മഴ വരും ഇതുവഴി ഇനിയും
 • 12:12 PM
 • 26/26/2018

‘‘ഇടവപ്പാതി കഴിഞ്ഞിട്ടും മഴപെയ്യാത്തതെന്തെടോ
പാറപ്പുറത്തെ പങ്ങുണ്ണി പല്ലുതേക്കാത്ത കാരണം’’
പണ്ട്​ സ്​കൂൾ തുറന്ന്​ ക്ലാസിലെത്തു​േമ്പാൾ വായിച്ചിരുന്ന പുസ്​തകത്തിലെ ആദ്യ വരികളാണിത്​. ഇടവപ്പാതിയാകു​േമ്പാൾ മഴപെയ്യുക എന്നത്​ ഒരു സ്​ഥിരം സംഭവംതന്നെയായിരുന്നു. കാലാവസ്​ഥക്ക്​ അന്ന്​​ വലിയ കേടുപാടൊന്നും പറ്റിയിരുന്നില്ല, അതുത​ന്നെ കാര്യം. അപ്പോൾ പിന്നെ മഴ ഇത്തിരി വൈകിയാൽ ശങ്കിച്ചുപോകും. സ്​കൂൾ തുറന്നശേഷം വീട്ടിൽനിന്നിറങ്ങുന്നത്​ മഴയത്താകുമെന്ന്​ ഉറപ്പ്​. ഒന്നര മാസത്തോളം നിൽക്കും ഇൗ പെരുമഴ. ഇൗ മഴക്ക്​ ഒരു പ്രത്യേകതയുണ്ട്​, ഒാരോ ദിവസവും ഒാരോ മഴകളായിരിക്കും. ചന്നംപിന്നം പെയ്യുന്ന മഴ, കോരിച്ചൊരിയുന്ന മഴ, ചാറ്റൽമഴ, ഇടിയും മിന്നലും കൂടിയ മഴ, തുള്ളിക്കൊരുകുടം പെയ്യുന്ന മഴ, അങ്ങനെ ഒാരോ വിധം മഴകൾ. മഴ ഒരിക്കലും കുട്ടികൾക്ക്​ ബുദ്ധിമുട്ടായി തോന്നിക്കാണില്ല, അത്​ ഇപ്പോഴും അങ്ങനെതന്നെയാവും. ചിലർ വെയിലാകു​േമ്പാൾ പറയുന്നത്​്​ കേട്ടിട്ടില്ലേ, ‘ഹൊ! ഇൗ വെയിൽ എന്തൊരു കഷ്​ടമാണ്​, ഒരു മഴ കിട്ടിയിരുന്നെങ്കിൽ’ എന്ന്​. എന്നാൽ മഴ പെയ്​താലോ, അത്​ ‘ചീഞ്ഞ മഴ’ എന്ന വിളിപ്പേരിലേക്ക്​ മാറുകയും ചെയ്യും. പക്ഷേ കുട്ടികൾക്ക്​ അങ്ങനെയല്ല. സ്​കൂളിൽ പോകു​േമ്പാഴും സ്​കൂൾവിട്ട്​ വരു​േമ്പാഴും മഴവെള്ളം തട്ടിത്തെറിപ്പിച്ച്​ കുടയിൽനിന്ന്​ ഉൗർന്നിറങ്ങുന്ന വെള്ളം കൈക്കുമ്പിളിലാക്കി കുട ചുറ്റിച്ച വെള്ളം തെറിപ്പിച്ച്​... അങ്ങനെ തുള്ളിച്ചാടിനടക്കുന്ന കുട്ടികൾ ഏറെ ഇഷ്​ടപ്പെടുന്നുണ്ടാകും മഴയെ എന്നുറപ്പ്​. 
 

മരംപെയ്യുന്നതും കാത്ത്​
മഴ​െപ്പയ്​ത്ത്​ തീരുന്നതുംകാത്ത്​ സ്​കൂൾ വരാന്തകളിൽ ഒരു നിൽപുണ്ട്​. മഴ തോർന്നാൽ നേരെ മരച്ചുവടുകളിലേക്ക്​​ ഒാടി അവിടെ സ്​ഥാനം പിടിക്കാനാണത്​. മഴപെയ്​തുതീർ​െന്നങ്കിലും മരം പെയ്യാൻ തയാറായി നിൽപുണ്ടാകും അപ്പോൾ. കുട്ടികൾ ഒാരോരുത്തരായി മരക്കൊമ്പുകൾ കുലുക്കി തൊട്ടടുത്തുള്ള കൂട്ടുകാരുടെ മേലേക്ക്​ വെള്ളം തെറിപ്പിക്കും. മരപ്പെയ്​ത്ത്​ കഴിഞ്ഞ്​ നനഞ്ഞ്​ കുളിച്ചാകും മിക്കവാറും ക്ലാസുകളിലേക്ക്​ പിന്നീടുള്ള പോക്ക്​. പിന്നെ നനഞ്ഞൊട്ടി ക്ലാസിലിരുന്നുള്ള പഠിത്തം, ഒരു ചെറിയ കാറ്റുകൂടിയുണ്ടെങ്കിൽ കുറച്ച്​ വിറയൽകൂടിയാവും... വീട്ടിൽചെന്ന്​ കയറു​േമ്പാൾ കേൾക്കേണ്ട ചീത്തക്ക്​ കൊടുക്കാനുള്ള മറുപടികൂടി ആ സമയം ഒാർത്തുവെച്ചിട്ടുണ്ടാവും. ഇന്ന്​ ചെറിയൊരു മഴകൊണ്ടാൽ ജലദോഷം പിടിക്കുന്ന ഇൗ കുട്ടികൾക്ക്​ അന്നെന്തേ മഴകൾ ഒാരോന്നും കൂട്ടുകാരായതെന്ന്​ ഒാർത്തുനോക്കൂ!


മഴക്കാലം സാഹിത്യം പറയു​േമ്പാൾ
കണ്ട്​ ആസ്വദിക്കാൻ മാത്രമല്ല കെ​േട്ടാ മഴ അവസരങ്ങളുണ്ടാക്കുന്നത്​. മലയാളത്തിലെ സാഹിത്യകാരന്മാരിൽ മിക്കവരും നന്നായി വർണിച്ചിട്ടും വിവരിച്ചിട്ടുമുണ്ട്​ മഴകളെ. സർഗാത്​മക രചനകൾ പലതും വിരിഞ്ഞിറങ്ങുന്നതും മഴക്കാലത്തുനിന്നാണ്​. സുഗതകുമാരി പറയുന്നത്​ കേട്ടിട്ടില്ലേ? 
‘‘രാത്രിമഴ, ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ”. 
രാത്രിമഴയെ എത്ര മനോഹരമായി വർണിച്ചിരിക്കുന്നു എന്നുനോക്കൂ... മഴയുടെ ഒാരോ ഭാവവും കവയിത്രി എത്ര സുന്ദരമായാണ്​ വിവരിക്കുന്നത്. സുഗതകുമാരിയെപ്പോലെതന്നെ മഴയെക്കുറിച്ച്​ പറയാത്ത, പാടാത്ത എഴുത്തുകാർ ഉണ്ടാവില്ലെന്ന്​ തീർത്തു​പറയാം, അത്ര ഭാവനയാണ്​ മഴയിൽ പെയ്​തിറങ്ങുന്നത്​. 

രാത്രിമഴയെന്താ ഇങ്ങനെ?
‘‘ഒാരോ മുകിലോരോ വർണം തൂകും മഴ...’’ എന്നുതുടങ്ങുന്ന കവിത കേട്ടിട്ടുണ്ടോ? ഒന്ന്​ ചിന്തിച്ചുനോക്കൂ, സംഭവം ശരിയല്ലേ? ഒാ​േരാ മഴയും തരുന്നത്​ ഒാരോ​േരാ അനുഭവങ്ങളാണ്​, ഒാരോ മഴക്കും ഒാരോ​േരാ വർണങ്ങളാണ്​, ഒാരോന്നിനും ഒാ​േരാ ഭംഗിയാണ്​. പകൽ പെയ്യുന്ന മഴയാണോ രാത്രിയിൽ നമ്മോടു കൂട്ടുകൂടാനെത്തുന്നത്​? പകൽ സമയങ്ങളിൽ ആർത്തലച്ച്​ പെയ്​തിറങ്ങുന്ന മഴതരുന്ന സുഖമല്ല രാത്രി മൂടിപ്പുതച്ചുകിടക്കു​േമ്പാൾ പെയ്യുന്ന മഴ തരുന്നത്​ എന്നുറപ്പ്​. മഴയുടെ ശക്​തി രാത്രി കൂടുകയാണോ കുറയുകയാണോ ചെയ്യാറ്​ എന്ന്​​ ശ്രദ്ധിച്ചിട്ടുണ്ടോ? രാത്രിമഴയുടെ കൂടെയാണോ അതോ പകൽ പെയ്യുന്ന മഴക്കൊപ്പമാണോ കൂടുതൽ ശക്​തിയുള്ള ഇടിയും മിന്നലും ഉണ്ടാകാറുള്ളത്​? എന്തുതന്നെയായാലും രാത്രിപെയ്യുന്ന മഴക്കൊരു വല്ലാത്ത സുഖംതന്നെയാണ്​ അല്ലേ. റോഡരികിലെ മഞ്ഞവെളിച്ചത്തെ കീറിമുറിച്ച്​ മഴപെയ്യു​േമ്പാൾ മഴയുടെ വർണങ്ങൾ വിരിയുന്നത്​ ഒന്ന്​ കാണണം... 
 

അമ്ലമഴയും കൃത്രിമമഴയും
മലിനീകരണത്തി​െൻറ ഫലമായുണ്ടാകുന്ന ഒരു പ്രതിഭാസമാണിത്​. അന്തരീക്ഷത്തിലുണ്ടാകുന്ന സൾഫ്യൂറിക്, നൈട്രിക് അമ്ലം മഴവെള്ളത്തിൽ കലർന്ന് ഭൂമിയിൽ പതിക്കുന്നു. ഇത്തരം ആസിഡ്​ മഴകൾ തുടർച്ചയായി പെയ്​താൽ കെട്ടിടങ്ങൾക്കും മറ്റ്​ വസ്​തുക്കൾക്കും കേടുപാടുകൾ സംഭവിക്കും. മണ്ണി​െൻറ പല ഗുണങ്ങളും നഷ്​ടപ്പെടുന്നതോടൊപ്പം ആസിഡ്​ മഴ സസ്യജന്തുജാലങ്ങളുടെ നാശത്തിനും കാരണമാകും. 
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസംവരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്​. മേഘങ്ങളില്‍ മഴപെയ്യാൻവേണ്ടി രാസപദാർഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവ പൂജ്യം ഡിഗ്രി​െയക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് സാധാരണരീതിയില്‍ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ് ഉപയോഗിക്കുന്നത്. കൂടാതെ മൂടല്‍മഞ്ഞ് കുറക്കുന്നതിനും ഈ പ്രവര്‍ത്തനം ഉപയോഗിക്കുന്നു. മഴ പെയ്യിക്കേണ്ട പ്രത്യേക പ്രദേശത്തിന് മുകളിലെ മഴമേഘങ്ങളെ ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് ഒരുമിച്ചുകൂട്ടുകയാണ് ആദ്യ പരിപാടി.
മറ്റുചില രാസവസ്തുക്കള്‍ ഉപയോഗിച്ചുതന്നെ നീരാവിയുടെ വെള്ളത്തുള്ളികളാകേണ്ട സൂക്ഷ്മ കണികകളെ ഒരുമിപ്പിക്കും. പിന്നീട് ഈ ചെറു ജലകണങ്ങള്‍ പറ്റിപ്പിടിക്കാന്‍ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാത്സ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ വിതറും. പിന്നീട് സില്‍വര്‍ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥം ചേര്‍ത്ത് പറ്റിപ്പിടിച്ച ജലത്തുള്ളികള്‍ക്ക് താഴേക്ക്​ പതിപ്പിക്കാന്‍ ആവശ്യമായ വലുപ്പം സൃഷ്​ടിക്കും. ഒടുവില്‍ ഈ ജലത്തുള്ളികളെ താഴേക്ക്​ വീഴ്ത്തുകയും ചെയ്യും. 
 

മഴക്കുഴികൾ

മഴ കണ്ട്​ ആസ്വദിക്കാനുള്ളത്​ മാത്രമാണോ? വേനൽക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന നാളുകളാണ്​ നമുക്കുമുന്നിൽ. കിണറുകളും കുളങ്ങളും വേനലെത്തിയാൽ വറ്റിവരളുന്നതാണ്​ പതിവ്​. ഭൂഗർഭജലത്തി​െൻറ അളവും ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. അപ്പോൾ പിന്നെ എന്താണൊരു പോംവഴി? മഴ കണ്ട്​ ആസ്വദിക്കുന്നതോടൊപ്പം ഒാരോരുത്തരും മറ്റു ചിലതുകൂടി ചെയ്​താൽ കടുത്ത വരൾച്ചയെ നമുക്ക്​ സുഖമായി മറികടക്കാം. അതിൽ പ്രധാനമാണ്​ മഴക്കുഴികളും കിണർ റീചാർജിങ്ങും. മഴവെള്ളം പെയ്​തുപോവുകയാണ്​. പലപ്പോഴും ഒഴുകി ചാലുകളായി തോടുകളിലേക്ക്​, അവിടെനിന്ന്​ പുഴ പിന്നെ കടൽ അങ്ങനെ. നമ്മുടെ വീടി​െൻറ ചുറ്റും വീണ്​ ഒഴുകിപ്പോകുന്ന വെള്ളത്തി​െൻറ അളവ്​ നമുക്ക്​ ഒരു വേനൽ മുഴുവൻ ഉപയോഗിക്കാവുന്നതിലും അപ്പുറമാണെന്നാണ്​ വിദഗ്​ധർ പറയുന്നത്. അപ്പോൾപിന്നെ നമുക്ക്​ അതി​െലാരു പങ്ക്​ ഫലപ്രദമായി ഉപയോഗിച്ചാലോ? പറമ്പിലെ ഒഴിഞ്ഞ സ്​ഥലങ്ങളിൽ ചെറിയ ചെറിയ കുഴികളുണ്ടാക്കി ഒഴുകിപ്പാഴാവുന്ന വെള്ളത്തെ അതിലേക്ക്​ തിരിച്ചുവിടാം. അങ്ങനെ, പതിയപ്പതിയെ വെള്ളത്തെ മണ്ണിലേക്കിറക്കി ഭൂഗർഭജലത്തി​െൻറ അളവ്​ കൂട്ടാം. പലതുള്ളിപ്പെരുവെള്ളം എന്നാണല്ലോ... ഒാരോരുത്തരും ഇങ്ങനെ ചെയ്​താൽ അത്​ വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പ്​.  മഴക്കുഴികൾ​ േപാലെത​െന്ന പ്രധാനമാണ്​ കിണർ റീചാർജിങ്ങും. മഴവെള്ളത്തെ ഫിൽട്ടർചെയ്​ത്​ കിണറുകളിലേക്ക്​ ഇറക്കിവിടുന്ന രീതിയാണിത്. മേല്‍ക്കൂരയില്‍ പെയ്തുവീഴുന്ന മഴവെള്ളത്തെ പി.വി.സി പൈപ്പി​െൻറ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പില്‍ക്കൂടി താ​േഴക്ക് എത്തിക്കും. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു ‘അരിപ്പ ടാങ്ക്’ സ്ഥാപിക്കണം. വീപ്പ​േയാ ഇഷ്​ടികകൊണ്ട് കെട്ടിയ കുഴിയോ ആയാല്‍ മതി. ടാങ്കി​െൻറ ഏറ്റവും അടിഭാഗത്ത് ഒരു പി.വി.സി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ളം കിണറിലേക്ക് ഇറക്കിക്കൊടുക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്കു പതിച്ച് കിണറില്‍ സംഭരിക്കുകയും ചെയ്യുന്നു. ഏറ്റവും ലളിതമായ സംവിധാനത്തിലൂടെ നമുക്ക് അമൂല്യമായ ഈ വെള്ളത്തെ കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കാൻ കഴിയും. കിണർ റീചാർജിങ്ങിനുമുമ്പ്​ അതുമായി ബന്ധപ്പെട്ട്​ അറിവുള്ളവരോട്​ അന്വേഷിക്കുന്നത്​ നന്നാകും.

രോഗം വരാതെ നോക്കാം

മഴ രോഗങ്ങളുടെ കാലംകൂടിയാണെന്ന്​ ഒാർമവേണം. നിപ ഭീതി ഒഴിഞ്ഞുമാറിയതേ ഉള്ളൂ. ഉരുൾപൊട്ടൽപോലെയുള്ള പ്രകൃതിദുരന്തങ്ങൾ പലതും ഇ​േപ്പാൾതന്നെ വന്നുപോയി. വെള്ളം കെട്ടിനിൽക്കുന്ന പരിസരം, അന്തരീക്ഷത്തിലെ കുറഞ്ഞ താപനില, മാലിന്യം തുടങ്ങിയവമൂലം ഇൗച്ച, കൊതുക്​, എലി എന്നിവ പെരുകുന്നു. സ്​ഥിരമായി മഴക്കാലത്ത്​ വരുന്ന ഒരുപാട്​ രോഗങ്ങളില്ലേ. കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്​ഡ്​, പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചികുൻഗുനിയ തുടങ്ങിയവയെല്ലാമാണ്​ ഇവയിൽ പ്രധാനം. ശുചിത്വമാണ്​ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാർഗം. സ്വന്തം വീട്​ വൃത്തിയാണെങ്കിലും പരിസരങ്ങൾ മലിനമായാൽ മതി രോഗങ്ങൾ പടരാൻ. പ്ലാസ്​റ്റിക്​ മാലിന്യം നല്ലരീതിയിൽ സംസ്​കരിക്കാനും ജൈവമാലിന്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം.

 • പ്ലാസ്​റ്റിക്​ സാധനങ്ങൾ, ചിരട്ട, കുപ്പികൾ തുടങ്ങിയവയെല്ലാം വലിച്ചെറിയാതെ ശ്രദ്ധിക്കണം. 
 • എലി നശീകരണം.
 • ഇടക്കെങ്കിലും ഡ്രൈഡേ ആചരിക്കാൻ ശ്രമിക്കണം. 
 • ചിരട്ടകൾ, പൂച്ചെട്ടി തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന്​ കൊതുക്​ വളരാതിരിക്കാൻ ശ്രദ്ധിക്കണം. 
 • മാലിന്യം കൂട്ടിവെക്കാതെ പെ​െട്ടന്ന്​ സംസ്​കരിക്കാൻ ശ്രമിക്കുക.
 • ഭക്ഷണസാധനങ്ങൾ അടച്ചുവെക്കാനും പഴങ്ങളും പച്ചക്കറികളും കഴുകി ഉപ​േയാഗിക്കാനും ശ്രദ്ധിക്കുക.
 • ഒാവുചാലുകളിൽ തടസ്സമുണ്ടായി വെള്ളം പുറത്തേക്കൊഴുകുന്നത്​ ശ്രദ്ധിക്കുക. അങ്ങനെയുണ്ടെങ്കിൽ ഉടൻ പ്രശ്​നം പരിഹരിക്കണം. രോഗം പടരാൻ ഏറ്റവുംകൂടുതൽ സാധ്യതയുള്ള ഒന്നാണത്​.
 • വ്യക്​തിശുചിത്വം ഉറപ്പുവരുത്തുക
   

തവള പാടുന്ന പാടങ്ങൾ

മഴപെയ്​തൊഴിഞ്ഞ പാടങ്ങളിൽ ‘പോക്രോം, പോക്രോം’ എന്ന പാട്ട്​ കേൾക്കാറുണ്ടോ? ഇരുട്ട്​ വീണുകഴിഞ്ഞാലാകും ഇൗ പാട്ടി​െൻറ ശബ്​ദവും വേഗവും കൂടുന്നത്; ഇൗണവും മാറും. മഴക്കാലമെന്നാൽ തവളകൾക്ക്​ ഉത്സവകാലമാണ്​. ഇഷ്​ടംപോലെ ഭക്ഷണം, ചാടിനടക്കാൻ നിറഞ്ഞുകിടക്കുന്ന പാടങ്ങൾ അങ്ങനെയങ്ങനെ. മുമ്പ്​ സയൻസ്​ വിഷയം പഠിക്കുന്നവർക്ക്​ തവളയെ ശസ്​ത്രക്രിയ ചെയ്​ത്​ പഠിക്കാനുണ്ടായിരുന്നു. അന്ന്​ തവളപിടുത്തക്കാർക്ക്​ വലിയ ഡിമാൻഡ്​ ആയിരുന്നു. ഇങ്ങനെ നൂറുകണക്കിന്​ തവളകളാണ്​ ദിനേന പിടിക്കപ്പെട്ടിരുന്നത്​. കൂടാതെ അവയുടെ ആവാസവ്യവസ്​ഥയും താളംതെറ്റി. അങ്ങനെ തവളപിടിത്തം നിർത്തി. പക്ഷേ ഇപ്പോഴും പാടങ്ങളിൽ പണ്ടത്തെപ്പോലെ തവളകളില്ല. ഉള്ള തവളകൾ മഴപെയ്യു​േമ്പാൾ പാടങ്ങളിലിരുന്ന്​ പാടുന്നത്​ കേൾക്കാം, പോക്രോം... പോക്രോം...
 

മഴമാപിനി

ഒാരോ ദിവസവും പെയ്​ത മഴയുടെ അളവ്​ പറയുന്നതുകേട്ടിട്ടില്ലേ കൂട്ടുകാർ? അത്​ കണ്ടുപിടിക്കുന്നത്​ എങ്ങനെയാണെന്ന്​ കേൾക്കണോ? അതിനുപയോഗിക്കുന്ന ഉപകരണമാണ്​ മഴമാപിനി. ഒരുപക്ഷേ നിങ്ങൾ പല ക്ലാസുകളിലും ഇ​േതക്കുറിച്ച്​ പഠിച്ചുകാണും. ഒരു പ്രദേശത്ത്‌, നിശ്ചിത സമയത്തിനുള്ളിൽ എത്ര അളവ്‌ മഴ ലഭിച്ചു എന്ന്​ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ മഴമാപിനി. ഒരു ഫണലും അതിനടിയിൽ മഴവെള്ളം ശേഖരിക്കാൻ ഘടിപ്പിക്കുന്ന കുഴൽപ്പാത്രവുമാണ് ഇതി​െൻറ പ്രധാന ഭാഗങ്ങൾ. 

 • നമുക്കും നിർമിക്കാം ഒരെണ്ണം:

വേണ്ട സാമഗ്രികൾ
1. താഴെ മുതല്‍ മുകള്‍ഭാഗം വരെ ഒരേ വലുപ്പമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ഫണല്‍
3. ഒരു സ്കെയില്‍ 
ഫണലി​െൻറ മുകള്‍ഭാഗത്തെ വ്യാസവും കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമാകാൻ ശ്രദ്ധിക്കുകയാണ്​ ആദ്യം വേണ്ടത്​. ഫണൽ കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകിവെക്കണം. ഇനി മഴവെള്ളം അളക്കാനുള്ള സ്കെയില്‍ കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിക്കുക. മഴമാപിനി റെഡി. ഇനി ഇത്​ കെട്ടിടങ്ങളില്‍നിന്നും മരങ്ങളില്‍നിന്നും മാറി ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിക്കണം. കാറ്റില്‍ മറിയാതിരിക്കാന്‍ ശ്രദ്ധിക്കണേ. ഓരോ ദിവസവും നിശ്ചിത സമയം സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെൻറിമീറ്ററില്‍ അളക്കാം. എത്ര ഇൗസി!