നാളറിവ്
വായിക്കാം വാനോളം...
  • നാഷിഫ്​ അലിമിയാൻ
  • 11:42 AM
  • 18/18/2018

ജൂൺ 19 വായനദിനം

 മലയാളിയുടെ വാ യനയിൽ വിപ്ലവങ്ങൾക്ക് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനം. കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ടു നാം വിചാരിക്കുന്ന സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞെങ്കിലോ? നല്ല രസമായിരിക്കും അല്ലേ.  ആകാശത്തിലേക്ക്, മഴവില്ലുകൾക്കരികിലേക്ക്, കപ്പലിലേറി ആർത്തലറുന്ന സമുദ്രത്തിലേക്ക്, മഞ്ഞുവിരിച്ചുവെച്ച മലനിരകളിലേക്ക്... അല്ലെങ്കിൽ ലോകത്തിലെ ഏതെങ്കിലും രാജ്യത്തിലേക്ക്, അതുമല്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരിടത്തേക്ക്. അങ്ങനെ എവിടെയും വിചാരിക്കുന്ന മാത്രയിൽ നമ്മളെ കൊണ്ടുചെന്നെത്തിക്കാൻ കഴിവുള്ള കൂട്ടുകാരാണ് പുസ്തകങ്ങൾ. അടുക്കിവെച്ചിരിക്കുന്ന ഭാവനയുടെ ചിറകുകൾ അവ നമുക്കായി തുറന്നുതരും. ആ ചിറകിലേറി പറന്നവരാരും പിന്നീട്  പറക്കൽ നിർത്തിയിട്ടില്ല. കാരണം, അതൊരു വല്ലാത്ത അനുഭൂതിയാണ്. 
ഇന്നുമുതൽ കൂട്ടുകാർക്കും ആ അനുഭൂതി നുകരാം. വായനയുടെ ലോകത്തേക്ക് പറക്കാൻ മലയാളത്തിലെ അഞ്ചു പ്രമുഖർ അഞ്ചു ചിറകുകൾ സമ്മാനിക്കുകയാണ്. ആ വിശേഷങ്ങൾ നോക്കാം. 

  • റിയാെൻറ കിണർ

അബ്​ദുള്ളക്കുട്ടി എടവണ്ണ

കഥയല്ലെങ്കിലും വളരെ രസകരമായ ഒരു കഥപോലെ തോന്നിയേക്കാവുന്ന, ഒരു കൊച്ചു ബാല​െൻറ ഉത്കടമായ ആഗ്രഹത്തിെൻറയും കുഞ്ഞുനാളിലേ കൂടെ കൂടിയ നന്മയുടെയും നേരനുഭവങ്ങളാണ് റിയാെൻറ കിണർ എന്ന പുസ്തകം. ക്ലാസ്മുറിയിൽവെച്ച് അധ്യാപികയുടെ വാക്കുകളിലൂടെ മാത്രം അറിഞ്ഞ ആഫ്രിക്കൻ രാജ്യങ്ങളിലെ ദുരിതജീവിതങ്ങളെ കുറിച്ചോർത്ത് കണ്ണുനിറച്ച റിയാൻ എന്ന ബാല​െൻറ വിസ്മയകരമായ ബാല്യകാല പ്രവർത്തനങ്ങളാണ് പുസ്തകം നിറയെ. കുടിക്കാൻ ശുദ്ധജലം പോലുമില്ലാതെ മലിനജലം കുടിച്ചുകഴിയുന്നവർക്ക് കുടിനീരെത്തിക്കാൻ കാതങ്ങൾക്കിപ്പുറം കാനഡയിലിരുന്ന് 70 ഡോളർ സമ്പാദിക്കാൻ മുന്നിട്ടിറങ്ങിയ റിയാൻ നടത്തിയ അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങളും അതിനോടൊപ്പം ലോകം കൈകോർത്ത വിശേഷങ്ങളുമാണ് പുസ്തകം പങ്കുവെക്കുന്നത്. അടങ്ങാത്ത ഇച്ഛാശക്തിയും അചഞ്ചലമായ മനസ്സും കൊണ്ട്​ നിശ്ചയദാർഢ്യത്തോടെ മുന്നേറിയ റിയാൻ എന്ന ബാലൻ കൊച്ചുകൊച്ചു ജോലികൾ ചെയ്ത് ബിസ്കറ്റ് ടിന്നിൽ സ്വരൂപിച്ച പണംകൊണ്ട്​ ആഫ്രിക്കയിൽ കിണർ നിർമിച്ചുനൽകുന്നതാണ് പുസ്തകത്തിലെ പ്രതിപാദ്യം. രാജ്യാതിർത്തികളും വർണവ്യത്യാസങ്ങളും മറികടന്ന്, മരവിച്ചുപോകാത്ത മനുഷ്യത്വം തീർക്കുന്ന സ്നേഹത്തിെൻറ
മായാജാലങ്ങൾ തീർക്കുന്ന, കുട്ടികൾ വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. ഏതു പ്രായക്കാരെയും കുറേക്കൂടി നല്ല മനുഷ്യരാക്കാൻ റിയാെൻറ ജീവിതകഥ പ്രചോദനമാകും. സ്നേഹവും നന്മയും ഭൂലോകത്തുനിന്ന്​ കുറ്റിയറ്റുപോയിട്ടില്ലെന്ന് ആശ്വസിക്കാനാവും. 
ദയാബായ്​,  സാമൂഹികപ്രവർത്തക

 

  • പ്രവാചകൻ 

ഖലീൽ ജിബ്രാൻ 

“നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ, നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌’’.  കുട്ടിക്കാലത്തെ കുസൃതികളും കുട്ടിത്തവും തന്നെ നഷ്​ടപ്പെട്ടുപോകുന്നുവെന്ന് മുറവിളി ഉയരുന്ന ഇക്കാലത്തേക്ക് വേണ്ടി വളരെ നേരത്തേതന്നെ ഖലീൽ ജിബ്രാൻ തയാറാക്കിയ പുസ്തകം. വായിച്ചാലും വായിച്ചാലും കൊതി തീരാത്ത കാവ്യഭംഗിയോടെ അണിയിച്ചൊരുക്കിയ പുസ്തകം. 
“അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷേ, അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.’’
വായനക്കാരൻ മുതിർന്നവരാണെങ്കിൽ കുട്ടിക്കാലത്തിെൻറ നിഷ്കളങ്കതയിലേക്കും കുട്ടിയാണ് വായിക്കുന്നതെങ്കിൽ പക്വതയാർജിച്ച് മുതിർന്നവനാവുകയും ചെയ്യുന്ന പരകായപ്രവേശം ഇൗ പുസ്തകം സാധ്യമാക്കുന്നു. 
‘‘ നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നുകൊടുക്കുക. അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌.’’ മുതിർന്നവരുടെ എന്തെങ്കിലും ലക്ഷ്യത്തിനായുള്ള ഉപകരണമല്ല, മറിച്ച് കുട്ടി തന്നെ ഒരു ലക്ഷ്യമാണെന്ന സന്ദേശം മത്സരിക്കുന്നവരുടെ ലോകത്തിന് പകർന്നാണ് പുസ്തകം അവസാനിക്കുന്നത്. 
ഗോപിനാഥ് മുതുകാട്, മജീഷ്യൻ 

 

  • സ്വാതന്ത്ര്യം അർധരാത്രിയിൽ 

ലാറി കോളിൻസ്, ഡൊമിനിക് ലാപിയർ

ചരിത്രം മാറ്റിയെഴുതലുകൾക്ക് വിധേയമാകുന്ന വർത്തമാന കാലത്ത്,  പുതുതലമുറക്ക് കൃത്യമായ ചരിത്രാവബോധം പകർന്നു നൽകാനാവുന്ന പാഠപുസ്തകം. ലാറി കോളിൻസ് എന്ന അമേരിക്കക്കാരനും ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും എഴുതിയ ഇന്ത്യയുടെ ചരിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന പുസ്തകത്തിന്. 
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയുള്ള പതിറ്റാണ്ടുകളുടെ ചരിത്രം ചികഞ്ഞ ഇരുവരും ലൂയി മൗണ്ട്ബാറ്റൻ‍‍ മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾവരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖം നടത്തിയും പതിനായിരക്കണക്കിനു  പ്രമാണരേഖകൾ വായിച്ചും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിച്ചും മൂന്നു വർഷത്തെ നിരന്തര ഗവേഷണ ഫലമായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ഒരു പക്ഷപാതിത്വവുമില്ലാതെ വളച്ചൊടിക്കാതെ ഇരുവരും പകർത്തിവെച്ച നേരറിവുകളാണ് ചരിത്രമായി പുസ്തകത്തിലുള്ളത്. അധികാരം ചരിത്രരചനയിൽ ഇടപെടുന്ന ഇക്കാലത്ത് ശരിയായ ചരിത്രബോധമുണ്ടാക്കാൻ ഇതിൽപരം മികച്ചൊരു പുസ്തകമില്ല. യഥാർഥത്തിൽ രാജ്യത്തിെൻറ നിലയും ജനങ്ങളുടെ അവസ്ഥയും അക്കാലത്ത് എങ്ങനെയായിരുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇൗ പുസ്തകത്തിെൻറ വായനക്കാർക്ക് കഴിയും.
സുസ്മേഷ് ചന്ദ്രോത്ത്, കഥാകൃത്ത് 
 

  • ഉണ്ണിക്കുട്ട​െൻറ ലോകം 

നന്തനാർ 

കുട്ടിക്കാലത്തും മുതിർന്ന കുട്ടിയായിരിക്കുമ്പോഴും വളരെ മുതിർന്ന് വലിയ ആളായാൽ പോലും വായിച്ചാലും വായിച്ചാലും മതിവരാത്ത മലയാളത്തിലെ ഒരു അപൂർവപുസ്തകം. ഉണ്ണിക്കുട്ട​െൻറഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്‌കൂളിൽ, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ മൂന്നു കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം. മൂന്നു വയസ്സുകാരനായ ഉണ്ണിക്കുട്ട​െൻറ കണ്ണിലുടെ കാണുന്ന കൊച്ചുകൊച്ചു അതിശയങ്ങളും കുസൃതികളും സന്തോഷങ്ങളും ആഹ്ലാദങ്ങളും പിണക്കങ്ങളും ഉത്തരംകിട്ടാത്ത സംശയങ്ങളും പുഴയും പൂക്കളും പറവകളും സ്കൂളും ക്ലാസ്മുറിയും തമാശകളും കളിയുമെല്ലാം നിറഞ്ഞ ബാല്യകാല ചിത്രങ്ങളുടെ സുന്ദരമായ ലോകമാണ് ഇൗ പുസ്തകം. കുട്ടിക്കാലത്ത് വായിച്ച പുസ്തകങ്ങൾ പിന്നീട് മുതിർന്ന പ്രായത്തിൽ വായിക്കുമ്പോൾ വേറൊരു വായനാനുഭവങ്ങളാണ് സമ്മാനിക്കുക, ഏതാണ്ടെല്ലാ പുസ്തകങ്ങളും അങ്ങനെയാണ്. എന്നാൽ, കുട്ടിയായിരിക്കുമ്പോൾ മാത്രമല്ല, പ്രായത്തിെൻറ ഏതു ഘട്ടത്തിലും ആദ്യവായനയുടെ അതേ മാധുര്യം പങ്കുവെക്കുന്ന വലിയൊരു മാന്ത്രികത കൂടി നന്തനാർ ഇതിലെ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഏതു സമയത്തും ഏതു പ്രായത്തിലും ആനന്ദത്തോടെയല്ലാതെ വായിച്ചിരിക്കാൻ കഴിയാത്ത പുസ്തകം ഒരേ സമയം കുഞ്ഞുമനസ്സിൽ ഭാവനയും ചിന്തയും അതിശയവും ചുറ്റുപാടുകളുമായുള്ള ചങ്ങാത്തവുമെല്ലാം പകരുന്നുവെന്നതും മറ്റൊരു യാഥാർഥ്യമാണ്.  
സിതാര എസ്, കഥാകൃത്ത്

 

  • എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ 

മഹാത്മ ഗാന്ധി 

ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല - ആൽബർട്ട് ഐൻസ്​റ്റൈൻ എന്ന വിഖ്യാത ശാസ്ത്രജ്ഞൻ മഹാത്മഗാന്ധിയെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചത് ഗാന്ധിജിയുടെ ജീവിതം കണ്ടുതന്നെയാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ബാലൻ ഇന്ത്യയുടെ രാഷ്​​്ട്രപിതാവ് മഹാത്മ ഗാന്ധിയായി തീർന്ന വലിയൊരു ജീവിതത്തിെൻറ നേർ ആഖ്യാനമാണ്​ ഇൗ പുസ്തകം. ചെറുതും വലുതുമായ അനുഭവങ്ങളും സന്ദർഭങ്ങളും ചിന്തകളും മനസ്സിലാക്കിയ കാര്യങ്ങളുമുൾപ്പെടെ ജീവിതത്തിലൂടെ കടന്നുപോയതെല്ലാം ഗാന്ധിജി ആത്മകഥയായ പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്. ജീവിതത്തിെൻറ കാറ്റലോഗ് എന്ന്​ വിശേഷിപ്പിക്കാവുന്ന ഇൗ പുസ്തകം നാം ഓരോരുത്തരുടെയും ജീവിതത്തോടൊപ്പം തന്നെ വായിച്ചുപോകാവുന്ന കൃതിയാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന അനുഭവങ്ങളെ ഉൾക്കൊള്ളാവുന്ന രീതിയും അതു പിന്നീട്​ ഉപയോഗപ്പെടുത്താവുന്ന സന്ദർഭങ്ങളും ഇൗ പുസ്തകവായനയിലൂടെ തെളിഞ്ഞുവരും. ഏതൊരു വ്യക്തിക്കും ജീവിതത്തിലേക്ക് ഉൾക്കൊള്ളാൻ ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ ലഭിക്കാതെ പോകില്ലെന്ന ഉറപ്പും ഇൗ പുസ്തകം മുന്നോട്ടുവെക്കുന്നു. 
ശ്രീരാം വെങ്കട്ടരാമൻ 
ഐ.എ.എസ്

 

ഫേസ്‘ബുക്കും’ വായിക്കാം
കൃതികളുടെയോ സമാഹാരങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ ഇലക്ട്രോണിക് പതിപ്പുകളാണ് ഇ^വായന എന്ന് പറഞ്ഞാൽ സോഷ്യൽമീഡിയക്കാലത്ത് ആ പ്രസ്താവന പൂർണമാകില്ല. ഫേസ്ബുക്കും വാട്ട്സ്ആപും ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളും വായനയുടെ വലിയൊരു വാതായനമാണ് തുറന്നിടുന്നത്. അന്താരാഷ്​ട്ര വിഷയങ്ങളിലും ദേശീയ സംഭവങ്ങളിലും രാഷ്​ട്രീയ ചർച്ചകളിലും പുതുതലമുറ വ്യക്തവും സുശക്തവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനു പിന്നിൽ സമൂഹ മാധ്യമങ്ങളിലെ വായനക്ക് വലിയ പങ്കുണ്ട്. ആഴത്തിലുള്ള അറിവില്ലെങ്കിലും കാലത്തിനനുസരിച്ച് അപ്ഡേറ്റാവാൻ ‘സമയംകൊല്ലി സോഷ്യൽ മീഡിയ’ക്കാരെപ്പോലും സോഷ്യൽ നെറ്റ് വർക്കുകളിലെ വായന സഹായിക്കുന്നുണ്ട്. എന്നാൽ സാഹിത്യം, രാഷ്​​്ട്രീയം, ശാസ്ത്രം തുടങ്ങി മേഖലകളിൽ ഗൗരവമുള്ള എഴുത്തിനും  വായനക്കും ചർച്ചകൾക്കും സോഷ്യൽമീഡിയ അവസരമൊരുക്കുന്നുണ്ട്. അത്തരത്തിലുള്ള വായനക്കുള്ള ഉള്ളടക്കങ്ങളും വിപുലമായ ശേഖരവും തന്നെ ഇൻറർനെറ്റിലുണ്ട്. കാലങ്ങളായി നിലവിലുണ്ടായിരുന്ന പരിമിതികളെയും പ്രശ്നങ്ങളെയും സാങ്കേതികവിദ്യക്ക് ഫലപ്രദമായി മറികടക്കാൻ കഴിഞ്ഞതോടെ പുസ്തകവായന കുറഞ്ഞിരിക്കാം, എന്നാൽ, പുസ്തകങ്ങളിലുള്ള ഉള്ളടക്കങ്ങളുടെ വായന ഇപ്പോഴും അനുസ്യൂതം തുടരുകതന്നെയാണ് ഇ^വായനയായും ഡിജിറ്റൽ വായനയായും. 

അക്കാലത്തെ വായനയല്ല ഇ^വായന
പുതിയൊരു പുസ്തകത്തിെൻറ താൾ മറിക്കുമ്പോഴുള്ള പുത്തൻ കടലാസി​െൻറയും അച്ചടിമഷിയുടെയും മണം ആസ്വദിക്കാൻ കഴിയില്ലെങ്കിലും വായന തീർക്കുന്ന ഗൃഹാതുരതക്ക് ഇ^വായനയിലും കുറവൊട്ടുമില്ല.  പുസ്തകം തന്നെ അത്യാവശ്യമല്ലാത്ത, പുതിയ വായനയുടെ ലോകമാണ് ഇന്നുള്ളത്. പുതിയ പുസ്തകങ്ങൾ  പുറത്തിറങ്ങുമ്പോൾതന്നെ അതി​െൻറ ഇ-ബുക്ക് പതിപ്പുകളും ഇപ്പോൾ വിപണിയിലെത്തുന്നു. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ സമാഹരിച്ചുവെക്കാനുള്ള സൗകര്യവുമുണ്ട് ഇന്ന്. വായനമുറിയിൽ ഇരുന്നു മാത്രമല്ല, പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് വായിക്കാം. അക്ഷരങ്ങളുടെ വലുപ്പം, ക്രമീകരണം, വെളിച്ചം തുടങ്ങിയവയൊക്കെ വായനക്കാരന് ക്രമീകരിക്കാനാകുമെന്ന് മാത്രമല്ല, പുസ്തക വായനയുടെ അനുഭവം നൽകുന്ന വിധത്തിൽ പേജുകള്‍ മറിച്ചു വായിക്കാനും ഇത്തരം ഇ-ബുക്ക് റീഡറുകൾ അവസരമൊരുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, വായനശാലകളിലെ തേഞ്ഞുതീരാറായ ബെഞ്ചിലും  ഗ്രാമീണ ലൈബ്രറികളിലെ മാറാല പിടിച്ച മുറിയിലുമിരുന്ന് വായിച്ചിരുന്ന കാലത്തെ കൈവെള്ളയിൽ ഒരു വായനശാലയെത്തന്നെ കൊണ്ടുനടക്കാനും കേവലമൊരു പെൻഡ്രൈവിൽ ഒരു ലൈബ്രറിയെത്തന്നെ കൂടെ കൂട്ടുവാനും കഴിയുന്ന കാലം ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. വായനയുടെ സങ്കേതങ്ങൾ അനുദിനം മാറുമ്പോൾ വായന മാറുന്നില്ല, വായനക്കാർ മറയുന്നുമില്ല. ഇ^റീഡറിലായാലും ഡിജിറ്റൽ ബുക്കിലായാലും അക്ഷരങ്ങളിലൂടെ മനസ്സിൽ വിരിയുന്ന ഒരു ലോകത്തിനും രൂപങ്ങൾക്കും സൗന്ദര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് നിസ്സംശയം പറയാം.