ടെലിസ്‌കോപ്പ്
മലയാളം പറയുന്ന ‘വിക്കി’
  • ഷബീബ് മുഹമ്മദ് പി.
  • 01:46 PM
  • 12/03/2018

വിക്കിപീഡിയയെ കുറിച്ച് കേൾക്കാത്തവരായും അത് ഉപയോഗിക്കാത്തവരായും വളരെ കുറച്ചുപേർ മാത്രമേ കാണൂ. കാരണം, അത്രമേൽ സ്വാധീനം വിക്കിപീഡിയ നമ്മളിലൊക്കെ ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വിവരശേഖരണങ്ങൾക്ക്​ വളരെയെളുപ്പം ആശ്രയിക്കാവുന്ന ഇടമാണ് വിക്കിപീഡിയ. വിക്കിപീഡിയക്ക്​ മലയാളം വേർഷനുമുണ്ട്​. ഇൗ സ​േങ്കതം ഇനിയും ഉപയോഗിച്ച് ശീലമില്ലാത്തവർക്ക് എന്താണ് വിക്കിപീഡിയ എന്നും എങ്ങനെ ഉപയോഗിക്കാമെന്നും പരിചയപ്പെടുത്തുകയാണ് ഇവി​െട.
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമിക്കാനുള്ള കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷ​െൻറ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയിലെ ഉള്ളടക്കം സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവുമായിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്​ദമാണ്.
ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധസേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത്. ലേഖനം എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്.
ജിമ്മി വെയിൽസ്, ലാറി സാങ്ങർ എന്നിവർ 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. വിദഗ്ധർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തി​െൻറ പൂരകസംവിധാനമായാണ് വിക്കിപീഡിയ ആരംഭിച്ചത്. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃ വെബ്സൈറ്റിനേക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയക്ക്​ സാധിച്ചു. ഇന്ന് ഇൻറർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു. വിക്കി സോഫ്​റ്റ്​വെയർ എന്ന സംവിധാനമാണ് ഈ സ്വതന്ത്ര വിജ്ഞാനകോശത്തി​െൻറ അടിസ്ഥാനം.


മലയാളം വിക്കിപീഡിയ
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവ്​ പങ്കുവെക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്​ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. 2002 ഡിസംബർ 21ന് അക്കാലത്ത് അമേരിക്കൻ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി.യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്ക്​ തുടക്കമിട്ടത്. പക്ഷേ, അതിനുമുമ്പ്​ പരീക്ഷണ രൂപത്തിലോ മറ്റോ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു. പക്ഷേ, സ്വന്തം ഡൊമൈൻ മലയാളത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല, വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്​ വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാൽ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21ന് എന്ന് പറയാം. ആ ദിവസം വിനോദ് എഴുതിയ മലയാളം അക്ഷരമാല എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ വിജ്ഞാനസംബന്ധിയായ ആദ്യ ലേഖനമെന്നു കരുതുന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 53,970 ലേഖനങ്ങളുണ്ട്.
കല, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, ശാസ്ത്രം, സാേങ്കതികം, സാമൂഹികം, കായികം എന്നിങ്ങനെ തിരിച്ചാണ് ഇതിൽ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലേഖനങ്ങൾ മാത്രം തിരയാനുള്ള ഇടമായി മലയാളം വിക്കിപീഡിയയെ കണ്ടെങ്കിൽ തെറ്റി. മറ്റു പല മേഖലകളിലും വിക്കി കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. 

സഹായമേശ
ഉപയോക്താക്കൾക്ക് മലയാളം വിക്കിപീഡിയ സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്.

വിക്കി പഞ്ചായത്ത്
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കു​വെക്കാനുള്ള സഭ, നിലവിലുള്ള നയങ്ങളും കീഴ്വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ, സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ, പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവെക്കാനുള്ള സഭ, വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർഥിക്കാനുള്ള സ്ഥലം, ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ.

വിക്കി സമൂഹം
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് വിക്കി സമൂഹം. മലയാളം വിക്കിപീഡിയയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദേശങ്ങളും ഇവിടെ കാണാം.

വിക്കിമീഡിയ സംരംഭങ്ങൾ
●വിക്കി നിഘണ്ടു
നിർവചനങ്ങൾ, ശബ്​​േദാൽപത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷ നിഘണ്ടു സൃഷ്​ടിക്കാനുള്ള സഹകരണ പദ്ധതിയാണിത്. 2004 ആഗസ്​റ്റ്​ നാലിന് തുടക്കംകുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,29,796 നിർവചനങ്ങളുണ്ട്. വിക്കിനിഘണ്ടുവിലെ ഉള്ളടക്കം ക്രിയേറ്റിവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്.
●വിക്കി ഗ്രന്ഥശാല
കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കി ഗ്രന്ഥശാല. പകർപ്പവകാശ കാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇവിടെ ലഭ്യമാകുന്നത്.
●വിക്കി പാഠശാല
വിക്കിമീഡിയ കുടുംബത്തിലെ ഒരംഗമാണ് വിക്കി പാഠശാല. ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നിൽ തുറന്നു​െവച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്. ഇപ്പോൾ മലയാളം വിക്കി പാഠശാലയിൽ 13 പുസ്തകങ്ങളുണ്ട്, എല്ലാ പുസ്തകങ്ങളിലുമായി 189 താളുകളും ഉണ്ട്.
●വിക്കി സർവകലാശാല
വിക്കിവേഴ്​സിറ്റി എന്നാൽ വിക്കി മീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ്. കൂടാതെ, വിവിധ ഭാഷകളിലുള്ള മറ്റു സ്വതന്ത്ര-ഉള്ളടക്ക പദ്ധതികളുടെ ശ്രേണിക്കും ഇത് ആതിഥ്യം വഹിക്കുന്നു. ഒരു പുതിയ വിക്കിവേഴ്സിറ്റി സ്ഥാപിക്കാൻ, പ്രസ്തുത ഭാഷ പദ്ധതിയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന പത്ത് സജീവ പ്രതിനിധികൾ നിർബന്ധമാണ്. ഇത്രയും അംഗസംഖ്യ തികഞ്ഞാൽ ഒരു പുതിയ ഭാഷ സാമ്രാജ്യം (ഡൊമൈൻ) സ്ഥാപിക്കാൻ ആവശ്യപ്പെടാം (മെറ്റാ-വിക്കിയിൽ).
●മെറ്റാ-വിക്കി
വിക്കിമീഡിയ ഫൗണ്ടേഷ​െൻറ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും ഏകോപിപ്പിക്കുക, ലിഖിത രൂപത്തിലാക്കുക തുടങ്ങി ആസൂത്രണം, അപഗ്രഥനം വരെ ചെയ്യാനുമുള്ള ആഗോള കൂട്ടായ്മക്കു വേണ്ടിയുള്ളതാണിത്. മലയാളം പോലുള്ള ഭാഷകൾക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽതന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാൻ പ്രസ്തുത ലേഖനം എഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയുംതന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. മലയാളം യൂനികോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് മലയാളം വിക്കിപീഡിയ സജീവമായത്.
അറിവിെൻറ കുത്തകവത്കരണത്തിനെതിരെയുള്ള ചെറുത്തുനിൽപായി വിക്കിപീഡിയയെ കാണാം. നമ്മുടെ കൈവശമുള്ള അറിവുകളും വിവരങ്ങളും മറ്റുള്ളവർക്കും കൂടി ലഭ്യമാക്കുവാൻ ഇൗ സേങ്കതത്തെ നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. തീർത്തും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇൗ സംരംഭത്തിൽ നമുക്കും പങ്കാളികളാവാം. 
നമുക്കും ഇതിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാമോ? പറ്റും. തെറ്റായ വിവരങ്ങളാണ്​ േചർത്തതെങ്കിൽ പേടിക്കേണ്ടതില്ല. പിറകെ വരുന്നവർ തിരുത്തിക്കൊള്ളും.

നമുക്ക് എന്തൊക്കെ ചെയ്യാം?
ഛായാഗ്രാഹകനോ ചിത്രകാരനോ ആണെങ്കിൽ മലയാളം വിക്കിപീഡിയയിൽ ആവശ്യമുള്ള ചിത്രങ്ങൾ നൽകി സഹായിക്കാം.
സംശോധക സേനയിൽ പങ്കാളിയായി ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു​വെക്കാം.
സോഫ്​റ്റ്​വെയർ കോഡെഴുത്ത്​ വശമുണ്ടെങ്കിൽ ഉപകാരപ്രദമായ ഏതെങ്കിലും പ്രോഗ്രാം തയാറാക്കാം.
ഏകദേശം പൂർത്തിയായ ലേഖനങ്ങളിലെ അക്ഷരപ്പിശക്​ തിരുത്താൻ സഹായിക്കാം.