സ്കൂൾ പച്ച
ഹൃദയപൂര്‍വം... ഹൃദയപക്ഷത്തു നില്‍ക്കാം...
  • അനൂജ ഇസഡ്.എന്‍.
  • 11:53 AM
  • 26/09/2016

സെപ്റ്റംബര്‍ 29 ലോക ഹൃദയദിനം

````````````````````````````````````````````````````````````````````

ജീവനൊരു താളമുണ്ടെങ്കില്‍ അത് ഹൃദയതാളമാണ്. 
ആ താളം ഒന്നുതെറ്റിയാല്‍ അത് ജീവിതത്തത്തെന്നെ 
ബാധിക്കും. ഹൃദയതാളം നിലച്ചാല്‍ അവിടെ തീരുന്നതാണ് ജീവന്‍. 
ജീവജാലങ്ങളുടെയെല്ലാം ജീവല്‍പ്രധാനമായ അവയവം എന്ന് ഹൃദയത്തെ 
വിശേഷിപ്പിക്കാം. മനുഷ്യ ശരീരത്തില്‍ ഹൃദയത്തിന്‍െറ സ്ഥാനം കേവലം 
ജീവന്‍ നിലനിര്‍ത്തുന്നതിനപ്പുറമാണ്. മനുഷ്യന്‍െറ വികാര, വിചാരങ്ങളുടെ 
ഉദ്ഭവം തേടിയുള്ള അന്വേഷണങ്ങള്‍ എത്തിപ്പെടുന്നത് ഹൃദയത്തിലും 
മസ്തിഷ്കത്തിലുമാണ്. ഹൃദയം മനുഷ്യ ശരീരത്തിലെ ഏറ്റവും മര്‍മപ്രധാനമായ അവയവം എന്നതിനപ്പുറം അതിന്‍െറ പ്രാധാന്യവും പ്രസക്തിയും 
ഇന്നും ആരോഗ്യ ഗവേഷണ മേഖലയിലെ പ്രധാന വിഷയമാണ്. 

ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രം  വെല്ലുവിളി നേരിടുന്ന മേഖലകളില്‍ പ്രധാനമാണ്. ഒട്ടേറെ നിര്‍ണായക കണ്ടുപിടിത്തങ്ങള്‍ ഈ മേഖലയില്‍ നടക്കുമ്പോഴും ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്ന വ്യാധിയായി ഹൃദ്രോഗം മാറിക്കഴിഞ്ഞു. മനുഷ്യന്‍െറ ജീവിത ശൈലിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വലിയ അളവുവരെ ഇതിനെ സ്വാധീനിക്കുന്നു. പ്രതിവര്‍ഷം 1.73 കോടി പേര്‍ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ കാരണം മരിക്കുന്നുവെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഈ മഹാമാരിക്കെതിരെ ബോധവത്കരണത്തിന്‍െറ പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് സെപ്റ്റംബര്‍ 29ന് ലോക ഹൃദയദിനം ആചരിക്കുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ത സന്ദേശങ്ങളോടെ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍െറ നേതൃത്വത്തിലാണ് ലോകമെമ്പാടും ഈ ദിനാചരണം. യുനെസ്കോയും ലോകാരോഗ്യ സംഘടനയും ഇതില്‍ കൈകോര്‍ക്കുന്നു. 2000 മുതല്‍ ഇത് ലോകവ്യാപകമായി ആചരിച്ചുവരുന്നു. ഹൃദയസംരക്ഷണത്തിന്‍െറ അവബോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളോടെയാണ് ഈ ദിനം ആചരിക്കുന്നത്.  ‘പവര്‍ യുവര്‍ ലൈഫ്’ എന്നതാണ്  ഈ വര്‍ഷം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ഹൃദയത്തെ ശക്തിപ്പെടുത്തുന്നതുവഴി ശരീരത്തെയാകെ ശക്തിപ്പെടുത്താനാകും എന്ന സന്ദേശത്തിനാണ് ഹാര്‍ട്ട് ഫെഡറേഷന്‍ ഇത്തവണ ദിനാചരണത്തില്‍ ഊന്നല്‍ നല്‍കുന്നത്. 

എന്തുകൊണ്ട് ഹൃദയം?
മനുഷ്യന്‍ സ്നേഹത്തിന്‍െറ പ്രതീകമായി കണക്കാക്കുന്നത് ഹൃദയത്തെയാണ്. ആശംസകളും ആദരവുകളും അര്‍പ്പിക്കുന്നതിനെല്ലാം കൂട്ടുപിടിക്കുന്നത് ഹൃദയത്തെയാണ്. ഹൃദയരാഗം, ഹൃദയംകൊണ്ട് എഴുതിയ കവിത തുടങ്ങിയ പ്രയോഗങ്ങളിലെല്ലാം ആ ഹൃദ്യമായ ബന്ധം തുടിച്ചുനില്‍ക്കുന്നു. ഹൃദയത്തിന്‍െറ താളം തെറ്റിയാല്‍ തീരുന്നതാണ് മനുഷ്യജീവിതം. ഈ ആന്തരികാവയവത്തിന്‍െറ പ്രധാന ധര്‍മം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ്ചെയ്യുക എന്നതാണ്. മാംസപേശികള്‍ കൊണ്ടുണ്ടാക്കിയിരിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിന് അവരവരുടെ മുഷ്ടിയോളം വലുപ്പമുണ്ടാകും. ഏകദേശം 250 ഗ്രാം മുതല്‍ 300 ഗ്രാം വരെ അതിന് തൂക്കവുമുണ്ടാകും. നെഞ്ചിന്‍െറ മധ്യഭാഗത്തുനിന്ന് അല്‍പം ഇടത്തേക്കു മാറിയാണ് ഹൃദയത്തിന്‍െറ സ്ഥാനം. മുന്‍വശത്ത് നെഞ്ചെല്ല്, വാരിയെല്ല്, പിറകില്‍ നട്ടെല്ല്, വാരിയെല്ല് എന്നിവകൊണ്ടുള്ള ഒരു പ്രത്യേക ആവരണത്താല്‍ അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയപേശികളുടെ പ്രവര്‍ത്തനത്തിന് ശുദ്ധരക്തം അനിവാര്യമാണ്. കൊറോണറി ആര്‍ട്ടറികളാണ് ഹൃദയപേശികള്‍ക്ക് വേണ്ട ശുദ്ധരക്തം എത്തിക്കുക. ശുദ്ധരക്തം ഹൃദയത്തില്‍നിന്ന് പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികള്‍ എന്നും ശരീരഭാഗങ്ങളില്‍നിന്ന് ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകള്‍ അഥവാ വെയിനുകള്‍ എന്നും പറയുന്നു. ഹൃദയത്തിന്‍െറ അറകള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്‍െറ ഫലമായി ഉണ്ടാകുന്നതാണ് ഹൃദയസ്പന്ദനം. ഓരോ മിനിറ്റിലും പുരുഷന്മാര്‍ക്ക് 70 മുതല്‍ 72 തവണയും സ്ത്രീകള്‍ക്ക് 78 മുതല്‍ 82 തവണയും ഹൃദയം സ്പന്ദിക്കും. കുഞ്ഞുങ്ങളില്‍ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലിലിറ്റര്‍ രക്തം പമ്പ്ചെയ്യുന്നു. അതായത്, ഒരു മിനിറ്റില്‍ ഏകദേശം അഞ്ചു ലിറ്റര്‍. ശരാശരി 9800 ലിറ്റര്‍ മുതല്‍ 12,600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ്ചെയ്യുന്നു. 
ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ ‘എപ്പിക്കാര്‍ഡിയം’ എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ ‘പെരികാര്‍ഡിയം’ എന്നും അതിനുള്ളിലെ മാംസപേശിയെ ‘മയോ കാര്‍ഡിയം’ എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ ‘എന്‍ഡോകാര്‍ഡിയം’ എന്ന് അറിയപ്പെടുന്നു. മനുഷ്യഹൃദയത്തിന് നാല് അറകളാണുള്ളത്. ഇവയിലെ മുകള്‍ഭാഗത്തെ രണ്ട് അറകളെ ഏട്രിയ അല്ളെങ്കില്‍ ഓറിക്കിളുകള്‍ (auricles) എന്നും കീഴ്ഭാഗത്തു സ്ഥിതിചെയ്യുന്ന അറകളെ വെന്‍ട്രിക്കിളുകള്‍ (ventricles) എന്നും വിളിക്കുന്നു. ഓറിക്കിളുകള്‍ക്കു വളരെ ലോലമായ ഭിത്തികളും വെന്‍ട്രിക്കിളുകള്‍ക്ക് തടിച്ച ഭിത്തികളുമാണുള്ളത്. അറകളെ വേര്‍തിരിച്ചുനിര്‍ത്തുന്ന നാലു വാല്‍വുകള്‍ ഹൃദയത്തിന്‍െറ പ്രധാന ഭാഗമാണ്. 

ഹൃദ്രോഗം
ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാതരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന  കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ് നമ്മള്‍ ഹൃദ്രോഗം എന്ന് പൊതുവെ പറയുന്നത്. ഇതുകൂടാതെ മറ്റൊരു കാരണം ഹൃദയാഘാതമാണ്. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. പുകവലി, പ്രായാധിക്യം, കൂടുതല്‍ രക്തസമ്മര്‍ദം, അമിതവണ്ണം, കൂടിയ കൊളസ്ട്രോള്‍, വ്യായാമമില്ലായ്മ,  ഉത്കണ്ഠയും പിരിമുറുക്കവും, പ്രമേഹം എന്നിവയാണ് ഹൃദയാഘാതത്തിന്‍െറ പ്രധാന കാരണമായി പറയപ്പെടുന്നത്. 

രോഗം വരുന്ന വഴികള്‍
ഹൃദ്രോഗ സാധ്യത  ഗര്‍ഭാവസ്ഥയില്‍നിന്നുതന്നെ ആരംഭിക്കുന്നുവെന്ന് ഈ രംഗത്തെ പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവ്, കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ക്കും അതുവഴി ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്നാണ്  പഠനങ്ങള്‍ പറയുന്നത്. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, മസ്തിഷ്കാഘാതം എന്നിവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഹൃദയ സംരക്ഷണം
അനാരോഗ്യപൂര്‍ണമായ ജീവിതരീതിയും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശ്ശീലങ്ങളും വര്‍ജിക്കുക, ശരിയായ ആഹാരരീതിയും ജീവിതശൈലിയും സ്വീകരിക്കുക, നല്ല പോഷണം, അമിതവണ്ണം ഒഴിവാക്കല്‍, പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവ  വഴി ഹൃദയത്തെ സംരക്ഷിക്കാനാകും. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. കാര്‍ബോ ഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറക്കുന്നതാണ് നല്ലത്. രാത്രിഭക്ഷണത്തില്‍ അരിയാഹാരത്തിനു പകരം ചപ്പാത്തിയും പഴങ്ങളും ഉള്‍പ്പെടുത്താം. മീനും കോഴിയിറച്ചിയും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, എണ്ണ അധികമാകാതെ സൂക്ഷിക്കണം. റെഡ് മീറ്റ് പൂര്‍ണമായും ഒഴിവാക്കണം. മുട്ട ദിവസവും കഴിക്കുന്നവരാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ടതാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം. ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്. 

തെറ്റായ ആരോഗ്യശീലങ്ങള്‍
കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാര്‍ കരുതിയിരിക്കുക. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതിനിയമങ്ങളുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നീ ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന സമീകൃതാഹാരമാണ്  ശരീരത്തിന് അനുയോജ്യം. ഈ അനുപാതത്തിന്‍െറ അളവു തെറ്റിയാല്‍ നമ്മുടെ ശരീരത്തിന് അതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുമ്പോള്‍ അമിതവണ്ണവും കുടവയറും അനുബന്ധരോഗങ്ങളും കടന്നുവരും. 
മുമ്പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിക്കുന്നു. 30-40 വയസ്സിലുള്ളവരാണ് ഇന്ന് ഹൃദയരോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്. ജീവിതശൈലിയിലുള്ള മാറ്റവും സമ്മര്‍ദവുമാണ് ഇതിന് കാരണം. ഫാസ്റ്റ്് ഫുഡ്, ഫാസ്റ്റ്് ലൈഫ് ജീവിതക്രമം മന്ദീഭവിപ്പിക്കുന്നത് ഹൃദയത്തിന്‍െറ ശരിയായ താളത്തെയാണ്.

കൊളസ്ട്രോള്‍
ഹൃദ്രോഗികള്‍ക്ക് ഭീഷണിയാകുന്ന കൊളസ്ട്രോള്‍ ശരീരകലകളിലും രക്തത്തിലുമുള്ള കൊഴുപ്പുപോലുള്ള പദാര്‍ഥമാണ്. കൊളസ്ട്രോളിന്‍െറ അളവ് മനുഷ്യശരീരത്തില്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞുകൂടുകയും ഉള്‍വ്യാപ്തി ചെറുതാവുകയും ചെയ്യും. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ് നെഞ്ചുവേദനയുടെയും ഹാര്‍ട്ട് അറ്റാക്കിന്‍െറയും തുടക്കം. 
 

വ്യായാമം നിര്‍ബന്ധം 
എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതജീവിതത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. 
ഹൃദയത്തിനോ ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, നൃത്തം ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്്. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുളള സാധ്യത സാരമായി കുറക്കുന്നു.  വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം ഹൃദയാഘാതമുണ്ടായ വ്യക്തിക്ക് വ്യായാമംകൊണ്ട് രണ്ടാമതൊന്ന് വരാനുള്ള സാധ്യത 25 ശതമാനം വരെ കുറക്കാമെന്നാണ് പഠനങ്ങളിലൂടെ കണ്ടത്തെിയിരിക്കുന്നത്. ഹൃദയമിടിപ്പിന്‍െറ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദം, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമരീതികള്‍ തെരഞ്ഞെടുക്കാവൂ. 
 

പരിശോധനകളിലൂടെ രോഗനിര്‍ണയം
പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്. പെട്ടെന്ന് രോഗം നിര്‍ണയിക്കാനാണ് ഇ.സി.ജി (ഇലക്ട്രോ കാര്‍ഡിയോഗ്രാം) പരിശോധന. രോഗിയെ ക്രമമായ വ്യായാമരീതിക്ക് വിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി പരിശോധിക്കുന്ന ടെസ്റ്റാണ് ടി.എം.ടി അഥവാ ട്രെഡ്മില്‍ ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍ കൂടി ട്യൂബ് കടത്തിവിടുന്ന ഹൃദയ പരിശോധനയാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍. റേഡിയോ ആക്ടിവ് തരംഗങ്ങള്‍  ഉപയോഗിച്ച് ഹൃദയ ചിത്രങ്ങളെടുക്കുന്ന റേഡിയോന്യൂക്ലൈഡ് ഇമേജിങ്, സി.ടി സ്കാനിങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെപോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ സ്കാനിങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്. ഹൃദയം മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സാര്‍വത്രികമാക്കി ഈ രംഗത്ത് വൈദ്യശാസ്ത്രം ഏറെ മുന്നോട്ടുപോയിട്ടും രോഗം കടന്നുവരുന്ന വഴിയില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയാത്തത് വെല്ലുവിളിയായി അവശേഷിക്കുന്നു. ആരോഗ്യപ്രദമായ ജീവിതത്തിന് ജീവിതശൈലി പ്രധാനമാണെന്ന തിരിച്ചറിവില്‍നിന്നാണ് പ്രതിരോധം രൂപപ്പെടുക. ഹൃദയാരോഗ്യത്തെക്കുറിച്ച് സ്കൂള്‍ കാലം മുതലേ ബോധവത്കരണം ആവശ്യമാണ്.   

മുന്‍കരുതലുകള്‍ അനിവാര്യം
ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ കൊലയാളിയായാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 3000ത്തോളം പേര്‍ ഹൃദ്രോഗത്തിന് അടിപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നും കഴിക്കണം. 
90 ശതമാനത്തോളം ഹൃദ്രോഗത്തിന്‍െറ പ്രധാനമായ കാരണങ്ങള്‍ പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, മെറ്റബോളിക് സിന്‍ഡ്രോം,  പാരമ്പര്യം തുടങ്ങിയവയാണ്. 25 ശതമാനത്തോളം ഹൃദ്രോഗത്തിന് പുകവലി കാരണമാകുന്നുണ്ട്. ഉറക്കം ജീവിതശൈലിയില്‍ പ്രധാന ഘടകമാണ്. ഏഴു മണിക്കൂര്‍ ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.
ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. തുടര്‍പരിശോധനകളും മുടങ്ങാതെ നടത്തണം.