റോഡിൽ എന്തിനാ വരയും കുറിയും?
  • അവിനാഷ്​ കാവാട്ട്​
  • 10:34 AM
  • 10/10/2019

നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഇരുചക്രവാഹനങ്ങളിലും കാറിലും ബസിലുമെല്ലാം റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പല കാഴ്ചകളും കണ്ണിലുടക്കിയിട്ടുണ്ടാകും. വയലുകളും നദികളും ചെറുതും വലുതുമായ വീടുകളും കടകളും തുടങ്ങി പലവിധ കാഴ്ചകള്‍. ഇങ്ങനെ കാഴ്ചകള്‍ കണ്ടുള്ള യാത്രകള്‍ക്കിടയില്‍ നമ്മുടെ കണ്ണുകള്‍ റോഡിലേക്കും പതിഞ്ഞിട്ടുണ്ടാകും അല്ലേ? അവിടെ എന്താണ് നിങ്ങള്‍ കണ്ടത്? കുണ്ടും കുഴികളുമെന്നാണ് ഉത്തരമെങ്കില്‍ കുറ്റം പറയാനൊക്കില്ല. പല റോഡുകളും ഇപ്പോള്‍ തോടുകളേക്കാള്‍ കഷ്​ടമാണ്. 
എന്നാല്‍, അതല്ല പറഞ്ഞുവരുന്നത്. റോഡില്‍ ചില വരകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ... വെളുപ്പിലും മഞ്ഞയിലുമായി നീളത്തിലും വിലങ്ങനെയും പലതരം വരകള്‍. ഇവയൊക്കെ എന്താണ് അര്‍ഥമാക്കുന്നതെന്നറിയാമോ? വാഹനം ഓടിക്കുന്നവര്‍ ഈ വരകൾ എന്താണെന്ന്​ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഡ്രൈവര്‍മാരെ പോലെതന്നെ കാല്‍നട യാത്രക്കാരും ഇൗ ട്രാഫിക് അടയാളങ്ങളെ കുറിച്ച് ബോധവാന്മാരാകണം. റോഡപകടങ്ങള്‍ ഉണ്ടാവാതിരിക്കാനും മികവുറ്റ റോഡ് ഗതാഗതം സാധ്യമാക്കാനുമാണ് ഇത്തരം അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇവ ഏതൊക്കെയെന്ന് പരിശോധിക്കാം. 

റോഡിന് ഇരുവശവും 
വെളുത്ത വര (Edge line)

റോഡിന് ഇരുവശങ്ങളിലായി നീളത്തില്‍ വെളുത്ത വരയിട്ടത് ശ്രദ്ധിച്ചിട്ടില്ലേ? എന്തിനാണ് ഈ വരകളെന്ന് ചിന്തിച്ചിട്ടുണ്ടോ? റോഡിലെ വാഹന ഗതാഗതം ഈ രണ്ട് വരകള്‍ക്കിടയില്‍ ഒതുക്കാനാണ് ഇത്തരത്തില്‍ വരയിടുന്നത്. ഈ വരകള്‍ മറികടന്ന് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ല. കാല്‍നട യാത്രക്കാര്‍ക്ക് ഈ വരകള്‍ക്ക് പുറത്തുകൂടി സുരക്ഷിതമായി നടക്കാം. 

റോഡിന് നടുവിലെ 
വെളുത്ത വര (Centre line)

    റോഡിന് നടുവിലൂടെ വെളുത്ത വര കടന്നുപോകുന്നത് കണ്ടിരിക്കും. റോഡിനെ രണ്ടു ഭാഗങ്ങളാക്കി വേര്‍തിരിക്കുന്നതിനു വേണ്ടിയാണിത്. വിപരീത ദിശകളിലേക്കായി പോകുന്ന വാഹനങ്ങള്‍ അവക്ക്​ അനുവദിച്ച ഭാഗങ്ങളിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഇത്തരത്തില്‍ റോഡിന് നടുവിലൂടെ കാണുന്ന വെളുത്ത         വരകള്‍ ചിലയിടങ്ങളില്‍ ഇടവിട്ടിടവിട്ട് മുറിഞ്ഞ നിലയിലും ചിലയിടങ്ങളില്‍ മുറിയാതെ നീളത്തിലും കാണാം. എന്താണ് ഈ രണ്ടു വരകള്‍ തമ്മിലുള്ള വ്യത്യാസം? 
ഇടവിട്ടിടവിട്ട് മുറിഞ്ഞ നിലയില്‍ വെളുത്ത വര കാണുന്ന ഭാഗത്ത് വാഹനങ്ങള്‍ക്ക് സുരക്ഷിതമായി ഈ വര മറികടന്ന് വാഹനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. മറ്റു വാഹനങ്ങളെ മറികടക്കുന്നതിനും നിയന്ത്രണമില്ല. എന്നാല്‍, ഇടമുറിയാതെ റോഡിന് നടുവിലൂടെ നീളത്തില്‍ വെളുത്ത വര രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ ഈ വര മറികടക്കാന്‍ അനുവാദമില്ല. മറ്റു വാഹനങ്ങളെ മറികടക്കുന്നതിന് വിലക്കില്ലെങ്കിലും വെളുത്ത വര മറികടക്കാന്‍ പാടില്ല. 
അതേസമയം, ഇരട്ട വെള്ള വരയാണെങ്കില്‍ വാഹനങ്ങള്‍ ഒരുവിധ കാരണവശാലും ഈ വര മറികടക്കരുത്. മാത്രമല്ല, ഈ ഭാഗത്തുവെച്ച്​ മറ്റു വാഹനങ്ങളെ മറികടക്കാനും അനുവാദമില്ല. രണ്ടു നിരകളുള്ള റോഡില്‍ ഇടവിട്ടുള്ള വെളുത്ത വരക്ക്​ സാധാരണഗതിയില്‍ മൂന്നു മീറ്റര്‍ ആയിരിക്കും നീളം. 4.5 മീറ്റര്‍ അകലം പാലിച്ചാണ് ഓരോ വരയുമുണ്ടാവുക. 150 മില്ലി മീറ്റര്‍ വീതിയായിരിക്കും ഈ വരകള്‍ക്ക്.

ഓവര്‍ടേക്കിങ് വിലക്കുന്ന മഞ്ഞ വര
വളവുകളിലും രണ്ടോ മൂന്നോ നിരകളുള്ള റോഡുകളിലും വാഹനങ്ങള്‍ക്ക് മറ്റു വാഹനങ്ങളെ മറികടക്കാന്‍ നിയന്ത്രണമുണ്ട്. ഡ്രൈവര്‍മാരുടെ കാഴ്ച പരിധി കുറവുള്ള സ്ഥലങ്ങളായതിനാലാണ് ഇത്തരത്തില്‍ ഓവര്‍ടേക്കിങ് നിയന്ത്രിച്ചിരിക്കുന്നത്. റോഡിന് നടുവിലൂടെ നീളത്തില്‍ ഇടമുറിയാത്ത മഞ്ഞ വരയിട്ടാണ് ഇവിടങ്ങളില്‍ ഓവര്‍ടേക്കിങ് നിയന്ത്രിച്ചിരിക്കുന്നത്. സ്ഥലത്തി​െൻറ പ്രത്യേകതയനുസരിച്ച് മഞ്ഞ നിറത്തിലുള്ള ഒറ്റ വരയാലും ഇടവിട്ടിടവിട്ടുള്ള വരയുള്‍പ്പെടെ ഇരട്ട    വരയോടുകൂടിയും വാഹനങ്ങളുടെ മറികടക്കലിനെ നിയന്ത്രിക്കാറുണ്ട്. ഇരട്ട വരയില്‍ ഒരെണ്ണം ഇടമുറിഞ്ഞ മഞ്ഞവരയും മറ്റേത് മുറിയാതെ നെടുനീളെയുള്ളതുമാണെങ്കില്‍ മുറിഞ്ഞ മഞ്ഞവരയുള്ള ഭാഗത്തുകൂടി പോകുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാമെന്നും മറുഭാഗത്തെ വാഹനങ്ങള്‍ ഒരു കാരണവശാലും മുന്നിലുള്ള വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുതെന്നുമാണ് അര്‍ഥമാക്കുന്നത്.

സ്‌റ്റോപ് ലൈന്‍
വാഹനം നിര്‍ത്തണമെന്ന് ഡ്രൈവര്‍ക്ക് നിർദേശം നല്‍കുന്ന വരയെയാണ് സ്‌റ്റോപ് ലൈന്‍ എന്നു പറയുന്നത്. ഒരു റോഡ്, കുറുകെ പോകുന്ന മറ്റൊരു റോഡിലേക്ക് ചേരുന്നിടത്താണ് (T റോഡ്) സ്‌റ്റോപ് ലൈനുകളിടുന്നത്. റോഡിന് കുറുകെ പാതി ഭാഗം ഇടവിട്ടിടവിട്ട നിലയിലും മറുപാതിയില്‍ കനത്തിലുള്ളതുമായ വെളുത്ത വരയായുമാണ് സ്‌റ്റോപ് ലൈനുണ്ടാവുക. 

ഗിവ് വേ ലൈന്‍
ഒരു റോഡ് അതി​െൻറ കുറുകെയുള്ള മറ്റൊരു റോഡിനെ മറികടന്ന് നേരെ പോകുന്നിടത്താണ് ഗിവ് വേ ലൈനുണ്ടാവാറ്. ഇടവിട്ടിടവിട്ട നിലയിലുള്ള ഇരട്ട വരകളാണ് ഗിവ് വേ ലൈന്‍. പേരുപോലെ തന്നെ മറ്റുള്ള വാഹനങ്ങള്‍ക്ക് വഴി നല്‍കണമെന്നതുതന്നെയാണ് ഈ ലൈനി​െൻറ അര്‍ഥം. കുറുകെയുള്ള പ്രധാന റോഡിലെ വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ച ശേഷം ശ്രദ്ധയോടെ കടന്നുപോകണമെന്നാണ് ഈ അടയാളം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശം. മാര്‍ക്കറ്റ് ജങ്​ഷനുകളിലും മറ്റും ഇവ കാണാം. ഇതോടൊപ്പം ചുവപ്പ് നിറത്തില്‍ റിവേഴ്‌സ് ട്രയാംഗിള്‍ അടയാളവും കാണാം. 300 മില്ലി മീറ്റര്‍ ഇടവിട്ട് 200 മില്ലിമീറ്റര്‍ വീതം വീതിയില്‍ 0.6 മീറ്റര്‍ നീളത്തിലുള്ള ഇരട്ട വരകളാണിവ. 

പെഡസ്ട്രിയന്‍ ക്രോസ്‌ലൈന്‍ അഥവാ സീബ്രാലൈന്‍ 
കാല്‍നട യാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാനായി രേഖപ്പെടുത്തിയ വരകളാണ് പെഡസ്ട്രിയന്‍ ക്രോസ് ലൈന്‍ അഥവാ സീബ്രാലൈന്‍. റോഡിന് കുറുകെ കനത്തില്‍ ഇടവിട്ടിടവിട്ടുള്ള നിലയിലുള്ള വരകളാണിത്. സീബ്രാലൈനിലൂടെ വേണം കാല്‍നട യാത്രക്കാര്‍ റോഡ് കുറുകെ കടക്കുവാന്‍. ഇതിനായി കാല്‍നടയാത്രക്കാര്‍ സീബ്രാലൈനിനടുത്തെത്തിയാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണമെന്നാണ് നിയമം. 500 മില്ലിമീറ്റര്‍ ഇടവിട്ട് രണ്ടു മുതല്‍ നാലു വരെ മീറ്റര്‍ നീളവും 500 മില്ലി മീറ്റര്‍ വീ
തിയുമാണ് സീബ്രാലൈനിനുണ്ടാവുക. 

സിഗ്‌സാഗ് ലൈന്‍
റോഡുകളില്‍ വളഞ്ഞ്പുളഞ്ഞ നിലയിലുള്ള വരകളെയാണ് സിഗ്‌സാഗ് ലൈനുകളെന്ന് പറയുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസി​െൻറ നിര്‍ദേശപ്രകാരം കേരളത്തിലെ ചില റോഡുകളില്‍ ഇത്തരം വരകളിട്ടിട്ടുണ്ട്. ഇത്തരം വരകള്‍ കാണുന്ന റോഡുകളില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്താനോ ഓവര്‍ടേക്ക് ചെയ്യാനോ പാടില്ലെന്നാണ് ഈ വരകള്‍ അര്‍ഥമാക്കുന്നത്. തിരക്കേറിയ കവലകളിലും സ്‌കൂളുകള്‍ക്ക് മുന്നിലും കാല്‍നടയാ        ത്രക്കാരുടെ സുരക്ഷാര്‍ഥമാണ് ഇത്തരം അടയാളങ്ങളിടുന്നത്. ഈ ഭാഗത്ത് വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 30 കിലാമീറ്റര്‍ വേഗം മാത്രമാണ് അനുവദനീയം.