സ്കൂൾ പച്ച
മേളം... ശാസ്ത്രമേളം
  • ബാലചന്ദ്രന്‍ എരവില്‍
  • 12:39 PM
  • 17/10/2016

കഴിഞ്ഞ വര്‍ഷം അഞ്ചു മാര്‍ക്കിനാണ് എന്‍െറ വിദ്യാലയത്തിന് ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നഷ്ടമായത്. ഇത്തവണ തിരിച്ചുപിടിക്കണം. എന്താണൊരു മാര്‍ഗം. ആമിന ചിന്തിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ മാസാവസാനം ഉപജില്ലാ മേളകള്‍ തുടങ്ങും. നവംബറിലാണ് ജില്ലാ, സംസ്ഥാന മേളകള്‍. ഉപജില്ലയില്‍ ഒന്നാമതായാല്‍ അടുത്ത മത്സരങ്ങള്‍ക്ക് ഒരുങ്ങാന്‍ സമയമുണ്ട്. സ്കൂള്‍ ലീഡറായതുകൊണ്ടുതന്നെ മേളയില്‍ ചാമ്പ്യന്‍ഷിപ് ലഭിച്ചാല്‍ അത് തന്‍െറ നേട്ടമാണെന്നും ആമിനക്കറിയാം.
ഒരു കാര്യം ചെയ്യാം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറികളില്‍ പഠിക്കുന്നവരെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന വിവരം ബോധ്യപ്പെടുത്തിയാല്‍ അവര്‍ മത്സരത്തില്‍ ഉത്തരവാദിത്തത്തോടെ പങ്കെടുക്കും. എട്ട്, ഒമ്പത്, 10 ക്ളാസില്‍ മേളക്ക് സംസ്ഥാന തലത്തില്‍ എ, ബി, സി ഏതെങ്കിലും ഗ്രേഡ് നേടിയാല്‍ എസ്.എസ്.എല്‍.സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. അതിനായി മാര്‍ക്ക് ലഭിക്കുന്ന വിവരം ഉള്‍ക്കൊള്ളുന്ന പട്ടിക അവള്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കാന്‍ ഒരുക്കി.


എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ആമിനയുടേത്. കഴിവുള്ളവര്‍ ഓരോ വിഭാഗത്തിലും ഉണ്ടായിരിക്കാം. എന്നാല്‍,  മത്സരയിനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് പലരും മത്സരരംഗത്തേക്കിറങ്ങാത്തത്. ഓരോ ക്ളാസിനുമുള്ള മത്സരയിനങ്ങള്‍ അടങ്ങിയ ചാര്‍ട്ട് ക്ളാസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവള്‍ തയാറായി. 

 


വെറുതെ മത്സരയിനങ്ങളുടെ പേര് മാത്രം എഴുതിയാല്‍ കൂട്ടുകാര്‍ തയാറാവുക യാന്ത്രികമായിട്ടായിരിക്കും എന്ന് ആമിനക്കറിയാം. അതിനായി അവള്‍ ഓരോ മത്സരത്തിലും കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില സൂചകങ്ങളും പൊതുവായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.

ശേഖരണം
 അടങ്ങിയിരിക്കുന്ന ശാസ്ത്ര തത്ത്വങ്ങള്‍, ശേഖരിച്ച 
മാര്‍ഗം
 പ്രദര്‍ശനാര്‍ഥമുള്ള ക്രമീകരണം
 വിശദീകരണം

പരീക്ഷണം
 ശാസ്ത്രീയ സമീപനം
 ഉപകരണങ്ങളുടെ സംവിധാനം
 പരീക്ഷണത്തിന്‍െറ വിജയം
 വിശദീകരണം

പ്രോജക്ട്
 ശാസ്ത്രീയ സമീപനം
 നവീനത
 സ്വപ്രയത്നം
 പ്രയോജനം
 വിശദീകരണം
 പ്രോജക്ട് റിപ്പോര്‍ട്ട്

ഗണിതമേള
കുട്ടികളുടെ യഥാര്‍ഥ കഴിവുകള്‍ കണ്ടുപിടിക്കാനായി ഗണിതശാസ്ത്രമേളയില്‍ തത്സമയ മത്സരങ്ങളാണ് നടക്കുക. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിന് നല്ല തയാറെടുപ്പ് നടത്തിയാല്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ. ഗണിതത്തില്‍ താല്‍പര്യമുള്ള കുട്ടികളുടെ പേരുകള്‍ അധ്യാപകരില്‍നിന്ന് കണ്ടത്തെിയ ആമിന പ്രധാനാധ്യാപകന്‍െറ സമ്മതത്തോടെ അവര്‍ക്കായി യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ മത്സരങ്ങളെ സംബന്ധിച്ച ചര്‍ച്ചയും നടന്നു.

എല്‍.പി വിഭാഗം
a. ജ്യോമെട്രിക്കല്‍ ചാര്‍ട്ട്
b. സ്റ്റില്‍ മോഡല്‍
c. പസില്‍

യു.പി വിഭാഗം
a. നമ്പര്‍ ചാര്‍ട്ട്
b. ജ്യോമെട്രിക്കല്‍ ചാര്‍ട്ട്
c. സ്റ്റില്‍ മോഡല്‍
d. പസില്‍

ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. നമ്പര്‍ ചാര്‍ട്ട്
2. ജ്യോമെട്രിക്കല്‍ ചാര്‍ട്ട്
3. അദര്‍ ചാര്‍ട്ട്
4. സ്റ്റില്‍ മോഡല്‍
5. വര്‍ക്കിങ് മോഡല്‍
6. പ്യുവര്‍ കണ്‍സ്ട്രക്ഷന്‍
7. അപൈ്ളഡ് കണ്‍സ്ട്രക്ഷന്‍
8. പസില്‍
9. ഗെയിം
10. സിംഗിള്‍ പ്രോജക്ട്
11. ഗ്രൂപ് പ്രോജക്ട്
12. മാഗസിന്‍

സാമൂഹിക ശാസ്ത്രമേള
കഴിഞ്ഞ തവണ മത്സരം കഴിഞ്ഞപ്പോഴാണ് സാമൂഹിക ശാസ്ത്രമേള വളരെ രസപ്രദമാണെന്ന ബോധ്യം ആമിനക്കുണ്ടായത്. അതിനാല്‍ സാമൂഹിക ശാസ്ത്രമേളയില്‍ വിജയം സ്വന്തമാക്കുക എന്നത് ആമിനയെ സംബന്ധിച്ച് നിര്‍ബന്ധമായ കൃത്യമായി. മത്സരയിനങ്ങള്‍ സംബന്ധിച്ച ചാര്‍ട്ട് അവള്‍ ഓരോ ക്ളാസിലും പതിച്ചു.


സാമൂഹിക ശാസ്ത്രമേളയില്‍ പ്രസംഗമത്സരത്തിന് വിഷയവുമായുള്ള ബന്ധം, ആശയവ്യക്തത, അവതരണശൈലി, ഭാഷാപ്രയോഗം എന്നീ കാര്യങ്ങളും പ്രാദേശിക ചരിത്രരചനയില്‍ രചനാപാടവം, അവതരണരീതി, രചനയുടെ പ്രത്യേകത, ഇന്‍റര്‍വ്യൂ, വര്‍ക്കിങ് മോഡലില്‍ പാഠഭാഗവുമായുള്ള ബന്ധം, ഉപയോഗിച്ച വസ്തുക്കള്‍, സാങ്കേതിക വിദ്യ, ആശയധാരണ, ഇന്‍റര്‍വ്യൂ, അറ്റ്ലസ് നിര്‍മാണത്തില്‍ ആശയവുമായുള്ള ബന്ധം, ഒൗട്ട്ലൈന്‍ വരക്കല്‍, സൂചകങ്ങള്‍, ക്രമപ്പെടുത്തല്‍, പുറംചട്ട എന്നീ കാര്യങ്ങള്‍ മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുമെന്ന് അധ്യാപകന്‍ മത്സരാര്‍ഥികളെ ഓര്‍മപ്പെടുത്തുകയും ചെയ്തു.
മേളയെ ഏറ്റവും ആകര്‍ഷകമാക്കുന്നതും ഏറ്റവും വാശിയേറിയതാക്കി മാറ്റുന്നതും പ്രവൃത്തിപരിചയ മേളയാണെന്ന് രണ്ടു വര്‍ഷം മുമ്പേ തന്‍െറ വിദ്യാലയത്തില്‍ സംഘടിപ്പിച്ച റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍നിന്ന് ആമിന അനുഭവിച്ചറിഞ്ഞതാണ്. ഉല്‍പന്നം തയാറാക്കുന്നതിലുള്ള അധ്വാനഭാരവും അതില്‍ കുട്ടിയുടെ പങ്കും ഉല്‍പന്നം തയാറാക്കുന്നതിലുള്ള വൈദഗ്ധ്യവും പൂര്‍ത്തീകരണവും ഉല്‍പന്നം തയാറാക്കുന്നതിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമുള്ള അറിവ്, ഉല്‍പന്നത്തിന്‍െറ സാമൂഹിക പ്രയോജനം, സവിശേഷത, വില്‍പന നിലവാരം എന്നിവയെല്ലാം മൂന്നു മണിക്കൂര്‍കൊണ്ട് മത്സരാര്‍ഥികളില്‍നിന്ന് അടര്‍ത്തിയെടുത്താണ് വിജയികളെ തീരുമാനിക്കുന്നത്. പ്രവൃത്തിപരിചയ മേളകളില്‍ കൂടി വിജയിച്ചാല്‍ ഈ വര്‍ഷം ചാമ്പ്യന്മാര്‍ നമ്മുടെ വിദ്യാലയം തന്നെയായിരിക്കും. ആമിന തീരുമാനിച്ചു കഴിഞ്ഞു.
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കുള്ള പ്രവൃത്തിപരിചയ മത്സരങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്. സ്കൂള്‍ അസംബ്ളിയിലാണ് പ്രവൃത്തിപരിചയ മേളയെക്കുറിച്ചുള്ള വിവരങ്ങള്‍ ആമിന കൂട്ടുകാര്‍ക്ക് നല്‍കിയത്. ആമിനയുടെ ആത്മാര്‍ഥതയെ പ്രശംസിച്ച പ്രധാനാധ്യാപകന്‍ പ്രധാന മത്സര ഇനങ്ങള്‍ ചുരുക്കി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ചന്ദനത്തിരി നിര്‍മാണം, ഈറ്റ, മുള കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, മുത്തുകള്‍കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, ബുക് ബൈന്‍ഡിങ്, ചിരട്ടകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, കയര്‍കൊണ്ടുള്ള ചവിട്ടിമത്തെകള്‍, വൈദ്യുതി വയറിങ്, ചിത്രത്തുന്നല്‍, തുണിയില്‍ ചിത്രം വരക്കല്‍, വെജിറ്റബ്ള്‍ പ്രിന്‍റിങ്, ലോഹത്തകിടില്‍ കൊത്തുപണി, കളിമണ്‍ രൂപ നിര്‍മാണം, ബാഡ്മിന്‍റണ്‍ നെറ്റ്, വോളിബാള്‍ നെറ്റ് നിര്‍മാണം, വര്‍ണക്കടലാസ് കൊണ്ടുള്ള പൂക്കള്‍, ത്രഡ് പാറ്റേണ്‍, പനയോല ഉല്‍പന്നം, പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണം, പാവകളിക്കുള്ള പാവനിര്‍മാണം, സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങള്‍, കുട നിര്‍മാണം, മരത്തില്‍ കൊത്തുപണി, മരപ്പണി, ചോക്ക് നിര്‍മാണം, സ്ക്വാഷ്, ജാം, അച്ചാറുകള്‍, പ്രകൃതിദത്ത നാരുകള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍, മുകുളങ്ങള്‍ ഒട്ടിക്കല്‍ എന്നീ മത്സരങ്ങളാണ് പ്രവൃത്തിപരിചയ മേളയില്‍ പ്രധാനപ്പെട്ടവ.
ആമിനയുടെ പ്രയത്നം ഫലംകണ്ടു. എല്ലാറ്റിനും മത്സരാര്‍ഥികളായി. വര്‍ധിച്ച പ്രയത്നമാണ് അവര്‍ നടത്തുന്നത്. ഇങ്ങനെ ചിട്ടയായി ഇതുവരെ ഒരാളും തയാറെടുത്തിട്ടില്ല. ഇതിന് ഫലംകാണുമെന്ന് ആമിനക്കറിയാം. ഉപജില്ലാ മേളക്കായി അവര്‍ കാത്തിരിപ്പ് തുടങ്ങി.