സ്കൂൾ പച്ച
ലോക സംസ്കൃതികളിലേക്ക്
  • ടി. സഖരിയ
  • 06:00 PM
  • 22/08/2016

ആധുനികകാലത്തിന് അദ്ഭുതവും അതോടൊപ്പം കടപ്പാടുകളും ഒരുപോലെ സമ്മാനിച്ചവയാണ് പ്രാചീന നാഗരികതകള്‍. മനുഷ്യപുരോഗതിയുടെ യാത്ര ആരംഭിക്കുന്ന വെങ്കലയുഗത്തില്‍, ഗ്രാമകേന്ദ്രീകൃത ജീവിതത്തില്‍നിന്ന് നാഗരികതയിലേക്ക് ജനങ്ങളത്തെി; കച്ചവടവും കൈത്തൊഴിലും അതിനവരെ സഹായിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന സംസ്കൃതികളായ മെസപ്പൊട്ടേമിയ, ഈജിപ്ത്, സൈന്ധവ, ചൈനീസ്, അമേരിക്കന്‍ നാഗരികതകളും തുടര്‍ന്ന് ഇരുമ്പുയുഗത്തില്‍ വികസിച്ച ഗ്രീക്ക്-റോമന്‍ സംസ്കൃതികളിലേക്കും നടത്തുന്ന സഞ്ചാരം.

വെങ്കല സംസ്കൃതികള്‍ കൂടുതലായും നദീതീരങ്ങളിലാണ് വളര്‍ന്നുവന്നത്. അതിനുള്ള കാരണങ്ങള്‍ എന്താകാം? 
-ജലലഭ്യത
-ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണുള്ള നദീതടം
-വീടുനിര്‍മാണത്തിന് ഉറപ്പുള്ള ഇഷ്ടിക വാര്‍ത്തെടുക്കാനുള്ള കളിമണ്ണിന്‍െറ ലഭ്യത
-വേട്ടയാടാനുള്ള സാഹചര്യം
-സൗമ്യമായ കാലാവസ്ഥയും ശുദ്ധവായുവിന്‍െറ ലഭ്യതയും
-നദികള്‍ വഴിയുള്ള ഗതാഗതസൗകര്യം

 

സംസ്കാരത്തിന്‍െറ കളിത്തൊട്ടില്‍: മെസപ്പൊട്ടോമിയ 
ഗ്രീക്ക് ഭാഷയില്‍ നദികള്‍ക്കിടയിലുള്ള പ്രദേശം എന്നുവിളിക്കുന്ന മെസപ്പെട്ടേമിയ ആധുനിക ഇറാഖിലും സിറിയയിലുമായി വ്യാപിച്ചുകിടക്കുന്നു. ഇവിടത്തെ സംസ്കൃതിയുടെ തുടക്കക്കാര്‍ ‘സുമര്‍’ വംശജരായിരുന്നു. സുമേറിയന്‍ സംസ്കാരത്തിലെ പ്രധാന നഗരങ്ങളായിരുന്നു ഉര്‍, കിഷ്, ലഗാഷ്, ഉറക്ക് എന്നിവ. പ്രാകൃത ജനാധിപത്യം ഇവിടെ നിലനിന്നിരുന്നു. യൂഫ്രട്ടീസ് തീരത്ത് താമസമാക്കിയ വിദേശീയരായ അക്രമകാരികളുടെ സംസ്കൃതിയാണ് ബാബിലോണിയന്‍ നാഗരികത. ഇതിലെ പ്രധാന ഭരണാധികാരിയായ ഹമ്മുറബിയാണ് ലോകത്തെ ആദ്യത്തെ നിയമസംഹിതയുടെ പിതാവ്. യൂഫ്രട്ടീസ് നദീതടങ്ങളില്‍ വാസമുറപ്പിച്ച അസീറിയക്കാര്‍ ‘അസുര്‍’, ‘നിനേവ’ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ജീവിച്ചു. സാര്‍ഗന്‍ മൂന്നാമന്‍, അസുര്‍ബാനിപ്പാള്‍, സെന്നാച്ചെരീബ് തുടങ്ങിയവര്‍ അസീറിയയുടെ പ്രഗല്ഭ ഭരണകര്‍ത്താക്കളാണ്.

നൈലിന്‍െറ ദാനം: ഈജിപ്ത്
നൈല്‍ നദീതടത്തിലാണ് ഈജിപ്ഷ്യന്‍ നാഗരികത വളര്‍ന്നുവന്നത്. ഏകദേശം 31 രാജവംശങ്ങള്‍ ഭരിച്ച ഈജിപ്തിലെ ആദ്യ ഭരണാധികാരി ‘മെനസ്’ ആയിരുന്നു. ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി ഈജിപ്ത് ഭരിച്ച ‘ഹാത്ഷേപ്സൂദ്’ രാജ്ഞിയായിരുന്നു. പിരമിഡിന്‍െറ കാലം, ഫ്യൂഡല്‍ കാലം, സാമ്രാജ്യത്വ കാലം, അധ$പതനകാലം എന്നിങ്ങനെ നാലു ഘട്ടങ്ങളായാണ് ഈജിപ്ഷ്യന്‍ സംസ്കാരം. 

സൈന്ധവ സംസ്കൃതി: ഇന്ത്യ
സിന്ധുനദീതടത്തില്‍ വികസിച്ച സംസ്കൃതിയുടെ പ്രധാന കേന്ദ്രങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന ഹാരപ്പ, മോഹന്‍ജോദാരോ, ലോത്തല്‍ എന്നിവ. നഗരാസൂത്രണവും മലിനജല നിര്‍ഗമനപദ്ധതിയും സിന്ധുനദീതടസംസ്കൃതിക്ക് ലോകശ്രദ്ധ നല്‍കി. 

ജനങ്ങളാകുന്ന പൂക്കളുടെ രാജ്യം: ചൈന
ഹൊയാങ്ഹോ (മഞ്ഞനദി), യാങ്ടിസി-സിക്കിയാങ് എന്നീ നദീതടങ്ങളില്‍ വളര്‍ന്നുവന്ന സംസ്കാരം. ചുന്‍-ഹ്വോമിന്‍-ക്വോ (ജനങ്ങളാകുന്ന പൂക്കളുടെ രാജ്യം) എന്നറിയപ്പെട്ട ചൈനയുടെ ഭൂപ്രകൃതിയാണ് ഈ സംസ്കൃതിയുടെ വളര്‍ച്ചക്ക് കാരണം. വാങ് എന്ന സ്ഥാനപ്പേരിലുള്ള രാജാക്കന്മാര്‍ ഭരിച്ച ഷാങ് കാലഘട്ടത്തിലാണ് ചൈനയില്‍ വെങ്കലയുഗ നാഗരികത ആരംഭിക്കുന്നത്. ഷാങ്, ചൗ, ചിന്‍, ഹാന്‍, താങ്, സുങ് തുടങ്ങിയവ ചൈനയിലെ പ്രഗല്ഭ രാജവംശങ്ങളായിരുന്നു. 

അമേരിക്കന്‍ സംസ്കൃതികള്‍: മായന്‍, ആസ്ടെക്, ഇന്‍കാ 
മായന്‍, ആസ്ടെക് സംസ്കാരങ്ങള്‍ മധ്യഅമേരിക്കയിലും ഇന്‍കാ തെക്കേ അമേരിക്കയിലും വികസിച്ചുവന്നു. ചിച്ചണ്‍ ഇറ്റ്സ, ഉത്സിമാള്‍ എന്നിവ മായന്‍ നഗരങ്ങളും ടെനോ ക്ടിലാന്‍, ഡാല്‍ഡെലോക്കോ എന്നിവ ആസ്ടെക്കുകളുടെ കേന്ദ്രങ്ങളും കുസ്കോ എന്നത് ഇന്‍കകളുടെ തലസ്ഥാനവുമായിരുന്നു. 

നഗരരാഷ്ട്രങ്ങളുടെ സംസ്കൃതി: ഗ്രീസ്
തെക്കന്‍ യൂറോപ്പില്‍ സ്ഥിതിചെയ്യുന്ന ഗ്രീസില്‍ സംസ്കൃതിയുടെ തുടക്കക്കാര്‍ ക്രീറ്റണ്‍, മൈസീനിയന്‍ പ്രദേശവാസികളാണ്. പിന്നീടുവന്ന അയോണിയര്‍, അക്കെയര്‍, ഡോറിയര്‍ എന്നിവരെ സംയുക്തമായി ഗ്രീക്കുകാര്‍ എന്ന് വിളിക്കപ്പെട്ടു. ഗ്രീക്ക് സംസ്കാരം അതിന്‍െറ ഉന്നതിയിലത്തെിയത് ഇരുമ്പുയുഗത്തിലാണ്. നഗരരാഷ്ട്രങ്ങളുടെ കാലഘട്ടം ഗ്രീക്ക് സംസ്കാരത്തിന്‍െറ സുവര്‍ണകാലഘട്ടമായിരുന്നു. ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങള്‍ അഥവാ പോളിസുകളായിരുന്നു ഏതന്‍സും സ്പാര്‍ട്ടയും. ജനാധിപത്യത്തിന്‍െറയും ഒളിമ്പിക്സിന്‍െറയും വിവിധ വിജ്ഞാനശാഖകളുടെയും ജന്മഭൂമിയാകാനുള്ള ഭാഗ്യം ഗ്രീസിനു ലഭിച്ചു.

ടൈബര്‍ നദീതീരത്തെ സംസ്കൃതി: റോം
ഇരുമ്പുയുഗ സംസ്കൃതികളില്‍ ഗ്രീസിനോടൊപ്പം തുല്യസ്ഥാനം ചാര്‍ത്തപ്പെട്ട സംസ്കൃതിയാണ് റോമക്കാരുടേത്. പില്‍ക്കാല യൂറോപ്യന്‍ സംസ്കാരത്തിന് ആധാരശിലയായ റോമന്‍ സംസ്കാരം ജൂലിയസ് സീസറിന്‍െറയും അഗസ്റ്റസ് സീസറിന്‍െറയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നവയാണ്.  

മെസൊപ്പൊട്ടേമിയയും കേരളവും
കേരളവും മെസപ്പൊട്ടേമിയയുമായി ബന്ധങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. ബലി/മഹാബലി അസീറിയന്‍ ചക്രവര്‍ത്തിയായിരുന്നുവെന്നും അസീറിയയിലെ നവവത്സര ഉത്സവമായിരുന്നു ഓണമെന്നും എന്‍.വി. കൃഷ്ണവാര്യര്‍ പറയുന്നുണ്ട്. മെസപ്പൊട്ടേമിയക്കാര്‍ ഉപയോഗിച്ചതുപോലുള്ള വാള്‍ ഇന്നും കേരളത്തിലെ വെളിച്ചപ്പാടുകള്‍ ഉപയോഗിക്കുന്നു. അവിടത്തെ പോരാളികളുടെ ഒരു പ്രധാന ആയുധം മഴു ആയിരുന്നു. 

ഹമ്മുറബിയുടെ നിയമസംഹിത
മെസപ്പൊട്ടേമിയ കീഴടക്കിയ സെമിറ്റിക് വര്‍ഗത്തില്‍പെട്ട അമോറൈറ്റുകള്‍ സ്ഥാപിച്ച ബാബിലോണ്‍ സംസ്കാരത്തിലെ അറിയപ്പെടുന്ന രാജാവാണ് ഹമ്മുറബി. ബാബിലോണിയയുടെ സുവര്‍ണയുഗമെന്നറിയപ്പെട്ട അദ്ദേഹത്തിന്‍െറ കാലഘട്ടത്തിലാണ് ലോകത്തിലെ ആദ്യത്തെ  നിയമസംഹിത രൂപം കൊണ്ടത്. സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ 285 വകുപ്പുകളിലായി ലളിതഭാഷയില്‍ വിവരിച്ചിട്ടുള്ള ഈ സംഹിതയില്‍ വിവാഹം, സ്വത്തവകാശം, കടബാധ്യത, മോഷണം, ബാങ്കിങ്, സ്ത്രീകളുടെ പദവി, ധാര്‍മികത എന്നിവ ഉള്‍പ്പെട്ടിരുന്നു. കേസുകള്‍ കേള്‍ക്കുന്നതിന് ജഡ്ജിമാരെ നിയമിച്ചിരുന്നു. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന രീതിയിലായിരുന്നു ശിക്ഷ. സത്യസന്ധത ഇല്ലാത്ത വ്യാപാരികള്‍ക്കും അമിതഫീസ് വാങ്ങുന്ന ഡോക്ടര്‍മാര്‍ക്കും പിഴ, പട്ടാളക്കാരുടെ അവകാശങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, വിധവകളുടെ സംരക്ഷണം എന്നിവക്ക് പ്രത്യേക വകുപ്പുകള്‍ ഇതിലുണ്ടായിരുന്നു. 

ആനക്കുമുന്നില്‍ വഴിമാറിയ ചരിത്രം
റോമന്‍ ചരിത്രത്തിലെ പിതാവ് എന്നുവിളിക്കുന്ന കാറ്റോ എഴുതിയ ഉല്‍പത്തി (ഒറിജിന്‍സ്) എന്ന ഗ്രന്ഥത്തിന്‍െറ പ്രത്യേകത അതിലൊരു വ്യക്തിയുടെയും പേര് പരാമര്‍ശിക്കുന്നില്ല എന്നതാണ്. പകരം ഓരോരുത്തരുടെയും സ്ഥാനപ്പേര് മാത്രമാണ് നല്‍കിയിട്ടുള്ളത്. ‘കാര്‍ത്തേജിന്‍െറ പടനായകന്‍’ എന്നാണ് പ്യൂണിക് യുദ്ധത്തില്‍ റോമിനെ ആക്രമിച്ച ഹാനിബാളിനെ വിശേഷിപ്പിക്കുന്നത്. സാധാരണ പടയാളികളുടെ കഴിവും മികവും ധൈര്യവും കൊണ്ടു നേടുന്ന വിജയങ്ങള്‍ക്ക് രാജാവോ സൈന്യാധിപനോ ആയിരിക്കും അവകാശികള്‍ എന്നതാണ് കാറ്റോ ഇതിന് കാരണമായി പറയുന്നത്. എന്നാല്‍, കാറ്റോക്ക് തന്‍െറ പുസ്തകത്തില്‍ ഒരാളുടെ പേര് പറയേണ്ടിവന്നു-‘സുറസ്’. ആരെന്നല്ളേ? റോമന്‍ സൈന്യത്തിലെ ഒരാന. കാര്‍ത്തേജിനെതിരെയുള്ള യുദ്ധത്തില്‍ റോമിനുവേണ്ടി സധൈര്യം പോരാടിയ ആ കരിവീരന്‍െറ പ്രകടനമികവാണ് കാറ്റോയുടെ മനസ്സുമാറ്റിയത്.

ഹെറോഡോട്ടസ്
ഗ്രീക്കുകാരനായ ഹെറോഡോട്ടസിനെക്കുറിച്ച് അറിയില്ളേ? ചരിത്രത്തിന്‍െറ പിതാവെന്ന് റോമന്‍ ചിന്തകനായ സിസറോ വിളിച്ച അദ്ദേഹത്തിന്‍െറ ‘ഹിസ്റ്ററീസ്’ എന്ന ചരിത്ര ഗ്രന്ഥത്തിന്‍െറ പ്രതിപാദ്യം പേര്‍ഷ്യയും ഗ്രീസും തമ്മിലുള്ള യുദ്ധങ്ങളായിരുന്നു. നൈലിന്‍െറ ദാനമെന്ന് ഈജിപ്തിനെ വിളിച്ച ഹെറോഡോട്ടസ് തന്‍െറ പുസ്തകത്തിന്‍െറ ആദ്യഭാഗം സമര്‍പ്പിച്ച ‘ക്ളിയോ’ ആണ് ചരിത്ര ദേവത എന്ന് അറിയപ്പെടുന്നത്.  

ചൈനയിലെ വന്‍മതില്‍
ഹൂണന്മാരുടെ ആക്രമണത്തെ ചെറുത്തു തോല്‍പിച്ച ചിന്‍വംശത്തിലെ രാജാവായ ഷിഹ്വാന്‍തി, ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍മിച്ചതാണ് ചൈനയിലെ വന്‍മതില്‍. ഏഴ് മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ വീതിയോടും കൂടി നിര്‍മിച്ച വന്‍മതിലിന്‍െറ ആകെ ദൈര്‍ഘ്യം 2250 കിലോമീറ്ററാണ്. മലകള്‍, താഴ്വാരങ്ങള്‍, പാറക്കെട്ടുകള്‍ തുടങ്ങി ദുര്‍ഘടങ്ങളായ പ്രദേശങ്ങളില്‍ തീര്‍ത്ത വന്‍മതിലിന്‍െറ വിവിധ ഭാഗങ്ങളിലായി 25000 ഓളം കാവല്‍ ഗോപുരങ്ങളുണ്ട്.  

മഹാസ്നാനഘട്ടം
സിന്ധുനദീതട സംസ്കൃതിയില്‍പെട്ട മോഹന്‍ജദാരോയില്‍നിന്ന് കണ്ടത്തെിയ വലിയ കുളത്തിന്‍െറ നിര്‍മാണരീതി ലോകശ്രദ്ധയാകര്‍ഷിച്ചു. ചുറ്റും മുറികളുള്ളതും മധ്യത്തില്‍ ചതുരാകൃതിയില്‍ 11.7 മീറ്റര്‍ നീളവും 6.9 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ താഴ്ച്ചയുമുള്ള നീന്തല്‍കുളവും ഉള്‍പ്പെട്ടതാണ് ഇതിന്‍െറ ഘടന. പടിക്കെട്ടുകള്‍ ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. വലിയ കിണറില്‍നിന്ന് ജലം കടന്നുവരാനും മലിനജലം ഒഴുകിപ്പോകാനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. 

ഗിസയിലെ പിരമിഡ്
ലോകാദ്ഭുതങ്ങളില്‍ ഒന്നായ ഗിസയിലെ പിരമിഡ്, മനുഷ്യ അധ്വാനത്തിന്‍െറ പാരമ്യതകാണിക്കുന്ന, ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത സൃഷ്ടിയാണ്. ഈജിപ്തിലെ നാലാം രാജവംശത്തിലെ ഫറവോ ഖുഫു (ചിയോപ്സ്) നിര്‍മിച്ച ഗിസയിലെ പിരമിഡിന് ഏകദേശം അഞ്ഞൂറടി ഉയരവും അടിഭാഗത്തിന് പതിമൂന്ന് ഏക്കര്‍ വിസ്തീര്‍ണവുമുണ്ട്. ഒരു ലക്ഷത്തിലധികം പേരുടെ വിയര്‍പ്പൊഴുക്കി, ഇരുപത് വര്‍ഷമെടുത്താണ് ഈ പിരമിഡ് പൂര്‍ത്തിയാക്കിയത്. ഈജിപ്തിലെ പിരമിഡുകള്‍ എന്തിനുവേണ്ടി നിര്‍മിച്ചുവെന്നത് വ്യക്തമല്ല. രാജാവ് പ്രജകളുടെ മുന്നില്‍  ഉന്നതനായ പ്രതിപുരുഷനായതുകൊണ്ട് ഇവരുടെ മൃതശരീരം സൂക്ഷിച്ച്, രാജ്യത്തിന്‍െറ സമൃദ്ധി നിലനിര്‍ത്താനാണ് പിരമിഡുകള്‍ എന്ന രാജകീയ ശവകുടീരങ്ങള്‍ നിര്‍മിക്കാന്‍ ഫറവോമാരെ പ്രേരിപ്പിച്ചത്. ഒരാള്‍ മരിച്ചാല്‍ മൃതദേഹം സുഗന്ധദ്രവ്യങ്ങളില്‍ പൂഴ്ത്തി അനശ്വരമായി സൂക്ഷിച്ചിരുന്നു. ‘മമ്മി’കള്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. 

ഏകദൈവവിശ്വാസിയായ അമന്‍ഹോട്ടപ്പ്
പ്രാചീന ഈജിപ്തിലെ ഫറവോയായ അമന്‍ഹോട്ടപ്പിനെ (1375-1358 ബി.സി.ഇ) ലോകത്തെ ആദ്യത്തെ ആദര്‍ശവാദിയായി കണക്കാക്കുന്നു. മതപരമായ പരിഷ്കാരങ്ങളിലൂടെ ഏകദൈവവിശ്വാസിയായ അദ്ദേഹം സൂര്യദേവനായ ‘ആറ്റ’നെ മാത്രം ആരാധിച്ചു. തുടര്‍ന്ന് അഖനാറ്റന്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ച്, ‘ടെലി അമര്‍ണ’ എന്ന പുതിയ തലസ്ഥാനനഗരം  കേന്ദ്രീകരിച്ച് ഭരിച്ചു.  അദ്ദേഹം പൂജാരിമാരെ ക്ഷേത്രങ്ങളില്‍നിന്ന് പുറത്താക്കി. പുരോഹിതന്മാര്‍ക്കെതിരെ പടവാളുയര്‍ത്തി. പൊതുസ്മാരകങ്ങളില്‍ ലിഖിതം ചെയ്തിരുന്ന ദൈവങ്ങളുടെ പേരുകള്‍ തുടച്ചുകളഞ്ഞു. 

ഹാത്ഷേപ്സൂദ് രാജ്ഞി
പ്രാചീന ഈജിപ്തിലെ രാജ്ഞി ഹാത്ഷേപ്സൂദ് ആയിരുന്നു ലോകത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി. ഈജിപ്തിലെ പതിനെട്ടാം രാജവംശത്തില്‍പെട്ട തൂതമോസ് ഒന്നാമന്‍െറ മകളും പില്‍ക്കാലത്ത് ‘പ്രാചീന ഈജിപ്തിലെ നെപ്പോളിയന്‍’ എന്ന് ഖ്യാതിനേടിയ തൂതമോസ് മൂന്നാമന്‍െറ ഭാര്യയുമായിരുന്നു ഇവര്‍. ഹാത്ഷേപ്സൂദ് വ്യാപാരത്തെയും കലയെയും വാസ്തുവിദ്യകളെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. ഇവരുടെ കാലത്താണ് ലെക്സറിലെ വലിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചതും കര്‍ണാക് നഗരം മനോഹരമാക്കിയതും വിദേശാക്രമണത്തില്‍ തകര്‍ന്ന കര്‍ണാകിലെ സൂര്യക്ഷേത്രം പുനര്‍നിര്‍മിച്ചതും. 

എഴുത്തുവിദ്യ വിവിധ നാഗരികതകളില്‍

മനുഷ്യനെ മറ്റുള്ള മൃഗങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നത് ചിരിക്കാനും ചിന്തിക്കാനും സംസാരിക്കാനും എഴുതുവാനുമുള്ള കഴിവാണല്ളോ. ഭാഷയുടെയും ലിപിയുടെയും പരിണാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, അതിന് വേദിയായത് ആദ്യകാല സംസ്കൃതികളും.

-എഴുത്തുവിദ്യ ആദ്യമായി വികസിച്ചുവന്നത് മൊസപ്പൊട്ടേമിയയിലായിരുന്നു. കന്നുകാലികളുടെയും ധാന്യങ്ങളുടെയും കണക്കുകള്‍, മതവുമായും ക്ഷേത്രസ്വത്തുമായും ബന്ധപ്പെട്ട വിവരങ്ങള്‍, രാജകീയ രേഖകള്‍, വ്യാപാര രേഖകള്‍ എന്നിവ ചിഹ്നങ്ങളുപയോഗിച്ച്, മുദ്രകളായി മണ്‍ഫലകങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ‘ലിത്തറാ ക്യൂനിയാത്ത്’ (ആപ്പാകൃതിയിലുള്ള അക്ഷരങ്ങള്‍) എന്ന പേരു നല്‍കി ഇവ എംഗല്‍ബെര്‍ട്ട് കാംഫെന്‍ എന്ന ജര്‍മന്‍കാരന്‍ പകര്‍ത്തിയെടുത്ത് സൂക്ഷിച്ചു. ‘ആപ് അക്ഷരങ്ങള്‍’ എന്ന് അര്‍ഥം വരുന്ന ‘ക്യൂണിഫോം’ എന്ന പേരു നല്‍കിയത് തോമസ് ഹൈഡ് എന്ന പണ്ഡിതനാണ്. ആദ്യമായി ഈ ലിപി വായിച്ചത് ഹെന്‍റിറോളിന്‍സനാണ്. 

-പരിശുദ്ധ എഴുത്ത് അഥവാ ഹീറോഗ്ളിഫിക്സ് എന്ന ചിത്രലിപിയായിരുന്നു ഈജിപ്തിലേത്. മതപുരോഹിതന്മാരോ വിശുദ്ധന്മാരോ ഉപയോഗിച്ചിരുന്ന ഹീറോഗ്ളിഫിക്സില്‍ ഇരുപത്തിനാല് ചിഹ്നങ്ങളാണുണ്ടായിരുന്നത്. പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ചുമിനുക്കിയ പ്രതലത്തില്‍ ബ്രഷുപയോഗിച്ച്, പ്രത്യേകം തയാറാക്കിയ മഷികൊണ്ട് എഴുതി ചുരുളുകളായി സൂക്ഷിച്ചിരുന്നു. കടലാസിന്‍െറ ആദ്യകാലരൂപം (‘പേപ്പര്‍’ എന്ന വാക്കുണ്ടായത് ഈ ചെടിയുടെ പേരില്‍നിന്നുമാണ്). 

-ചതുരാകൃതിയിലും വൃത്താകൃതിയിലുമുള്ള മൂവായിരത്തോളം മുദ്രകള്‍ വിവിധ സൈന്ധവ നാഗരിക കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരം ചിത്രലിപി മുദ്രകള്‍ ഇതുവരെ വായിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല.  ഈ മുദ്രിതങ്ങള്‍ പൊതുവേ പുരയിടത്തിന്‍െറ ഉടമസ്ഥത, കച്ചവടം, മതാനുഷ്ഠാനം തുടങ്ങിയവയെക്കുറിച്ചുള്ളതാകാം. ആന, കാണ്ടാമൃഗം, കാട്ടുപോത്ത്, കാള തുടങ്ങിയ മൃഗരൂപങ്ങളും, ‘ഒറ്റക്കൊമ്പന്‍’ എന്ന വിചിത്ര മൃഗവും ഈ മുദ്രകളില്‍ കാണാം.

-ചിഹ്നങ്ങളും ചിത്രങ്ങളും കൊണ്ട് ആശയങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രലിപി തന്നെയായിരുന്നു ചൈനീസ് സംസ്കൃതിയിലും ഉണ്ടായിരുന്നത്. എല്ലുകള്‍, കല്ലുകള്‍, ആമയുടെ പുറംതോട്, വെങ്കല പാത്രങ്ങള്‍ എന്നിവയില്‍ കൊത്തിവെച്ച ആദ്യകാല ചൈനീസ് ലിപികള്‍ കണ്ടെടുത്തിട്ടുണ്ട്. പട്ടുതുണിയിലും തുടര്‍ന്ന്  കടലാസിലും ചൈനീസ് കൈയെഴുത്തുകലയുടെ (കാലിഗ്രാഫി) മനോഹാരിത തുടര്‍ന്നുവരുന്നു. 

-അമേരിക്കന്‍ സംസ്കാരത്തില്‍ ഉള്‍പ്പെട്ട മായന്‍ ഹീറോഗ്ളിഫിക്സ് എന്ന ചിത്രലിപിക്ക് ഈജിപ്ഷ്യന്‍ ലിപിയോട് സാമ്യമുണ്ട്. മായന്‍ ലിപി മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി അക്കങ്ങളെഴുതാനും ഉപയോഗിച്ചിരുന്നു. അവ ചെടികളുടെ തണ്ടുകള്‍ ചതച്ചുപരത്തിയ ചുരുളുകളിലും ശിലകളിലും തോലിലും എഴുതി സൂക്ഷിച്ചിരുന്നു.