സ്കൂൾ പച്ച
സമത്വത്തിലേക്ക് മാടിവിളിച്ച ‘മാഡിബ’
  • ടി. സഖരിയ
  • 11:16 AM
  • 18/07/2016

ജൂലൈ 18  മണ്ടേല ദിനം

1990 ഫെബ്രുവരി 11, റോബണ്‍ ജയിലിന്‍െറ വാതില്‍ മലര്‍ക്കെ തുറന്നു. സമയം വൈകീട്ട് മൂന്നുമണി. കറുത്തവര്‍ഗക്കാരന്‍െറ അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി പോരാടിയ ഒരു മനുഷ്യന്‍, ജയിലില്‍നിന്ന് തന്‍െറ ഭാര്യയുടെ കൈപിടിച്ച് പുറത്തിറങ്ങി. നീണ്ട 27 വര്‍ഷത്തെ തടവിനുശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന്‍െറ ശുദ്ധവായു ശ്വസിച്ചു. ആ രംഗം ചിത്രീകരിക്കാന്‍ ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. ആ മനുഷ്യനെയും വഹിച്ചുള്ള കാര്‍ കേപ്ടൗണിലെ സ്വീകരണസ്ഥലത്തേക്ക് കുതിച്ചു. ആരായിരുന്നു ആ മനുഷ്യനെന്നല്ളേ? ഗാന്ധിജിയുടെ ആത്മത്യാഗവും ചെഗുവേരയുടെ ഒളിപ്പോരാട്ടങ്ങളും നെഹ്റുവിന്‍െറ തന്ത്രജ്ഞതയും അബ്രഹാം ലിങ്കന്‍െറ സാമൂഹിക പ്രതിബദ്ധതയും ഉള്‍ച്ചേര്‍ന്നൊരു വ്യക്തി -നെല്‍സന്‍ മണ്ടേല. ഗാന്ധിജി തന്‍െറ രാഷ്ട്രീയ പരീക്ഷണശാലയായി കരുതിയ ദക്ഷിണാഫ്രിക്കയിലെ കേപ് പ്രോവിന്‍സില്‍ ഉംതാത എന്ന സ്ഥലത്തിനടുത്ത്, വെസോ എന്ന ഗ്രാമത്തില്‍, ഗാഡ്ല ഹെന്‍ഡ്രി മണ്ടേലയുടെയും നൊസെക്കേനി ഫാനിയുടെയും പുത്രനായി, 1918 ജൂലൈ 18ന് പിറന്ന റോലില്ലാലാ മണ്ടേല ലോകമറിയുന്ന ഇതിഹാസ പുരുഷനായി തീര്‍ന്നു. ഹൊസാ വിഭാഗത്തിലെ ഗോത്രാധികാരം വഹിച്ചിരുന്ന തെമ്പു ഗോത്രത്തില്‍ പിറന്ന മണ്ടേലയുടെ കുടുംബപ്പേരാണ് ‘മാഡിബ’. ‘നെല്‍സന്‍’ എന്നത് സ്കൂള്‍ അധികാരികള്‍ നല്‍കിയ പേരും. ആദ്യമായി സ്കൂളിലത്തെുന്ന ആഫ്രിക്കക്കാരന് ഒരു ഇംഗ്ളീഷ് പേര് നല്‍കുന്ന രീതി അവിടെ നിലനിന്നിരുന്നു. അങ്ങനെ മണ്ടേലക്ക് മിഡിംഗാനെ എന്ന ക്ളാസ് ടീച്ചര്‍ കൊടുത്ത പേരാണ് നെല്‍സണ്‍. സ്നേഹത്തോടെ ഓരോരുത്തരും മണ്ടേലയെ ‘മാഡിബ’ എന്ന് വിളിച്ചുവന്നു.
ക്ളാസ്ബറി സ്കൂള്‍, ഫീല്‍ഡ് ടൗണ്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച ശേഷം മണ്ടേല ഫോര്‍ട്ട് ഹാരേ സര്‍വകലാശാലയില്‍ ബിരുദപഠനത്തിനത്തെി. ജീവിതത്തിന്‍െറ കറുത്ത യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. മനുഷ്യനെ നിറത്തിന്‍െറ പേരില്‍ വേര്‍തിരിച്ചിരുന്ന അപ്പാര്‍ത്തീഡ് അഥവാ വര്‍ണവിവേചനം എന്ന തിന്മ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്ന അയിത്താചരണം പോലെ.  മണ്ടേലയില്‍ രാഷ്ട്രീയ താല്‍പര്യവും അപ്പാര്‍ത്തീഡിനെതിരെ പോരാടാനുള്ള ആര്‍ജവവും കിട്ടിയത് ഇക്കാലത്താണ്. 
ഇടക്ക് പഠനം ഉപേക്ഷിച്ച് ജൊഹാനസ്ബര്‍ഗിലത്തെി ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചവേളയില്‍ വാള്‍ട്ടര്‍ സിസുലുവിനെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. തുടര്‍ന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി, വിറ്റ്വാട്ടര്‍സ്രാന്‍റ് സര്‍വകലാശാലയില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. അലക്സാന്‍ഡ്രാ ബസ് ബഹിഷ്കരണ സമരത്തോടെ (1943) രാഷ്ട്രീയരംഗത്തത്തെിയ മണ്ടേല ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ യുവജനവിഭാഗമായ യൂത്ത് ലീഗിന്‍െറ നേതാവായി സമരങ്ങള്‍ ഏറ്റെടുത്തു. വര്‍ണവിവേചന നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടത്തിയ സമരത്തത്തെുടര്‍ന്ന്  മണ്ടേലയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി -മണ്ടേലയുടെ ആദ്യ ജയില്‍ വാസം (1952). ജയില്‍മോചിതനായ ശേഷം മണ്ടേലയും സുഹൃത്തായ ഒലിവര്‍ ടാംബോയും ചേര്‍ന്ന് ചാന്‍സിലേഴ്സ് ഹൗസില്‍ വക്കീല്‍പണിക്കായി മണ്ടേല ആന്‍ഡ് ടാംബോ ലോ ഫേം ആരംഭിച്ചു. 
ആദ്യകാലത്ത് ഗാന്ധിയന്‍ അഹിംസയില്‍ വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്ന മണ്ടേല ക്രമേണ സായുധ സമരങ്ങളെപ്പറ്റി ചിന്തിച്ചു (ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലെ വിമോചനപ്പോരാട്ടങ്ങളുടെ ആദ്യ നായകന്‍ എന്നും മണ്ടേല വിളിച്ചിട്ടുണ്ട്). ഉംഖോന്‍േറാ വി സിസ്വേ (Umkhonto we Sizwe) അഥവാ എം.കെ എന്ന രഹസ്യസേനക്ക് തുടക്കം കുറിച്ച് മണ്ടേല  അതിന്‍െറ ചീഫ് കമാന്‍ഡന്‍റുമായി. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടന്ന വിപ്ളവപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും ആഫ്രിക്കയിലെതന്നെ വിവിധ രാജ്യങ്ങളിലും ബ്രിട്ടനിലും നടത്തിയ രഹസ്യസന്ദര്‍ശനവും അദ്ദേഹത്തെ കൂടുതല്‍ വീര്യമുള്ള വിപ്ളവപ്പോരാളിയാക്കി. രാജ്യദ്രോഹകുറ്റം ചെയ്തു എന്ന പേരില്‍ പീറ്റര്‍ മാരിസ് ബെര്‍ഗില്‍വെച്ച് മണ്ടേലയെ അറസ്റ്റ് ചെയ്ത് ആദ്യം പ്രിട്ടോറിയയിലും പിന്നീട് റോബണ്‍ ദ്വീപിലെ ജയിലിലും പാര്‍പ്പിച്ചു. മണ്ടേല ഒളിച്ചു താമസിച്ചിരുന്ന ലില്ലീസ് ലീഫ് ഫാമില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകള്‍ മണ്ടേലയെ വീണ്ടും കോടതി കയറ്റി. റിവോണിയ ഗൂഢാലോചന എന്ന പേരില്‍ നടന്ന വിചാരണയില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മണ്ടേല  റോബണ്‍ ദ്വീപിലെ ജയിലില്‍ 466/64 (1964ലെ 466ാം നമ്പര്‍ തടവുകാരന്‍) എന്ന നമ്പറില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി. ജയിലില്‍ ചുറ്റികകൊണ്ട് പാറകള്‍ പൊട്ടിച്ചും, ചുണ്ണാമ്പുകല്ല് ക്വാറിയില്‍ ജോലിചെയ്തും അദ്ദേഹം കഴിഞ്ഞു.

‘മണ്ടേല, അവര്‍ക്കു നീയൊരു
നമ്പര്‍ മാത്രമാണത്രേ!
ദ്വീപിലെ നിലം കിളക്കുകയും
ഉഴുകയും ചെയ്യുന്ന 466/64
എന്ന നമ്പര്‍ മാത്രമാണത്രേ.
മണ്ടേല, പക്ഷേ, നീ 
ഞങ്ങള്‍ക്കു കരുത്താണ്, 
പ്രതിജ്ഞയും നിശ്ചയദാര്‍ഢ്യവുമാണ്.’

(ദക്ഷിണാഫ്രിക്കന്‍ കവയിത്രി ഇല്‍വ മക്കായ് രചിച്ച ‘മണ്ടേലയോടും തടവിലെ സുഹൃത്തുക്കളോടും’ എന്ന കവിതയില്‍നിന്ന്.  പരിഭാഷ: മുന്‍മന്ത്രി ബിനോയ് വിശ്വം) 

അമ്മ മരിച്ചപ്പോഴും മകന്‍ കാറപകടത്തില്‍ മരിച്ചപ്പോഴും തീവ്രദു$ഖത്തോടെ  മണ്ടേല, ജയിലില്‍ ഒരുജനതയുടെ മോചനത്തിനായി പ്രാര്‍ഥനയോടെ കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മണ്ടേലയെ വിട്ടയക്കാനുള്ള അഭ്യര്‍ഥന ചെവിക്കൊള്ളാന്‍ വെള്ളക്കാരന്‍െറ ഗവണ്‍മെന്‍റ് തയാറായില്ല. ഈ വേളയില്‍ ലോകമെമ്പാടും ‘ഫ്രീ മണ്ടേല കാമ്പയിനുകള്‍’ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് റോബണ്‍ ജയിലില്‍നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള പോള്‍സ്മൂര്‍ ജയിലിലേക്ക്. കോമണ്‍വെല്‍ത്ത് രാഷ്ട്രപ്രതിനിധികള്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറുമായി മണ്ടേലയുടെ മോചനത്തെക്കുറിച്ച് ചര്‍ച്ചചെയ്തത് വഴിത്തിരിവായി. ബി.ബി.സി എഴുപതാം പിറന്നാളിന് ‘ഫ്രീഡം അറ്റ് സെവന്‍റി’ എന്ന സംഗീത പരിപാടി നടത്തിയത് മണ്ടേലയെ സന്തോഷിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലുണ്ടായ അധികാരമാറ്റത്തെ തുടര്‍ന്ന് നാഷനല്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റായിവന്ന എഫ്.ഡബ്ള്യു.ഡി ക്ളാര്‍ക്ക് മണ്ടേല ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാന്‍ തീരുമാനിച്ചു. 
ജയില്‍മോചിതനായ (1990 ഫെബ്രുവരി 11) മണ്ടേലക്ക് ലോകജനത വന്‍വരവേല്‍പ് നല്‍കി. ‘ഭാരതരത്നം’ എന്ന പരമോന്നത ബഹുമതി നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണാഫ്രിക്കയിലെ കറുത്തവന്‍െറ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മണ്ടേലയെത്തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം (1993) എത്തി. സഖറോവ് പുരസ്കാരം, നെഹ്റു അവാര്‍ഡ്, ഓര്‍ഡര്‍ ഓഫ് ലെനിന്‍ പുരസ്കാരം, അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ഫ്രീഡം മെഡല്‍ എന്നിവ അദ്ദേഹത്തെ തേടി എത്തിയിരുന്നു. തുടര്‍ന്ന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡന്‍റായി (1994-99). അധികാരം ഒഴിഞ്ഞ ശേഷവും ദക്ഷിണാഫ്രിക്കയിലെ സാമൂഹികപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മണ്ടേല 95ാം വയസ്സില്‍ (ഡിസംബര്‍ 5, 2013) ലോകത്തോട് വിടപറഞ്ഞു. മനുഷ്യമോചനത്തിനായി പോരാടിയ ആ ഇതിഹാസത്തെ ഓര്‍മിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍െറ ജന്മദിനമായ ജൂലൈ 18, ‘മണ്ടേല ദിന’മായി ആചരിച്ചുവരുന്നു.