സ്കൂൾ പച്ച
വായിച്ചുതന്നെ വളരണം...
  • ഇന്ദു മേനോൻ
  • 12:01 PM
  • 18/06/2018

മലയാള സാഹിത്യത്തിന് നല്ല കൃതികൾ സമ്മാനിച്ച ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഇന്ദു മേനോൻ. ചെറുകഥാരചനയിലെ അവരുടെ 
വ്യത്യസ്ത ശൈലി വായനക്കാരെ ഏറെ ആകർഷിക്കുന്നതാണ്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളും എഴുത്തിലെ ലാളിത്യവുമെല്ലാം 
പുത്തൻതലമുറയിലെ വായനയോട് ഇഴുകിച്ചേരുന്നു. 2002ൽ പുറത്തിറങ്ങിയ ‘ലെസ്ബിയൻ പശു’ എന്ന ഇന്ദു മേനോ​െൻറ ചെറുകഥ മലയാള  സാഹിത്യത്തിലെ 
ഒരു പുതിയ ഘട്ടത്തി​െൻറതന്നെ അടയാളപ്പെടുത്തലായിരുന്നു. ഇന്ദു മേനോ​െൻറ കാഴ്ചപ്പാടിൽ വായന എന്നത് സമഗ്രമായ ഭൗതിക വ്യായാമമാണ്. 
വായനയെ പ്രണയിച്ച്​ എഴുത്തി​െൻറ ലോകത്തേക്ക്​ ചേക്കേറിയ ഇന്ദു മേനോൻ ത​െൻറ വായനലോകം ഒാർ​െത്തടുക്കുന്നു...

അക്ഷരങ്ങളോട് കൂട്ടുകൂടിയാണ് എ​െൻറ കുട്ടിക്കാലം മുഴുവൻ നടന്നുതീർത്തത്​. വിദ്യാലയത്തിൽ എത്തുന്നതിനു മുമ്പുതന്നെ അക്ഷരങ്ങളെ അറിയാൻ കഴിഞ്ഞിരുന്നു. പതിയെ അവ പെറുക്കിയെടുത്തു വായിക്കാൻ പഠിച്ചു. കഥകൾ വേഗത്തിൽ വായിക്കാൻ അറിയാതിരുന്നതിനാൽ അന്ന്​ മുതിർന്നവരോട് വായിച്ചുതരാൻ ആവശ്യപ്പെട്ടു. പഴയകാലത്തെ മനോരമ, മംഗളം വാരികകളിലെ കുട്ടികൾക്കുള്ള കഥകളിൽനിന്നായിരുന്നു വായനയുടെ ആദ്യ മധുരം നുണഞ്ഞുതുടങ്ങിയത്​. അക്ഷരങ്ങൾ പഠിച്ചെത്തിയ, തെറ്റാതെ വായിക്കാൻ അറിയാവുന്ന കുട്ടിയോട് അന്ന്​ സ്കൂളിലെ അധ്യാപകർക്കും ഇഷ്​ടം കൂടുതലായിരുന്നു.

‘കടല പൊതിഞ്ഞ’ കഥകൾ
ഒന്നാം ക്ലാസിൽ എത്തിയപ്പോഴേക്കും വായനയുടെ സ്വഭാവംമാറി. സ്വയം നല്ല രീതിയിൽ വായിക്കാൻ തുടങ്ങി. കണ്ണിൽകാണുന്ന എന്തും വായിക്കാനുള്ള ആവേശമായിരുന്നു അന്ന്. കടലയും മിഠായികളും പൊതിഞ്ഞുകിട്ടുന്ന കടലാസുകളിലെ പാതിമുറിഞ്ഞ കഥകൾ ഞാൻ അന്ന്​ ആർത്തിയോടെ വായിച്ചു. തുടർപേജുകൾ കിട്ടാത്തതിലായിരുന്നു അന്ന്​ സങ്കടം, പാതിതീർന്ന അനവധികഥകൾ, പറഞ്ഞുതീരാത്ത ഒരുപാട്​ കഥാപാത്രങ്ങളുടെ വർത്തമാനങ്ങൾ...  പത്രങ്ങളിലും വാരികകളിലും അച്ചടിച്ചുവരുന്ന കാർട്ടൂണുകൾപോലും അന്ന്​ ഒന്നുപോലും വിടാതെ വായിച്ചുകൊണ്ടേയിരുന്നു.

പൈങ്കിളി കഥകളുടെ രുചി
പൈങ്കിളി വാരിക എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ ആരാധികയായിരുന്നു അമ്മ. വീട്ടിലെ മറ്റു സ്ത്രീകൾക്കായി കഥകൾ ഉറക്കെ വായിച്ചുകൊടുക്കുന്ന ജോലികൂടിയുണ്ടായിരുന്നു അമ്മക്ക്​. ഇത്‌ കേൾക്കുന്നതുകൊണ്ടാകാം യു.കെ.ജിയിൽ പഠിക്കുമ്പോൾ തന്നെ ഇത്തരം കഥകൾ ഞാനും വായിച്ചു തുടങ്ങി. നീണ്ട നോവലുകളിലെ കണ്ണുനീർ കഥാപാത്രങ്ങളെയായിരുന്നു അന്ന്​ ഏറെ ഇഷ്​ടം. ഒരുപക്ഷേ, മറ്റൊരു പുസ്തകവും കിട്ടാത്തതുകൊണ്ടുതന്നെയാവാം വായന ഇത്തരം മേഖലയിലേക്ക്​ അന്ന്​ തിരിഞ്ഞത്​. വായിക്കാൻ മറ്റു പുസ്​തകങ്ങളില്ലല്ലോ!

 ‘‘കവിത എനിക്കിഷ്​ടല്ല കുഞ്ഞുണ്ണിമാഷേ...’’
കുട്ടിക്കാലത്ത് അമ്മയോടൊപ്പം കുഞ്ഞുണ്ണി മാഷെ കണ്ടത് ഇപ്പോഴും ഇന്നലെക്കഴിഞ്ഞതുപോലെ ഓർമയിലുണ്ട്​. അന്ന്​ മാഷ് കവിതകളുള്ള ഒരു പുസ്തകം എനിക്ക്​ സമ്മാനമായി തന്നപ്പോൾ ‘കവിത എനിക്കിഷ്​ടമില്ലെന്ന്’ പറഞ്ഞ്​ ഞാൻ ആ പുസ്തകം വാങ്ങിയില്ല. ‘പിന്നെ മോൾക്ക്‌ എന്താ ഇഷ്​ടം’ എന്ന മാഷുടെ ചോദ്യത്തിന് ‘ആഴ്ചപ്പതിപ്പിലെ കഥകൾ’ എന്നായിരുന്നു നിഷ്​കളങ്കമായ എ​െൻറ മറുപടി. അത്​ കേട്ടതും മാഷ് അമ്മയെ വഴക്ക് പറഞ്ഞു, കൂടെ മേലാൽ വാരികകൾ തൊടാൻ സമ്മതിക്കരുതെന്ന താക്കീതും. അതോടെ എ​െൻറ വായന മുട്ടി. പക്ഷേ, ഓരോ കഥാപാത്രങ്ങളെയും മനസ്സിലിട്ട് നടക്കുന്നതിനാൽ വായിക്കാതെ തരമില്ലല്ലോ. അമ്മ ഒളിപ്പിക്കുന്ന പുസ്തകങ്ങൾ കട്ടെടുത്തു വായിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്​.

വിനയായ സംശയങ്ങൾ 
കട്ടെടുത്തു വായിച്ച നോവലുകളിലെ കട്ടിയുള്ള ചില പദങ്ങൾ മനസ്സിലാകാതെ ദഹിക്കാതെ അങ്ങനെ മനസ്സിൽകിടന്നു. അതി​െൻറയെല്ലാം അർഥം മനസ്സിലാകാതെ കഥ പൂർത്തിയാകില്ലല്ലോ. ഒടുവിൽ ചില വിവാദ പദങ്ങളുടെ അർഥം രണ്ടും കൽപിച്ച്​ അമ്മയോടുതന്നെ ചോദിച്ചു. ചോദിച്ചുതീർന്നതും അടിപൊട്ടിയതും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസുകാരി ഉച്ചരിച്ച പദങ്ങൾ കേട്ട്​ വീടു മുഴുവൻ നടുങ്ങി. അതോടെ ആരും കാണാതെ നോവൽ വായിക്കുന്ന കാര്യം വീട്ടിൽ മൊത്തം പാട്ടായി. ഒടുവിൽ വാരികയിലെ നോവൽ വായന നിർത്താൻ അച്ഛൻ ഒരു വഴി കണ്ടുപിടിച്ചു. അന്നുതന്നെ കിട്ടാവുന്നത്ര  കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ വീട്ടിലെത്തിച്ചു. അതോടെ എ​െൻറ വായനയുടെ തലവുംമാറി.

ലൈബ്രറിയിലെ പുസ്തകപ്പുഴു 
പഠിക്കുന്ന സമയത്ത് സ്കൂളിലെ ലൈബ്രറികൾ മനോഹരമായ ലോകംതന്നെയാണ്​ എ​െൻറ മുന്നിൽ തുറന്നുതന്നത്. പുസ്തകപ്പുഴു എന്ന പേര് വന്നെങ്കിലും കഥകളും പഠിക്കാനുള്ള പുസ്തകങ്ങളും ഒരേ ഇഷ്​ടത്തോടെ വായിക്കുന്ന തരത്തിൽ മനസ്സ് രൂപപ്പെടുത്താനായി. അവധിക്കാലത്ത്​ മാത്രം പോയിരുന്ന ബന്ധുവീട്ടിലുള്ള പുസ്തക ശേഖരങ്ങൾ അവധി ദിനങ്ങളിലെ വായനയുടേതാക്കി. പഠനം കഴിഞ്ഞതോടെ പതുക്കെ വായന എഴുത്തിലേക്ക് ചുവടുവെച്ചു. ഇപ്പോഴും വായിക്കുക എന്നത് എനിക്ക്​ വല്ലാത്തൊരു അനുഭവംതന്നെയാണ്.

വായിച്ച് വളരൂ...​
കുട്ടികളുടെ വളർച്ച തീർച്ചയായും വായനയിലൂടെത്തന്നെ ആവണം. വായനയെക്കാൾ നല്ല ബുദ്ധിപരമായ വ്യായാമം വേറെയി​ല്ലെന്നതിൽ ഒരു സംശയവുംവേണ്ട. പാഠപുസ്തകങ്ങൾ മാത്രമല്ല, എല്ലാ പുസ്തകങ്ങളും വായിക്കണം. വിഡിയോ, ഗെയിം തുടങ്ങി റെഡിമേഡ് രൂപത്തിൽ വരുന്ന വിനോദ ഉപാധികളെക്കാൾ എത്രയോ മഹത്തരമാണ് വായന. കുട്ടിക്കാലം തന്നെയാണ്​ വായിക്കാൻ ഏറ്റവും നല്ല സമയം. അതുകൊണ്ട് വായിക്കാത്തവർ വായിച്ചുതുടങ്ങണം, ഇന്നുതന്നെ.