വട്ടമേശ സമ്മേളനങ്ങൾ
  • ശരത്​ലാൽ തയ്യിൽ
  • 03:52 PM
  • 23/11/2019

വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്ന് കേ​ൾ​ക്കാ​ത്ത​വ​രു​ണ്ടോ? ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യസ​മ​രച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു സം​ഭ​വ​മാ​യി​രു​ന്നു വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ൾ. ഇ​ന്ത്യ​യി​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാനാ​ണ് വ​ട്ട​മേ​ശ ​സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ബ്രി​ട്ട​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും രാഷ്​ട്രീ​യ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളും ഒ​രു​മിച്ചി​രു​ന്ന ആ​ദ്യ​ സം​ഭ​വ​മാ​യി​രു​ന്നു വ​ട്ട​മേ​ശ സ​മ്മേ​ള​നം. ല​ണ്ട​നി​ലാ​ണ് മൂ​ന്ന് വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ന്ന​ത്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തിനു കീ​ഴി​ലാ​യി​രു​ന്ന ഇ​ന്ത്യ​യി​ൽ 1930ക​ളോ​ടെത​ന്നെ സ്വാ​ത​ന്ത്ര്യ​ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. 
ഇ​ന്ത്യ​യി​ൽ പു​തി​യ ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നം ന​ട​ത്താ​ൻ 1927ൽ ​ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ സൈ​മ​ൺ ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ജോ​ൺ സൈ​മ​ണാ​യി​രു​ന്നു ഈ ​ക​മീ​ഷ​െൻറ ചെ​യ​ർ​മാ​ൻ. ഇ​ന്ത്യ​യി​ലെ രാഷ്​ട്രീ​യ പാ​ർ​ട്ടി​ക​ളും നേ​താ​ക്ക​ളും എ​തി​ർ​ത്ത​തോ​ടെ സൈ​മ​ൺ ക​മീ​ഷ​ൻ പ​രാ​ജ​യ​മാ​യി മാ​റി. 1930ൽ ​സൈ​മ​ൺ ക​മീ​ഷ​ൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സൈ​മ​ൺ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത​നു​സ​രി​ച്ചും മു​ഹ​മ്മ​ദ​ലി ജി​ന്ന അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് വൈ​സ്രോ​യിയാ​യി​രു​ന്ന ഇ​ർ​വി​ൻ പ്ര​ഭു​വി​നോ​ടും പ്ര​ധാ​ന​മ​ന്ത്രി റം​സെ മ​ക്‌​ഡൊ​ണാ​ൾ​ഡി​നോ​ടും അ​ഭ്യ​ർ​ഥി​ച്ച​തി​െൻറ​യും ഫ​ല​മാ​യാ​ണ് വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്താ​ൻ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​യ​ത്. 
ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ട്ട​മേ​ശ സ​മ്മേ​ള​ന​മാ​ണ് ന​ട​ന്ന​ത്. ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി​ക​ൾ, ബ്രി​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, രാഷ്​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ, നി​ർ​ണാ​യ​ക​ വി​ഷ​യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധി​ക്കാ​തെ മൂ​ന്ന് വ​ട്ട​മേ​ശ​ സ​മ്മേ​ള​ന​ങ്ങ​ളും പി​രി​യു​ക​യാ​ണു​ണ്ടായ​ത്.

ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം
ല​ണ്ട​നി​ലെ ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്‌​സ് എ​ന്ന​റി​യ​പ്പെ​ട്ട റോ​യ​ൽ ഗാ​ല​റി​യി​ൽവെ​ച്ച്​ 1930 ന​വം​ബ​ർ 12നാ​ണ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ജോ​ർ​ജ് അ​ഞ്ചാ​മ​നാ​ണ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റം​സേ മ​ക്‌​ഡൊ​ണാ​ൾ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന രാ​ഷ്​​ട്രീയ പാ​ർ​ട്ടി​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ചു. ഇ​ന്ത്യ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ നേ​താ​ക്ക​ൾ സി​വി​ൽ നി​യ​മ​ലം​ഘ​ന പ്ര​സ്ഥാ​ന​ത്തി​​െൻറ പേ​രി​ൽ ജ​യി​ലി​ലട​യ്ക്ക​പ്പെ​ട്ട കാ​ല​മാ​യി​രു​ന്നു ഇ​ത്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ 58 രാ​ഷ്​​ട്രീയ നേ​താ​ക്ക​ളും നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള 16 പ്ര​തി​നി​ധി​ക​ളും ബ്രി​ട്ട​നി​ലെ മൂ​ന്ന് രാ​ഷ്​​ട്രീയ പാ​ർ​ട്ടി​ക​ളി​ൽനി​ന്നു​ള്ള 16 പേ​രും ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 
നി​ര​വ​ധി പ്ലീ​ന​റി യോ​ഗ​ങ്ങ​ൾ വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു. പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടുവെ​ക്കു​ക​യും ചെ​യ്തു. തേ​ജ് ബ​ഹാ​ദൂ​ർ സ​പ്രു ഓ​ൾ ​ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടുവെ​ച്ച​ത് ഇൗ സ​മ്മേ​ള​ന​ത്തി​ലാ​ണ്. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​െൻറ ആ​വ​ശ്യ​പ്ര​കാ​രം ദ​ലി​ത​ർ​ക്ക് പ്ര​ത്യേ​ക വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന​തി​നെക്കു​റി​ച്ചും ച​ർ​ച്ച ന​ട​ന്നു. കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്‌​ക​രി​ച്ച​ത് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​യി. ഇ​ന്ത്യ ഗ​വ​ൺ​െമ​ൻറി​െൻറ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത സി.​പി. രാ​മ​സ്വാ​മി അ​യ്യ​രാ​ണ് പി​ന്നീ​ട് തി​രു​വി​താം​കൂ​ർ ദി​വാ​നാ​യ​ത്. മ​ല​യാ​ളി​യാ​യ കെ.​എം. പ​ണി​ക്ക​ർ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​നി​ധാനം ചെയ്​തു. 1931 ജ​നു​വ​രി 19നാ​ണ് ഒ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്.

ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​നം 
1931 മാ​ർ​ച്ച് അ​ഞ്ചി​ന് മ​ഹാ​ത്മാ ഗാ​ന്ധി​യും അ​ന്ന​ത്തെ വൈ​സ്രോ​യി ഇ​ർ​വി​ൻ പ്ര​ഭു​വും ഒ​പ്പു​വെ​ച്ച ഗാ​ന്ധി-​ഇ​ർ​വി​ൻ ഉ​ട​മ്പ​ടി പ്ര​കാ​രം ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ് ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. നി​യ​മ​ലം​ഘ​നപ്ര​സ്ഥാ​നം നി​ർ​ത്തി​വെ​ക്കു​ന്ന​തും രാ​ഷ്​​ട്രീയ ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​തും ഗാ​ന്ധി-​ഇ​ർ​വി​ൻ ഉ​ട​മ്പ​ടി​യി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളാ​യി​രു​ന്നു. ഉ​ട​മ്പ​ടിപ്ര​കാ​രം ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കാ​മെ​ന്നും ഗാ​ന്ധി സ​മ്മ​തി​ച്ചു. 1931 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഗാ​ന്ധി​ജി പ​ങ്കെ​ടു​ത്ത ഒ​രേ​യൊ​രു വ​ട്ട​മേ​ശ സ​മ്മേ​ള​ന​മാ​ണി​ത്. 107 പ്ര​തി​നി​ധി​ക​ളാ​ണ് ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​ക​ളാ​ണ് 1935ൽ ​ഗ​വ​ൺ​മെൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ട് നി​ല​വി​ൽവ​രു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ന് ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നീ​ട് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ വി​ൻ​സ്​റ്റ​ൺ ച​ർ​ച്ചി​ൽ ഗാ​ന്ധി​ജി​യെ അ​ർ​ധ​ന​ഗ്​ന​നാ​യ ഫ​ക്കീ​ർ എ​ന്നു വി​ളി​ച്ച​ത്​. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ട്ടുപോ​കാ​തെ ഇ​ന്ത്യ​യി​ലെ വ​ർ​ഗീ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗാ​ന്ധി​ജി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​വും പ​രാ​ജ​യ​പ്പെ​ട്ടു.

മൂ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം
അ​വ​സാ​ന​ത്തെ വ​ട്ട​മേ​ശ സ​മ്മേ​ള​ന​മാ​യി​രു​ന്നു 1932 ന​വം​ബ​ർ 17ന് ​തു​ട​ക്ക​മി​ട്ട മൂ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം. 46 പ്ര​തി​നി​ധി​ക​ൾ മാ​ത്ര​മാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ബ്രി​ട്ട​നി​ലെ പ്ര​മു​ഖ രാ​ഷ്​ട്രീ​യ പാ​ർ​ട്ടി​യാ​യ ലേ​ബ​ർ പാ​ർ​ട്ടി​യും മൂ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ചു. ചൗ​ധ​രി റ​ഹ്​മത്ത് അ​ലി പാ​കി​സ്താ​ൻ വാ​ദം അ​വ​ത​രി​പ്പി​ച്ച​തും ഗ​വ​ൺമെ​ൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​വ​ള​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തും മൂ​ന്നാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ലാ​ണ്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ പ്ര​വി​ശ്യ​ക​ൾ​ക്ക് സ്വ​യം​ഭ​ര​ണം അ​നു​വ​ദി​ക്കു​ക, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ രൂ​പവത്​ക​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് 1935 ആഗ​സ്​റ്റി​ൽ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ൻറ്​ പാ​സാ​ക്കി​യ ഗ​വ​ൺമെ​ൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ടി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ബ്ലൂ ​പ്രി​ൻറ്​ എ​ന്നാ​ണ് ഗ​വ​ൺമെ​ൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ട് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഗ​വൺ​മെൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ട്
വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 1935ലെ ​ഗ​വ​ൺ​മെൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ട് നി​ല​വി​ൽവ​രു​ന്ന​ത്. 1935 ആ​ഗസ്​റ്റി​ലാ​ണ് ഗ​വൺ​മെൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ട് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെൻറ്​ പാ​സാ​ക്കി​യ​ത്. ര​ണ്ട് അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളാ​ണ് ഈ ​നി​യ​മ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളും നാ​ട്ടു​രാ​ജ്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന അ​ഖി​ലേ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ, ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്വ​യം​ഭ​ര​ണം എ​ന്നി​വ. 
നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ആ​മു​ഖം അ​വ​ത​രി​പ്പി​ച്ച​തും പ്ര​വി​ശ്യ​ക​ളു​ടെ ഭാ​ഗി​ക പു​നഃ​സം​ഘാ​ട​നം ന​ട​ന്ന​തും ബ​ർമ ഇ​ന്ത്യ​യി​ൽനി​ന്ന് പൂ​ർ​ണ​മാ​യും വേ​ർ​പെ​ടു​ത്തി​യ​തും ബി​ഹാ​ർ, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ൾ വ്യ​ത്യ​സ്ത പ്ര​വി​ശ്യ​ക​ളാ​യി വേ​ർ​തി​രി​ക്ക​പ്പെ​ട്ട​തും ഗ​വ​ൺ​മെൻറ്​ ഓ​ഫ് ഇ​ന്ത്യ ആ​ക്ടി​​െൻറ ഫ​ല​മാ​യാ​ണ്. ഫെ​ഡ​റ​ൽ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ട​തും പ്ര​വി​ശ്യാ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തും ഈ ​ആ​ക്ടി​​െൻറ ഭാ​ഗ​മാ​യാ​ണ്. 1937ലാ​ണ് പ്ര​വി​ശ്യാ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 
 

മൂ​ന്ന​ു വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത​വ​ർ
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യമു​ന്നേ​റ്റ​ങ്ങ​ളു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്ന ഗാ​ന്ധി​ജി ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ, മൂ​ന്നു വ​ട്ട​മേ​ശ സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ക്കാ​രു​ണ്ട്. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ, തേ​ജ് ബ​ഹാ​ദൂ​ർ സ​പ്രു, എം.​ആ​ർ. ജ​യാ​ക​ർ, ബീ​ഗം ജ​ഹ​നാ​ര ഷാ​ന​വാ​സ് എ​ന്നി​വ​രാ​ണ് ഇ​വ​ർ.