സഭകൾ...
  • 04:15 PM
  • 28/03/2019
Photo courtesy - Quora.com

ഭാരത ഭരണഘടനയനുസരിച്ച്​ രണ്ടു മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്​ ഇന്ത്യൻ പാർലമെൻറ്​. ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന ‘ലോക്​സഭ’യും സംസ്​ഥാന നിയമസഭകളുടെ പ്രാതിനിധ്യം ഉൾക്കൊള്ളുന്ന ‘രാജ്യസഭ’യും; ഇതോടൊപ്പം പ്രസിഡൻറ്​ (രാഷ്​ട്രപതി) കൂടി ചേർന്നാലേ പാർലമെൻറാവുകയുള്ളൂ. ഇത്തരത്തിൽ ഇന്ത്യയുടെ ഫെഡറൽ ഘടനക്ക്​ അനുസരിച്ചാണ്​ ഭരണഘടന നിർമാതാക്കൾ ഇന്ത്യയുടെ പാർലമെൻറ്​ വിഭാവനം ചെയ്​തിട്ടുള്ളത്​.

ലോക്​സഭ
പാർലമെൻറി​െൻറ ജനപ്രതിനിധിസഭയായ ലോക്​സഭ, ‘അധോസഭ’ (ലോവർ ഹൗസ്​) എന്നാണ്​ അറിയപ്പെടുന്നത്​. ഭരണഘടന പ്രകാരം നിശ്ചിത എണ്ണം അംഗങ്ങളെ ജനങ്ങൾ നേരിട്ട്​ തെരഞ്ഞെടുത്താണ്​ ലോക്​സഭയിൽ എത്തിക്കുന്നത്​. കുറച്ചുപേരെ നാമനിർദേശം ചെയ്യാറുമുണ്ട്​ ഇവിടേക്ക്​. സംസ്​ഥാനങ്ങളിലെ ജനസംഖ്യക്ക്​ ആനുപാതികമായി നിർണയിച്ചിട്ടുള്ള നിയോജക മണ്ഡലങ്ങൾ വഴിയാണ്​ ലോക്​സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്​. ലോക്​സഭ മണ്ഡലങ്ങളുടെ വലുപ്പം ജനസംഖ്യാടിസ്​ഥാനത്തിൽ ഏകദേശം ഒരുപോലെയായിരിക്കും. ഇപ്പോൾ ലോക്​സഭയിലെ ആകെ അംഗസംഖ്യ 545 ആണ്​. ആ​ംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ ആരുംതന്നെ ലോക്​സഭയിൽ എത്തിയിട്ടില്ലായെങ്കിൽ മാത്രം, രാഷ്​ട്രപതിക്ക്​ നാമനിർദേശം വഴി രണ്ടുപേരെ ഇൗ വിഭാഗത്തിൽനിന്ന്​ നിയമിക്കാവുന്നതാണ്​ (ഇവർകൂടി ഉൾപ്പെട്ടതാണ്​ 545 എന്ന അംഗസംഖ്യ). 


ലോക്​സഭയുടെ പ്രത്യേകതകൾ
•പ്രായപൂർത്തി വോട്ടവകാശത്തെ അടിസ്​ഥാനപ്പെടുത്തി തെരഞ്ഞെടുപ്പ്​.
•അഞ്ചുവർഷ കാലാവധി.
•കാലാവധി നീട്ടിനൽകാനും അടിയന്തരാവസ്​ഥ കാലത്ത്​ ഒാരോ വർഷം വീതം കാലാവധി ദീർഘിപ്പിക്കാനും രാഷ്​ട്രപതിക്ക്​ അധികാരം നൽകുന്നു.
•വർഷത്തിൽ രണ്ടുതവണ സമ്മേളിച്ചിരിക്കണം (ആറുമാസ ഇടവേളകളിൽ).
•25 വയസ്സ്​ തികഞ്ഞ ഇന്ത്യൻ പൗരന്​ ലോക്​സഭാംഗമാകാം.
•ഇന്ത്യയിലെ ഏത്​ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ പൗരന്മാർക്ക്​ അവകാശമുണ്ട്​.

സ്​പീക്കർ
•ലോക്​സഭയുടെ നാഥൻ സ്​പീക്കറാണ്​.
•നിഷ്​പക്ഷനായ വ്യക്​തിയായിരിക്കണം സ്​പീക്കർ.
•സഭാനടപടിയുടെ പരിപാലകൻ.
•സഭാംഗങ്ങളുടെ രാജി സ്വീകരിക്കുന്നയാൾ.
•പാർലമെൻറി​െൻറ ഇരുസഭകളും ഒരുമിച്ച്​ സമ്മേളിക്കു​േമ്പാൾ അധ്യക്ഷസ്​ഥാനം വഹിക്കുന്നയാൾ.
•നിയമ കോടതികൾക്ക്​ പോലും ചോദ്യം ചെയ്യാനാകാത്ത റൂളിങ്​ നൽകുന്നയാൾ.
•ബില്ല്​ ധനബില്ലാണോ അല്ലയോ എന്ന്​ തീരുമാനിക്കുന്നയാൾ.
•ലോക്​സഭയിൽ അവതരിപ്പിക്കുന്ന ബില്ലിന്​ അർഹത കൽപിക്കുന്നയാൾ.

രാജ്യസഭ
പാർലമെൻറിലെ ‘ഉപരിസഭ’ അഥവാ ‘മുതിർന്നവരുടെ സഭ’ എന്നാണ്​ രാജ്യസഭ അറിയപ്പെടുന്നത്​. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250. ഇപ്പോഴുള്ളത്​ 245 പേർ. സാഹിത്യം, കല, ശാസ്​ത്രം, സാമൂഹിക സേവനം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന 12 പേർ കൂടി നാമനിർദേശത്താൽ ഇതിൽ ഉൾക്കൊള്ളുന്നു (245=233+12). ജനസംഖ്യാടിസ്​ഥാനത്തിലാണ്​ രാജ്യസഭ സീറ്റുകൾ സംസ്​ഥാനങ്ങൾക്ക്​ അനുവധിച്ചിട്ടുള്ളത്​. രഹസ്യബാലറ്റ്​ വഴിയാണ്​ സംസ്​ഥാന നിയമസഭകൾ രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കുന്നത്​. രാജ്യസഭയിലേക്ക്​ മത്സരിക്കുന്നയാൾ തെരഞ്ഞെടുപ്പിന്​ നിൽക്കുന്ന സംസ്​ഥാനത്ത്​ ഏതെങ്കിലും പാർലമെൻറ്​, നിയോജക മണ്ഡലത്തിലെ വോട്ടവകാശിയാകണമെന്നുണ്ട്​. രാജ്യസഭ സംസ്​ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ്​ ഇതിനർഥം. ആറുകൊല്ലത്തേക്കാണ്​ ഒരംഗത്തെ തെരഞ്ഞെടുക്കുന്നത്​. ഒാരോ രണ്ടുകൊല്ലം കഴിയു​േമ്പാൾ മൂന്നിലൊന്ന്​ സ്​ഥാനത്തേക്ക്​ (1/3) അംഗങ്ങളെ വീണ്ടും തെരഞ്ഞെടുക്കുന്നു. ധനബില്ലുകളിന്മേൽ രാജ്യസഭയുടെ അധികാരം നാമമാത്രമാണ്​. ലോക്​സഭ പാസാക്കുന്ന ധനകാര്യ ബില്ലുകൾ രാജ്യസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ച്​ അനുമതി വാങ്ങാറുണ്ട്​. രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാനെന്ന്​ വിളിക്കുന്നു. രാജ്യസഭ ചെയർമാൻ ഉപരാഷ്​ട്രപതി ആയിരിക്കും. അദ്ദേഹത്തി​െൻറ അഭാവത്തിൽ ഡെപ്യൂട്ടി ചെയർമാൻ സഭ നിയന്ത്രിക്കുന്നതാണ്​. 1952 ഏപ്രിൽ മൂന്നിനാണ്​ രാജ്യസഭ ആദ്യം നിലവിൽവന്നത്​. എന്നാൽ, ആദ്യ സമ്മേളനം നടന്നത്​ 1952 മേയ്​ 13നാണ്​.

ഫെഡറലിസം
വിവിധ ജാതിമത ഭാഷകളോടുകൂടി ജീവിച്ചുവരുന്ന ജനതക്ക്​ പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും നേടാനും പൊതുവായ പാരമ്പര്യങ്ങൾ വളർത്തിയെടുക്കാനും പറ്റിയ രാഷ്​ട്രീയഘടനയാണ്​ ഫെഡറൽ സ​മ്പ്രദായം. ഭരണത്തിലുള്ള വികേന്ദ്രീകരണം സാധ്യമാക്കുന്ന, വൈവിധ്യങ്ങളിൽ ഏകത്വം കണ്ടെത്തുന്ന, അധികാരങ്ങളുടെ കണിശത പ്രകടിപ്പിക്കുന്ന ഫെഡറൽ സംവിധാനത്തെ ആധുനിക കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണസംവിധാനമായി കണക്കാക്കപ്പെടുന്നുണ്ട്​. കേന്ദ്ര^സംസ്​ഥാന (പ്രവിശ്യ) ഗവൺമെൻറുകൾ തമ്മിൽ അധികാരം വിഭജിക്കപ്പെട്ടിരിക്കുന്ന ഇൗ സംവിധാനം, നിരവധി സങ്കീർണ ​പ്രശ്​​​നങ്ങൾ പരിഹരിക്കുന്നതിന്​ ഇടവരുത്തുന്നു. ഇന്ത്യയെപ്പോലുള്ള ബൃഹദ്​ രാജ്യത്ത്​ ^ജനസംഖ്യ, മതങ്ങൾ, വംശങ്ങൾ, ഭാഷകൾ എന്നിങ്ങനെ വ്യത്യസ്​തതകൾ നിലനിൽക്കുന്ന രാജ്യത്ത്​^ഭരണഘടനപരമായ പരിഹാരം കണ്ടെത്തുന്നതിന്​ സാധ്യമാക്കുന്ന സംവിധാനമാണിതെന്ന്​ നിസ്സംശയം പറയാം.

കാബിനറ്റ്​ ഭരണസ​മ്പ്രദായം
മന്ത്രിസഭ (കൗൺസിൽ ഒാഫ്​ മിനിസ്​റ്റേഴ്​സ്​) എന്ന അർഥത്തിലാണ്​ ഇന്ത്യയിൽ ‘കാബിനറ്റ്​’ എന്ന പദം ഉപയോഗിക്കുന്നത്​. ഇവിടെ ഭരണനിർവഹണത്തി​െൻറ പ്രധാന ചുമതലക്കാരനായി പ്രധാനമന്ത്രിയും അദ്ദേഹത്തെ സഹായിക്കാൻ മന്ത്രിമാരും ഉണ്ടായിരിക്കും. ഗവൺമെൻറി​െൻറ എല്ലാ അധികാരങ്ങളും മന്ത്രിസഭയെന്ന കേന്ദ്രബിന്ദുവിൽ ഉൾ​ച്ചേർന്നാണ്​ പ്രവർത്തിക്കുന്നത്​. കാരണം, മന്ത്രിസഭയിലെ അംഗങ്ങൾ വിവിധ ഭരണവകുപ്പുകളുടെ തലവന്മാരാണ്​. മന്ത്രിസഭ കൂട്ടായാണ്​ നിയമനിർമാണ നടപടികൾ തയാറാക്കുന്നതും പാർലമെൻറിന്​ സമർപ്പിക്കുന്നതും. ഇത്തരത്തിൽ ഭരണനിർവഹണവും നിയമനിർമാണവും പരസ്​പരം സഹകരിച്ച്​, ജനങ്ങളോടുള്ള തങ്ങളുടെ കടമ നിർവഹിക്കുന്നതിന്​ കാബിനറ്റ്​ സ​മ്പ്രദായം സഹായകമായിട്ടുണ്ട്​. കാബിനറ്റ്​ സ​മ്പ്രദായത്തി​െൻറ ആണിക്കല്ലായി പ്രവർത്തിക്കുന്നത്​ പ്രധാനമന്ത്രിയാണ്​. അദ്ദേഹത്തി​െൻറ ശിപാർശ പ്രകാരമാണ്​ മറ്റുള്ളവരെ നിയമിക്കുന്നത്​. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന്​ കഴിയാതെ വരു​േമ്പാഴോ നിയമനിർമാണസഭയുടെ താൽപര്യത്തിന്​ വിരുദ്ധമാകു​േമ്പാഴോ അവിശ്വാസപ്രമേയത്തിലൂടെ മന്ത്രിസഭയെ പുറത്താക്കാൻ സാധിക്കുന്നതുമാണ്​. ഭരണഘടന അനുസരിച്ച്​ കാബിനറ്റ്​ ഭരണസ​മ്പ്രദായം സംസ്​ഥാനങ്ങളിലും സ്​ഥാപിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിൽ പ്രധാനമന്ത്രിക്ക്​ തുല്യമായി സംസ്​ഥാനങ്ങളിൽ മുഖ്യമന്ത്രി പ്രവർത്തിക്കുന്നു.