സ്കൂൾ പച്ച
വോട്ടര്‍മാരുടെ ലോകം
  • വി.കെ. ഹരിദാസ്
  • 09:53 AM
  • 25/01/2017

വി.കെ. ഹരിദാസ്
സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രതിനിധികളെ നിശ്ചയിക്കുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്ന പ്രക്രിയക്കാണ് തെരഞ്ഞെടുപ്പ് എന്നു പറയുന്നത്. നമ്മുടെ രാജ്യത്ത് ഒൗദ്യോഗികനേതൃത്വം ഏറ്റെടുക്കാനുള്ള വ്യക്തികളെ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് നിശ്ചയിക്കാറുള്ളത്. ബാലറ്റിലൂടെയോ വാക്കാലോ കൈ പൊക്കിയോ വോട്ട് ചെയ്യുന്ന രീതി മുമ്പുണ്ടായിരുന്നു. എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗപ്പെടുത്തുന്നതാണ് ആധുനിക വോട്ടിങ് രീതി.

തെരഞ്ഞെടുപ്പ് ഇന്ത്യയില്‍
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ 1892ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, അത് പൂര്‍ണ ജനപങ്കാളിത്തമുള്ളതായിരുന്നില്ല. സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കുമാത്രമേ വോട്ടവകാശം നല്‍കിയിരുന്നുള്ളൂ. സ്വതന്ത്ര ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തിലുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1952ലാണ് നടന്നത്. അതിനുശേഷം 1957, 1962, 1967, 1971, 1980, 1984, 1989, 1991, 1996, 1998, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ അഖിലേന്ത്യ തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നു.

കേരളത്തില്‍ 
1888ല്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ രാജാവിന്‍െറ ഭരണകാലത്ത് തിരുവിതാംകൂറില്‍ ആദ്യ നിയമനിര്‍മാണസഭ രൂപവത്കരിക്കുകയും അതിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. പിന്നീട്, 1931-49 കാലത്തെ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ ഭരണത്തില്‍ നടന്ന നിയമനിര്‍മാണസഭ പരിഷ്കരണത്തെ തുടര്‍ന്ന് 1932ല്‍ വിപുലമായ വോട്ടവകാശത്തോടുകൂടിയ തെരഞ്ഞെടുപ്പ് നടന്നു. മലബാറിന് 1909ല്‍ മദ്രാസ് പ്രസിഡന്‍സിയില്‍ പ്രാതിനിധ്യമുണ്ടായി. തിരു-കൊച്ചി സംസ്ഥാനമുണ്ടായപ്പോള്‍ 1951ലും 1954ലും തെരഞ്ഞെടുപ്പ് നടന്നു. കേരള സംസ്ഥാനം നിലവില്‍വന്ന ശേഷം 1957, 60, 65, 67, 70, 77, 80, 82, 91, 96, 2001, 2006, 2011, 2016 എന്നീ വര്‍ഷങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

സമ്മതിദായകര്‍ (Voters)
ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ഇക്കാര്യത്തിനായി വോട്ടവകാശം ലഭിച്ചിട്ടുള്ളവരെ സമ്മതിദായകര്‍ എന്നു വിളിക്കുന്നു. വോട്ടുചെയ്യുന്ന ആള്‍ ആ രാജ്യത്തെ പൗരനായിരിക്കണം. അയാള്‍ക്ക് ജനപ്രാതിനിധ്യനിയമമനുസരിച്ചുള്ള പ്രായം തികഞ്ഞിരിക്കണം. ഇന്ത്യയില്‍, നിലവിലുള്ള നിയമമനുസരിച്ച് 18 വയസ്സു തികഞ്ഞവരെ മാത്രമേ സമ്മതിദായകരാവാന്‍ അനുവദിക്കുകയുള്ളൂ. 

നിയോജകമണ്ഡലം 
(Constituency)
തെരഞ്ഞെടുപ്പില്‍ ഒരു പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുള്ള സമ്മതിദായകരുടെ എണ്ണത്തിന്‍െറ മാനദണ്ഡമനുസരിച്ച് കൂട്ടിച്ചേര്‍ത്ത പ്രദേശമാണ് നിയോജകമണ്ഡലം. നിയോജകമണ്ഡലത്തിന് പണ്ട് ഫര്‍ക്ക എന്നും പേരുണ്ടായിരുന്നു. മുമ്പ് ഏകാംഗമണ്ഡലങ്ങളും ദ്വയാംഗമണ്ഡലങ്ങളുമുണ്ടായിരുന്നു. ഇതുകൂടാതെ, സംവരണമണ്ഡലങ്ങളുമുണ്ട്. പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന്, നിയോജകമണ്ഡലം വാര്‍ഡാണ്. അസംബ്ളി തെരഞ്ഞെടുപ്പിന് ഏതാനും പഞ്ചായത്തുകളും ലോക്സഭ തെരഞ്ഞെടുപ്പിന് അസംബ്ളി നിയോജകമണ്ഡലങ്ങളും ചേര്‍ന്നതാണ് നിയോജകമണ്ഡലങ്ങള്‍.


തെരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുക. അതു മുതലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക. നിയോജകമണ്ഡല നിര്‍ണയവും വോട്ടര്‍പട്ടിക തയാറാക്കലും ഇതിനകം നടന്നുകഴിഞ്ഞിരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും പിന്‍വലിക്കാനും സൂക്ഷ്മപരിശോധനക്കും വോട്ടെടുപ്പു നടത്താനുമുള്ള തീയതികള്‍ തെരഞ്ഞെടുപ്പ് കമീഷനാണ് നിശ്ചയിക്കുക. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ മാത്രമേ പ്രചാരണത്തിന് അനുമതിയുള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ അവസാനിക്കുന്നതുവരെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കും. 

തെരഞ്ഞെടുപ്പ് കമീഷന്‍
ഭരണഘടനാപരമായ ഒരു പ്രധാന ഒൗദ്യോഗിക ഏജന്‍സിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍. ഭരണഘടനയുടെ 324ാം അനുച്ഛേദമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പരിപൂര്‍ണ ചുമതല തെരഞ്ഞെടുപ്പു കമീഷനില്‍ നിക്ഷിപ്തമാണ്. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടത്തേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്‍െറ ചുമതലയാണ്.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍
തെരഞ്ഞെടുപ്പ് രീതി, വോട്ടര്‍പട്ടിക തയാറാക്കല്‍, നിയോജകമണ്ഡലങ്ങള്‍ തിരിക്കല്‍, റിട്ടേണിങ് ഓഫിസര്‍മാരെയും പോളിങ് ഓഫിസര്‍മാരെയും പ്രിസൈഡിങ് ഓഫിസര്‍മാരെയും നിയമിക്കല്‍, സ്ഥാനാര്‍ഥികളുടെ യോഗ്യത നിര്‍ണയിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കല്‍, അതിനുള്ള ഫീസടക്കല്‍, നോമിനേഷന്‍ പിന്‍വലിക്കല്‍, നോമിനേഷന്‍ പേപ്പര്‍ സൂക്ഷ്മപരിശോധന നടത്തി സ്ഥാനാര്‍ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കല്‍, തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിക്കല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കല്‍, വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളോ അഴിമതിയോ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കല്‍, തെരഞ്ഞെടുപ്പ് റദ്ദാക്കല്‍, തെരഞ്ഞെടുപ്പ് കേസുകള്‍ കേള്‍ക്കല്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്.

തെരഞ്ഞെടുപ്പു ഹരജി
തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി, ഒൗദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം 1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് താഴെപ്പറയുന്ന കാരണങ്ങളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു ഹരജി സമര്‍പ്പിക്കാവുന്നതാണ്.
ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍, ജയിച്ച സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ ഹൈകോടതിക്ക് അധികാരമുണ്ട്.


നിയമസഭകള്‍
ഇന്ത്യന്‍ ഭരണഘടനയുടെ 168ാം വകുപ്പനുസരിച്ച് സംസ്ഥാന ഗവര്‍ണറും നിയമനിര്‍മാണസഭയും അടങ്ങുന്നതാണ് നിയമസഭ. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നിയമപാലനം എന്നിവ നിര്‍വഹിക്കുന്നത് നിയമസഭകളാണ്. ചില സംസ്ഥാനങ്ങള്‍ക്ക് ജനപ്രതിനിധിസഭയായ ലെജിസ്ളേറ്റിവ് അസംബ്ളിയെക്കൂടാതെ, ഉപരിസഭയായ ലെജിസ്ളേറ്റിവ് കൗണ്‍സിലുംകൂടി ഉണ്ടായിരിക്കും. 
നിയമസഭ സ്പീക്കര്‍
നിയമസഭയുടെ പരമാധികാരി സ്പീക്കറാണ്. സ്പീക്കര്‍ എഴുന്നേറ്റുനിന്നാല്‍ സഭ നിശ്ശബ്ദമാകണം. ഒരംഗം സംസാരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍പോലും സംഭാഷണം നിര്‍ത്തണം. അംഗത്തെ സംസാരിക്കാന്‍ ക്ഷണിക്കുന്നതും സമയം നിശ്ചയിക്കുന്നതും സ്പീക്കറാണ്. ഒരംഗം ക്രമപ്രശ്നമുന്നയിച്ചാല്‍ അതിന്മേല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുന്നത് സ്പീക്കറാണ്. സഭാനടപടികളില്‍ അപമര്യാദയായി ഇടപെടുന്ന അംഗത്തെ സഭക്ക് പുറത്തുപോകാന്‍ നിര്‍ദേശിക്കാനും സസ്പെന്‍ഡ് ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍
സ്പീക്കര്‍ കഴിഞ്ഞാല്‍ ഭരണഘടനാപരമായി അധികാരാവകാശമുള്ള സ്ഥാനമാണ് ഡെപ്യൂട്ടി സ്പീക്കറുടേത്. സ്പീക്കറുടെ അഭാവത്തില്‍ സഭാധ്യക്ഷ സ്ഥാനം നിര്‍വഹിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സ്പീക്കറുടെ എല്ലാ അധികാരങ്ങളുമുണ്ട്. സഭയുടെ മറ്റ് നടപടിക്രമങ്ങളിലും വോട്ടെടുപ്പിലും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സാധാരണഗതിയില്‍ പങ്കെടുക്കാം. എന്നാല്‍, ഈ അവകാശം അധ്യക്ഷസ്ഥാനത്തിരിക്കുമ്പോള്‍ ഉണ്ടായിരിക്കില്ല.
 

അധ്യക്ഷ നിര 
(Panel of chairmen)
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരുടെ അഭാവത്തില്‍ സഭയില്‍ അധ്യക്ഷ പദത്തിലിരിക്കുന്നതിന് ഓരോ സമ്മേളനത്തിന്‍െറയും തുടക്കത്തില്‍ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്യുന്ന മൂന്ന് പരിചയ സമ്പന്നരായ അംഗങ്ങള്‍ അടങ്ങിയതായിരിക്കും സമിതി. സാധാരണയായി ഇതില്‍ രണ്ടുപേര്‍ ഭരണപക്ഷത്തുനിന്നും ഒരാള്‍ പ്രതിപക്ഷത്തുനിന്നുമായിരിക്കും. സഭാധ്യക്ഷസ്ഥാനം വഹിക്കുന്ന വേളയില്‍ ഈ അംഗങ്ങള്‍ക്ക് സ്പീക്കറുടെ എല്ലാവിധ അവകാശാധികാരങ്ങളും ഉണ്ടായിരിക്കും. 

ഗവര്‍ണര്‍
ഭരണഘടനാപരമായി സംസ്ഥാന ഭരണത്തലവന്‍ സംസ്ഥാന ഗവര്‍ണറാണ്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മറ്റുമന്ത്രിമാരെയും നിയമിക്കുന്നത് ഗവര്‍ണറാണ്. നിയമസഭ വിളിച്ചുകൂട്ടുക, നിര്‍ത്തിവെക്കുക, പിരിച്ചുവിടുക എന്നിവ ഗവര്‍ണറുടെ അധികാരപരിധിയില്‍പെടുന്നവയാണ്. 

നിയമസഭ സമ്മേളനം
ഓരോ പൊതുതെരഞ്ഞെടുപ്പിനുശേഷവും നിയമസഭയിലേക്കുള്ള ആദ്യത്തെ സമ്മേളനം ആരംഭിക്കുമ്പോഴും ഓരോ വര്‍ഷത്തെയും ആദ്യ സമ്മേളനാരംഭത്തിലും ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയ്യുകയും സഭ വിളിച്ചുകൂട്ടിയതിന്‍െറ ലക്ഷ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യേണ്ടതാണ്. ഇതിനെ ‘നയപ്രഖ്യാപന പ്രസംഗം’ എന്നാണ് പറയുക.

ബജറ്റ് അവതരണം
ഓരോ വര്‍ഷവും ഒരു നിശ്ചിത ദിവസം നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാറുണ്ട്. ധനമന്ത്രിക്കാണ് അതിന്‍െറ ചുമതല. ബജറ്റ് പ്രസംഗത്തോടുകൂടിയാണ് ബജറ്റ് അവതരിപ്പിക്കുക. ഒരു സാമ്പത്തികവര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന വരുമാനവും ചെലവും ഉള്‍കൊള്ളുന്ന ധനകാര്യ പ്രസ്താവന ബജറ്റിലുണ്ടായിരിക്കും.
 
ധനാഭ്യര്‍ഥന
ബജറ്റ് അവതരിപ്പിച്ചശേഷം ധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ്. വിവിധ വകുപ്പുകളിന്മേലുള്ള ധനാഭ്യര്‍ഥനകളെ അതാത് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിമാര്‍ തന്നെയാണ് സഭയില്‍ വിശദീകരിക്കുക. തുടര്‍ന്ന് അംഗങ്ങള്‍ സംസാരിക്കും.
 
ധനവിനിയോഗ 
ബില്ലിന്മേലുള്ള ചര്‍ച്ചയും 
വോട്ടെടുപ്പും
എല്ലാ ധനാഭ്യര്‍ഥനകളും സഭ പാസാക്കിയതിനുശേഷം ധനവിനിയോഗ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നു. ധനാഭ്യര്‍ഥനയുടെ ചര്‍ച്ചാവേളയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ മാത്രമേ ധനവിനിയോഗ ബില്‍ ചര്‍ച്ചയില്‍ ഉന്നയിക്കാവൂ. ഇതിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും ഒരേദിവസംതന്നെ നടത്തുന്നതാണ്. 

ധനകാര്യബില്‍
സര്‍ക്കാറിന്‍െറ ധനകാര്യ നിര്‍ദേശങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനായി ബജറ്റിന്മേലുള്ള പൊതുചര്‍ച്ചക്കുശേഷം ധനകാര്യബില്‍ അവതരിപ്പിക്കുന്നു. ധനകാര്യബില്‍ 120 ദിവസത്തിനുള്ളില്‍ പാസാക്കണം. 

കണ്‍സോളിഡേറ്റഡ് ഫണ്ട്
ബജറ്റിലെ ചെലവുകളെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചുമത്തപ്പെട്ടിരിക്കുന്ന  ചെലവുകളെന്നും കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ചുമത്തപ്പെടാത്ത ചെലവുകളെന്നും വെവ്വേറെ കാണിച്ചിരിക്കണം. 

നിയമസഭ കമ്മിറ്റികള്‍
സഭക്കുമുമ്പാകെ വരുന്ന നിയമനിര്‍മാണപരവും ഭരണപരവുമായ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവയാണ് നിയമസഭ സമിതികള്‍. നിയമസഭ സമിതികള്‍ രണ്ടുതരമുണ്ട്. അഡ്ഹോക്ക് കമ്മിറ്റികള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍.

അഡ്ഹോക്ക് കമ്മിറ്റികള്‍
ഒരു നിശ്ചിത നടപടി പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി മാത്രമായി രൂപവത്കരിക്കപ്പെടുന്ന സമിതികളാണ് അഡ്ഹോക്ക് സമിതികള്‍. പ്രസ്തുത നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി അവ ഇല്ലാതാവുകയും ചെയ്യും. 

സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍
ധനകാര്യ സമിതികള്‍ 
(സഭ തെരഞ്ഞെടുത്തത്)
1. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി
2. എസ്റ്റിമേറ്റ് കമ്മിറ്റി
3. പൊതുമേഖല സ്ഥാപനങ്ങള്‍ക്കായുള്ള സമിതി

സഭാനേതാവ്
സഭാനേതാവ് മുഖ്യമന്ത്രിയായിരിക്കും. സഭാസമ്മേളനം വിളിച്ചുചേര്‍ക്കാനും നിര്‍ത്തിവെക്കുന്നതിനുമുള്ള നിര്‍ദേശം നല്‍കുന്നതും സഭാനേതാവാണ്. നടപടിക്രമങ്ങളും മറ്റ് അജണ്ടകളും അവയുടെ മുന്‍ഗണനയും നിശ്ചയിച്ച് നിര്‍ദേശിക്കുന്നതും സഭാനേതാവായിരിക്കും. സ്പീക്കര്‍ സഭാനേതാവുമായി ആലോചിച്ചുമാത്രമേ നടപടിക്രമങ്ങള്‍ തീരുമാനിക്കാവൂ എന്നാണ് ചട്ടം.

പ്രതിപക്ഷ നേതാവ്
സഭയില്‍ ഏറ്റവുംകൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷ കക്ഷിയുടെ നേതാവാണ് പ്രതിപക്ഷ നേതാവ്. സഭാനേതാവിന് സമാനമായ പ്രത്യേക അവകാശം സഭക്കുള്ളില്‍ പ്രതിപക്ഷനേതാവിനുണ്ട്. പക്ഷേ, അധികാരങ്ങളുണ്ടായിരിക്കില്ല. 

കക്ഷിനേതാക്കള്‍
നിയമസഭയില്‍ ഒരു നിശ്ചിത എണ്ണം അംഗങ്ങള്‍ സ്വന്തമായുള്ള പാര്‍ട്ടിയെ നിയമസഭാകക്ഷി എന്ന് പറയാം. എട്ടംഗങ്ങള്‍ക്ക് താഴെ രണ്ടുപേര്‍ വരെ മാത്രമുള്ളവയെ നിയമസഭാഗ്രൂപ് എന്നുവിളിക്കുന്നു. ഓരോ നിയമസഭാകക്ഷിക്കും ഓരോ നേതാവുണ്ടായിരിക്കും. അദ്ദേഹം ‘നിയമസഭ പാര്‍ട്ടി സെക്രട്ടറി’ എന്നറിയപ്പെടുന്നു.

നിയമസഭ സെക്രട്ടറിയും 
സെക്രട്ടേറിയറ്റും
നിയമസഭ സെക്രട്ടറി മുഖ്യചുമതലക്കാരനായുള്ള ഒരു ഉദ്യോഗസ്ഥവൃന്ദവും നിയമസഭയുടെ ഭാഗമാണ്്. സ്പീക്കറുടെ നിയന്ത്രണാധീനതയിലാണ് നിയമസഭ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നത്. നിയമസഭ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമവും സമുചിതവുമാകുന്നതിന് ഈ ഒൗദ്യോഗികവൃന്ദത്തിന്‍െറ പങ്ക് നിര്‍ണായകമാണ്.