സ്കൂൾ പച്ച
സമാധാനത്തിന്‍െറ വെള്ളരി കൊക്കുകള്‍
  • ഫസീല മെഹര്‍
  • 10:48 AM
  • 02/08/2016

ആഗസ്റ്റ് 6, ഹിരോഷിമാദിനം

എന്‍െറ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്, 

ഈ കത്ത് നിങ്ങളോടുള്ള എന്‍െറ അപേക്ഷയാണ്. യുദ്ധങ്ങള്‍ക്കും തീമഴകള്‍ക്കുമെതിരെ നിങ്ങളുടെ തലമുറ പ്രതിരോധിക്കണമെന്ന ഹൃദയം തുറന്നുള്ള അപേക്ഷ. ലോകരാജ്യങ്ങളൊക്കെ ആണവശക്തിയാവാന്‍ മത്സരിക്കുന്ന ഈ കാലത്ത്, വികസ്വരരാജ്യങ്ങള്‍പോലും പാവപ്പെട്ടവന്‍െറ പട്ടിണിയേക്കാള്‍ യുദ്ധക്കോപ്പുകള്‍ക്ക് ധിറുതികൂട്ടുന്ന ഈ കാലത്ത് നാളെ ലോകം കൈയിലേന്തുന്ന നിങ്ങളോടല്ലാതെ മറ്റാരോടാണ് ഞാന്‍ അപേക്ഷിക്കുക! 
ലോകത്താദ്യമായി അണുബോംബ് വര്‍ഷിക്കപ്പെട്ട രാജ്യമേതെന്ന് കൂട്ടുകാര്‍ക്കറിയുമോ? 70 വര്‍ഷം പിന്നിട്ടിട്ടും ആ ജനതയെ പിന്തുടരുന്ന ദുരന്തങ്ങള്‍ എത്രയെന്നറിയുമോ? എന്‍െറ രാജ്യമാണത്- ജപ്പാന്‍, ഞങ്ങള്‍ ആ ദുരന്തത്തിന്‍െറ മരിക്കാത്ത സ്മാരകങ്ങളും. രണ്ടാംലോക യുദ്ധകാലത്തെ കക്ഷിചേരലുകളും മത്സരങ്ങളുമാണ് ഞങ്ങള്‍ക്കുമേല്‍ തീമഴയായി പെയ്തിറങ്ങിയത്. 
യു.എസിന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഹാരി എസ്. ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം പ്രമേയം നിരസിച്ചതിന് പത്തു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ആ ദുരന്തം. എതിര്‍കക്ഷിയായ ജര്‍മനിയേക്കാള്‍ വേഗത്തില്‍ അണുബോംബ് നിര്‍മിക്കുകയും പ്രയോഗിക്കുകയും ചെയ്യണമെന്ന മത്സരവും അതിന് ആക്കംകൂട്ടി. അതിനായി ആരംഭിച്ച പദ്ധതിയെ അവര്‍ ‘മാന്‍ഹാട്ടന്‍ പ്രോജക്ട്’ എന്നു വിളിച്ചു. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യ ആണവപദ്ധതിയായ ട്യൂബ് അല്ളോയ്സ്, ചോക്ക് റിവര്‍ ലബോറട്ടറി എന്നിവയും ഇതോടൊപ്പം ഏകീകരിച്ചു. അവര്‍ കണ്ടത്തെിയ ആ ബോംബുകളുടെ പരീക്ഷണം അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിറ്റി സൈറ്റില്‍വെച്ചായിരുന്നു. രണ്ടു ബോംബുകളാണ് പരീക്ഷിച്ചത്- മെലിഞ്ഞ മനുഷ്യനും തടിച്ച മനുഷ്യനും. അത് യഥാക്രമം അമേരിക്കന്‍ പ്രസിഡന്‍റ് റൂസ്വെല്‍റ്റിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും സൂചിപ്പിച്ചു. ഞങ്ങളുടെ മണ്ണായ ഹിരോഷിമയിലും നാഗസാക്കിയിലും പതിക്കുമ്പോള്‍ അവ അറിയപ്പെട്ടത് ലിറ്റ്ല്‍ ബോയ് എന്നും ഫാറ്റ് മാന്‍ എന്നുമായിരുന്നു. 
1945 ആഗസ്റ്റ് ആറിനാണ് ഞങ്ങളുടെ മണ്ണില്‍ ആദ്യമായി അണുബോംബിന്‍െറ ലക്ഷക്കണക്കിന് വിത്തുകള്‍ അവര്‍ പാകിയത്. ഹിരോഷിമ പുതിയൊരു പ്രഭാതത്തിലേക്ക് കണ്ണുതുറക്കുകയായിരുന്നു. അമേരിക്കയുടെ എനോള ഗേ എന്ന ബി-29 വിമാനം അവിടെ വട്ടമിട്ട് പറക്കുന്നത് ആരും അറിഞ്ഞതേയില്ല. കേണല്‍ പോള്‍ ഡബ്ള്യു ടിബട്ട്സ് ആയിരുന്നു ആക്രമണം നയിച്ചത്. ‘ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്’ എന്ന നിരീക്ഷണവിമാനത്തില്‍ ക്യാപ്റ്റന്‍ സ്വീനിയും. സമയം രാവിലെ 8.15. ‘ലിറ്റ്ല്‍ ബോയ്’ ഞങ്ങളുടെ ജനതക്കുമേല്‍ പതിച്ചു. മൂന്ന് മീറ്റര്‍ നീളവും 4400 കിലോ ഭാരവുമുണ്ടായിരുന്നു അതിന്. 13 സ്ക്വയര്‍ കി.മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഹിരോഷിമയുടെ ഭൂമിയെ അത് അളന്നെടുത്തത്. 60 ശതമാനത്തിലധികം കെട്ടിടങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് പൊടിഞ്ഞുതീര്‍ന്നു. ‘കൂണ്‍ മേഘങ്ങള്‍’ ആകാശത്തേക്കുയര്‍ന്നു. ചുറ്റും തീക്കാറ്റ് അലയടിച്ചു. കിണറുകളും വെള്ളവുമൊക്കെ തിളച്ചുമറിഞ്ഞു. കുഞ്ഞുങ്ങളും വൃദ്ധരുമെന്നില്ലാതെ മനുഷ്യരെല്ലാം ഉരുകിയൊലിച്ചു. ആകെയുണ്ടായിരുന്ന  3,50,000 ജനസംഖ്യയില്‍ 1,40,000 പേരെയും ആ തീക്കാറ്റ് എരിച്ചുകളഞ്ഞു. അന്ന് മരിക്കാത്തവരെ മാറാരോഗങ്ങളും അംഗവൈകല്യങ്ങളും പിടികൂടി. യുറേനിയം ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ സ്ഫോടനമായിരുന്നു ഹിരോഷിമയില്‍ നടന്നത്. യുറേനിയം 235ന്‍െറ ന്യൂക്ളിയര്‍ ഫിക്ഷനായിരുന്നു അണുബോംബിന്‍െറ പ്രവര്‍ത്തനം. ആ ക്രൂരതയില്‍ മതിയാവാതെ, മൂന്ന് ദിവസങ്ങള്‍ക്കുശേഷം അമേരിക്ക വീണ്ടും ഞങ്ങളുടെ രാജ്യത്തിന്‍െറ ഹൃദയത്തിലേക്ക് അണുബോംബ് വൈറസുകളെ പറത്തിവിട്ടു. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ ‘ഫാറ്റ് മാനാ’യിരുന്നു വേട്ടയാടിയത്. 74,000ത്തിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 
ഹിരോഷിമയിലെയും നാഗസാക്കിയിലെയും ദുരിതങ്ങളുടെ വ്യാപ്തി കണ്ട് ബോംബ് നിര്‍മിച്ച അമേരിക്കന്‍ ഗവേഷകസംഘത്തിന്‍െറ തലവനായിരുന്ന റോബര്‍ട്ട് ഓപ്പന്‍ ഹൈമനെ മരണം വരെയും ‘ഞാന്‍ ലോകത്തെ നശിപ്പിക്കുന്നവനായി’ എന്ന ചിന്ത വേട്ടയാടി. അത്രമേല്‍ ഭീകരവും നിസ്സഹായതയുമായിരുന്നു ഞങ്ങളുടെ രാജ്യത്തുണ്ടായ അവസ്ഥ. കൃഷിയും വ്യവസായങ്ങളും സമ്പദ്വ്യവസ്ഥയും പ്രകൃതിയും അവശേഷിച്ചിരുന്ന മനുഷ്യരുടെ മനസ്സും എല്ലാം കല്ലായി മാറിയിരുന്നു. തിരിച്ചുവരവില്ലാത്ത വിധം ‘മെലിഞ്ഞവനും തടിച്ചവനും’ ചേര്‍ന്ന്  ഞങ്ങളെ തകര്‍ത്തുകളഞ്ഞു. രോഗാതുരമായ, എന്നും അണുബോംബിന്‍െറ വികിരണം തുടരുന്ന സാഹചര്യത്തില്‍നിന്ന് എങ്കിലും ഞങ്ങള്‍ പിടിച്ചുകയറി, നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രം.
ഈ അനുഭവങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കുവെച്ചത് സമാധാനം മാത്രമുള്ള ഒരു ലോകത്തിനുവേണ്ടി നിങ്ങള്‍ കൈകോര്‍ക്കണമെന്ന് ഓര്‍മിപ്പിക്കാനാണ്. ഒരു ദുരന്തത്തിന്‍െറ ആഴം ചൂണ്ടിക്കാണിച്ച് അരുതെന്ന് തീര്‍ത്തുപറയാനാണ്. സമാധാനത്തിനുവേണ്ടി വെള്ളകൊക്കുകളെ നിര്‍മിച്ച നിങ്ങളെപ്പോലെ നക്ഷത്രക്കണ്ണുകളുണ്ടായിരുന്ന ഒരു കൊച്ചുകൂട്ടുകാരിയെക്കുറിച്ച് പറഞ്ഞ് ഞാനവസാനിപ്പിക്കാം. 
സഡാക്കോ സസാക്കി എന്നായിരുന്നു അവളുടെ പേര്. ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ രണ്ട് വയസ്സുണ്ടായിരുന്ന അവളെ  രോഗം പിടികൂടുന്നത് 11ാം വയസ്സിലാണ്. ബോംബ് വര്‍ഷിച്ച സ്ഥലത്തുനിന്നും 68 കി.മീറ്റര്‍ അകലെയായിരുന്നു അവളുടെ വീടെന്നോര്‍ക്കണം. ലുക്കീമിയ ബാധിച്ച് ആശുപത്രിയിലായ അവള്‍ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞത് ഒരുവര്‍ഷത്തെ ആയുസ്സായിരുന്നു.  ഞങ്ങളുടെ നാട്ടില്‍ ഒരു വിശ്വാസമുണ്ട്. 1000 ഒറിഗാമി കൊക്കുകളെ നിര്‍മിച്ചാല്‍ നമ്മുടെ ആഗ്രഹം സഫലമാകുമെന്ന്. അങ്ങനെ അവള്‍ ഒറിഗാമി കൊക്കുകള്‍ക്ക് ജീവന്‍ നല്‍കിത്തുടങ്ങി, ജീവിതത്തിലേക്ക് തിരികെ വരാനും ലോകസമാധാനത്തിനായും. ഉള്ളിലെ ജീവന്‍ ഊര്‍ന്നിറങ്ങുമ്പോഴേക്കും അവള്‍ 644 കൊക്കുകള്‍ക്ക് ജീവന്‍ പകര്‍ന്നിരുന്നു. അണുബോബിന്‍െറ അണുക്കള്‍ അവളെയും കാര്‍ന്നുതിന്നു. പിന്നീട് അവളുടെ സ്വപ്നം പൂര്‍ത്തിയാക്കിയത് കൂട്ടുകാരായിരുന്നു. അവര്‍ അവശേഷിച്ച 356 കൊക്കുകളെ ഉണ്ടാക്കി. സമാധാനത്തിന്‍െറ വെള്ളരി കൊക്കുകള്‍. 
ഇവിടെ ഹിരോഷിമ പാര്‍ക്കിലത്തെിയാല്‍ നിങ്ങള്‍ക്ക് സഡാക്കോയെ കാണാം. സ്വര്‍ണ കൊക്കുകളുമായി നില്‍ക്കുന്ന ഞങ്ങളുടെ സഡാക്കോയുടെ പ്രതിമ. അതിനുതാഴെ ഇങ്ങനെയെഴുതിയിട്ടുണ്ട്, എനിക്കും നിങ്ങളോട് പറയാനുള്ളത് അതുതന്നെയാണ്. 

‘This is our cry, This is our Prayer, Peace in the World.’

എന്ന്,
ഏറെ പ്രിയത്തോടെ 
ഹിരോഷിമയില്‍നിന്ന് 
നിങ്ങളുടെ ചങ്ങാതി