പുസ്തക വെളിച്ചം
"ശാസ്ത്രകൗതുകം’ രജതജൂബിലി വര്‍ഷത്തിലേക്ക്
  • പ്രഫ. എം. ഹരിദാസ്
  • 10:27 AM
  • 25/07/2016

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചതും 1.6 ലക്ഷത്തിലധികം കോപ്പികള്‍ ചെലവഴിക്കപ്പെട്ടതുമായ ‘എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്’ എന്ന വൈജ്ഞാനികഗ്രന്ഥം ഈ കോളത്തില്‍ പണ്ട് പരിചയപ്പെടുത്തിയിട്ടുണ്ട്. അതേ ജനുസ്സില്‍പ്പെട്ടതും പരിഷത്തിന്‍െറതന്നെ പ്രസിദ്ധീകരണവുമായ ‘ശാസ്ത്രകൗതുകം’ കുറേക്കൂടി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കായി രൂപംനല്‍കിയതും അറുപതിനായിരത്തിലധികം കോപ്പികള്‍ പ്രചരിക്കപ്പെട്ടതുമായ മറ്റൊരു ജിജ്ഞാസാകോശമാണ് (science curiosity encyclopedia). 1982ല്‍ ഒന്നാം പതിപ്പായി പുറത്തുവന്ന ഈ കൃതി, പരിഷ്കരിച്ച് വിപുലപ്പെടുത്തിയ പതിപ്പുകളായി 11 പ്രാവശ്യം പുന$പ്രകാശനം ചെയ്യപ്പെട്ടു. പ്രഫ. എം. ശിവശങ്കരന്‍, ഡോ. എം.പി. പരമേശ്വരന്‍, പ്രഫ. പി.കെ. രവീന്ദ്രന്‍, പ്രഫ. കെ. പാപ്പുട്ടി, പ്രഫ. എം.കെ. പ്രസാദ്, ഡോ. ആര്‍.വി.ജി. മേനോന്‍, പ്രഫ. കെ.ആര്‍. ജനാര്‍ദനന്‍ എന്നിവരടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡാണ് ഉള്ളടക്കം തയാറാക്കിയിരിക്കുന്നത്. ഗ്രന്ഥത്തിന്‍െറ പ്രകാശനവേളയില്‍ ‘ഈ വിജ്ഞാനഗ്രന്ഥം മലയാളത്തിന്‍െറ മക്കളെ ഒരായിരം പുതിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരാക്കട്ടെ’ എന്ന് എസ്.കെ. പൊറ്റെക്കാട്ട് ആശംസിക്കുകയുണ്ടായി. അനുക്ഷണ വികസ്വരമായ ശാസ്ത്രത്തിന്‍െറ പുതിയ പുതിയ മേഖലകളെയും കണ്ടത്തെലുകളെയും ഉള്‍പ്പെടുത്തിയാണ് ഓരോ എഡിഷനും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ആദ്യ പതിപ്പില്‍ പേര് പറയുക മാത്രം ചെയ്തിരുന്ന പേഴ്സനല്‍ കമ്പ്യൂട്ടറും ക്ളോണിങ്ങും മറ്റും പിന്നീട് സ്വതന്ത്ര വൈജ്ഞാനിക ശാഖകളായി വികസിക്കുകയുണ്ടായല്ളോ. ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വിവരസാങ്കേതിക വിദ്യ, ഭൂവിജ്ഞാനീയം, പരിസ്ഥിതി വിജ്ഞാനം, ജീവശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ആരോഗ്യശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെ 12 ഭാഗങ്ങളായാണ് പുസ്തകം വിഭജിച്ചിരിക്കുന്നത്. ചോദ്യോത്തര രൂപത്തിലാണ് ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് സമഗ്രവും ഉപരിചിന്തക്ക് പ്രേരണനല്‍കുന്നവിധവുമാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. വെടിയുണ്ട തുളച്ചുകയറാത്ത ജാക്കറ്റുകള്‍ നിര്‍മിക്കുന്നതെങ്ങനെ? അഗ്നിപര്‍വതങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ? മണ്ണില്‍നിന്ന് മണ്ണിലേക്ക് എന്ന ചൊല്ലിന്‍െറ ശാസ്ത്രീയാടിസ്ഥാനമെന്ത്? ആഫ്രിക്കന്‍ പായല്‍ അതിവേഗം പടരുന്നതെന്തുകൊണ്ട്? നാളികേരത്തില്‍ വെള്ളം എങ്ങനെ വന്നു? മത്സ്യങ്ങളുടെ ആശയവിനിമയം എങ്ങനെ?... ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങളുടെ രീതി. ശുദ്ധ ശാസ്ത്രസംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാമാന്യ സംശയങ്ങള്‍ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങളും ഇടകലര്‍ന്നുവരുന്നത് കാണാം. മലയാളത്തിലുള്ള സാങ്കേതിക പദങ്ങള്‍ ആദ്യം ഉപയോഗിക്കുന്നിടത്ത് ഇംഗ്ളീഷിലുള്ള തത്തുല്യപദം ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. ജന്തുക്കളുടെയും സസ്യങ്ങളുടെയും ശാസ്ത്രനാമങ്ങള്‍ ചരിഞ്ഞ അക്ഷരത്തിലും കൊടുത്തിരിക്കുന്നു. അനുബന്ധമായി വിപുലമായ പദസൂചികയും നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍, പുസ്തകത്തിന്‍െറ പ്രയോജനക്ഷമത ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം പാലിച്ചിട്ടുള്ള ഈ വിജ്ഞാനകോശം പരിഷത്തില്‍നിന്ന് കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തിന് ലഭിച്ചിട്ടുള്ള മഹത്തായ ഒരു ഉപലബ്ധിയാണ്.