സ്കൂൾ പച്ച
മൂന്ന് രാജ്യങ്ങൾ ലോകത്തോട് പറഞ്ഞത്
  • പി. ജസീല
  • 12:23 PM
  • 02/2/2018

മൂന്നു രാജ്യങ്ങൾ ഇൗയടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മൂന്നു വ്യത്യസ്​ത കാരണങ്ങളാൽ, വ്യത്യസ്​ത സംഭവവികാസങ്ങളാൽ. ‘ന്യൂസ്​ ഗ്ലോബ്​’ ആദ്യ ലക്കം ചർച്ചചെയ്യുന്നത്​ ഇൗ രാജ്യങ്ങളെക്കുറിച്ചാണ്​ ​
 

​െഎസ്​ലൻഡ്​
റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്​ബാളില്‍ അര്‍ജൻറീനയെ സമനിലയില്‍ പിടിച്ചുകെട്ടി ഐസ്​ലൻഡ്​ എന്ന രാഷ്​ട്രം വരവറിയിച്ചു. അവരുടെ ആദ്യ ലോകകപ്പാണിത്. അരങ്ങേറ്റം ഗംഭീരമാക്കിയെന്നു പറയാം. അത്​ലാൻറിക് സമുദ്രത്തി​െൻറ വടക്കുള്ള ദ്വീപാണ് ഐസ്​ലൻഡ്​. ലോകത്തിലെ 18ാമത്തെ വലിയ ദ്വീപാണിത്. ഗ്രേറ്റ് ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ യൂറോപ്യന്‍ ദ്വീപും. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളില്‍ ഒന്ന്​. ഒരു ചതുരശ്ര കിലോ മീറ്ററില്‍ മൂന്നില്‍താഴെ പേര്‍ മാത്രമാണിവിടെ താമസിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരവും വളരെ ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനത്തി​െൻറ കാര്യത്തിലും മുന്നില്‍തന്നെ. മത്സ്യബന്ധനമാണ് പ്രധാന വരുമാനം. ഐസ്​ലൻഡിക് ആണ് പ്രധാന ഭാഷ. ഉരകങ്ങളില്ലാത്ത നാട് എന്നും അറിയപ്പെടുന്നുണ്ട്. മനുഷ്യര്‍ ആദ്യമായി ഐസ്​ലൻഡിൽ​ താമസമാരംഭിച്ച കാലത്ത് ഇവിടെയുണ്ടായിരുന്ന ഒരേയൊരു കരസസ്തനി ആര്‍ട്ടിക് കുറുനരിയായിരുന്നു. കീടങ്ങളും ചെറുപ്രാണികളുമൊഴികെ ജന്തു വൈവിധ്യം കുറഞ്ഞ നാടാണിത്. വടക്കേ അമേരിക്കന്‍ ഭൗമപാളിയിലും യൂറേഷ്യന്‍ ഭൗമപാളിയിലും പാതിപാതിയായി കിടക്കുകയാണീ ഹിമരാജ്യം. 
ഒമ്പതാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ നോർവീജിയന്‍ വൈക്കിങ്ങുകളാണ് മറ്റു കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഐസ്​ലൻഡ്​ എന്നു പേരിട്ടതത്രെ. ഹിമരാജ്യം ആണെന്ന് കരുതി മറ്റുള്ളവര്‍ താമസത്തിനു വരില്ലെന്ന് കരുതിയായിരുന്നു ആ പേര് സ്വീകരിച്ചത്. 14ാം നൂറ്റാണ്ടില്‍ നോര്‍വേയുടെ സാമന്തരാജ്യമായിരുന്നു. പിന്നീട് ഡെന്മാര്‍ക്കി​െൻറ കോളനിയായി. അതിനു ശേഷം രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ ആക്രമണത്തില്‍നിന്ന് ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും ഐസ്​ലൻഡി​നെ സംരക്ഷിച്ചു. 1944ല്‍ നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും ഡെന്മാർക്കുമായുള്ള രാഷ്​ട്രീയബന്ധം എതിര്‍ത്തു. 1944 ജൂണ്‍ 17ന് ഐസ്​ലൻഡ്​ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. 1946ല്‍ ഐക്യരാഷ്​ട്രസഭയില്‍ അംഗമായി. അമേരിക്കന്‍ സൈനികരുടെ സാന്നിധ്യം ഇപ്പോഴും തുടരുന്നുണ്ട്. യൂറോ
പ്യന്‍ യൂനിയനില്‍ അംഗമല്ലെങ്കിലും 1997 മുതല്‍ അവരുമായി വാണിജ്യബന്ധം പുലര്‍ത്തുന്നുണ്ട്. റെയ്ക്ജാവിക് ആണ് തലസ്ഥാനം. ലോകത്തില്‍തന്നെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ളവരാണിവിടത്തുകാര്‍. സ്ത്രീപുരുഷസമത്വമുണ്ട്. പുരുഷനു തുല്യമായ വേതനവും സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. കാട്രിന്‍ ജേക്കബ്സ്ദോത്തിര്‍ ആണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. 

മെക്സികോ
അച്ഛ​െൻറയും അമ്മയുടെയും അരികില്‍നിന്ന് നിങ്ങളെ നിര്‍ബന്ധപൂര്‍വം ആരെങ്കിലും വന്ന് മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അങ്ങനെയൊരു സംഭവമാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ്  മെക്സികോ അതിര്‍ത്തിയില്‍ നടന്നത്. പപ്പയെയും മമ്മിയെയും കാണണമെന്ന് ആവശ്യപ്പെട്ട് കരയുന്ന ആറുവയസ്സുകാരിയുടെ കഥകൾ കൂട്ടുകാര്‍ വായിച്ചോ എന്നറിയില്ല. അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുടെ മക്കളെ അനധികൃതമായി എത്തിയവരായാണ് ഇപ്പോഴത്തെ ഭരണകൂടം കാണുന്നത്. അതിനാല്‍, അവരെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തി അതിര്‍ത്തിയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ തമ്പുകള്‍പോലുള്ള തടവുകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഈ തടവുകേന്ദ്രത്തില്‍നിന്നാണ് ആ കുട്ടി കാവല്‍ ഉദ്യോഗസ്ഥരോട് അച്ഛ​െൻറയും അമ്മയുടെയും അടുത്തേക്ക് പോവണമെന്നു പറഞ്ഞ് കരഞ്ഞത്. മെക്സികോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം തടയുന്നതിനായി മതില്‍ പണിയുമെന്ന് അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചതാണ്. ജൂണ്‍ 20 വരെയുള്ള കണക്കുപ്രകാരം 2053 കുട്ടികളാണു വിവിധ കേന്ദ്രങ്ങളിലുള്ളത്. കൂടുതല്‍ കുഞ്ഞുങ്ങളും ഗ്വാട്ടമാല, ഹോണ്ടുറസ്, എല്‍സാല്‍വ​ഡോര്‍ എന്നിവിടങ്ങളില്‍നിന്നാണ്. പ്രതിഷേധം കനത്തതോടെ ട്രംപ് ഭരണകൂടത്തിന് നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്ന് കുട്ടികളെ തിരികെ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കാന്‍ അധികൃതര്‍ തയാറായി. 
വടക്കേ അമേരിക്കന്‍ വന്‍കരയിലെ രാജ്യമാണ് മെക്സികോ. ഏറ്റവും ഭൂകമ്പസാധ്യതയുള്ള രാജ്യങ്ങളിലൊന്നാണിത്. പ്രതിശീര്‍ഷ വരുമാനത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നു. എന്നാല്‍, ദാരിദ്ര്യം വിട്ടുമാറാത്ത നാടുകൂടിയാണത്. 1521 മുതല്‍ 1821 വരെ സ്പാനിഷ് കോളനിയായിരുന്നു മെക്സികോ. എൻറിക് പെന നീറ്റോ ആണ് ഇപ്പോഴത്തെ പ്രസിഡൻറ്. യുനൈറ്റഡ് മെക്സിക്കന്‍ സ്​റ്റേറ്റ്സ് എന്നാണ് ഒൗദ്യോഗികനാമം. 
തലസ്ഥാനം: മെക്സികോ സിറ്റി
നാണയം: പെസോ
ജനസംഖ്യ:10.65 കോടി 
വാനിലയുടെ ജന്മദേശമാണിത്. തക്കാളി, ചോളം, പേരക്ക, സപ്പോട്ട, മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശവും അതുതന്നെ. ചെമ്പ്, സള്‍ഫര്‍, ലെഡ്, സ്വര്‍ണം എന്നിവയുടെ വന്‍ശേഖരവും ഉണ്ടിവിടെ. ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളി ഉൽപാദിപ്പിക്കുന്ന രാജ്യമാണിത്. മെക്സികോ-യു.എസ് അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയാണ് റിയോ ഗ്രാനെഡ. റിയോ ബ്രാവോ എന്നാണ് ഈ നദി മെക്സികോയില്‍ അറിയപ്പെടുന്നത്. 
ലോകത്തേറ്റവും കൂടുതല്‍ പേര്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നത് മെക്സികോയിലാണ്. ദേശീയ പുഷ്പം: ഡാലിയ

തുര്‍ക്കി 
തുര്‍ക്കി വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. നിലവിലെ പ്രസിഡൻറായ ജസ്​റ്റിസ് ആൻഡ്​ ​െഡവലപ്മെൻറ്​ പാര്‍ട്ടി (അക് പാര്‍ട്ടി) നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെത്തന്നെ ജനം വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡൻറിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനഭേദഗതിക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് ചുവടുപിഴക്കുമെന്നായിരുന്നു ഒരുവിഭാഗത്തിെൻറ കണക്കുകൂട്ടല്‍. എന്നാല്‍, മുഖ്യ എതിരാളിയായിരുന്ന മുഹര്‍റം ഇന്‍ജയെ ബഹുദൂരം പിന്നിലാക്കിയാണ് ഉര്‍ദുഗാന്‍ രണ്ടാമൂഴം ഉറപ്പിച്ചത്. ഒപ്പം നടന്ന പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പിലും അക് പാര്‍ട്ടിക്കുതന്നെ മേല്‍ക്കൈ. 2019ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തേയാക്കുകയായിരുന്നു. 
ലോകഭൂപടത്തില്‍ തുര്‍ക്കിയുടെ സ്ഥാനം ശ്രദ്ധിച്ചിട്ടുണ്ടോ? യൂറോപ്പിന് ഏഷ്യ നല്‍കിയ സമ്മാനം പോലെയാണ് അതിെൻറ കിടപ്പ്. ഏഷ്യയില്‍നിന്ന് പോയിട്ടുണ്ട്, എന്നാല്‍ യൂറോപ്പില്‍ എത്തിയിട്ടുമില്ല. അങ്ങനെ ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ഒരു പാലംപോലെ കിടക്കുകയാണ് തുര്‍ക്കി. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണിത്. 60കളുടെ തുടക്കത്തില്‍ അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തി. പിന്നീട് രണ്ടുരാജ്യങ്ങളും തെറ്റി. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനാണ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക്. 1923ലാണ് തുര്‍ക്കി റിപ്പബ്ലിക്കായത്്. തുര്‍ക്കിയിലെ ബ്ലൂമോസ്ക് ലോകപ്രശസ്തമാണ്. ഈ പള്ളിയുടെ ഉള്‍വശം നീലക്കല്ലുകള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 1609ലാണ് പള്ളിനിര്‍മാണം തുടങ്ങിയത്. 
കല്‍ക്കരി, ഇരുമ്പയിര്, ചെമ്പ്, ക്രോമിയം, ആൻറിമണി, മെര്‍ക്കുറി, സ്വര്‍ണം തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് തുര്‍ക്കി. തുര്‍ക്കിയിലെ പ്രധാന നഗരമാണ് ഇസ്തംബൂള്‍.
‘യൂറോപ്പിലെ രോഗി’ എന്നാണ് തുര്‍ക്കി അറിയപ്പെട്ടിരുന്നത്.  മൂന്നു വന്‍കരകളില്‍ സ്വാധീനമുണ്ടായിരുന്ന ഓട്ടോമന്‍ സാമ്രാജ്യം ക്ഷയിച്ചപ്പോള്‍ തുര്‍ക്കിക്ക്​ കിട്ടിയ വിളിപ്പേരാണിത്. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നേടാനുള്ള തുര്‍ക്കിയുടെ ശ്രമം ഇപ്പോഴും ഫലം കണ്ടിട്ടില്ല. 
തലസ്ഥാനം: അങ്കാറ
നാണയം: ന്യൂ തുര്‍ക്കിഷ് ലിറ
തുര്‍ക്കിഷ് ആണ്​ ഒൗദ്യോഗിക ഭാഷ. 
കുര്‍ദിഷ്, ഡിംലി, കബാര്‍ദിയന്‍ എന്നീ 
ഭാഷകളും ഉപയോഗിക്കുന്നുണ്ട്.