പുസ്തക വെളിച്ചം
വിശ്വാസത്തിലേക്ക് വീണ്ടും
  • പ്രഫ. എം. ഹരിദാസ്
  • 12:24 PM
  • 05/09/2016

ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടര്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ ദാര്‍ശനികനായ ഭരണാധികാരി എന്നാണ് അറിയപ്പെടുന്നത്. പ്രഗല്ഭനായ തത്ത്വചിന്താധ്യാപകനായിരുന്ന അദ്ദേഹം നാളിതുവരെയുള്ള ലോകദര്‍ശനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് നിരവധി കൃതികള്‍ രചിച്ചു. അക്കൂട്ടത്തില്‍പെട്ട ഒരു ചെറിയ കൃതിയാണ് വിശ്വാസത്തിലേക്ക് വീണ്ടും (recovery of faith). പ്രമുഖ ചിന്തകര്‍ എഴുതിയ ‘വിശ്വദര്‍ശനങ്ങള്‍’ എന്ന പരമ്പരയില്‍പെടുത്തി ദക്ഷിണ ഭാഷാഗ്രന്ഥ മണ്ഡലം പ്രസിദ്ധീകരിച്ച ഈ കൃതിയുടെ മലയാള വിവര്‍ത്തകന്‍ പ്രഫ. എം.കെ. സാനുവാണ്.
മനുഷ്യര്‍ വിശ്വാസ സംബന്ധമായി ഒരു പ്രതിസന്ധിയിലാണെന്ന് ഡോ. രാധാകൃഷ്ണന്‍ ആമുഖത്തില്‍ എടുത്തുപറയുന്നു. പഴയ മതങ്ങള്‍ക്കോ പുതിയ ഭൗതികജീവിത ദര്‍ശനങ്ങള്‍ക്കോ മനുഷ്യര്‍ക്ക് ആശ്വാസംപകരാന്‍ കഴിയുന്നില്ല. ശാസ്ത്രവും ടെക്നോളജിയും ജീവിതത്തിന്‍െറ ഭൗതികസാഹചര്യങ്ങളില്‍ വലിയ മാറ്റം വരുത്തിയെങ്കിലും മനുഷ്യമനസ്സുകളെ നന്മയിലേക്ക് ഉയര്‍ത്താനോ മാനസിക വ്യഥകള്‍ക്ക് ആശ്വാസംപകരാനോ അതിന് കഴിയുന്നില്ല. ഇതിന് പരിഹാരമായി മതപരവും ശാസ്ത്രീയവും കലാപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആയ സ്വാധീനങ്ങളുടെ ഏകീകരണമാണ് രാധാകൃഷ്ണന്‍ നിര്‍ദേശിക്കുന്നത്. ആ നിഗമനത്തിന് പശ്ചാത്തലമായി ലോകത്തിലെ വിവിധ മതങ്ങളെയും ദര്‍ശനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. ‘വിശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍’ എന്ന ആദ്യത്തെ അധ്യായത്തില്‍ മതത്തിന് പകരം വളര്‍ന്നുവന്ന വിവിധ മതങ്ങളെയും ദര്‍ശനങ്ങളെയും പരിചയപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനില്‍ ആധ്യാത്മിക ചിന്ത കടന്നുകൂടിയതിന്‍െറ ചരിത്രം ‘യാഥാര്‍ഥ്യത്തിന് വേണ്ടിയുള്ള അന്വേഷണം’ എന്ന രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. തുടര്‍ന്നുവരുന്ന അധ്യായത്തില്‍ ഹിന്ദുമതം, താവോയിസം, യഹൂദമതം, യവനമതം, സൗരാഷ്ട്രമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെക്കുറിച്ച് സാമാന്യമായ വിവരണം നല്‍കുന്നു. ഏതെങ്കിലും ഒരു പ്രത്യേകമായ വിശ്വാസ പ്രമാണത്തെ അംഗീകരിക്കുകയും അതേസമയം, അരൂപമായ പരമസത്യത്തെ പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അവസ്ഥയാണ് തുടര്‍ന്ന് പ്രതിപാദിക്കുന്നത്. ഭക്തി-കര്‍മ-ജ്ഞാന മാര്‍ഗങ്ങളിലൂടെ സത്യത്തെ സമീപിക്കുന്ന വിധം വിവിധ മതങ്ങള്‍ താരതമ്യംകൊണ്ട് വിശദീകരിച്ചിട്ടുണ്ട്. 
മതങ്ങളുടെ പരസ്പര സൗഹാര്‍ദം എന്ന ആശയത്തില്‍ ഊന്നിയാണ് കൃതി അവസാനിപ്പിച്ചിരിക്കുന്നത്. സ്വന്തം മതത്തിന്‍െറ മൗലികസത്യങ്ങള്‍ പോലും അറിഞ്ഞുകൂടാത്തതാണ് മതങ്ങള്‍ തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് ധരിക്കുന്നതിന് കാരണം. സ്വന്തം മതം മാത്രമാണ് ശരിയെന്ന പിടിവാശിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. എല്ലാ മതവിഭാഗങ്ങളിലും തങ്ങളുടെ പ്രത്യേക വിശ്വാസങ്ങളുടെ ചക്രവാളത്തിനപ്പുറത്തേക്ക് കാണാന്‍ കഴിയുന്നവരായ ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ട്. അവര്‍ ഭൂരിപക്ഷം ആകുമ്പോഴാണ് ലോകത്തില്‍ സമാധാനം പുലരൂ എന്ന് രാധാകൃഷ്ണന്‍ വിശ്വസിക്കുന്നു. 

 

ഡോ. എസ്. രാധാകൃഷ്ണന്‍ ജീവിതരേഖ
ജനനം: 1888 സെപ്റ്റംബര്‍ 5 തിരുത്തണി (ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യ).
പദവികള്‍: വിവിധ സര്‍വകലാശാലകളില്‍ പ്രഫസര്‍, ദാര്‍ശനികന്‍, ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് (1952-62), ഇന്ത്യന്‍ പ്രസിഡന്‍റ് (1962-67). കൃതികള്‍: A Source book in Indian philosophy, An idealist view of life, the principal upanishads തുടങ്ങി നിരവധി തത്ത്വശാസ്ത്ര ഗ്രന്ഥങ്ങള്‍. 
പുരസ്കാരങ്ങള്‍: ഭാരത്രത്ന (1954), ഓര്‍ഡര്‍ ഓഫ് മെറിറ്റ് (1963), ടെംപിള്‍ടന്‍ പ്രൈസ്. ചരമം: 1975