പുസ്തക വെളിച്ചം
മലയാള നാടക സാഹിത്യചരിത്രം
  • പ്രഫ. എം. ഹരിദാസ്​
  • 02:24 PM
  • 04/12/2017

ഏറ്റവും പ്രാചീനമായ സാഹിത്യരൂപങ്ങളിൽ ഒന്നാണ് നാടകം. വിശിഷ്​ടമായ ഒരു രംഗകലയുമായി ബന്ധപ്പെട്ടാണ് ഈ സാഹിത്യരൂപത്തി​െൻറ നിലനിൽപ്​​ എന്ന വസ്തുത ഇതരസാഹിത്യ രൂപങ്ങൾക്ക് ഇല്ലാത്ത ഒരു സവിശേഷതയാണ്. സാഹിത്യാദി കലകളെക്കുറിച്ച് ഏറ്റവും പഴക്കംചെന്ന ആധികാരികരേഖകളായ ഭരത​െൻറ  നാട്യശാസ്ത്രത്തിലും അരിസ്​റ്റോട്ടിലി​െൻറ പോയറ്റിക്സിലും നാടകത്തെക്കുറിച്ച് പരാമർശമുണ്ട്. പ്രതിഭശാലികൾക്കു മാത്രം കഴിയുന്നതാണ് നാടകരചന എന്നാണ് പണ്ഡിതമതം. കവിത എഴുതിയെഴുതി നല്ല കൈത്തഴക്കം വന്നവർക്ക് മാത്രമേ നാടകം രചിക്കാൻ കഴിയൂ എന്ന്​ അർഥം വരുന്ന ‘നാടകാന്തം കവിത്വം’ എന്ന സംസ്കൃതത്തിലെ ചൊല്ല് പ്രശസ്തമാണ്. എല്ലാ കാല​െത്തയും വിസ്മയങ്ങളായ കാളിദാസനും വില്യം ഷേക്സ്പിയറും ഒരേസമയം കവികളും നാടകകൃത്തുക്കളുമാണ് എന്ന സത്യം  ആ സിദ്ധാന്തത്തെ ന്യായീകരിക്കുന്നു.
ആധുനിക മലയാള നാടകത്തി​െൻറ രചന ശൈലിയിലും അവതരണസമ്പ്രദായത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച നാടകകൃത്തും സംവിധായകനും സൈദ്ധാന്തികനുമാണ് ജി. ശങ്കരപിള്ള. കേരളത്തിൽ ആദ്യമായി നാടകപരിശീലനത്തിനുള്ള കേന്ദ്രമായി കാലിക്കറ്റ് സർവകലാശാല ആരംഭിച്ച സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറാണ് അദ്ദേഹം. സ്കൂൾ ആരംഭിക്കുന്നതിന് മു​േമ്പതന്നെ നാടകക്കളരികൾ നടത്തി താൽപര്യമുള്ളവരിൽ നാടക രംഗത്തെക്കുറിച്ച് അവബോധം സൃഷ്​ടിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്​.
1880കളിൽ ഉണ്ടായ ശാകുന്തളം വിവർത്തനങ്ങളിലൂടെയാണ് മലയാള സാഹിത്യത്തിലെ നാടകശാഖക്ക് തുടക്കം കുറിക്കപ്പെട്ടത്. ആദ്യത്തെ ഒരു നൂറ്റാണ്ടിലെ (1880^-1980)  മലയാള നാടകങ്ങളുടെയും രംഗാവതരണ ശ്രമങ്ങളു​െടയും ചരിത്രമാണ് പ്രഫ. ജി. ശങ്കരപിള്ള കേരള സാഹിത്യ അക്കാദമിക്കുവേണ്ടി രചിച്ച ‘മലയാള നാടകസാഹിത്യ ചരിത്രം’ എന്ന കൃതി. ഏഴ് അധ്യായങ്ങളായി തയാറാക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ സംസ്കൃത നാടകങ്ങളുടെ വിവർത്തനങ്ങളെക്കുറിച്ചും തമിഴ് നാടകവേദിയെ അനുകരിച്ച് രൂപം കൊണ്ട സംഗീത നാടകങ്ങളെക്കുറിച്ചും ആണ് ഒന്നാം അധ്യായത്തിൽ വിവരിക്കുന്നത്. 
പാശ്ചാത്യമായ ഇതിവൃത്തവും അവതരണ സമ്പ്രദായത്തിൽ അന്യരാജ്യസ്വാധീനവും ഉള്ള ചവിട്ടുനാടകങ്ങളെക്കുറിച്ചും ആ അധ്യായത്തിൽ പരാമർശമുണ്ട്. 1900 മുതൽ 1930 വരെയുള്ള കാലഘട്ടത്തിലെ നാടകശ്രമങ്ങളാണ് അനേകം നാടകങ്ങൾ എന്ന രണ്ടാം അധ്യായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലയാള നാടകങ്ങൾ സാമൂഹിക വിഷയങ്ങൾ ഫലപ്രദമായി ഉന്നയിക്കാൻ കരുത്തുനേടിയ 1930^40 കാലഘട്ടത്തിലെയും ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും അരങ്ങത്തെത്തിച്ച 1940^50 കാലഘട്ടത്തി​െലയും നാടകങ്ങളെക്കുറിച്ചാണ് മൂന്നും നാലും അധ്യായങ്ങളിൽ ചർച്ച ചെയ്യുന്നത്. കെ.പി.എ.സിപോലെ അരങ്ങിൽ വിജയംകൊയ്ത പ്രഫഷനൽ നാടകസംഘങ്ങൾ സജീവമായ അമ്പതുകളിലെ നാടകമാണ് അടുത്ത അധ്യായത്തിൽ വിഷയമാകുന്നത്. ഈ പ്രഫഷനൽ നാടകവേദിയെ അനുകരിച്ചും അവയുടെ സ്വാധീനത്തിൽനിന്ന് വിട്ടുമാറി സ്വന്തം പാത തിരിച്ചറിയുന്നതിനും ഉള്ള ശ്രമങ്ങൾ എന്ന രീതിയിൽ രണ്ട് ധാരകളായി വികസിച്ച അറുപതുകളിലെ നാടക പരിശ്രമങ്ങളാണ് അർഥപൂർണമായ ചലനങ്ങൾ എന്ന ശീർഷകത്തിലുള്ള അടുത്ത അധ്യായത്തിലെ പ്രതിപാദ്യം. കലാശം എന്ന് പേരിട്ടിരിക്കുന്ന അവസാന അധ്യായത്തിൽ തനത്​ നാടകവേദിയുടെ പുരോഗതിയാണ് വിഷയമാകുന്നത്.
സമകാലിക ഭാരതീയ നാടകവേദിയെക്കുറിച്ചും മലയാളത്തിലെ ഏകാങ്കനാടകങ്ങളെക്കുറിച്ചും ഉള്ള ഓരോ ലേഖനങ്ങൾ അനുബന്ധമായി ചേർത്തിരിക്കുന്നു. പ്രമുഖ മലയാള നാടകകൃത്തുകളുടെ ജനനമരണ വർഷങ്ങൾ ആണ് മറ്റൊരു അനുബന്ധം. വളരെയധികം സംഗ്രഹിച്ചും അനാവശ്യ വിവരണങ്ങൾ ഒഴിവാക്കിയും ചരിത്രരചന നടത്താനാണ്​ ഗ്രന്ഥകർത്താവ് ശ്രമിച്ചിരിക്കുന്നത്. അതിനാൽ, പദസൂചികയടക്കം 186 പേജ് മാത്രമുള്ള ഈ കൃതി മലയാള നാടകത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം സഹായകമായ അടിസ്ഥാന പാഠപുസ്തകമാണ്.

പ്രഫ. ജി. ശങ്കരപിള്ള  
ജീവിതരേഖ
ജനനം: 1930 ജൂൺ 22 
ചിറയിൻകീഴ്
പദവികൾ: വിവിധ കോളജുകളിൽ മലയാളം അധ്യാപകൻ, കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയുടെയും കോട്ടയം എം.ജി സർവകലാശാല സ്കൂൾ ഓഫ് ​െലറ്റേഴ്സി​െൻറയും ആദ്യ ഡയറക്ടർ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ, നാഷനൽ സ്കൂൾ ഓഫ്  ഡ്രാമ, സി.സി.ആർ.ടി തുടങ്ങിയവയുടെ ഭരണസമിതി അംഗം. 
കൃതികൾ: ഭരതവാക്യം, ബന്ദി, മൃഗതൃഷ്ണ, പൂജാമുറി, അഭയാർഥികൾ, പേ പിടിച്ച ലോകം... തുടങ്ങി മുപ്പതോളം നാടകങ്ങളും ഏകാങ്ക സമാഹാരങ്ങളും.
പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി, കേന്ദ്ര സംഗീതനാടക അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം അവാർഡുകൾ, ജവഹർലാൽ നെഹ്റു ഫെലോഷിപ്​, ‘നന്ദികർ’ അവാർഡ്.
ചരമം: 1989  ജനുവരി 1