കായികം
ഹോക്കി സ്​റ്റിക്കേന്തിയ മാന്ത്രികൻ
  • ആസിഫ്​ വിളത്തൂർ
  • 12:19 PM
  • 22/08/2019
ധ്യാൻചന്ദ്​ മത്സരത്തിനിടെ

ഹോക്കി ഇതിഹാസം ധ്യാൻചന്ദി​െൻറ ജന്മദിനമാണ് ഇന്ത്യയിൽ കായിക ദിനമായി ആചരിക്കുന്നത്. ധ്യാൻചന്ദിനെയും ദേശീയ കായിക പുരസ്‌കാരങ്ങളെയും അടുത്തറിയാം...

ഹോക്കി ഇതിഹാസം, ഹോക്കി മാന്ത്രികൻ എന്നീ വിശേഷണങ്ങൾ ലോകം ചാർത്തിക്കൊടുത്ത ഇന്ത്യക്കാരനാണ് ധ്യാൻചന്ദ്. പട്ടാളത്തിൽ ജോലിചെയ്​ത്​ തുടങ്ങി മേജർ റാങ്കിൽ വിരമിച്ച ധ്യാൻചന്ദി​െൻറ കഥ ഇന്ത്യൻ ഹോക്കിയുടെ ചരിത്രംകൂടിയാണ്. 1905 ആഗസ്​റ്റ്​ 29ന് അലഹബാദിൽ ഇന്ത്യൻ സേനയിൽ സുബേദാർ ആയിരുന്ന സമേശ്വർ ദത് സിങ്​, ശാരദ സിങ്​ എന്നിവരുടെ മകനായി ജനിച്ച ധ്യാൻ സിങ്​ ആണ് ഹോക്കിയിൽ  ലോകം കണ്ട ഏറ്റവും മികച്ച സെൻറർ ഫോർവേഡ് ആയി മാറിയ ധ്യാൻചന്ദ്. 17ാം വയസ്സിൽ പട്ടാളത്തിലെത്തി. 1926ൽ ഇന്ത്യൻ ആർമി ടീമിന് വിദേശത്ത് പര്യടനം നടത്താൻ അവസരം ലഭിക്കുമ്പോൾ ധ്യാനിനു  പ്രായം 21. ഈ പര്യടനമാണ്​ ധ്യാൻ എന്ന പുതിയ താരത്തെ ലോകത്തിനു സമ്മാനിച്ചത്​. അന്ന് ആകെ നേടിയ 192 ഗോളുകളിൽ ധ്യാനി​െൻറ സ്​റ്റിക്കിൽനിന്നാണ് ഭൂരിപക്ഷം ഗോളുകളും പിറന്നത്.
മൂന്ന്​ ഒളിമ്പിക്സിൽനിന്നായി (1928, 1932, 1936) മൂന്ന്​ സ്വർണം, 37 ഗോളുകൾ, മൂന്ന്​ ഒളിമ്പിക്സ് ഫൈനലിൽ 13 ഗോളുകൾ. 1936ൽ ഇന്ത്യൻ നായകനായി. മൈതാനത്തി​െൻറ ഏതു കോണിൽനിന്നും ഗോൾ നേടാനുള്ള  അദ്ദേഹത്തി​െൻറ കഴിവിനെ എല്ലാവരും പ്രശംസിച്ചിരുന്നു. 1956ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 2000ത്തിൽ നൂറ്റാണ്ടി​െൻറ കായിക താരങ്ങളെ അവതരിപ്പിച്ചപ്പോൾ മികച്ച പുരുഷ താരമായി തെരഞ്ഞെടുത്തത് ധ്യാൻചന്ദിനെയായിരുന്നു. 1979 ഡിസംബർ മൂന്നിന് ഡൽഹിയിൽ ആ പ്രതിഭ വിടപറഞ്ഞു. ‘ദ ഗോൾസ്’ ആണ് ജീവചരിത്ര ഗ്രന്ഥം.

ദേശീയ കായിക പുരസ്‌കാരങ്ങൾ
ഇന്ത്യൻ കായിക രംഗത്തെ കുതിപ്പുകളെയും നേട്ടങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ടാണ് ഓരോ കായികദിനവും വരുന്നത്. ദേശീയ കായിക പുരസ്‌കാരങ്ങൾ ഈ ദിവസമാണ് സമ്മാനിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന, ദ്രോണാചാര്യ, അർജുന, ധ്യാൻചന്ദ് അവാർഡ് തുടങ്ങിയവയാണ് പ്രധാന കായിക പുരസ്‌കാരങ്ങൾ.

  • രാജീവ് ഗാന്ധി ഖേൽരത്ന: ഇന്ത്യൻ കായിക രംഗത്തെ പരമോന്നത പുരസ്‌കാരം. 1991ലാണ് ഈ ഉന്നത കായിക പുരസ്‌കാരം കേന്ദ്രം ഏർപ്പെടുത്തിയത്.
  • അർജുന അവാർഡ്: ഖേൽ രത്നക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രധാന കായിക അവാർഡ്. 1961ൽ നൽകിത്തുടങ്ങി.
  • ദ്രോണാചാര്യ അവാർഡ്: രാജ്യത്തെ മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം. 1985ൽ സ്ഥാപിതമായി.
  • ഈ മൂന്ന് പ്രധാന കായിക പുരസ്‌കാരവും ലഭിച്ച ഏക വ്യക്തിയാണ് ബാഡ്മിൻറൺ ഇതിഹാസവും പരിശീലകനുമായ ഗോപിചന്ദ്.