എന്റെ പേജ്
സുഗന്ധഗിരിയിലെ കൃഷിപാഠങ്ങൾ
  • സെയ്​ദ്​ തളിപ്പുഴ
  • 02:27 PM
  • 16/02/2019
വിദ്യാർഥികൾ കൃഷിത്തോട്ടത്തിൽ

ഏകദേശം 42 കൊല്ലംമുമ്പ്​, ശരിക്കു പറഞ്ഞാൽ 1976ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിൽവരുത്തിയ പശ്ചിമഘട്ട വികസന പദ്ധതിയിൽ കൊണ്ടുവന്നതാണ് സുഗന്ധഗിരി. സർക്കാർ നിക്ഷിപ്​ത വനഭൂമിയിൽനിന്ന്​ 750ഒാളം ആദിവാസി കുടുംബങ്ങൾക്ക് അഞ്ച്​ ഏക്കർ വീതം പതിച്ചുനൽകി പുനരധിവസിപ്പിക്കപ്പെട്ട വയനാട്ടിലെ സ്​ഥലം. മലകളും അരുവികളും വെള്ളക്കെട്ടുകളുംകൊണ്ട് അതിമനോഹരമായ ഈ പ്രദേശത്ത്​ ആദ്യം തുടങ്ങിയ കൃഷി ഏലം ആയിരുന്നു. പിന്നെ കാപ്പിയും കുരുമുളകും ഒക്കെ വന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ കനത്ത മഴയിൽ വലിയതോതിലുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലുംമൂലം ഈ പ്രദേശത്തു കനത്ത നാശനഷ്​ടങ്ങളാണുണ്ടായത്. പൊഴുതന പഞ്ചായത്തിലെ എട്ടാം വാർഡിൽ അംബ, പ്ലാ​േൻറഷൻസ്, അമ്പതേക്കർ എന്നീ സ്ഥലങ്ങൾകൂടി ഉൾപ്പെട്ടതാണ് സുഗന്ധഗിരി.  സുഗന്ധഗിരി മേഖലയിൽ മൂന്നു സ്‌കൂളുകളാണുള്ളത്. അംബ എൽ.പി സ്‌കൂൾ, വൃന്ദാവൻ എൽ.പി സ്‌കൂൾ പിന്നെ സുഗന്ധഗിരി യു.പി സ്‌കൂൾ. ഹൈസ്‌കൂൾ ക്ലാസുകളിലെത്താൻ കിലോമീറ്ററുകൾ താണ്ടി കുട്ടികൾ വൈത്തിരിയിലെത്തണം. 
നമുക്ക് സുഗന്ധഗിരി യു.പി സ്‌കൂളിലേക്ക് കടക്കാം. 40 വർഷം മുമ്പാണ് ആദിവാസി മേഖലയായ സുഗന്ധഗിരിയിൽ സ്‌കൂൾ ഉയർന്നുവന്നത്. സുഗന്ധഗിരി പ്രോജക്ടിലെ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ്​ സ്‌കൂൾ നിർമിച്ചത്. 1985ൽ സ്‌കൂൾ സർക്കാർ ഏറ്റെടുത്തു. കൃഷിയിൽ തങ്ങളുടെ വൈഭവം തെളിയിച്ചാണ്​ ഇവിടത്തെ കുട്ടികളും അധ്യാപകരും ഇന്ന്​ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്​. അധ്യാപകരുടെ സഹായത്തോടെ ‘പുനരുജ്ജീവനി’ എന്നുപേരിട്ട്​ കുട്ടികൾ ജൈവ പച്ചക്കറികളും കൂണും നൂറുമേനിയിൽ വിളയിച്ചെടുത്തു. പ്രളയം സമ്മാനിച്ച ദുരന്തങ്ങളെ അതിജീവിക്കാനും മാനസികോല്ലാസം നേടാനും കുട്ടികൾക്കുള്ള ഒരു പരിശീലനക്കളരി കൂടിയായിരുന്നു കൃഷിത്തോട്ടം. സ്‌കൂളി​െൻറ പൂന്തോട്ടങ്ങൾക്കും മറ്റും ഒരു കോട്ടവും വരുത്താതെയാണ് പച്ചക്കറി കൃഷി. മറ്റു സ്‌കൂളുകളിൽനിന്ന്​ വ്യത്യസ്​തമായായിരുന്നു ഇവിടത്തെ കൃഷി പരീക്ഷണങ്ങൾ. അധ്യാപകൻ നിഹിൽദേവാണ് കൃഷിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പുതുമയാർന്ന ഐറ്റമായി വിദ്യാർഥികൾ തുടങ്ങിവെച്ച കൂൺകൃഷി നല്ല വിജയമായിരുന്നു. ഉച്ചഭക്ഷണത്തിന്​ വിഷരഹിത പച്ചക്കറികൾ കഴിക്കാമെന്ന തിരിച്ചറിവും കുട്ടികളെ കൃഷിയിലേക്ക്​ കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ 140 കുട്ടികൾ പഠിക്കുന്നു. ഇതിൽ നൂറോളം കുട്ടികൾ ആദിവാസി മേഖലകളിൽനിന്നുള്ളവരാണ്. കൃഷിപാഠങ്ങൾ കുട്ടികൾക്ക്​ ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയതായി​ പ്രധാനാധ്യാപിക ഡെയ്സി സാക്ഷ്യപ്പെടുത്തുന്നു.