നാളറിവ്
ഹെലൻ! നീയാണ്​ ലോകം ജയിച്ചവൾ...
  • ദീപ്​തി ദേവ
  • 02:38 PM
  • 27/06/2019

ഹെലൻ കെല്ലറുടെ ജന്മദിനമാണ്​ ജൂൺ 27

ഹെലന്‍ ആദംസ് കെല്ലര്‍, ആത്മവിശ്വാസവും അക്ഷീണപ്രയത്​നവും നിശ്ചയദാര്‍ഢ്യവുംകൊണ്ട് തനിക്ക്​ വന്നുചേര്‍ന്ന വൈകല്യങ്ങളെ മറികടന്ന് ലോകത്തിനു മുന്നില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് ഏവര്‍ക്കും മാതൃകയായ പെണ്‍കരുത്ത്. 19ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ രണ്ടു വ്യക്തികളിലൊരാളായി ലോകമവരെ വാഴ്ത്തുമ്പോള്‍ സ്വന്തം ജീവിതത്തിലൂടെ ഈ സമൂഹത്തിനായി സമ്മാനിച്ചത് പുറംകാഴ്​ചയെക്കാള്‍ പ്രധാനം ഉള്‍കാഴ്​ചയാണെന്നും മനുഷ്യനിര്‍മിതമായതൊന്നും മനുഷ്യന് അപ്രാപ്യവുമല്ല എന്ന സത്യത്തെയാണ്. 
1880 ജൂണ്‍ 27ന് ആര്‍തർ എച്ച്. കെല്ലറുടെയും കെയ്റ്റ് ആഡംസി​െൻറയും മകളായി വടക്കന്‍ അമേരിക്കയിലെ അലബാമയില്‍ ജനിച്ച ഹെലന് 19 മാസം പ്രായമുള്ളപ്പോള്‍ ബാധിച്ച മസ്തിഷ്‌കജ്വരമാണ് അന്ധതക്കും ബധിരതക്കും കാരണമായത്. ബാല്യകാലത്ത് വീട്ടിലെ പാചകക്കാരിയുടെ മകളായ മാര്‍ത്ത വാഷിങ്​ടണുമായി ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്ത ഹെലന്‍ ആറു വയസ്സാകുമ്പോഴേക്കും 60തില്‍പരം വാക്കുകള്‍ പഠിച്ചെടുത്തു. കൂടെയുള്ളവര്‍ നടക്കുമ്പോള്‍ കാലുകളില്‍ നിന്നുണ്ടാവുന്ന കമ്പനത്തിലൂടെ ആളുകളെ തിരിച്ചറിയാനുള്ള കഴിവ് ഹെല​െൻറ പ്രത്യേകതകളില്‍ ഒന്നായിരുന്നു. 1886ല്‍ ബധിരരായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിനെ സന്ദര്‍ശിക്കുന്നതിലൂടെ ലോകമറിയുന്ന ഹെല​െൻറ ജീവിതത്തി​െൻറ ജൈത്രയാത്ര തുടങ്ങി. തുടര്‍ന്ന് ഒരു പാവയുമായി  ആനി സള്ളിവന്‍ എന്ന ടീച്ചർ വീട്ടിലെത്തിയതോടെയാണ് ഹെല​െൻറ ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടായത്. പാഠ്യവിഷയങ്ങള്‍ക്കപ്പുറത്തായി സ്‌നേഹമെന്ന വികാരത്തെയും സള്ളിവന്‍ ഹെലന് പകര്‍ന്നുനല്‍കി.

മാർക്​ ട്വയിനും ഹെലനും
ത​െൻറ 14ാം വയസ്സില്‍ കേംബ്രിഡ്ജിലെ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ ചേരുകയും പിന്നീട് പ്രശസ്ത സാഹിത്യകാരനായ മാര്‍ക്ക് ട്വയിനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ടെസ്​റ്റ്​ ലിപ് റീഡിങ്, സ്പീച്ച്, ടൈപ്പിങ്​, ഫിംഗര്‍ സ്‌പെല്ലിങ്​, ബ്രെയില്‍ ലിപി എന്നിവ പരിശീലിക്കുകയും ഇതിലൂടെ ഗണിതവും ഇംഗ്ലീഷും ഫ്രഞ്ചും സസ്യശാസ്ത്രവും ജന്തുശാസ്ത്രവുമെല്ലാം സ്വായത്തമാക്കുകയും ചെയ്തു. 

ദ സ്​റ്റോറി ഓഫ് മൈ ലൈഫ്
1903ല്‍ 21 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കി ആത്മകഥയായ ‘ദ സ്​റ്റോറി ഓഫ് മൈ ലൈഫ്’ പ്രസിദ്ധീകരിച്ചു. 24ാം വയസ്സില്‍ ഹെലന്‍ ആര്‍ട്‌സില്‍ ബിരുദം നേടുന്ന ആദ്യ അന്ധയും ബധിരയുമായ വ്യക്തിയെന്ന ബഹുമതി നേടി. തുടര്‍ന്ന് അന്ധര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയതിലൂടെ സാമൂഹിക-രാഷ്​ട്രീയ മേഖലയില്‍ സജീവമാവുകയും ചെയ്തു. ശേഷം ജോര്‍ജ് എ. കെസ്സ്‌ലറുമായി ചേര്‍ന്ന് ഹെലന്‍ കെല്ലര്‍ ഇൻറര്‍നാഷനല്‍ സ്ഥാപിക്കുകയും അതിലൂടെ അംഗവൈകല്യവും പോഷകക്കുറവുമൂലവും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയും പിന്നീട് സോഷ്യലിസ്​റ്റ്​ പാര്‍ട്ടി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ലെറ്റ് ഇന്‍ മൈ ഡാർക്​നെസ് 
1927ല്‍ ആത്മീയ ആത്മകഥയായ ‘മൈ റിലീജിയന്‍’ പ്രസിദ്ധീകരിക്കുകയും പിന്നീടത് 1994ല്‍ ‘ലെറ്റ് ഇന്‍ മൈ ഡാർക്​നെസ്’ എന്ന പേരില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു. 1946-1957 കാലഘട്ടങ്ങളിലായി 35ലധികം രാജ്യങ്ങള്‍ ഹെലന്‍ സന്ദര്‍ശിക്കുകയും 1955ല്‍ ഇന്ത്യയിലെത്തുകയും അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാല്‍ നെഹ്​റുവിനെ കാണുകയും ചെയ്തു. ഹെല​െൻറ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അമേരിക്ക 1964ല്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി നല്‍കി ആദരിച്ചു. 1968 ജൂണ്‍ ഒന്നിന് 87ാം വയസ്സില്‍ തന്നിലെ പോരായ്മകളെ പിന്നിലാക്കി കുതിച്ച ഹെലന്‍ ആദംസ് കെല്ലര്‍ ഓർമയായി.
ഹെലന്‍ കെല്ലറുടെ ശതവാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തപാല്‍ സർവിസ് ഹെലന്‍ കെല്ലറുടെയും ആനി സള്ളിവ​െൻറയും സ്​റ്റാംപുകള്‍ പുറത്തിറക്കി. പിന്നീട് ഇവരുടെ ദൃഢബന്ധത്തെ ആധാരമാക്കി ‘ദ മിറക്കിള്‍ വര്‍ക്കര്‍’ എന്ന പേരില്‍ നാടക പരമ്പര തയാറാക്കിയിരുന്നു. ഹെലന്‍ കെല്ലറുടെ പേരില്‍ മൈസൂരില്‍ ഫ്രീ സ്‌കൂള്‍ ഫോര്‍ ഡഫ് ആന്‍ഡ് ബ്ലൈന്‍ഡും സ്ഥാപിതമായിട്ടുണ്ട്. ഹെല​െൻറ ജീവിതത്തില്‍നിന്ന്​ പ്രചോദനമുള്‍ക്കൊണ്ട് 2005ല്‍ അമിതാബച്ചനെയും റാണി മുഖര്‍ജിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ‘ബ്ലാക്ക്’ എന്ന സിനിമ നിർമിക്കുകയും അതിലൂടെ മികച്ച അഭിനയത്തിന്  അമിതാബച്ചന് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
ലോകം മുഴുവന്‍ വേദനകളാണെങ്കിലും അതിനെ അതിജീവിക്കാനുള്ള ശക്തിയും ലോകംതന്നെ തരുന്നു എന്ന ഹെല​െൻറ പ്രശസ്തമായ വാചകം വാക്കുകള്‍കൊണ്ടല്ല, മറിച്ച്​ ജീവിതംകൊണ്ട് തെളിയിച്ച കരുത്തി​െൻറ പ്രതീകമാണ് ഹെലന്‍ കെല്ലര്‍.