സ്കൂൾ പച്ച
ശാസ്ത്രജ്ഞരും മൂലകങ്ങളും
  • അബ്ദുള്ള പേരാമ്പ്ര
  • 10:16 AM
  • 25/07/2016

നാമിന്ന് കാണുന്ന പല നേട്ടങ്ങളുടെയും പിറകില്‍ ശാസ്ത്രകാരന്മാരുടെ പരിശ്രമങ്ങളും അവരുടെ കണ്ടുപിടിത്തങ്ങളും ഉള്‍പ്പെടും. എന്നാല്‍, നാമവരെ ഓര്‍ക്കാറുണ്ടോ? ഉണ്ടെന്നു പറയാന്‍ തീര്‍ത്തു കഴിയില്ല. ഇത് ലോകം മനസ്സിലാക്കിയതുകൊണ്ടാണ് 
പല കണ്ടുപിടിത്തങ്ങളുടെയും പേരിനോടൊപ്പം ആ കണ്ടുപിടിത്തം നടത്തിയ ശാസ്ത്ര പ്രതിഭകളുടെ പേര്‍ ചേര്‍ത്തു
പറയുന്നത്. ചില ശാസ്ത്രജ്ഞരെയും അവരുടെ പേരിലുള്ള 
മൂലകങ്ങളും പരിചയപ്പെട്ടോളൂ...

 


ആല്‍ഫ്രഡ് ബര്‍ണാര്‍ഡ്നൊബേല്‍

``````````````````````````````````````````````````````
ലോകപ്രശസ്തനായ സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്നു ആല്‍ഫ്രഡ് ബര്‍ണാര്‍ഡ് നൊബേല്‍. ഡൈനാമിറ്റിന്‍െറ കണ്ടുപിടിത്തമാണ് 
അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. അതിന്‍െറ കണ്ടുപിടിത്തം ലോകത്തിന്‍െറ നാശത്തിനുതന്നെ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. അദ്ദേഹത്തിന്‍െറ ബഹുമാനാര്‍ഥമാണ് ആവര്‍ത്തന പട്ടികയിലെ 102ാം മൂലകത്തിന് ‘നൊബേലിയം’ എന്ന പേര് കൊടുത്തത്. 

മേരിക്യൂറി 

````````````````````````````
ശാസ്ത്രലോകത്ത് മേരിക്യൂറിക്ക് ആമുഖത്തിന്‍െറ ആവശ്യമില്ല. ‘റേഡിയം’ കണ്ടുപിടിച്ചു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ മേരിക്യൂറി ലോകപ്രശസ്തയായി. 1891ല്‍ പോളണ്ടില്‍നിന്ന് ഉപരിപഠനത്തിനായി പാരിസിലത്തെിയ ഇവര്‍ മറ്റൊരു ശാസ്ത്രജ്ഞനായ പില്ലറി ക്യൂറിയെയാണ് വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യ കൂട്ടുകെട്ടില്‍നിന്നാണ് പൊളോണിയം, റേഡിയം എന്നീ മൂലകങ്ങള്‍ കണ്ടത്തെുന്നത്. 1898ല്‍ ആയിരുന്നു ഇത്. ഈ കണ്ടുപിടിത്തങ്ങളുടെ ഫലമായി ഇവര്‍ക്ക് 1903ലെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ക്കുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1910ല്‍ ഇവര്‍ ശുദ്ധമായ റേഡിയം വേര്‍തിരിച്ചെടുത്തു. ആറ്റോമിക നമ്പര്‍ 96 മൂലകത്തിന് ‘ക്യൂറിയം’ എന്ന പേരിടുന്നത് അങ്ങനെയാണ്.


ലിസെ മീറ്റ്നര്‍

```````````````````````````
ജര്‍മനിയിലെ പ്രസിദ്ധ ഊര്‍ജതന്ത്രജ്ഞയായ മീറ്റ്നര്‍ യുറേനിയത്തിന്‍െറ ഫിഷന്‍ കണ്ടത്തെുകവഴി ലോകം ആരാധിക്കുന്ന ശാസ്ത്രജ്ഞയായി. ഓട്ടോ ഹാനോടൊപ്പം ആദ്യമായി ‘പ്രൊട്ടാക്റ്റീനിയം’ 231 വേര്‍തിരിച്ചെടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ച ഇവര്‍ യുറേനിയത്തിന്‍െറ ഫിഷനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തി. ഈ പഠന-നിരീക്ഷണങ്ങളാണ് ഇവരെ ശാസ്ത്രലോകത്തിന്‍െറ നെറുകയില്‍ എത്തിച്ചത്. 1878ല്‍ ആയിരുന്നു ഈ ജര്‍മന്‍ ശാസ്ത്രജ്ഞയുടെ ജനനം. 1968ല്‍ മരിച്ച മീറ്റ്നറുടെ സ്മരണ നിലനിര്‍ത്താന്‍ 109ാമത്തെ മൂലകത്തിന് ‘മെറ്റ്നീരിയം’ എന്ന പേര് നല്‍കി.

ദിമിത്രി ഇവാനോവിച്ച് മെന്‍ഡലിയേഫ് 

```````````````````````````````````````````````````````````````````````
ആവര്‍ത്തന പട്ടികയുടെയും ആവര്‍ത്തന നിയമത്തിന്‍െറയും ഉപജ്ഞാതാവായാണ് മെന്‍ഡലിയേഫ് അറിയപ്പെടുന്നത്. ആധുനിക രസതന്ത്ര ശാഖയുടെ അടിത്തറ പാകി എന്ന പ്രത്യേകതയും ഈ ശാസ്ത്രജ്ഞനുണ്ട്. അക്കാലത്ത് അറിയപ്പെട്ടിരുന്ന 63 മൂലകങ്ങളെയും മാസിന്‍െറ ക്രമത്തില്‍ ഒരു കോളത്തിലാക്കിക്കൊണ്ട് പട്ടികയുടെ രൂപത്തിലാക്കുകയാണ് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവന. ഈ ശാസ്ത്രകാരന്‍െറ സ്മരണ നിലനിര്‍ത്താനാണ് 101ാമത്തെ മൂലകത്തിന് അദ്ദേഹത്തിന്‍െറ പേരില്‍നിന്ന് ‘മെന്‍ഡലീവിയം’ എന്ന് നാമകരണം ചെയ്തത്. 

ഏണസ്റ്റ് റുഥര്‍ ഫോര്‍ഡ്

``````````````````````````````````````````
ന്യൂസിലന്‍ഡില്‍ 1871ല്‍ ജനിച്ച ബ്രിട്ടീഷ് ഊര്‍ജതന്ത്രജ്ഞനായിരുന്നു ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്. ഒരു ആറ്റത്തിനുള്ളിലെ ന്യൂക്ളിയസിന്‍െറ മാതൃക നിര്‍ണയിച്ച മഹാനായിരുന്നു ഇദ്ദേഹം. ആറ്റത്തിന്‍െറ ന്യൂക്ളിയസിനെ ആദ്യമായി പിളര്‍ന്ന ശാസ്ത്രപിതാവായിട്ടാണ് റുഥര്‍ഫോര്‍ഡിനെ ലോകം വിശേഷിപ്പിക്കുന്നത്. 1908ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇദ്ദേഹത്തിനായിരുന്നു. റുഥന്‍ ഫോര്‍ഡിന്‍െറ ഓര്‍മ നിലനിര്‍ത്താന്‍ 104ാമത്തെ മൂലകത്തിന് ‘റൂഥര്‍ഫോര്‍ഡിയം ’എന്നു പേരിട്ടു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

`````````````````````````````````````
1879ല്‍ ജര്‍മനിയില്‍ ജനിക്കുകയും അമേരിക്കയിലത്തെി ലോകപ്രസിദ്ധനായ ഊര്‍ജതന്ത്രജ്്്ഞനായി മാറുകയും ചെയ്ത ഐന്‍സ്റ്റൈന്‍ ആപേക്ഷിക സിദ്ധാന്തത്തിലൂടെയാണ് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞനായിത്തീര്‍ന്നത്. ആണവയുഗത്തിന്‍െറ പിതാവെന്ന അപരനാമവും ആല്‍ബര്‍ട്ടിനുണ്ട്. ഊര്‍ജവും ദ്രവ്യവും തമ്മിലുള്ള ബന്ധത്തെ E=mc2 എന്ന സമവാക്യത്തിലൂടെ നിര്‍വചിക്കുകയാണ് ഐന്‍സ്റ്റൈന്‍ ചെയ്തത്. 1921ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഐന്‍സ്റ്റൈനായിരുന്നു. 1955ല്‍ മരണമടഞ്ഞ ഐന്‍സ്റ്റൈനിന്‍െറ സ്മരണ നിലനിര്‍ത്താനായി ആറ്റോമിക നമ്പര്‍ 99 ഉള്ള മൂലകത്തിന് ‘ഐന്‍സ്റ്റൈനീയം’ എന്ന പേര് നല്‍കി.

എന്‍റികോ ഫെര്‍മി

`````````````````````````````
അണുയുഗത്തിന് അടിത്തറ പാകിയ ശാസ്ത്രജ്ഞനാണ് ഇറ്റാലിയന്‍ വംശജനായ എന്‍റികോ ഫെര്‍മി. 1901ലായിരുന്നു ഇദ്ദേഹത്തിന്‍െറ ജനനം. ലോകത്തെ ആദ്യത്തെ നിയന്ത്രിത ന്യൂക്ളിയര്‍ ചെയിന്‍ റിയാക്ഷന്‍ കണ്ടുപിടിച്ച ബഹുമതിയും ഫെര്‍മിക്കുണ്ട്. ന്യൂട്രോണുകളെ കുറിച്ചുള്ള  ഫെര്‍മിയുടെ കണ്ടത്തെലാണ് കൃത്രിമ മൂലകങ്ങളുടെ നിര്‍മാണത്തിന് വഴിവെട്ടിയത്. ‘ഫെര്‍മിയം’ എന്നു പേരിട്ട 100ാമത്തെ മൂലകം എന്‍റികോയുടെ ഓര്‍മ നിലനിര്‍ത്തുന്നതാണ്. 


നീല്‍സ് ഹെന്‍റിക് ഡേവിഡ് ബോര്‍ 

`````````````````````````````````````````````````````````````````
ആറ്റത്തിന്‍െറ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തത്തിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞനാണ് ഡാനിഷ് വംശജനായ നീല്‍സ് ഹെന്‍റിക്. ഒരു ആറ്റത്തിന്‍െറ ബാഹ്യതയെ ഷെല്ലിലെ ഇലക്ട്രോണുകളാണ് അതിന്‍െറ രാസസ്വഭാവം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം കണ്ടത്തെി. അക്കാലത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു അത്. ആറ്റത്തെക്കുറിച്ചുള്ള തുടര്‍പഠനങ്ങള്‍ക്ക് ഇത് സഹായകമായി. നീല്‍സ് ഹെന്‍റിക് ഡേവിഡ് ബോറിനോടുള്ള ബഹുമാനാര്‍ഥം 107ാമത്തെ മൂലകത്തിന് ‘ബോറിയം’ എന്നു ശാസ്ത്രലോകം പേരിട്ടു.