സ്കൂൾ പച്ച
വിരലടയാളത്തി​െൻറ കഥ
  • അബ്​ദുള്ള പേരാമ്പ്ര
  • 02:42 PM
  • 03/07/2019

പൗരാണിക കാലം മുതൽതന്നെ വിരലടയാളങ്ങളെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചിരുന്നുവെന്നാണ് ചരിത്രം. പുരാതന ബാബിലോണിയക്കാരാണ് ആദ്യമായി വിരലടയാളങ്ങളുടെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിരുന്നവരും പഠനങ്ങൾ നടത്തിയവരും. മനുഷ്യനും വിരലടയാളവും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരുന്നതായി ശാസ്​ത്രം തെളിയിച്ചിട്ടുണ്ട്. വിരലടയാളംകൊണ്ട് ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയുമെന്നതാണ് അതിൽ മുഖ്യം. തിരിച്ചറിയുക മാത്രമല്ല, വിരലടയാളംകൊണ്ട് മറ്റു ചില കാര്യങ്ങൾകൂടി ചെയ്യാൻ കഴിയുമെന്ന് ശാസ്​ത്രം തെളിയിച്ചിരിക്കുന്നു. ഒരു ഓഫിസിലെ ജീവനക്കാർ ജോലിക്ക് കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ടോ എന്നും അവർ തിരിച്ചുപോകുന്നത് നിശ്ചിത സമയത്താണോ എന്നും മനസ്സിലാക്കാൻ ഇന്ന് വിരലടയാളങ്ങൾ ഉപയോഗപ്പെടുത്തുന്നു. ‘പഞ്ചിങ്​ മെഷീൻ’ എന്ന്​ കേട്ടിട്ടില്ലേ...

എന്താണ് വിരലടയാളം
ഒരു മനുഷ്യ​െൻറ വിരൽത്തുമ്പ് സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെ ചാലുകൾപോലുള്ള രേഖകൾ കാണാം. ഈ സൂക്ഷ്മരേഖക​െളയാണ് നാം വിരലടയാളമെന്ന് വിളിക്കുന്നത്. ലോകത്തുള്ള കോടാനുകോടി ജനങ്ങളുടെ വിരൽത്തുമ്പുകൾ ഇങ്ങനെ വ്യത്യസ്​തമായിരിക്കും. ഒരേപോലുള്ള വിരൽത്തുമ്പുകൾ ഉണ്ടാവില്ലെന്ന് സാരം. ഈ അപൂർവ പ്രത്യേകതയാണ് ശാസ്​ത്രം ഉപയോഗപ്പെടുത്തുന്നത്. അതാവട്ടെ, ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ അവ​െൻറ മരണംവരെയുള്ള കാലഘട്ടത്തിനിടയിൽ ഒരിക്കലും മാറാത്തവയുമാണ്. ഗർഭാശയത്തിനുള്ളിൽവെച്ച് കുഞ്ഞിന് മൂന്നു മാസമാവുമ്പോൾ വിരലിൽ രേഖകൾ പ്രത്യക്ഷപ്പെടുന്നതായാണ് കാണുന്നത്. ഒരാൾ മരിച്ചുകഴിഞ്ഞാലും തൊലി നശിക്കുന്നതുവരെ വിരലടയാളങ്ങൾ നശിക്കില്ല​േത്ര!

അൽപം ചരിത്രം
ശാസ്​ത്രം വികസിക്കുന്നതിനുമുമ്പ് വിരലടയാള സാധ്യതകളെക്കുറിച്ച് മനുഷ്യന് അറിവുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ലോകത്താദ്യമായി വിരലടയാളം ഉപയോഗിച്ചുതുടങ്ങിയത് പുരാതന ബാബിലോണിയക്കാരാണെന്ന് പറയപ്പെടുന്നു. ബാബിലോണിയ ഭരിച്ചിരുന്ന ഹമുറാബി ചക്രവർത്തി ത​െൻറ രാജ്യശാസനകളുടെ രേഖകളിൽ കൈമുദ്ര പതിപ്പിച്ചിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പിടാനറിയാത്തവരെക്കൊണ്ട് മുദ്രപേപ്പറുകളിൽ നാമിപ്പോഴും കൈവിരൽ മുദ്രകൾ പതിപ്പിക്കാറുണ്ടല്ലോ. ഒരുപക്ഷേ, ഈ രീതി കിഴക്കൻ ബാബിലോണിയയിൽനിന്നും എത്തിയതാവാം. ഒരു കാലത്ത് ജപ്പാൻകാരും ചൈനക്കാരും ഈ രീതി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലുണ്ടാവുന്ന കീഴ്വഴക്ക പ്രകാരം കുറ്റവാളികളുടെ വിരൽപ്പാടുകൾ കുറ്റപത്രത്തിൽ പതിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ചൈനയിൽ നടത്തിയ ചില ഉദ്​ഖനനങ്ങളിൽനിന്ന്​ കണ്ടെത്തിയ ചെമ്പ് തകിടിൽ ഇങ്ങനെ ചില വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വിരലടയാളവും ശാസ്​ത്രവും
1822ൽ ജനിക്കുകയും 1911ൽ മരിക്കുകയും ചെയ്ത ഫ്രാൻസിസ്​ ഗാൾട്ടനെന്ന ശാസ്​ത്ര പ്രതിഭയായിരുന്നു വിരലടയാളങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയ ആദ്യ വ്യക്തി. ഇദ്ദേഹം ചാൾസ്​ ഡാർവിെൻറ അർധ സഹോദരനായിരുന്നു. വിരലടയാളങ്ങളെ കുറ്റാന്വേഷണ മേഖലയുമായി ബന്ധിപ്പിക്കാൻ നീണ്ട പഠനങ്ങൾ നടത്തിയതും ഗാൾട്ടനാണ്. ത​െൻറ എട്ടു വർഷത്തെ കഠിനമായ പരീക്ഷണങ്ങളെ മുൻനിർത്തി 1884ൽ അദ്ദേഹം ‘വിരലടയാളം’ എന്ന പേരിൽ ഒരു പുസ്​തകംതന്നെ രചിച്ചു. എങ്കിലും,  ഇദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചില്ല. തുടർന്ന്, പലരും ഈ മേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തി. അതിൽ പ്രമുഖനായിരുന്നു അർജൻറീനയിലെ ജുവാൻ യുസൈറ്റിച്ച് (1858-1925) എന്ന ശാസ്​ത്രജ്​ഞൻ. ഈജിപ്തിലെ മമ്മികളായിരുന്നു അദ്ദേഹത്തിെൻറ പ്രചോദനം. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് മമ്മികളുടെ വിരലടയാളങ്ങൾ മാറാത്തതെന്ന ചോദ്യമാണ് അദ്ദേഹത്തെ പ്രചോദിതനാക്കിയത്. ഇവരെയെല്ലാം പിന്നിലാക്കി ശാസ്​ത്രലോകത്ത് ഇടം കണ്ടെത്തിയ എഡ്വേർഡ് ഹെൻറിയാണ്​ (1850-1931) വിരലടയാളത്തെ കുറ്റാന്വേഷണ ശാസ്​ത്രവുമായി ബന്ധിപ്പിച്ചതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തി. ഇദ്ദേഹമാണ് 1887ൽ കൊൽക്കത്തിലെ റൈറ്റേഴ്സ്​ ബിൽഡിങ്ങിൽ ലോകത്തിലെ ആദ്യത്തെ വിരലടയാള ശാഖ തുറക്കുന്നത്. അക്കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. ആയിരക്കണക്കിന് കുറ്റവാളികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇതോടെ പിടിക്കപ്പെടുന്നത്. വിരലടയാളം തെളിവായി സ്വീകരിച്ച് വധശിക്ഷ വിധിച്ച ലോകത്തിലെ ആദ്യത്തെ കേസ്​ ഏതാണെന്നറിയാമോ? അതാണ് ഫറോ അപ്പൂപ്പ​െൻറ പണപ്പെട്ടിയിൽ പതിഞ്ഞ വിരലടയാളം.
ശസ്​ത്രക്രിയ ചെയ്തോ മറ്റോ വിരലടയാളത്തെ ഒരിക്കലും തന്നെ നമുക്ക് മായ്ച്ചുകളയാൻ കഴിയില്ല. ഉദാഹരണത്തിന് വിരൽപ്പുറത്തെ തൊലി കളഞ്ഞാൽ വിരലടയാളം താൽക്കാലികമായി ഇല്ലാതാക്കാൻ കഴിയുമെങ്കിലും, തുടർന്ന് വരുന്ന തൊലിയിൽ അതുണ്ടാവും. ഒരു മൈേക്രാസ്​കോപ്പെടുത്ത് വിരൽ പരിശോധിച്ചാൽ അകം തൊലിയിൽ വിരൽപ്പാടുകൾ തെളിഞ്ഞുകാണാൻ കഴിയും. വിരലടയാള ശാസ്​ത്രത്തിന് ഡക്ടിലോഗ്രഫി (Dactylography) എന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രീക്​ പദമാണിത്. ഡക്​ടിലിസ്​ എന്നാൽ ഗ്രീക്കിൽ വിരൽ എന്ന് പറയും.

വിരൽ മാത്രമോ അടയാളം
ഒരു വ്യക്തിയുടെ വിരലിൽ മാത്രമല്ല അടയാളങ്ങളുള്ളത്. ശരീരത്തിെൻറ പല ഭാഗങ്ങളിലും അടയാളങ്ങളുണ്ട്. ഒരാളുടെ പല്ല് പോലെയല്ല അപര​േൻറത്. അത് ഘടനാപരമായി വ്യത്യസ്​തമാണ്. അതുപോലെതന്നെയാണ് മറ്റു അവയവങ്ങളും. പക്ഷേ, വിരലടയാളങ്ങൾ തരം തിരിക്കപ്പെട്ടതുപോലെ മറ്റ്​ അവയവങ്ങളെ വർഗീകരിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അങ്ങനെ ഭാവിയിൽ കഴിഞ്ഞാൽ നമ്മുടെ കുറ്റാന്വേഷണ രീതികൾക്ക് വേഗം കൂടും.
ഒരു വിരലടയാളത്തിൽനിന്ന്​ അതിെൻറ ഉടമയെ കണ്ടെത്തുന്ന രീതിയാണ് പോറോസ്​കോപ്പി. ലോക പ്രശസ്​തനായ അസ്​ഥിരരോഗ വിദഗ്ധൻ ഡോ. എഡ്മണ്ട് ലൊക്കാർഡാണ് ഇതിെൻറ ഉപജ്​ഞാതാവ്. ഇന്ന് കുറ്റാന്വേഷണ രംഗത്ത് എഡ്മണ്ടിെൻറ കണ്ടുപിടിത്തം വലിയതോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വിരലടയാളം നോക്കി ഒരാളുടെ പ്രായം എത്രയായെന്ന് കണ്ടുപിടിക്കാനും ഇന്ന് കഴിയും. ഇതിനൊരു ഗണിതശാസ്​ത്രം പ്രാബല്യത്തിലുണ്ട്​. അമേരിക്കൻ ശാസ്​ത്രജ്ഞനായ ഫറോട്ട് ആണ് ഇതിെൻറ സൂത്രധാരൻ. പ്രായം കൂടുംതോറും വിരലടയാളങ്ങളിൽ മങ്ങൽ അനുഭവപ്പെടുമ​െത്ര.

മനുഷ്യന് മാത്രമോ അടയാളം?
നമ്മിൽ പലരും കരുതുന്നതുപോലെ മനുഷ്യന് മാത്രമല്ല അടയാളങ്ങളുള്ളത്. മൃഗങ്ങൾക്കുമുണ്ട് ചില അടയാളങ്ങൾ. ഉദാഹരണമായി ചില മരംകയറി മൃഗങ്ങളെ നോക്കുക. കുരങ്ങുതന്നെ ഒരു നല്ല ഉദാഹരണം. ഒരു കുരങ്ങിെൻറയോ മറ്റു ചില സസ്​തനികളുടെയോ കൈയിലും കാലിലും തൊലിപ്പുറത്തുമെല്ലാം അടയാളങ്ങൾ സൂക്ഷിച്ചുനോക്കിയാൽ കാണാം. മരങ്ങളിൽ പിടിച്ചു കയറുന്നതിലൂടെയാണ് ഇങ്ങനെ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടത്. കൈകാലുകൾ പരിശോധിച്ച് മൃഗങ്ങൾ ഏത് തരക്കാരാണെന്ന് തിരിച്ചറിയാൻ കഴിയും. എങ്കിലും നമ്മുടെ വിരലുകൾക്കു പുറമെയുള്ള വ്യക്തമായ രൂപഘടന മൃഗങ്ങളുടെ അടയാളങ്ങൾക്കി​ല്ല. മനുഷ്യരെപ്പോലെ കുറ്റകൃത്യങ്ങളിൽ വ്യാപൃതരല്ല മൃഗങ്ങൾ എന്നതിനാൽ അടയാള പരിശോധനയും ആവശ്യമില്ല.
ആധുനിക കാലത്ത് വിരലടയാളങ്ങൾ ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുള്ള ശ്രമങ്ങൾ ലോകത്തെമ്പാടും നടക്കുന്നതുകൊണ്ടുതന്നെ ആ കുറ്റം എളുപ്പത്തിൽ തെളിയിക്കുന്നതിനുള്ള മാർഗമായി വിരലടയാളങ്ങൾ മാറിക്കഴിഞ്ഞു. കമ്പ്യൂട്ടറുകളുടെ ആധുനികവത്​കരണത്തോടെ വിരലടയാളങ്ങൾ തരംതിരിക്കാൻ ഇന്ന് എളുപ്പമാണ്. ഇതിനായി പ്രത്യേകം സ്​കാനറുകൾ തന്നെ കമ്പ്യൂട്ടറുകൾക്കുണ്ട്. ചുരുക്കത്തിൽ, ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒന്നാണ് വിരലടയാളങ്ങൾ.