ടെലിസ്‌കോപ്പ്
സൂര്യഗ്രഹണം ഉണ്ടാകുന്നതെങ്ങനെ?
  • ഇല്ല്യാസ്​ പെരിമ്പലം
  • 11:55 AM
  • 02/12/2019

ഗ്രഹണത്തെ ഭയത്തോടെയാണ്​ ഇന്നും ചില ആളുകളെങ്കിലും നോക്കിക്കാണുന്നത്. ഒരു പ്രകാശ​േസ്രാതസ്സിനു മുന്നിൽ ഒരു അതാര്യ വസ്​തു നിന്നാൽ മറുഭാഗത്ത്​ അതിെൻറ നിഴൽ വീഴും. ഇതാണ് ഗ്രഹണത്തിെൻറ അടിസ്​ഥാനം. നിഴലും വെളിച്ചവും ചേർന്ന്​ സൃഷ്​ടിക്കുന്ന അത്ഭുത പ്രതിഭാസമാണ് ഗ്രഹണമെന്നർഥം. അതിനാൽ ഗ്രഹണത്തെ ഒട്ടുംതന്നെ പേടിക്കേണ്ട കാര്യമില്ല. ഭൂമി, ചന്ദ്രൻ, ചൊവ്വ, വ്യാഴം തുടങ്ങിയ ആകാശഗോളങ്ങളെല്ലാം അതാര്യവസ്​തുക്കളാണ്. അതിനാൽ ഇവയെല്ലാം നിഴലുകളുണ്ടാക്കും. ബഹിരാകാശത്ത് ഈ നിഴലുകൾ ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരേക്കു​ വ്യാപിക്കും. ഉദാഹരണമായി, ഭൂമിയുടെ നിഴൽ ബഹിരാകാശത്ത്​ സ്​​തൂപികാകൃതിയിൽ 15,00,000 കി.മീ. വരെ ദൂരേക്കു വ്യാപിക്കുന്നുണ്ട്. ബഹിരാകാശത്ത്​ വ്യാപിക്കുന്ന ഏതെങ്കിലും ഒരു ആകാശഗോളത്തിെൻറ നിഴൽ മറ്റൊരു ആകാശഗോളത്തിൽ പതിക്കുന്നതാണ് ഗ്രഹണം. ഭൂമിയിൽനിന്ന് നമുക്ക്​ കാണാനാവുക സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മാത്രമാണ്.സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കൃത്യമായ നേർരേഖയിൽ വന്നാൽ ചന്ദ്ര​െൻറ നിഴൽ ഭൂമിയിൽ പതിയുന്നു. അപ്പോൾ ഭൂമിയിൽ ചന്ദ്ര​െൻറ നിഴൽ പതിയുന്ന സ്​ഥലത്തുനിന്നു നോക്കിയാൽ സൂര്യനെ കാണാൻ പറ്റാതെവരുന്നു, ഇതാണ്​ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി കൃത്യമായ നേർരേഖയിൽ വന്നാലോ? സൂര്യപ്രകാശം ചന്ദ്രനിൽ വീഴുന്നതിനെ ഭൂമി തടയുന്നു. അഥവാ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയുന്നു. ഇതാണ് ചന്ദ്രഗ്രഹണം. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്കും അവയുടെ ഉപഗ്രഹങ്ങൾക്കും ഇതുപോലെ ഗ്രഹണങ്ങൾ ഉണ്ടാകാറുണ്ട്. ബഹിരാകാശ പര്യവേക്ഷണ വാഹനങ്ങൾ ഇത്തരം ഗ്രഹണങ്ങളുടെ ചിത്രങ്ങൾ പകർത്താറുമുണ്ട്.സൂര്യഗ്രഹണം മൂന്നു വിധത്തിലുണ്ട്. സൂര്യ​െൻറ പ്രഭാമണ്ഡലം പൂർണമായും മറയുന്ന പൂർണ സൂര്യഗ്രഹണം, പ്രഭാമണ്ഡലം ഭാഗികമായി മറയുന്ന ഭാഗിക സൂര്യഗ്രഹണം, പ്രഭാമണ്ഡലത്തിെൻറ മധ്യഭാഗം മാത്രംമറഞ്ഞ്, അരിക് ഭാഗം ഒരു തീവളപോലെ കാണുന്ന വലയ സൂര്യഗ്രഹണം. ഡിസംബർ 26ന് മലബാറിൽ ഒരു വലയ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. കേരളത്തിലെ മറ്റു ജില്ലകളിൽ അന്ന്​ ശക്തമായ ഭാഗിക ഗ്രഹണവും കാണാം. രാവിലെ ഏകദേശം 8.05നും 11.10നും ഇടയിലാണ്​ ഇൗ ഗ്രഹണം. 
ഇനി വ്യത്യസ്​ത ഇനം ഗ്രഹണങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം. സൂര്യൻ അത്യധികം വലിയ ഒരു പ്രകാശ​േസ്രാതസ്സായതിനാൽ അത്​ രണ്ടിനം നിഴലുകൾ സൃഷ്​ടിക്കുന്നു. മധ്യഭാഗത്തുള്ള കൂടുതൽ ഇരുണ്ട നിഴലായ ഛായയും അതിനിരുവശത്തുമുള്ള ഭാഗികമായി ഇരുണ്ട നിഴലായ ഉപഛായയും. ഭൗമോപരിതലത്തിൽ പതിയുന്ന ഛായയുടെ പരമാവധി വിസ്​തൃതി  272 ചതുരശ്ര കിലോമീറ്റർ ആയിരിക്കും. ഉപഛായയാവട്ടെ, ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തേക്ക് വ്യാപിക്കും. ഛായയിൽ നിൽക്കുന്നവർക്കാണ് പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. ഉപഛായയിൽ നിൽക്കുന്നവർക്ക് ഭാഗിക ഗ്രഹണവും അനുഭവപ്പെടും.എങ്ങനെയാണ് വലയ ഗ്രഹണം ഉണ്ടാകുന്നത്?ദീർഘവൃത്തപഥത്തിൽ ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ, ഭൂമിയിൽനിന്ന്​ ഏറെ അകലെയാകുമ്പോൾ ഗ്രഹണം സംഭവിച്ചാൽ സൂര്യബിംബത്തെ പൂർണമായും മറയ്​ക്കാൻ ചന്ദ്രന്​ കഴിയില്ല. അപ്പോൾ സൂര്യൻ ഒരു അഗ്​നിവളയംപോലെ കാണപ്പെടുന്നു. ഇതാണ് വലയ ഗ്രഹണം. ഛായാനിഴൽ  ഭൂമിയിലെത്താതെ ആകാശത്തുതന്നെ അവസാനിക്കുമ്പോഴാണ് വലയ ഗ്രഹണം ഉണ്ടാകുന്നത്. അപ്പോൾ എതിർഛായ എന്ന പുതിയ ഒരിനം നിഴൽകൂടി ഉണ്ടാകുന്നു. എതിർഛായയിൽ നിൽക്കുന്നവർക്കാണ് വലയ ഗ്രഹണം അനുഭവപ്പെടുക.