ശ്രദ്ധവേണം, കുട്ടികളാണ്​
  • ശമീൽ സി.എം.ആർ
  • 03:47 PM
  • 25/25/2017

കുട്ടികൾ അപകടത്തിൽപെടുന്നതും കാണാതാവുന്നതുമായ സംഭവങ്ങൾ നമ്മുടെ രാജ്യത്ത്​ വർധിച്ചുകൊണ്ടിരിക്കുകയാണ്​. ദിനംപ്രതി കേൾക്കുന്ന വാർത്തകളും മറ്റും രക്ഷിതാക്കളുടെ മനസ്സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നു. 
എല്ലാ രാജ്യങ്ങളിലും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍ മുടക്കുന്നത് നാടിെൻറ ഭാവിക്ക് പ്രയോജനം ചെയ്യുന്ന കാര്യമാണെന്ന്​ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഇന്ത്യന്‍ ഭരണഘടനയും ഐക്യരാഷ്​ട്രസഭയും ഇതിനായി നിയമനിർമാണങ്ങളും ഉടമ്പടികളും നടപ്പില്‍വരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുതിർന്നവർ സദാ ജാഗരൂകരായി നില്‍ക്കേണ്ടതുണ്ട്. 
 
പൊലീസുമുണ്ട്​ ശ്രദ്ധിക്കാൻ 
സ്​കൂളുകളിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തി ബോധവത്കരണം നടത്താൻ ജില്ല പൊലീസ്​ മേധാവിമാരോട് സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹറ നിർദേശിച്ചുകഴിഞ്ഞു. വിദ്യാലയാധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊലീസ്​ വെബ്സൈറ്റിലും ഫേസ്​​ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച്  സ്​കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവത്കരണം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സ്​റ്റേഷൻ ചുമതലയുള്ള എസ്​​.ഐമാർക്കും സി.ഐമാർക്കും നിർദേശം നൽകിക്കഴിഞ്ഞു.
വിദ്യാലയ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്, എൻ.സി.സി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ്​ തീരുമാനം. പൊലീസ് നിർദേശങ്ങൾ ചുവടെ: 

സ്​കൂൾ അധികാരികളും 
അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗേറ്റ്​: സ്​കൂളിന് ചുറ്റുമതിലും ഗേറ്റും നിർബന്ധമായും വേണം. പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം പരിശോധനക്കു ശേഷമേ അനുവദിക്കാവൂ.
ഐഡൻറിറ്റി കാർഡ്​: വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയൽ കാർഡ്​ ധരിച്ചു മാത്രം സ്​കൂളിൽ പ്രവേശിക്കുന്നത് സുരക്ഷയെ സഹായിക്കും. ഓരോ ക്ലാസ്​ ടീച്ചറും ത​െൻറ വിദ്യാർഥികളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കിൽ അതേക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക. 
ഹാജരാവാത്തവരെ അന്വേഷിക്കുക: സ്​ഥിരമായി വരുന്ന ഒരു കുട്ടി എത്തിയിട്ടില്ലെങ്കിൽ  രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണ്. ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്​മുറിയും ചുമതലയുള്ള ഒരാൾ പരിശോധിച്ച് ഉറപ്പുവരുത്തണം. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുട്ടികളെ രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ചുമതല നൽകുന്നത് ഉചിതമായിരിക്കും.

അധ്യാപക^ഉദ്യോഗസ്​ഥ നിയമനങ്ങളിൽ ജാഗ്രത: അധികൃതർ നേരിട്ട് നിയമനങ്ങൾ നടത്തുമ്പോൾ അവരെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നടത്തണം.  

കൗൺസലിങ്: കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് ഹൈസ്​കൂൾ, ഹയർ സെക്കൻഡറി സ്​കൂളുകളിൽ ഒരു കൗൺസലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളിൽ ഇവർ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണം. 
പണം കൈവശംവെക്കുന്നത്​ ശ്രദ്ധിക്കുക: സ്​കൂളിൽനിന്ന് ഏതെങ്കിലും കാരണത്താൽ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കിൽ അത് ഡയറിയിൽ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കണം. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്​കൂൾ സമയത്ത് കുട്ടികളെ പുറത്തേക്ക് പോകാൻ അനുവദിക്കരുത്. കുട്ടികളുടെ ബാഗുകളിൽനിന്ന് അസ്വാഭാവികമായ വസ്​തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്​തുക്കളോ കണ്ടെത്തിയാൽ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.

ശൗചാലയങ്ങൾ: സ്​കൂളിൽ വൃത്തിയും വെടിപ്പുമുള്ള ശൗചാലയങ്ങൾ ഉണ്ടാകണം. സ്​കൂൾ ആരംഭിക്കുന്നതിനു മുമ്പും ഉച്ചക്കുള്ള ഇടവേളക്കുശേഷവും സ്​കൂൾ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തിൽ മൂന്നു നേരം സ്​കൂൾ ടോയ്​ലറ്റുകൾ പരിശോധിക്കാൻ സംവിധാനമുണ്ടാക്കണം. പെൺകുട്ടികൾ പഠിക്കുന്ന സ്​കൂളിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ (സാനിട്ടറി നാപ്കിൻ വെൻഡർ, ഇൻസിനറേറ്റർ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ വേണ്ട പ്രാഥമിക ചികിത്സ സൗകര്യങ്ങളും ലഭ്യമായിരിക്കണം.  
സമ്പർക്ക യോഗങ്ങൾ: ഇടക്കിടെ അധ്യാപക^രക്ഷാകർതൃ സമിതി യോഗങ്ങൾ കൂടി സ്​ഥിതിഗതികൾ വിലയിരുത്തണം.
അപകടങ്ങൾ: അപകടാവസ്​ഥയിലുള്ള വൃക്ഷങ്ങളോ അപകടസാഹചര്യങ്ങളിലുള്ള നിർമിതികളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടിത്തത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്​ഥലങ്ങളിൽ ഫയർ സേഫ്റ്റി ഉപകരണങ്ങൾ സ്​ഥാപിക്കുകയും വേണം. 

രക്ഷിതാക്കളോട്​
വാഹനം: കുട്ടി സ്​കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കിൽ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം. സ്​കൂൾ ബസുകളെ ആശ്രയിക്കുന്നവർ നിർബന്ധമായും ബസ്​ ൈഡ്രവർ, ബസിലെ മറ്റു ജീവനക്കാർ, ബസിെൻറ കാര്യങ്ങൾ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്​ഥർ എന്നിവരുടെ നമ്പറുകൾ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദർഭങ്ങളിൽ ഇവരെ ബന്ധപ്പെടേണ്ടതുമാണ്. കുട്ടിയുടെ ഡയറിയിൽ മേൽവിലാസം, രക്ഷിതാവിെൻറ ഫോൺ നമ്പർ, അടുത്തുള്ള ​പൊലീസ്​ സ്​റ്റേഷൻ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. 
ഫോൺ നമ്പർ: നിങ്ങളുടെ ഫോൺ നമ്പർ കുട്ടിക്ക് മനഃപാഠമായിരിക്കണം. അപരിചിതരോട് ഇക്കാര്യങ്ങൾ പങ്കുവെക്കരുതെന്ന് പ്രത്യേകം നിഷ്കർഷിക്കാം.

സ്​കൂൾ ബാഗ് പരിശോധിക്കുക: വീട്ടിൽനിന്ന്​ പുറപ്പെടുമ്പോഴും തിരികെ എത്തിക്കഴിഞ്ഞും സ്​കൂൾ ബാഗ് പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുള്ള വസ്​തുക്കളോ കണ്ടാൽ കുട്ടിയോടും ടീച്ചറോടും അന്വേഷിച്ച് ഉറപ്പുവരുത്തണം.
പോക്കറ്റ് മണി: കുട്ടികൾക്ക് ആവശ്യമായ തുക മാത്രം നൽകുക. പോക്കറ്റ് മണിയായി കൂടുതൽ പണം അനിവാര്യമാണെങ്കിൽ മാത്രം നൽകുക.  
സന്ദർശനം: ഇടക്കിടെ കുട്ടി പഠിക്കുന്ന സ്​കൂൾ സന്ദർശിക്കുക. ക്ലാസ്​ ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെക്കണം.
കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം പുലർത്തണം.

സ്​കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലെ  സുരക്ഷ
സ്​കൂൾ ബസുകളിലെ യാത്രകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്​കൂൾ അധികൃതർ/ മാനേജ്മെൻറ്​ അധികൃതർ എന്നിവർ കർശന നടപടി സ്വീകരിക്കണം.
സ്​കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. 
സ്​കൂൾ ബസുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നിരത്തിലിറക്കാവൂ. ബസ്​ ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച് ക്രിമിനൽ പശ്ചാത്തലം ഉള്ളവരല്ലെന്ന്​ ഉറപ്പുവരുത്തണം. 
വാഹനങ്ങളിൽ കയറാനും ഇറങ്ങാനും റോഡ്​മുറിച്ചുകടക്കാനും കുട്ടികളെ സഹായിക്കാൻ വാഹനങ്ങളിൽ കണ്ടക്ടർ/ സഹായി ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. 
സ്​കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്​, സുരക്ഷ ക്രമീകരണങ്ങൾ എന്നിവ ഉറപ്പുവരുത്തുക. 
സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടിവരുന്നവർ ൈഡ്രവർമാരുടെയും ജീവനക്കാരുടെയും വ്യക്തമായ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
സ്​കൂൾ ബസുകളിൽ ബാഗുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കണം.
വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ പരിശോധന നടത്തി ഉറപ്പുവരുത്തണം.
നടന്നാണ് പോകുന്നതെങ്കിൽ ഒറ്റക്ക്​ പോകുന്നതിനു പകരം കഴിയുന്നതും കൂട്ടുകാർ ഒത്തുചേർന്ന് പോകുക.  
ആകസ്​മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാൻ സ്വയംപ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുക.

സൈബർ സുരക്ഷ
സ്​മാർട്ട് ഫോണി​െൻറയും കമ്പ്യൂട്ടറി​െൻറയും ഇൻറർനെറ്റി​െൻറയും ദുരുപയോഗം തടയാൻ പ്രത്യേകം ശ്രദ്ധിക്കണം. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്​കരിക്കണം. മുതിർന്നവരുടെ മേൽനോട്ടത്തിൽ ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.