നാളറിവ്
വിവരം അവകാശം
 • അമീർ സാദിഖ്​
 • 10:55 AM
 • 13/10/2018

അധികാരികൾ നാടിനും നാട്ടാർക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അതിന്​ ചെലവാക്കിയ പണത്തെക്കുറിച്ചും​ ആർക്കൊക്കെ എന്തൊക്കെ നൽകി, വാങ്ങി എന്നിങ്ങനെ നൂലിഴ കീറി അറിയാനുള്ള അവസരം നമുക്കോരോരുത്തർക്കുമുണ്ട്​​. അതെ! വിവരങ്ങൾ വ്യക്​തവും കൃത്യവുമായി അറിയാനുള്ള അവകാശം നമുക്ക് തീറെഴുതിത്തന്നത്​​ ഭരണഘടനയാണ്​. 
എന്നാൽ, ഭരണവും അതി​െൻറ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ രഹസ്യമാക്കിവെക്കാൻ ഭരണാധികാരികൾക്കും ഉത്തരവാദിത്തമുണ്ട്​ എന്നുള്ളതും മറക്കാതിരിക്കാം

എന്തിനെക്കുറിച്ചും വിവരം വേണമെന്ന്​ ആഗ്രഹിക്കുന്ന ജനവിഭാഗമാണ്​ മലയാളികൾ. മലയാളികൾക്ക്​ വിവരങ്ങളുമായി ഒഴിച്ചുകൂടാനാകാത്ത ബന്ധമുണ്ട്​. അത്​ രസകരമാണ്​. നമ്മിൽ ചിലർ നിത്യജീവിതത്തിൽ പ്രയോഗിക്കുന്ന ചില വാക്കുകൾ കടമെടുത്താലോ. വിവരക്കേട്​, വിവരം കെട്ടവൻ, വിവരമില്ലാത്തവൻ, വിവരദോഷി, നിനക്ക്​ വിവരമുണ്ടോ, എന്താ ഒരു വിവരവുമില്ലല്ലോ... ഇങ്ങനെ പോകുന്നു. വിവരം കുറവുള്ളവരെന്ന്​ കളിയാക്കാൻ മിടുക്ക്​ കാട്ടുന്നവർ വിവരങ്ങൾ അറിയാൻ ​ശ്രമിക്കുന്നുണ്ടോ? വിവരങ്ങൾ അറിയാനുള്ള നമ്മുടെ അവകാശത്തെ വിനിയോഗിക്കുന്നുണ്ടോ?
നമ്മൾ ഒാരോരുത്തരും ഇന്ത്യ മഹാരാജ്യത്തെ പൗരന്മാരാണ്​. ഒാരോ പൗരനും ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നതെല്ലാം ചിന്തിക്കാനും പറയാനും ചെയ്യാനും പഠിക്കാനും അറിയാനുമുള്ള അവകാശമുണ്ട്​. ആശയപ്രകടനത്തിനും സമത്വത്തിനും ആരാധനക്കും വിദ്യാഭ്യാസത്തിനും സ്വത്തിനും എന്നുവേണ്ട രാഷ്​ട്രീയ പാർട്ടി രൂപവത്​കരിക്കാൻ പോലുമുള്ള സ്വാതന്ത്ര്യവും അവകാശവും നമ്മുടെ ഭരണഘടന നൽകുന്നുണ്ട്​. എല്ലാർക്കും തുല്യ അവകാശം. ആർക്കും ഏറിയും കുറഞ്ഞുമില്ല. 

നമ്മുടെ ഭരണഘടനയെ കുറിച്ച്​ കൂട്ടുകാർ പഠിച്ചിരിക്കുമല്ലോ. ഡോ. ഭീമറാവു റാംജി അംബേദ്​കറാണ്​ മഹത്തായതും ലോകത്തിലെ വലുതുമായ നമ്മുടെ ഭരണഘടനയുടെ ശിൽപി. 1949 നവംബർ 26നാണ്​ ഭരണഘടന അംഗീകരിക്കുകയും അത്​ നിയമമാക്കപ്പെടുകയും ചെയ്​തത്​. ഇൗ ദിനമാണ്​​ നാം ഭാരതീയർ എല്ലാ വർഷവും നവംബർ 26ന്​ നിയമദിനമായി ആചരിക്കുന്നത്​.
1950 ജനുവരി 25നാണ്‌ ഇന്ത്യയുടെ ഭരണഘടനാ സഭയുടെ അംഗങ്ങൾ ഒപ്പു​െവക്കുന്നത്. ശേഷം ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്‌തത്‌ 1950 ജനുവരി 26നായിരുന്നു. ഇതി​െൻറ ഓർമ പുതുക്കലായാണ്​​ ഒാരോ വർഷവും ജനുവരി 26ന്​ ഭാരതീയർ റിപ്പബ്ലിക്ക് ദിനമായി കൊണ്ടാടുന്നതും​.

നിങ്ങൾക്കറിയണോ? 
നിങ്ങൾക്കറിയണോന്ന്?

ഒാരോ തെരഞ്ഞെടുപ്പിലും നമ്മൾ വോട്ട്​ ചെയ്​ത്​ വിജയിപ്പിച്ച്​ വിടുന്ന ഭരണകർത്താക്കൾ നമ്മെ സേവിക്കുന്നത്​ എങ്ങനെ എന്നറിയാനുള്ള അവകാശം നമുക്കുണ്ടോ? എന്നാൽ കേ​േട്ടാളൂ, കേവലം അതുമാത്രമല്ല. ഭരണവുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും നമുക്ക്​ അറിയാനുള്ള അവകാശമുണ്ട്​. അധികാരികൾ നാടിനും നാട്ടാർക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അതിന്​ ചെലവാക്കിയ പണത്തെക്കുറിച്ചും​ ആർക്കൊക്കെ എന്തൊക്കെ നൽകി, വാങ്ങി എന്നിങ്ങനെ നൂലിഴ കീറി അറിയാനുള്ള അവസരം നമുക്കോരോരുത്തർക്കുമുണ്ട്​​. 
അതെ! വിവരങ്ങൾ വ്യക്​തവും കൃത്യവുമായി അറിയാനുള്ള അവകാശം നമുക്ക് തീറെഴുതിത്തന്നത്​​ ഭരണഘടനയാണ്​. എന്നാൽ, ഭരണവും അതി​െൻറ സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ രഹസ്യമാക്കിവെക്കാൻ ഭരണാധികാരികൾക്കും ഉത്തരവാദിത്തമുണ്ട്​ എന്നുള്ളതും മറക്കാതിരിക്കാം.

എന്താണ്​ വിവരാവകാശം?
വിവരത്തിനുമേൽ പൗരന്മാർക്കുള്ള അവകാശം. ഇതാണ്​ ഏറ്റവും ലളിതമായ വിശദീകരണം. ഒരു ചെറിയ ഉദാഹരണത്തിലൂടെ തുടങ്ങിയാലോ... 
നിങ്ങൾക്ക്​ ഒരു സൈക്കിൾ വാങ്ങണം. ​കൈയിൽ 5000 രൂപയുണ്ട്​. കൈയിലുള്ള പണത്തി​െൻറ മൂല്യത്തിന്​ തുല്യമായതോ അതിൽ കൂടിയതോ ആയ മികച്ച ഒരു സൈക്കിൾ വാങ്ങാൻ നിങ്ങൾ കടകൾതോറും അന്വേഷണം നടത്തും അല്ലേ? നല്ല കമ്പനികളെ കുറിച്ച്​ പഠിക്കുന്നു, സൈക്കിളി​െൻറ യഥാർഥ വില തേടുന്നു, സുഹൃത്തുക്കളോട്​ അഭിപ്രായം ചോദിക്കുന്നു, ഇൻറർനെറ്റിൽ പരതുന്നു, ഒടുവിൽ ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നല്ലൊരു സൈക്കിൾ വാങ്ങാൻ തീരുമാനിക്കുന്നു. ഇവിടെ കൂട്ടുകാർ ഏത്​ സൈക്കിൾ വാങ്ങണം എന്ന തീരുമാനം എടുക്കുന്നതിന്​ എത്രത്തോളം വിവരങ്ങളാണ്​ ശേഖരിക്കുന്നത്​. നിങ്ങളുടെ വ്യക്​തിജീവിതത്തിൽ ഒരു മികച്ച തീരുമാനമെടുക്കുന്നതിന്​ വിവരങ്ങൾക്കുള്ള പ്രാധാന്യം ഇൗ ചെറിയ​ ഉദാഹരണത്തിലൂടെ മനസ്സിലായിക്കാണുമല്ലോ... 
ഇങ്ങനെ വ്യക്​തിജീവിതത്തിലും രാജ്യത്തിലെ പൗരൻ എന്ന നിലയിലും മനുഷ്യന്​ വിവരങ്ങൾ അത്യാവശ്യമാണ്​. ഒരു വ്യക്​തിക്ക് അയാളുടെ​ സ്വകാര്യമായ ഉന്നമനത്തിന്​ വിവരങ്ങൾ വേണം. അതുപോലെത്തന്നെ രാജ്യത്തിലെ പൗരൻ എന്ന നിലക്ക്​ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും വിവരങ്ങൾ വേണ്ടിവരും​.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറിെൻറ ഭരണത്തെക്കുറിച്ചും നയങ്ങളെ കുറിച്ചും പ്രവർത്തനങ്ങ​െള കുറിച്ചും പരിപാടികളെ കുറിച്ചും അവയുടെ പൊതുതാൽപര്യത്തി​െൻറ ഏറ്റക്കുറച്ചിലുകളെ കുറിച്ചും അറിയാൻ പൗരനുള്ള അവകാശം. പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ പൗരന്മാർക്ക്​ ലഭ്യമാക്കാനുള്ള നിയമമാണ്​ വിവരാവകാശ നിയമം. കേവലം പത്ത്​ രൂപ ഫീസടച്ച്​ അപേക്ഷിച്ചാൽ സർക്കാർ രേഖകൾ സാധാരണക്കാരന്​ ലഭ്യമാകും എന്നതാണ്​ ഇതി​െൻറ പ്രത്യേകത. സ്വന്തം ആവശ്യങ്ങൾക്കായി നേടിയെടുക്കേണ്ട രേഖകൾ മുതൽ പൊതുതാൽപര്യം മുൻനിർത്തിയുള്ള രേഖകൾ വരെ ഇതി​െൻറ പരിധിയിൽ പെടുന്നതാണ്​. പ്രധാനമായും ഗവൺമെൻറ്​ നടപടികളിലും സ്ഥാപനങ്ങളിലുമാണ്​​ നമുക്ക്​ വിവരാവകാശം ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്​​. അപേക്ഷ നൽകി ലഭ്യമാക്കുന്നത്​ മാത്രമല്ല വിവരാവകാശം. അപേക്ഷ നൽകാതെയും പണമടക്കാതെയും സർക്കാറും സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ പൊതുജനങ്ങൾക്ക്​ ലഭ്യമാക്കണം.

പരമാധികാരം ജനങ്ങൾക്ക്​
പരമാധികാരം ജനങ്ങൾക്കാണ്​. അപ്പോൾ ഭരണാധികാരികൾ ആരാണ്​ എന്ന ചോദ്യം വരും. അവർ പൗരന്മാർ തെരഞ്ഞെടുത്ത പ്രതിനിധികൾ മാത്രമാണ്​. ജനങ്ങൾക്കുള്ള പരമാധികാരം അവർ വിനിയോഗിക്കുന്നത്​ എങ്ങനെയാണ്​? അത്​ വർഷങ്ങൾ ഇടവിട്ടുള്ള തെരഞ്ഞെടുപ്പുകളിലാണ്​. ജനങ്ങൾ തെരഞ്ഞെടുപ്പ്​ എന്ന പ്രക്രിയയിലൂടെ  അധികാരം ചിലരെ ഏൽപിക്കുന്നു എന്നത്​ മാത്രമാണ്​ അവിടെ സംഭവിക്കുന്നത്​. അവർ ആ അധികാരം ഉപയോഗിച്ച്​ ഭരിക്കുന്നു.
തെരഞ്ഞെടുത്ത പ്രതിനിധികൾ എങ്ങനെ അധികാരം വിനിയോഗിക്കുന്നു എന്നുള്ളതി​െന കുറിച്ച്​ ജനങ്ങൾക്ക്​ ആകാംക്ഷ കാണുമല്ലോ. അവിടെ അധികാരികൾ കാണിക്കുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അതിനെതിരെ ശബ്​ദിക്കാനും ഒരു പൊതുവികാരം ഭരണാധികാരികൾക്കെതിരെ ഉണ്ടാവാനും വേണ്ട പ്രധാനപ്പെട്ട ഘടകമാണ്​ വിവരം. ഭരണതലത്തിലെ പ്രവർത്തനങ്ങളെ ക്കുറിച്ച്​ ജനങ്ങൾക്ക്​ ശരിയായ അറിവുണ്ടെങ്കിൽ മാത്രമേ ജനാധിപത്യം അർഥവത്താവുകയുള്ളൂ. ജനാധിപത്യ രാഷ്​ട്രങ്ങളിൽ വിവരങ്ങളുടെ നിലക്കാത്ത പ്രവാഹമുണ്ടാവണം. അതില്ലെങ്കിൽ അതൊരു പട്ടാളഭരണം പോലെയാകും. പട്ടാള ഭരണത്തിലും ഏകാധിപത്യ ഭരണത്തിലും സംഭവിക്കുന്നതെന്താണ്​? അവിടെ വിവരങ്ങൾ ജനങ്ങളിലേക്ക്​ എത്തുന്നത്​ തടഞ്ഞുവെക്കുന്നു. ഭരണാധികാരികൾ ആഗ്രഹിക്കുന്ന വിവരങ്ങളാണ്​ പൗരന്മാരിലെത്തുന്നത്​. ഒരു ജനാധിപത്യ സംവിധാനത്തിൽ വിവരങ്ങൾക്കുള്ള പ്രാധാന്യം എ​ത്ര​േത്താളമാണ്​ അല്ലേ.

കുട്ടികൾക്കും വിവരാവകാശം 
ഉത്തർപ്രദേശിലെ ​െഎശ്വര്യ പരാഷർ എന്ന 10 വയസ്സുകാരി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക്​ ഒരു അപേക്ഷ അയച്ചു. എന്താണ്​ അപേക്ഷ എന്ന്​ കേൾക്കണോ. അത്​  മഹാത്മാഗാന്ധിയെ രാഷ്​ട്രപിതാവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവി​െൻറ പകർപ്പ്​ ആവശ്യപ്പെട്ടുള്ള അപേക്ഷയായിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നും ​െഎശ്വര്യ നൽകിയ അപേക്ഷ നാഷനൽ ആർക്കൈവ്​സ്​ ഒാഫ്​ ഇന്ത്യക്ക്​ കൈമാറി. എന്നാൽ, ​െഎശ്വര്യ ആവശ്യപ്പെട്ട ഉത്തരവ്​ കണ്ടെത്താനായില്ല എന്നായിരുന്നു ആർക്കൈവ്​സ്​ അധികൃതരുടെ പ്രതികരണം. ഒപ്പം അവരുടെ ഒാഫിസിലെ രേഖകൾ നേരിട്ട്​ പരിശോധിക്കാനുള്ള അനുമതിയും അധികൃതർ 10 വയസ്സുകാരിയായ ​െഎശ്വര്യക്ക്​ നൽകി.
ഇന്ന്​ വിവരാവകാശ നിയമത്തി​െൻറ ഉപയോഗം എല്ലാ തലത്തിലേക്കും വ്യാപിക്കുകയാണ്​. ​െഎശ്വര്യയെ പോലെ നിങ്ങൾക്കും പഠനാവശ്യങ്ങൾക്കായി വിവരാവകാശ നിയമം ഉപയോഗപ്പെടുത്താം. അധ്യാപകരുടെ സഹായത്തോടെ നിങ്ങൾ അതിന്​​ ശ്രമിക്കുമല്ലോ...

വിവരാവകാശം നിയമമായത്​ എങ്ങനെ?
വിവരങ്ങൾ പൗര​െൻറ അവകാശമായത്​ ഒരു സുപ്രഭാതത്തിലല്ല. അതിന്​ പിന്നിൽ ഒരു സത്രീയുടെ സർവതും ത്യജിച്ചുള്ള രണ്ട്​ ദശകങ്ങളുടെ അധ്വാനമുണ്ട്​. ഭാരതസർക്കാറി​െൻറ ഉന്നത പദവിയിലിരുന്ന ​െഎ.എ.എസുകാരിയായ അരുണ റോയ്,​ അവരുടെ പദവികൾ ഉപേക്ഷിച്ച്​ നടത്തിയ രണ്ടു പതിറ്റാണ്ടുകൾ നീണ്ട സമരത്തി​െൻറ ബാക്കിപത്രമാണ്​ നാം ഇന്ന്​ അനുഭവിക്കുന്ന മഹത്തായ വിവരാവകാശ നിയമം. സമൂഹത്തിലെ അധസ്ഥിത വിഭാഗത്തിനുവേണ്ടി അരുണ റോയ്​ സ്ഥാപിച്ച സംഘടനയായിരുന്നു മസ്​ദൂർ കിസാൻ ശക്​തി സങ്കതൻ.
2005 മേയ്​ 11ന്​ ലോക്​സഭ പാസാക്കിയ വിവരാവകാശ നിയമത്തിന്​ അതേവർഷം ജൂൺ 15ന്​ രാഷ്​ട്രപതിയുടെ അംഗീകാരം ലഭിച്ചു. 2005 ഒക്​ടോബർ 12ന്​ വിവരാവകാശ നിയമം പ്രാബല്യത്തിൽവന്നു. ഇതി​െൻറ ഒാർമക്കായി രാജ്യം ഒക്​ടോബർ 12ന്​ വിവരാവകാശദിനമായി ആചരിക്കുന്നു.                                                                                                                
നൂറ്റാണ്ടുകൾ നീണ്ട പരിശ്രമങ്ങൾക്ക്​ ശേഷം ലഭിച്ച സ്വാതന്ത്ര്യംപോലെ, ഭരണകർത്താക്ക​ളെ തെരഞ്ഞെടുക്കാൻ പൗരൻമാർക്ക്​ ലഭിച്ച മഹത്തായ അവകാശംപോലെ, ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ഒരു നിയമമായിട്ടാണ്​ വിവരാവകാശ നിയമം അറിയപ്പെടുന്നത്​. സ്വാതന്ത്ര്യ ലബ്​ധിക്ക്​ ശേഷം ഇന്ത്യൻ പാർലമെൻറ്​ പാസാക്കിയ നിയമങ്ങളിൽ ഏറ്റവും ജനാധിപത്യമൂല്യം  അവകാശപ്പെടാനാവുന്ന നിയമമാണ്​ 2005ലെ വിവരാവകാശ നിയമം. ലോകത്ത്​ ആദ്യമായി വിവരാവകാശ കമീഷൻ നിലവിൽ വന്നത്​ സ്വീഡനിലാണ്​. തമിഴ്​നാടാണ്​ (1997) വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

വിവരാവകാശവും മൗലികാവകാശവും
വിവരാവകാശം മൗലികാവകാശങ്ങളിൽ പെട്ടതാണ്​. ഇന്ത്യയുടെ മാഗ്​നാകാർട്ട, അല്ലെങ്കിൽ ഭരണഘടനയുടെ ആണിക്കല്ല്​ എന്നറിയപ്പെടുന്ന മൗലികാവകാശങ്ങളെ കുറിച്ച്​ കൂട്ടുകാർക്ക്​ അറിയുമോ? ഇല്ലെങ്കിൽ അറിയണം. കാരണം, നിത്യജീവിതത്തിൽ അത്രത്തോളം പ്രാധാന്യമുള്ളതാണ്​ മൗലികാവകാശങ്ങൾ. 
സർദാർ വല്ലഭഭായി പ​േട്ടലാണ്​ മൗലികാവകാശങ്ങളുടെ ശിൽപി. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ്​ മൗലികാവകാശങ്ങളെ കുറിച്ച്​ പ്രതിപാദിച്ചിരിക്കുന്നത്​. മൗലികാവകാശങ്ങൾ ഏഴായി തരംതിരിച്ചിരിക്കുന്നു.

 1.  സമത്വത്തിനുള്ള അവകാശം.
 2. സ്വാതന്ത്ര്യത്തിനുള്ള അവകാശം.
 3.  ചൂഷണത്തിനെതിരെയുള്ള അവകാശം.
 4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം.
 5.  സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍.
 6. സ്വത്തവകാശം.
 7. ഭരണപരമായ പ്രതിവിധികള്‍ക്കുള്ള അവകാശം.

information is power, information is freedom, a reliable information is real freedom
വിവരമാണ്​ ശക്​തി, വിവരമാണ്​ സ്വാതന്ത്ര്യം, വിശ്വസിക്കാവുന്ന വിവരമാണ്​ യഥാർഥ സ്വാതന്ത്ര്യം എന്നാണ്​ പറയപ്പെടുന്നത്​.

മുകളിൽ പറഞ്ഞ മൗലികാവകാശങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം ശ്രദ്ധിച്ചല്ലോ. മറ്റെല്ലാ അവകാശങ്ങ​േളക്കാൾ പ്രാധാന്യമേറിയതും മധുരമേറിയതുമായ അവകാശമാണത്​. എന്നാൽ, എങ്ങനെയാണ്​ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുക? അതിന്​ അടിസ്ഥാനമായി വേണ്ട കാര്യമാണ്​ ‘വിവരം’. എന്താണ്​ സ്വാതന്ത്ര്യം എന്നറിയു​േമ്പാഴാണ്​ സ്വാതന്ത്ര്യം നമുക്ക്​ അനുഭവിക്കാനാവുന്നത്​. എന്തിലൊക്കെ സ്വാതന്ത്ര്യമുണ്ട്​ എന്ന്​ പൗരന്​ സാമാന്യ ബോധമുണ്ടായിരിക്കണം. 

വിവരാവകാശ കമീഷൻ
വിവരാവകാശ നിയമത്തി​െൻറ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമീഷൻ. ഇൗ നിയമത്തിലെ വകുപ്പ്​ 12ലെയും 15ലെയും ഒന്നാം ഉപവകുപ്പ്​ പ്രകാരം രൂപവത്​കരിക്കപ്പെട്ടതാണത്​. അപേക്ഷകളിലുള്ള പരാതികളും ശിക്ഷാനടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അധികാരിയാണ്​ വിവരാവകാശ കമീഷൻ.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമീഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര കമീഷനെ സെൻട്രൽ ഇൻഫർമേഷൻ കമീഷൻ (CIC) എന്നും സംസ്ഥാന വിവരാവകാശ കമീഷനെ (SIC) എന്നും വിളിക്കുന്നു. ഇരു കമീഷനുകളിലെയും പരമാവധി അംഗസംഖ്യ 10 ആണ്​. കേരള സംസ്ഥാന വിവരാവകാശ കമീഷൻ 21-12-2005ലാണ്​ നിലവിൽവന്നത്​. വിവരാവകാശ നിയമം ബാധകമല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം ജമ്മു-കശ്​മീരാണ്​.

ഇൻഫർമേഷൻ കമീഷണർ
വിവരാവകാശ സംരക്ഷകരാണ്​ നിയമിതരായ ഇൻഫർമേഷൻ കമീഷണർമാർ. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര കമീഷണർമാരെ നിയമിക്കുന്നതും നീക്കംചെയ്യുന്നതും രാഷ്​ട്രപതിയാണ്​. അവർ സത്യ​പ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത്​ സമർപ്പിക്കുന്നതും രാഷ്​ട്രപതിയുടെ അടുത്താണ്​. എന്നാൽ, സംസ്ഥാന ഇൻഫർമേഷൻ കമീഷണർമാരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ഗവർണറാണ്​.
ഇന്ത്യയിലെ ആദ്യത്തെ ചീഫ്​ ഇൻഫർമേഷൻ കമീഷണർ വജഹത്​ ഹബീബുള്ളയാണ്​. ഇന്ത്യയിലെ ആദ്യത്തെ വനിത വിവരാവകാശ കമീഷണർ ദീപക്​ സന്ദുവാണ്​. നിലവിലെ കമീഷണറാണ്​ രാധാകൃഷ്​ണ മാതുർ.
കേരളത്തിലെ ആദ്യത്തെ ചീഫ്​ ഇൻഫർമേഷൻ കമീഷണർ പാലാട്ട്​​ മോഹൻദാസാണ്​. ഇപ്പോഴത്തെ ചീഫ്​ കമീഷണർ വിൻസൺ എം. പോളാണ്​. 

ലക്ഷ്യം

 • സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി തടയുക.
 • സർക്കാറിെൻറ പ്രവർത്തനം സുതാര്യമാക്കുക.
 • സർക്കാർ ജീവനക്കാരെയും സർക്കാറിനെയും ഉത്തരവാദിത്തമുള്ളവരാക്കുക.
 • ജനപ്രതിനിധികളെ ജനങ്ങളോട്​ ബാധ്യയതുള്ളവരാക്കുക.

ഏതൊക്കെ സ്ഥാപനങ്ങളാണ്​ പരിധിയിൽ വരുക
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ- പാസ്​പോർട്ട്​, വില്ലേജ്​, പോസ്​റ്റ്​​ ഒാഫിസ്​, റെയിൽവേ തുടങ്ങിയവയും സർക്കാർ നിയന്ത്രണ പരിധിയിലുള്ള റേഷൻകടകൾ, ഗ്യാസ്​ ഏജൻസി, കെ.എസ്​.ഇ.ബി,  യൂനിവേഴ്​സിറ്റി, ബാങ്കുകൾ, സഹകരണ ആശുപത്രി, സഹകരണ ബാങ്ക്.​ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ-സ്വയംഭരണ സ്​കൂളുകൾ, കോളജുകൾ. കൂടാതെ, മന്ത്രിമാരുടെ ഒാഫിസുകൾ, എം.പി, എം.എൽ.എ എന്നിവരുടെ ഫണ്ടുകൾ, മെഡിക്കൽ കൗൺസിൽ, നഴ്​സിങ്​ കൗൺസിൽ, ഫാർമസി കൗൺസിൽ, ബാർ കൗൺസിൽ, എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ളവയാണ്​. ഇവിടെയെല്ലാം നമുക്ക്​ വിവരാവകാശത്തി​െൻറ സാധ്യത ഉപയോഗപ്പെടുത്താം. 

എങ്ങനെ സഹായിക്കും?
സർക്കാർ സ്ഥാപനങ്ങളിലും ​പൊലീസ്​ സ്​റ്റേഷനുകളിലും തൊഴുതുനിന്ന്​ അവർ പറയുന്ന കാര്യങ്ങൾ അപ്പടി വിഴുങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ പൗരന്മാർക്ക്​ നെഞ്ച്​ വിരിച്ചുനിന്ന്​ അവകാശം നേടിയെടുക്കാൻ ആർ.ടി.​െഎ കൂട്ടിനുണ്ട്​. നിങ്ങൾ പൊലീസിന്​ നൽകിയ ഒരു പരാതിയിൽ നടപടിയില്ലാതെ കാലങ്ങളോളം നിലനിൽക്കുകയോ, സർക്കാർ ആശുപത്രിയിൽ ചികിത്സാ സേവനം ലഭിക്കാതെ വരുകയോ, പഞ്ചായത്തിൽനിന്നും കുടിവെള്ളം ലഭിക്കാൻ വൈകുകയോ ചെയ്​താൽ നിങ്ങൾക്ക്​ വിവരാവകാശ നിയമം എടുത്ത്​ പ്രയോഗിക്കാം. സർക്കാർ ഒാഫിസുകളിൽനിന്നും നിങ്ങൾക്ക്​ നേരിടേണ്ടിവരുന്ന പ്രശ്​നങ്ങളിലെല്ലാം നിങ്ങളെ സഹായിക്കാൻ ആർ.ടി.​െഎ ഉണ്ടാവും.
പെൻഷൻ, റേഷൻ, ഗ്യാസ്​ തുടങ്ങി ദൈനംദിന ജീവിതത്തിൽ അത്യാവശ്യമായ കാര്യങ്ങൾ ലഭിക്കുന്നതിന്​ തടസ്സം ​നേരിടുകയോ സേവനങ്ങൾ ലഭ്യമാകാൻ വൈകുകയോ ​െചയ്​താൽ വിവരാവകാശം മുഖേന കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാം. പാസ്​പോർട്ട്​, ഡ്രൈവിങ്​ ലൈസൻസ്​ തുടങ്ങിയവ സമയത്തിന്​ കിട്ടാതിരുന്നാലും ടെലഫോൺ പരാതിയിൽ പരിഹാരമില്ലാ​തിരിക്കുകയും ചെയ്​താൽ പൗരന്​ വിവരാവകാശ നിയമത്തെ ആശ്രയിക്കാം. 
അഴിമതി തടയാനും വിവരാവകാശ നിയമം മതി. പൊതുമരാമത്ത്​ പണിയിൽ കൃത്രിമം നടന്നെന്ന്​ ബോധ്യപ്പെട്ടാൽ ആ അഴിമതി വീരന്മാരെ കുടുക്കാനും സർക്കാർ ആശുപത്രികളിലും മറ്റ്​ സ്ഥാപനങ്ങളിലും ജീവനക്കാർ വരാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അതിൽ നടപടിയെടുക്കാനും പൗരൻമാർക്ക്​ വിവരാവകാശം നിയമം എടുത്ത്​ ​പ്രയോഗിക്കാം.

പ്രശ്​നങ്ങൾ പരിഹരിക്കുമോ?
എല്ലാ ​പ്രശ്​നങ്ങൾക്കും വിവരാവകാശം നിയമത്തിന്​ പരിഹാരം കാണാനാകുമോ? പലപ്പോഴും ഒരു സമ്പൂർണ പരിഹാര മാർഗമായി വിവരാവകാശ നിയമത്തെ നമുക്ക്​ കാണാനാവില്ല. ​കോടതികൾ, കമീഷനുകൾ, ​ൈട്രബ്യൂണലുകൾ പോലെ വിവരാവകാശത്തിനോ അതി​െൻറ സ്ഥാപനത്തിനോ നമ്മുടെ പ്രശ്​നങ്ങൾക്ക്​ പ്രത്യക്ഷത്തിൽ പരിഹാരം കാണാനാകില്ല. അത്​ പ്രവർത്തിക്കുന്നത്​ വേറൊരു രീതിയിലാണ്​. ചുമതലകൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട്​ അത്​ നിർവഹിപ്പിക്കലാണ്​ വിവരാവകാശത്തി​െൻറ ജോലി. നാം നൽകിയ ഒരു അപേക്ഷ/പരാതിയിൽ മേലുദ്യോഗസ്ഥർ നടപടി സ്വീകരിച്ചതായി കാണാത്തപക്ഷം അതിന്മേൽ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങൾക്കായി നമ്മൾ  അപേക്ഷ നൽകുന്നു. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്​ എഴുതിനൽകാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാകുന്നതോടെ ചില കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക്​​ നടപടി സ്വീകരിക്കേണ്ട ഗതി വരുന്നു. ഇത്തരത്തിലുള്ള പരിഹാരങ്ങളാണ്​ വിവരാവകാശം ഉപയോഗിച്ച്​ നമുക്ക്​ നേടിയെടുക്കാനാവുന്നത്​.

വിവരം നൽകൽ
അപേക്ഷയിൽ കഴിയുന്നതും വേഗത്തിൽ വിവരങ്ങൾ നൽകുക എന്നുള്ളതാണ്​ ഉദ്യോഗസ്ഥരുടെ ജോലി. വിവരങ്ങൾ നൽകുന്നതിനുള്ള പരമാവധി സമയപരിധി 30 ദിവസമാണ്​. എന്നാൽ, വ്യക്​തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങളാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്തേണ്ടതുമുണ്ട്​. ഇനി വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതാണെങ്കിൽ ആ വിവരവും അപേക്ഷകനെ അറിയിക്കണം. 

വിവരം ലഭിച്ചില്ലെങ്കിൽ എന്ത്​ ചെയ്യണം?
ആവശ്യപ്പെട്ട വിവരം സമയപരിധി കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കിൽ അതിൽ അപ്പീൽ നൽകാനുള്ള അവകാശവും പൗരനുണ്ട്​. രണ്ട്​ തരത്തിലാണ്​ അപ്പീലുള്ളത്​. ഒന്നാം അപ്പീലും രണ്ടാം അപ്പീലും. ഒന്നാം അപ്പീൽ ​​പൊതുസ്ഥാപനങ്ങളിലും അവിടത്തെ പൊതു അധികാരി നിയമിച്ച ഉദ്യോഗസ്ഥനുമാണ്​ നൽകേണ്ടത്​. ആ അപ്പീൽ തള്ളിയാൽ പൗരന്​ രണ്ടാം അപ്പീൽ നൽകാം. അത്​ നൽകേണ്ടത്​ സംസ്ഥാന വിവരാവകാശ കമീഷണർക്കാണ്​. 

നിരസിക്കാവുന്ന വിവരങ്ങൾ

 • രാജ്യത്തി​െൻറ പരമാധികാരത്തെയും അഖണ്ഡതയെയും രാഷ്​ട്രസുരക്ഷയെയും ബാധിക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ല.
 • യുദ്ധതന്ത്രം, ശാസ്​ത്ര-സാമ്പത്തിക താൽപര്യം, അന്തർദേശീയ സൗഹാർദ പരിപാലനവും ബാധിക്കുന്ന വിവരങ്ങളും മറച്ചുവെക്കാം.
 • പാർലമെൻറി​െൻറയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന്​ വിവരങ്ങൾ.
 • കോടതികളുടെയോ ​ൈട്രബ്യൂണലുകളുടെയോ അവകാശലംഘനങ്ങൾക്ക്​ കാരണമാകുന്നതോ കോടതി ഉത്തരവുകൾ വഴി പരസ്യപ്പെടുത്തുന്നത്​ തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങൾ.
 • കുറ്റവാളികളുടെ വിചാരണ​യെയോ അറസ്​റ്റിനെയോ അന്വേഷണ പ്രകിയയെയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
 • പരസ്​പര വിശ്വാസത്തിൽ വിദേശരാജ്യങ്ങളിൽനിന്നും സ്വീകരിച്ച വിവരങ്ങൾ. 
 • ഏതെങ്കിലും വ്യക്​തികളുടെ ജീവനോ ശാരീരിക സുരക്ഷയോ  അപകടത്തിലാക്കുന്നതോ ആയ വിവരങ്ങൾ. 

അപേക്ഷ എങ്ങനെ 
അപേക്ഷക്ക്​ ഒരു പ്രത്യേക മാതൃകയൊന്നും ഇല്ല. സാധാരണ വെള്ളക്കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ആയിരിക്കണം. ഏതൊരു ഇന്ത്യൻ പൗരനും അപേക്ഷ സമർപ്പിക്കാം. ഏത്​ ഒാഫിസിൽനിന്നാണോ വിവരങ്ങൾ ലഭ്യമാകേണ്ടത്​ അവിടത്തെ പബ്ലിക്​ ഇൻഫർമേഷൻ ഒാഫിസർക്കാണ്​ അപേക്ഷ നൽകേണ്ടത്​. ഒാഫിസിലെത്തി നേരി​േട്ടാ തപാൽ മാർഗമോ സമർപ്പിക്കാം. നേരിട്ട്​ സമർപ്പിക്കു​േമ്പാൾ അപേക്ഷയുടെ ഒരു കോപ്പി കൈയിൽ കരുതാൻ ​ശ്രദ്ധിക്കണം. തപാലിലാണെങ്കിലും അപേക്ഷയുടെ കോപ്പിയും തപാൽ രശീതും കൈയിൽ സൂക്ഷിക്കണം. അപേക്ഷയിൽ അപേക്ഷക​െൻറ പേര്,​ വ്യക്​തമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകാൻ ശ്രദ്ധിക്കണം. അപേക്ഷയുടെ ഫീസ്​ പത്ത്​ രൂപയാണ്​.
 

നിങ്ങൾക്കും ചോദിക്കാം

ഉത്തരാഖണ്ഡിലെ ഒരു സ്​കൂളിൽ വിദ്യാർഥിക​ളോട്​ വർഷങ്ങളായി കമ്പ്യൂട്ടർ ഫീസ്​ വാങ്ങിയിരുന്നു. എന്നാൽ വിദ്യാർഥികളെ കമ്പ്യൂട്ടർ പഠിപ്പിക്കാനോ സ്​കൂൾ അധികൃതർ തയാറായില്ല. ഇതിനെ ചോദ്യം ചെയ്​ത മീന ചമ്പാവട്​ എന്ന പെൺകുട്ടിയെ സ്​കൂൾ അധികാരി നി​െൻറ പേര്​ വെട്ടുമെന്ന്​ ഭീഷണിപ്പെടുത്തി. എന്നാൽ മീന വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി അതിന്​ മറുപടി നൽകി. ഇപ്പോൾ മീനക്കും മറ്റ്​ വിദ്യാർഥികൾക്കും കമ്പ്യൂട്ടർ പഠിക്കാം.
കൂട്ടുകാർ ആദ്യം ചെയ്യേണ്ടത്​ നിങ്ങളുടെ സ്​കൂളിലുള്ള  ഒരു പ്രശ്​നം പരിഹരിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്​ ഒരു പരാതി നൽകുക. ശേഷം അതിൽ നടപടികളെടുക്കാൻ വൈകുകയാണെങ്കിൽ ഞങ്ങൾ തന്ന പരാതിയിൽ എന്ത്​ നടപടി സ്വീകരിച്ചു എന്ന്​ കാട്ടി ഒരു വിവരാവകാശം കൂടി ഫയൽ ചെയ്യുകയാണെങ്കിൽ  നിങ്ങൾ നൽകിയ പരാതിയിൽ ഉൗർജിതമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിതരാകും.
നിങ്ങളുടെ സ്​കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ടാവുമല്ലോ.. അതുമായി ബന്ധപ്പെട്ട്​ ഒരു വിവരാവകാശം ഫയൽ ചെയ്​താലോ? നിങ്ങളുടെ സ്​കൂളിൽ കഴിഞ്ഞമാസം എത്ര ക്വിൻറൽ അരി അനുവദിച്ചിട്ടുണ്ട്​? അല്ലെങ്കിൽ കറികൾക്ക്​ ഒാരോ വിദ്യാർഥികൾക്കും എത്ര തുക സർക്കാർ അനുവദിച്ചിട്ടുണ്ട്​? നമ്മുടെ സ്​കൂളിൽ ഇൗ ഇനത്തിൽ എത്ര രൂപ കിട്ടി? എത്ര കുട്ടികൾക്കുള്ള തുകയാണ്​ കിട്ടിയത്​? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാം. ഇതിലൂടെ സ്​കൂളിലെ ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കാൻ സാധിച്ചേക്കും. 
സ്​കൂളിലെ സയൻസ്​ ലാബിൽ പഠനാവശ്യങ്ങൾക്കുള്ള ടെസ്​റ്റ്​ ട്യൂബുകളുടെ കുറവ്​, അല്ലെങ്കിൽ മൈക്രോസ്​കോപ്പില്ല തുടങ്ങിയ പരാതികൾ ഉണ്ടോ? ഉണ്ടെങ്കിൽ അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പിലേക്ക്​ ഒരു അപേക്ഷ കൊടുക്കുക. രണ്ട്​ ആഴ്​ചകൾക്ക്​ ശേഷം സ്​കൂളി​െൻറ ലാബിനെക്കുറിച്ച്​ ഞങ്ങൾ നൽകിയ പരാതിയിന്മേൽ എന്ത്​ നടപടി സ്വീകരിച്ചു എന്ന്​ കാട്ടി ഒരു വിവരാവകാശ നിയമം നിങ്ങൾക്ക്​ സമർപ്പിക്കാം. അതോടെ നിങ്ങളുടെ പരാതിയിൽ പരിഹാരം കാണുക എന്നുള്ള കാര്യത്തിൽ ഉദ്യോഗസ്ഥർ നിർബന്ധിതരാകും. ഇതിലൂടെ നിങ്ങളുടെ സ്​കൂളിലെ ലാബുകളിലെ പരിമിതികൾ പരിഹരിക്കപ്പെ​േട്ടക്കാം. 
കളിക്കുന്നതിനിടെ നിങ്ങളുടെ സ്​കൂളിലെ ഒരു വിദ്യാർഥിക്ക് ചെറിയൊരു​ പരിക്ക്​ പറ്റുന്നു. എന്നാൽ സ്​കൂളിൽ ഫസ്​റ്റ്​ ​എയ്​ഡി​െൻറ അഭാവമുള്ളത്​ കാരണം കൈയിലുള്ള ടവൽ കൊണ്ട്​ മുറിവ്​ കെ​േട്ടണ്ടിവരുകയാണ്​. ഇവിടെ ബന്ധപ്പെട്ടവർക്ക്​ നമുക്ക്​ പരാതി നൽകാം. ആ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെങ്കിൽ വിവരാവകാശ നിയമം സമർപ്പിക്കാം.