സ്കൂൾ പച്ച
ലൂയി ബ്രെയിലും അക്ഷരവെളിച്ചവും...
  • ആഷിഖ് മുഹമ്മദ് 
  • 02:05 PM
  • 07/01/2020

ഇരുട്ടി​െൻറ ലോകത്തുനിന്നും ത​െൻറ ദൃഢനിശ്ചയവും മനക്കരുത്തുംകൊണ്ട് ലോകത്തിന് കാഴ്ച പകർന്ന ‘ലൂയി ബ്രെയിലി’നെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ​? ഇതാ ലൂയി തെളിച്ച അക്ഷര വെളിച്ചത്തി​െൻറ കഥ...


നിറയെ പൂക്കളും മരങ്ങളും പക്ഷിമൃഗാദികളും മനുഷ്യരുമുള്ള നമ്മുടെ ഭൂമി കാണാൻ എത്ര സുന്ദരമാണല്ലേ. കളകളം പാടിയൊഴുകുന്ന നദികളും കണ്ണെത്താ ദൂരത്തോളമുള്ള സമുദ്രവുമെല്ലാം നമ്മെ എന്നും ആനന്ദിപ്പിക്കുന്നവയാണ്. പെട്ടെന്നൊരു നാൾ ഇതെല്ലാം നമുക്ക് കാണാൻ കഴിയാതെ വന്നാലോ? കാഴ്ചയില്ലാതെയാവുക എന്നത് നാം വിചാരിക്കുന്നതിനെക്കാളേറെ ഭയപ്പെടുത്തുന്ന ഒരു നിമിഷമാണ്. എന്നാൽ, ഇരുട്ടി​െൻറ ലോകത്തുനിന്നും ത​െൻറ ദൃഢനിശ്ചയവും മനക്കരുത്തുംകൊണ്ട് ലോകത്തിന് കാഴ്ച പകർന്ന ‘ലൂയി ബ്രെയിലി’നെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടാവുമല്ലോ. അദ്ദേഹത്തി​െൻറ വിശേഷങ്ങളാവട്ടെ ഇന്ന്.


ലൂയി ബ്രെയിൽ 
സിമോൺ റെനെ ബ്രെയിൽ-മൊണീക്  ദമ്പതികളുടെ നാലാമത്തെ മകനായി 1809 ജനുവരി നാലിന് പാരിസിൽനിന്ന്​ 22 മൈൽ അകലെ കുപ്​വ്റെ ഗ്രാമത്തിലാണ് ലൂയി ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾതന്നെ കാഴ്ച നഷ്​ടപ്പെടുകയും മാതാപിതാക്കളുടെ പരിലാളനയിൽ ഓരോ വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തുനേടുകയും ചെയ്ത ചങ്ങാതിയാണ് ബ്രെയിൽ. 
കാഴ്ചവൈകല്യമുള്ള ആളുകളെ വായിക്കാൻ പ്രാപ്തരാക്കിയ ബ്രെയിൽ ലിപി സമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. അദ്ദേഹത്തി​െൻറ ജന്മദിനം അന്താരാഷ്​ട്ര ബ്രെയിൽ ദിനമായി നാം ആചരിച്ചുവരുന്നു. നല്ലൊരു അധ്യാപകനും സംഗീതജ്ഞനുമായിരുന്ന ലൂയി 1852 ജനുവരി ആറിന്​ 43ാം വയസ്സിൽ പാരിസിൽ മരണത്തിനു കീഴടങ്ങി. 

ബാല്യത്തിലെ ദുരന്തം 
തുകൽ ഉൽപന്നങ്ങൾ നിർമിക്കുന്ന തൊഴിലാളിയായിരുന്നു ലൂയിയുടെ അച്ഛൻ. ഏകദേശം മൂന്നു വയസ്സുള്ളപ്പോൾ ലൂയി ത​െൻറ അച്ഛ​െൻറ ജോലിസ്ഥലത്തെത്തി. അവിടെയുള്ള പണിയായുധങ്ങളെടുത്ത് കളിക്കാനാരംഭിച്ചു. ഇടക്കെപ്പോഴോ തുകൽ തുന്നുന്ന സൂചി അവൻ കൈക്കലാക്കിയിരുന്നു. അച്ഛൻ ചെയ്യുന്നതുപോലെ സൂചിയെടുത്ത് തുകലിൽ തുളയിടാനൊരു ശ്രമം നടത്തി. എന്നാൽ, അബദ്ധവശാൽ സൂചി തെന്നിമാറി കണ്ണിൽ കയറി. 
രക്തം വാർന്നൊഴുകി. വലതുകണ്ണിന് സംഭവിച്ച ക്ഷതം ആഴത്തിലുള്ളതായിരുന്നു. ആ മുറിവ് സുഖപ്പെടുത്താൻ ഡോക്ടർമാർക്കുപോലും കഴിഞ്ഞില്ല. അവ​െൻറ കാഴ്ച തിരികെ കിട്ടാൻ മാതാപിതാക്കൾ കിണഞ്ഞുശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. കാലക്രമേണ ലൂയിയുടെ ഇടതുകണ്ണി​െൻറ കാഴ്ചയും നഷ്​ടപ്പെട്ടു. അങ്ങനെ ത​െൻറ അഞ്ചാം വയസ്സിൽ അവൻ പൂർണമായും അന്ധകാരത്തി​െൻറ പിടിയിലമർന്നു. 

പ്രിയമുള്ള ലൂയി 
ലൂയിക്ക് സംഭവിച്ച ദുരന്തം മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കാഴ്ച നഷ്​ടപ്പെട്ട ലൂയി വീടുമായി ബന്ധപ്പെട്ട പല ജോലികളിലും താൽപര്യം കാണിച്ചുതുടങ്ങി. ത​െൻറ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും പരിപൂർണ പിന്തുണ അവനെന്നും ഉണ്ടായിരുന്നു. ചുറ്റുപാടുമുള്ള വസ്തുക്കളെയും പക്ഷിമൃഗാദികളെയും ആളുകളെയുമെല്ലാം തിരിച്ചറിയാൻ ലൂയിയെ അവർ പഠിപ്പിക്കാൻ തുടങ്ങി. 
മാതാപിതാക്കൾ അവനെ ഗ്രാമീണ വിദ്യാലയത്തിൽ ചേർക്കുകയും കാഴ്ചയുള്ള കൂട്ടുകാരോടൊപ്പമിരുന്ന് ക്ലാസുകൾ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്‌തു. പഠന കാലഘട്ടത്തിലെ അന്തരീക്ഷവുമായി ഇണങ്ങാൻ ലൂയിക്ക് അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു. താമസിയാതെ ത​െൻറ സുഹൃത്തുക്കളുമായുള്ള ചങ്ങാത്തത്തിലൂടെ വിദ്യാലയത്തിലെ ജീവിതം ഊഷ്മളമാക്കിത്തീർത്തു. ഫ്രഞ്ച്, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ പാഠ്യവിഷയങ്ങൾ ലൂയി ഏകാഗ്രതയോടെ പഠിച്ചെടുത്തു. നെയ്ത്ത്, വള്ളികൾകൊണ്ട് കസേര മെടഞ്ഞെടുക്കൽ തുടങ്ങിയ കരകൗശലപ്പണികളിലും ലൂയി മുൻപന്തിയിലായിരുന്നു. അവ​െൻറ ബുദ്ധിശക്തിയും സാമർഥ്യവും കണ്ട് അധ്യാപകർ കുറേക്കൂടി അനുയോജ്യമായ രീതിയിലുള്ള വിദ്യാഭ്യാസം നൽകാൻ ആലോചിച്ചുതുടങ്ങി. അക്ഷരങ്ങളുടെ ഘടന തിരിച്ചറിയാൻ സാധിക്കാത്ത അവനെ എങ്ങനെ എഴുത്ത് അഭ്യസിപ്പിക്കും, ഇതിനൊരു പരിഹാരമായി ലൂയിയുടെ പിതാവ് ഒരു മാർഗം കണ്ടുപിടിച്ചു. പലകയിൽ ആണികൾ തറച്ച് അക്ഷരമാല രൂപപ്പെടുത്തി. അക്ഷരങ്ങളുടെ രൂപം മനസ്സിലാക്കാൻ ഈ വിദ്യ ലൂയിക്ക് ഏറെ സഹായകമായി. ഒരുപ​േക്ഷ ഇതായിരുന്നിരിക്കാം പിൽക്കാലത്ത് രൂപംകൊണ്ട ബ്രെയിൽ ലിപിക്കാധാരം.

ബ്രെയിൽ ലിപി 
കുത്തുകൾകൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു കോഡ് ഭാഷയാണ് ബ്രെയിൽ. 1824ലാണ് ലൂയി ബ്രെയിൽ ഈ രചനാരീതി വികസിപ്പിച്ചെടുത്തത്. കടലാസിൽ ഉയർന്നുനിൽക്കുന്ന അക്ഷരങ്ങളിൽ വിരലോടിച്ചാലാണ് ബ്രെയിൽ ലിപി വായിക്കാനാവുക. മൂന്നു വരികളിലായി രണ്ട​ു കോളങ്ങളിൽ ആറ് കുത്തുകളിൽ വികസിപ്പിച്ചെടുത്ത അക്ഷരരീതികളാണ് ബ്രെയിൽ ലിപിക്കാധാരം. ഓരോ അക്ഷരവും ഈ കുത്തുകളോ ഒന്നോ ഒന്നിലധികം കുത്തുകൾ കൂടിച്ചേർന്നതോ ആയിരുന്നു. ഈ അടിസ്ഥാന കുത്തുകളുടെ സ്ഥാനവ്യത്യാസങ്ങൾ കൊണ്ട് 63 അക്ഷര രൂപങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഗണിതത്തിലും സംഗീതത്തിലും ഉപയോഗിക്കുന്ന അടയാളങ്ങൾകൂടി ഇത്തരം കുത്തുകളിലൂടെ എഴുതാൻ സാധിച്ചു. ഇടത്തുനിന്ന്​ വലത്തോട്ടാണ് ബ്രെയിൽ ലിപി വായിക്കുന്നത്. ഒരു വരിയും മറ്റൊരു വരിയും തമ്മിൽ അഞ്ച് മില്ലിമീറ്റർ അകലം മാത്രമേ ഉണ്ടാവൂ.

വാലൻറൻ ഹാഉയി 
വാലൻറൻ ഹാഉയി (Valentin Hauy) അന്ധർക്കായി ആരംഭിച്ച ലോകത്തിലെ ആദ്യത്തെ വിദ്യാലയമാണ് ഫ്രാൻസിലെ റോയൽ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ ദ ബ്ലൈൻഡ്. അന്ധത എന്തെന്നറിയാത്ത അദ്ദേഹം രൂപംനൽകിയ പഠനസമ്പ്രദായമാണ് ഹാഉയി (Hauy). കട്ടിയേറിയ കടലാസിൽ അക്ഷരത്തി​െൻറ മുദ്രകൾ പതിപ്പിച്ചു കൈകൾകൊണ്ട് തപ്പിയെടുത്തു വായിച്ചെടുക്കുന്ന സമ്പ്രദായമാണിത്. തടിയിൽ നിർമിച്ച അക്ഷരങ്ങളായിരുന്നു അവ. ഭാരമേറിയ പുസ്തകവും അവയുടെ ലഭ്യതക്കുറവും പുസ്തകത്തി​െൻറ ഉൽപാദനച്ചെലവുമെല്ലാം ഹാഉയിയുടെ ന്യൂനതകളാണ്.  

നൈറ്റ് റൈറ്റിങ്  
ഫ്രഞ്ച് പട്ടാളത്തിലെ ക്യാപ്റ്റൻ ചാൾസ് ബാർബിയർ ത​െൻറ പട്ടാളക്കാർക്കും രാജ്യത്തെ നയതന്ത്ര പ്രതിനിധികൾക്കുംവേണ്ടി വികസിപ്പിച്ചെടുത്ത ലിപിയാണിത്. അക്ഷരങ്ങൾക്ക് പകരം വിരൽത്തുമ്പു കൊണ്ട് സ്പർശിച്ച് വായിച്ചെടുക്കാവുന്ന തരത്തിലുള്ള ഉയർന്ന മുദ്രകളാണ് അതിനായി ഉപയോഗിച്ചിരുന്നത്. ഒരു വരിയിൽ രണ്ടുവീതം ഏഴു വരികളിലായി സജ്ജീകരിച്ചിരുന്ന ഈ കുത്തുകളും അവയുടെ കൂട്ടങ്ങളും വിരൽത്തുമ്പുകൊണ്ട് തൊട്ടു വായിക്കാവുന്നവയായിരുന്നു. ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെതന്നെ രഹസ്യങ്ങൾ എഴുതി കൈമാറാനും സ്‌പർശനംകൊണ്ട് വായിക്കാനും ഫ്രഞ്ച് പട്ടാളക്കാർ ഈ രീതി ഉപയോഗിച്ചു. നൈറ്റ് റൈറ്റിങ് രീതിയെ കുറേക്കൂടി ലഘൂകരിച്ച് ആറു കുത്തുകളിലൂടെ എഴുതാനും വായിക്കാനുമുള്ള ലളിതമായ സംവിധാനമാണ് ലൂയി പിന്നീട് രൂപപ്പെടുത്തിയ ബ്രെയിൽ ലിപി.