വിദ്യാര്‍ഥി-ക്ലാസ്മുറികൾ‍-ലാബ്​-ലൈബ്രറി എന്നിങ്ങനെയുള്ള പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി എവിടെയും എപ്പോഴും ഏത് വിഷയത്തിലും ക്ലാസുകള്‍ ലഭ്യമാക്കുന്നു. വേണ്ടത്​ ഒരു സ്​മാർട്​ഫോണും പിന്നെ അതിൽ ഇൻറർനെറ്റും കൂടെ ബൈജൂസ്​ ആപ്പും. ഇത്തരത്തിലുള്ള ആപ്പുകൾ ഡൗൺലോഡ്​ ചെയ്​ത്​ പരീക്ഷിക്കാൻ ശ്രമിക്കു​മല്ലോ. അധ്യാപകരുടെ സഹായവും സ്വീകരിക്കുക.

എജുക്കേഷനൽ പോർട്ടലുകളുടെ കാലം
ഇൻറർനെറ്റ്​ യുഗത്തിൽ വമ്പൻ യൂനിവേഴ്​സിറ്റികളിൽ ലക്ഷങ്ങൾ മുടക്കി അപ്രാപ്യമായ ​ഡിഗ്രികൾ എടുക്കാൻ കിനാവ്​ കാണുന്നത്​ മണ്ടത്തരമാണ്​. കാരണം, ഇപ്പോൾ ധാരാളം എജുക്കേഷൽ പോർട്ടലുകൾ സൗജന്യവും തീരെ കുറഞ്ഞ ഫീസ്​ നിരക്കിലും ലഭ്യമാണ്​. വിഡിയോ ക്ലാസുകളും പോഡ്​കാസ്​റ്റുകളും ഒാൺലൈൻ ടെസ്​റ്റുകളുമടങ്ങുന്ന മനോഹരമായ ഇൻറർഫേസോടുകൂടിയ എജുക്കേഷനൽ ​േപാർട്ടലുകൾ. ജോലി ചെയ്​തു കൊണ്ടിരിക്കുന്നവർക്കും വീട്ടിലിരുന്നും ഇഷ്​ടമുള്ള സമയത്ത്​ പഠിക്കാനാവുന്നു എന്നതാണ്​ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. 

ചില എജുക്കേഷനൽ ​േപാർട്ടലുകൾ പരിചയപ്പെടാം

 • ഖാൻ അക്കാദമി

ഒരു ഒാൺലൈൻ കോച്ചിങ്​ ​വെബ്​സൈറ്റാണ്​ ഖാൻ അക്കാദമി. കൂടുതൽ പണം നൽകിയുള്ള കോച്ചിങ്ങിന്​ സാമ്പത്തികസ്ഥിതിയില്ലാത്തവർക്ക്​ ഉപയോഗപ്പെടുത്താവുന്ന ഏറ്റവും മികച്ച പോർട്ടലുകളിലൊന്നാണ്​ ഖാൻ അക്കാദമി. സ്​കൂളുകളിലെ പാരമ്പര്യ വിഷയങ്ങളായ കണക്ക്, സയൻസ്​, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഹിസ്​റ്ററി, ഇക്കണോമിക്​സ്​ എന്നിവയും ഖാൻ അക്കാദമിയിൽ പഠിപ്പിക്കുന്നുണ്ട്​. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽ ഇതി​െൻറ ആപ്ലിക്കേഷൻ ലഭ്യമാണ്​. പ്രൈമറി സ്​കൂളുകളിലെ വിഷയങ്ങളടക്കം അടങ്ങിയ സിലബസാണ്​ ഖാൻ അക്കാദമിയുടേത്​. 

 • ഇ.ഡി.എക്​സ്​ (EDX)

വിദ്യാർഥികൾ പൊതുവെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പോർട്ടലാണ്​ ഇ.ഡി.എക്​സ്​. ലോകപ്രശസ്​തമായ ഹാർവഡ്​ യൂനിവേഴ്​സിറ്റിയാണ്​ ഇതിന്​ പിന്നിൽ. ഏറ്റവും വലിയ യൂനിവേഴ്​സിറ്റികളിലെ ഏറ്റവും മികച്ച കോഴ്​സുകളാണ്​ ഇ.ഡി.എക്​സ്​ ഒാൺലൈനായി നൽകുന്നത്​. 

 • അക്കാദമിക്​ എർത്ത്​ 

അക്കൗണ്ടിങ്​, ഇക്കണോമിക്​സ്​, എൻജിനീയറിങ്​ പോലുള്ള കോഴ്​സുകളും ബി​േഹവിയറൽ ​സൈക്കോളജി പോലുള്ള പ്രത്യേക വിഷയങ്ങളും പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ളതാണ്​ അക്കാദമിക്​ എർത്ത്​. യൂനിവേഴ്​സിറ്റി ഒാഫ്​ ഒാക്​സ്​ഫഡ്​, മസാചൂസറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജി, സ്​റ്റാൻഫോർഡ്​ യൂനിവേഴ്​സിറ്റി തുടങ്ങിയ ലോകപ്രശസ്​ത കോളജുകളുമായി ചേർന്നാണ്​ അക്കാദമിക്​ എർത്ത്​ പ്രവർത്തിക്കുന്നത്​. 

മറ്റ്​ പ്രധാന എജുക്കേഷനൽ പോർട്ടലുകൾ
ഹൗകാസ്​റ്റ്​, ഫ്യൂച്ചേഴ്​സ്​ ചാനൽ, കോസ്​മോ ലേണിങ്​, ബ്രൈറ്റ്​ സ്​റ്റോം, കോഴ്​സ്​ എറ, ബിഗ്​ തിങ്ക്​, ഇൻറർനെറ്റ്​ ആർക്കൈവ്​.

മലയാളം പോർട്ടലുകളുടെ അഭാവം
നിരവധി എജുക്കേഷനൽ പോർട്ടലുകൾ ഇന്ന്​ ലഭ്യമാണ്​. എന്നാൽ, കേരളത്തിലെ വിദ്യാർഥികൾക്ക്​ സന്തോഷിക്കാനായിട്ടില്ല. കാരണം, മലയാളത്തിലുള്ള മികച്ച എജുക്കേഷനൽ പോർട്ടലുകളുടെ അഭാവംതന്നെ. ചുരുക്കം ചില പോർട്ടലുകൾ ഉണ്ടെങ്കിലും മറ്റ്​ ദേശീയ-അന്തർദേശീയ തലത്തിലുള്ള പോർട്ടലുമായി കിടപിടിക്കുന്ന തരത്തിലുള്ളവ ഇല്ല എന്ന്​ ഉറപ്പിച്ചുപറയേണ്ടിവരും. ഉള്ളവ കാര്യമായോ പ്രായോഗികമായോ ഉപയോഗപ്രദമാകുന്നില്ല എന്നുള്ളതും വാസ്​തവമാണ്​. ഇതുപോലെത്തന്നെയാണ്​ ആപ്ലിക്കേഷനുകളുടെ കാര്യവും. എത്ര മലയാളം എജുക്കേഷൻ ആപ്പുകൾ നമുക്ക്​ ലഭ്യമാണ്​? സ്​കൂൾതലത്തിലും സർക്കാർ തലത്തിലും ഇത്തരം സംരംഭങ്ങൾക്കുള്ള തുടക്കത്തിന്​ പരിശ്രമങ്ങളുണ്ടാവണം. 

അധ്യാപകനും വേണം
മാറുന്ന കാലം, നവമാധ്യമങ്ങളിൽ കുട്ടികൾ നീന്തിത്തുടിക്കുന്ന കാലം. അതെ, അധ്യാപകന്​ ഇനി കാര്യങ്ങൾ പഴയതുപോലെ എളുപ്പമാകില്ല. സ്​മാർട്​ഫോണിൽ ഒരു സെൽഫിയെടുത്ത്​ അത്​ ഫേസ്​ബുക്കിലിടാൻ എങ്കിലും അറിയാത്ത അധ്യാപകരുണ്ടെങ്കിൽ ഇന്നത്തെ കാലത്ത്​ കുറച്ച്​ കഷ്​ടപ്പെടും. ഇപ്പോഴത്തെ കുട്ടികളെ നവമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ആദ്യം അധ്യാപകന്​ ഇത്തരം മാധ്യമങ്ങളെ കുറിച്ചുള്ള മികച്ച ധാരണയുണ്ടാകേണ്ടതുണ്ട്​. അധ്യാപക​െൻറ റോളിന്​ പകരക്കാർ എത്തിത്തുടങ്ങു​േമ്പാൾ അതിന്​ മുകളിലേക്ക്​ അധ്യാപകൻ വളർന്നില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. പെന്നിന്​ പകരം അധ്യാപകന്​ പെൻഡ്രൈവ്​ കൊണ്ടു നടക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്ന്​ ഒാർമവേണം.