സ്കൂൾ പച്ച
ശിലായുഗം: കാണാത്ത കാഴ്​ചകൾ
  • ഷൈജു എസ്​.എൽ.
  • 10:28 AM
  • 24/24/2017

-ഗുഹാമുഖത്തെ വലിയ ഉരുളൻ കല്ലെടുത്തുമാറ്റി പുറത്തുവരുന്ന മനുഷ്യൻ...
-രാത്രിയിൽ കാവൽ നിൽക്കുന്നവർ പകലുറങ്ങും!
-വന്യമൃഗങ്ങളിൽനിന്ന്​ രക്ഷനേടാനും കായ്​കനികൾ ശേഖരിക്കാനും മീൻപിടിക്കാനും വേട്ടയാടാനും സംഘം ചേർന്ന്​ പോകുന്നവർ...
-തീ കൂട്ടി മാംസം വേവിക്കുന്നവർ...
-നാളെയെക്കുറിച്ച്​ ചിന്തയില്ലാതെ ഉറങ്ങുന്നവർ...

പ്രകൃതി നൽകിയ വെല്ലുവിളികളെ അതിജീവിച്ച്​ ജീവിച്ചുമരിച്ച നമ്മുടെ പൂർവികർ. പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്​ സ്വന്തം കുറവുകൾ മാറ്റി മുന്നേറിയവർ. മൂർച്ചയുള്ള കല്ലായുധങ്ങളിൽനിന്നും അമ്പും വില്ലിൽനിന്നും തോലു
കൊണ്ടുള്ള കുപ്പായത്തിൽനിന്നും ചരിത്രം അവശേഷിപ്പിച്ച ആ ശിലായുഗം ഭാവനയിലെ കഥയേക്കാൾ എത്രയോ മഹത്തരം. ആ ചരിത്ര യാഥാർഥ്യത്തിലേക്ക്​ നമുക്ക്​ കണ്ണോടിക്കാം.
എഴുത്തുവിദ്യ രൂപപ്പെടുന്നതിന്​ മുമ്പുള്ള കാലം ചരിത്രാതീതകാലം എന്നറിയപ്പെടുന്നു. ചരിത്രാതീതകാലത്ത്​ മനുഷ്യർ ഉപയോഗിച്ചിരുന്ന കല്ലുപകരണങ്ങൾ, ഗുഹാചിത്രങ്ങൾ തുടങ്ങിയവ ആ കാലത്തെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക്​ ലഭ്യമാക്കുന്നു. ആഹാരം സമ്പാദിക്കാനും മൃഗങ്ങളിൽനിന്ന്​ രക്ഷനേടാനും ആദിമ മനുഷ്യന്​ ഉപകരണങ്ങളും ആയുധങ്ങളും ആവശ്യമായിരുന്നു. ഇതിനായി ആദിമമനുഷ്യൻ ഉപയോഗിച്ചിരുന്നത്​ കല്ല്​ (ശില) ആയിരുന്നു. അന്നത്തെ മനുഷ്യ​െൻറ ജീവിതം ശിലയെന്ന വസ്​തുവിനെ കേന്ദ്രീകരിച്ചായിരുന്നു. അങ്ങനെ ആ കാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നു. ശിലായുഗ കാലഘട്ടത്തെ അവയ​ുടെ സവിശേഷതയുടെ അടിസ്​ഥാനത്തിൽ പ്രാചീന ശിലായുഗം, മധ്യശിലായുഗം, നവീന ശിലായുഗം, താമ്രശിലായുഗം എന്നിങ്ങനെ ചരിത്രകാരന്മാർ വേർതിരിക്കുന്നു. വിവിധ ശിലായുഗ കാലഘട്ടങ്ങളിൽ അവരുപയോഗിച്ച ഉപകരണങ്ങളിൽ മാത്രമല്ല, ആഹാരരീതിയിലും നിരവധി മാറ്റങ്ങളുണ്ടായി.

പ്രാചീന ശിലായുഗവും മനുഷ്യജീവിതവും
ആയുധങ്ങളും ഉപകരണങ്ങളുമായി പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടമാണ്​ പ്രാചീന ശിലായുഗം. മൃഗങ്ങളെ വേട്ടയാടാൻ അവയിൽനിന്ന്​ രക്ഷനേടാൻ കായ്​കിഴങ്ങുകൾ കുഴിച്ചെടുക്കാൻ... അങ്ങനെ അവർ ശിലായുധങ്ങളെ ഉപ
യോഗിച്ചു. ഗുഹകളിൽ അവർ താമസിച്ചു. കാട്ടിൽനിന്ന്​ കിട്ടുന്ന കിഴങ്ങുകളും പഴങ്ങളും, വേട്ടയാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസവും അവർ ഭക്ഷണമാക്കി.
ഗുഹകൾ പ്രാചീന മനുഷ്യ​െൻറ ആവാസകേന്ദ്രമായി. മഴയിൽനിന്നും വെയിലിൽനിന്നും സംരക്ഷണം നൽകിയത്​ ഗുഹകളായിരുന്നു. വന്യജീവികളിൽനിന്ന്​ രക്ഷ നൽകി വേട്ടയാടലായിരുന്നു പ്രാചീന ശിലായുഗ മനുഷ്യ​െൻറ പ്രധാന ഉപജീവനമാർഗം. അതിനാൽ, ഇൗ കാലഘട്ടത്തെ ‘വേട്ടയാടൽ യുഗം’ എന്ന്​ വിശേഷിപ്പിക്കുന്നു. ഗുഹകൾക്കുള്ളിൽ വെളിച്ചത്തിനും ആഹാരം വേവിക്കാനും അവർ തീ ഉ​പയോഗിച്ചു. തീയുടെ ഉപയോഗം മനുഷ്യജീവിതത്തിലെ സുപ്രധാന നേട്ടമായി.

മനുഷ്യർ നിർമിച്ച ആദ്യത്തെ ഉപകരണങ്ങൾ
കല്ലിൻതുണ്ടുകൾ
കൽച്ചീളുകൾ
എല്ലിൻ കഷണങ്ങൾ
മരക്കമ്പുകൾ
മനുഷ്യൻ ഉപകരണങ്ങളെ നിരന്തരം ഉപയോഗിക്കാനും പ്രയോഗിച്ച്​ നവീകരിക്കാനും പരിശ്രമിച്ചപ്പോൾ അവ​െൻറ ജീവിതം കൂടുതൽ കൂടുതൽ വികസിക്കുവാൻ തുടങ്ങി.

കൂർത്ത നഖങ്ങളില്ലാത്ത കുറവ്​ മൂർച്ചയുള്ള ആയുധങ്ങളിലൂടെ പരിഹരിച്ചു.
ദൂരെയുള്ള ജീവിയെ ഒാടിപ്പിടിക്കാൻ കഴിവില്ലാത്തതിനാൽ അമ്പും വില്ലും ഉപയോഗിച്ചു.
വെള്ളത്തിലൂടെ യാത്രചെയ്യാൻ മരത്തടികൾ ചേർത്തുവെച്ച്​ ഉപയോഗിച്ചു.
തോലുകൊണ്ടവൻ കുപ്പായമുണ്ടാക്കി.
നീളമുള്ള വടികളും വള്ളികളും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.

തീയുടെ കണ്ടുപിടിത്തം സൃഷ്​ടിച്ച മാറ്റങ്ങൾ
ഭക്ഷണം പാകം ചെയ്​ത്​ ഉപയോഗിക്കാൻ തുടങ്ങി.
മൃഗങ്ങളിൽനിന്ന്​ രക്ഷനേടാൻ സഹായിച്ചു.
ശൈത്യത്തെ അതിജീവിച്ചു.
രാത്രിയിൽ ഇരുട്ടകറ്റി.

മധ്യ ശിലായുഗവും മനുഷ്യജീവിതവും
നിരന്തര പ്രയോഗത്തിലൂടെ സൂക്ഷ്​മമായ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടമായിരുന്നു മധ്യ ശിലായുഗം. ഇൗ കാലഘട്ടം സൂക്ഷ്​മ ശിലായുഗം എന്നറിയപ്പെട്ടു. മൃഗങ്ങളെ വേട്ടയാടാനും മൃഗങ്ങളെയും മറ്റ്​ വസ്​തുക്കളെയും ദൂരെനിന്ന്​ എറിഞ്ഞിടാനും വേട്ടയാടിയ മൃഗങ്ങളുടെ തോലുരിക്കാനും ഇത്തരം ആയുധങ്ങൾ മനുഷ്യനെ സഹായിച്ചു.

വേട്ടയാടൽ വ്യാപകമായി.
ആഹാരരീതിയിൽ മാറ്റങ്ങളുണ്ടായി.
വേട്ടക്ക്​ അമ്പും വില്ലും ഉപയോഗിച്ചു.
നായയെ ഇണക്കിവളർത്തി.
സ്​ഥിരവാസം.
കൈമാറ്റത്തി​െൻറ ആരംഭം.

നവീന ശിലായുഗവും മനുഷ്യജീവിതവും
കൃഷിയുടെയും കന്നുകാലി വളർത്തലി​​െൻറയും ആരംഭകാലമാണ്​ നവീന ശിലായുഗ കാലഘട്ടം. പുതിയ നായാട്ടുരീതികളും നല്ല ആയുധങ്ങളും അവരെ നല്ല ജീവിതങ്ങളിലേക്ക്​ നയിച്ചു. തേച്ച്​, മൂർച്ച കൂട്ടിയ ശിലായുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ കാലത്തിനാണ്​ നവീന ശിലായുഗം എന്ന്​ പറയുന്നത്​.

നവീന ശിലായുഗം: സവിശേഷതകൾ
കൃഷിയുടെ ആരംഭം.
കാലി വളർത്തൽ.
വായ്​ത്തല മൂർച്ചകൂട്ടിയ ശിലായുധങ്ങൾ.
പരുക്കൻ കളിമൺ പാത്രങ്ങളുടെ നിർമാണം.
സാമൂഹികജീവിതത്തി​െൻറ ആരംഭം.

ചക്രത്തി​െൻറ കണ്ടുപിടിത്തം
ചക്രത്തി​െൻറ കണ്ടുപിടിത്തം മനുഷ്യജീവിതത്തിലെ വലിയ മാറ്റമായിരുന്നു. മൺപാത്ര നിർമാണത്തിന്​ തുടക്കമായതോടെ തൊഴിൽ സംസ്​കാരത്തിനും തൊഴിൽ കൂട്ടായ്​മക്കും മനുഷ്യൻ തുടക്കം കുറിച്ചു. പിന്നീട്​ മനുഷ്യ​െൻറ അധ്വാനഭാരം മൃഗങ്ങളിലേക്കും യന്ത്രങ്ങളിലേക്കും പങ്കുവെക്കാൻ അവനായി.
 

താമ്രശിലായുഗം
നവീന ശിലായുഗത്തിൽനിന്നുള്ള മാറ്റത്തി​െൻറ കാലമായിരുന്നു താമ്രശിലായുഗം. താമ്രശിലായുഗത്തിലെ മാറ്റങ്ങൾ നോക്കാം.
ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ നിർമിച്ചു.
ശിലായുധങ്ങളോടൊപ്പം ചെമ്പ്​ ഉപകരണങ്ങളും ഉപയോഗിച്ചു.
നഗരജീവിതം ആരംഭിച്ചു
അടുപ്പുകളോടുകൂടിയ വീടുകൾ നിർമിച്ചു.മൺപാത്ര നിർമാണത്തിന്​ ചക്രങ്ങൾ ഉപയോഗിച്ചു.

മനുഷ്യജീവിതം വന്ന വഴികൾ
അലഞ്ഞുതിരിഞ്ഞ്​ നടന്ന്​ ലഭ്യമായ കായ്​കനികൾ ഭക്ഷിച്ചു.
ആയുധമായി പരുക്കൾ കല്ലുകൾ, പിന്നെയത്​ മിനുസമാക്കി ഉപയോഗിച്ചു.
കാട്ടുതീ ഉപയോഗപ്പെടുത്തുന്നു, ഇരുട്ടിൽനിന്ന്​ രക്ഷ.
തീയുണ്ടാക്കാൻ കഴിവ്​ നേടുന്നു, മാംസം വേവിച്ചുപയോഗിച്ചു.
കൃഷി, കാലിവളർത്തൽ, സാമൂഹികജീവിതം.
ചക്രത്തി​െൻറ കണ്ടുപിടിത്തം, പാത്രനിർമാണം, തൊഴിൽ കൂട്ടായ്​മ.
നദീതടങ്ങളിൽ കൃഷിയും താമസവും തുടങ്ങുന്നു.

ചരിത്ര ​േസ്രാതസ്സുകളും തെളിവുകളും
പ്രാചീന മനുഷ്യജീവിതത്തെക്കുറിച്ച്​ വിവരം നൽകുന്ന പ്രധാന സ്രോതസ്സുകളാണ്​ ഗുഹാചിത്രങ്ങൾ. ഫ്രാൻസിലെ ലസ്​കോഗുഹയിൽ 2000ത്തോളം ഗുഹാചിത്രങ്ങളുണ്ട്​. ഗുഹയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം കാളകളുടെ വിശാലമായ മുറിയാണ്​. ദക്ഷിണ ഫ്രാൻസിൽ സ്​ഥിതിചെയ്യുന്ന ഷോവെ ഗുഹ വളരെ വിശാലമായ ഒന്നാണ്​. സ്​പെയിനിൽ സ്​ഥിതി ചെയ്യുന്ന അൾടാമിറ ഗുഹ ബഹുവർണങ്ങൾ നിറഞ്ഞതാണ്​.
ഇന്ത്യയിലെ ഭിംബേസ്​ക
മധ്യപ്രദേശിലെ ഭിംബേസ്​ക ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലായുഗ കേന്ദ്രമാണ്​.1957ൽ വി.എസ്​. വകൻകർ ആണ്​ ഭിംബേസ്​കയിലെ ചിത്രങ്ങൾ ആദ്യമായി ശ്രദ്ധയിൽ കൊണ്ടുവരുന്നത്​. വേട്ടയുടേയും സംഘപ്രവർത്തനത്തി​​െൻറയും ചിത്രങ്ങളാണ്​ ശ്രദ്ധേയം.

ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങൾ
ശിലായുഗ കേന്ദ്രങ്ങൾ                     സംസ്​ഥാനം
ഭിംബേസ്​ക                                           മധ്യപ്രദേശ്​
നർമദാ താഴ്​വര                         മധ്യപ്രദേശ്​, മഹാരാഷ്​ട്ര, ഗുജറാത്ത്​
ഹൻസ്​ഗി                                 ആന്ധ്രപ്രദേശ്​
നാഗാർജുനകൊണ്ട                 ആന്ധ്രപ്രദേശ്​
കുർനൂൽ ഗുഹകൾ                    ആന്ധ്രപ്രദേശ്​

കേരളത്തിലെ ശിലായുഗ കേന്ദ്രം
വയനാട്​ ജില്ലയിൽ സുൽത്താൻ ബത്തേരിക്കടുത്ത്​ അമ്പുകുത്തി മലയിലാണ്​ എടക്കൽ ഗുഹ സ്​ഥിതി ചെയ്യുന്നത്​. കേരളത്തിലെ ശിലായുഗത്തി​െൻറ തെളിവുകൾ എടക്കൽ ഗുഹയിൽനിന്ന്​ ലഭിക്കുന്നു. പ്രകൃതിദത്തമായ ഇൗ ഗുഹയിൽ പാറച്ചുമരുകളിന്മേൽ നിരവധി ചിത്രങ്ങൾ കാണാം. ഇവ പാറമേൽ ഉരച്ചുരച്ച്​ വരച്ചവയാണ്​. മനുഷ്യരൂപങ്ങളുടെ ചിത്രങ്ങളാണ്​ ഇവയിലധികവും.