പുസ്തക വെളിച്ചം
മറക്കുടക്കുള്ളിലെ മഹാനരകം
  • പ്രഫ. എം. ഹരിദാസ്
  • 11:58 AM
  • 10/08/2016

19ാം നൂറ്റാണ്ടിന്‍െറ അവസാനത്തെ രണ്ടു ദശകങ്ങളിലാണ് മലയാളസാഹിത്യത്തില്‍ നോവല്‍, ചെറുകഥ, നാടകം തുടങ്ങിയ ശാഖകള്‍ ആവിര്‍ഭവിച്ചത്. വായനക്കാരുടെ മാനസികോല്ലാസം ലക്ഷ്യമാക്കുന്ന കൃതികള്‍ മാത്രമാണ് ആദ്യത്തെ  നാലോ അഞ്ചോ ദശകങ്ങളില്‍ ഈ ശാഖകളില്‍ ഉണ്ടായത്. സാമൂഹിക പരിവര്‍ത്തനത്തിന് ചാലകശക്തിയായിത്തീരുക എന്ന ധര്‍മംകൂടി സാഹിത്യത്തിനുണ്ട് എന്ന അവബോധം ശക്തമാകുന്നത് 1930കളില്‍ മാത്രമാണ്. സാമൂഹികമാറ്റം ലക്ഷ്യമാക്കുന്ന രചനകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് നാടകവിഭാഗത്തിലാണ്. നമ്പൂതിരി സമുദായത്തില്‍ ആഴ്ന്നിറങ്ങിയ അനാചാരങ്ങള്‍ അനാവരണംചെയ്ത് അന്തര്‍ജനങ്ങള്‍  കുടിച്ചുതീര്‍ത്ത കണ്ണീരിന്‍െറ ചൂട് അനുഭവപ്പെടുത്തുന്ന അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് (വി.ടി. ഭട്ടതിരിപ്പാട്) എന്ന നാടകമാണ് ഈ ദിശയിലെ പ്രഥമോദ്യമം. തുടര്‍ന്ന് നേരത്തേ ഈ പംക്തിയില്‍ പരിചയപ്പെടുത്തിയ ഋതുമതി (എം.പി. ഭട്ടതിരിപ്പാട്ട്, പ്രേംജി), മറക്കുടക്കുള്ളിലെ മഹാനരകം (എം.ആര്‍.ബി) എന്നീ നാടകങ്ങളും അരങ്ങത്തത്തെി. കവിതക്കും കഥക്കും വായനക്കാരിലേക്ക് ആശയസംക്രമണം നടത്താന്‍ മാത്രമല്ളേ ശക്തിയുള്ളൂ. എന്നാല്‍, രംഗാവതരണ സൗഭാഗ്യം ലഭിച്ചതിനാല്‍ ഈ നാടകത്രയം നിരക്ഷരരിലും വായനശീലം ഇല്ലാത്തവരിലും വായിക്കാന്‍ സമയവും സൗകര്യവും ലഭിക്കാത്തവരിലും ചലനം സൃഷ്ടിച്ചു. പരിവര്‍ത്തന വാഞ്ഛയുടെ തീക്കനല്‍ ഊതിയൂതി ജ്വാലയാക്കിമാറ്റാന്‍ അവക്കു കഴിഞ്ഞു.
ഗദ്യകവിതകളും കഥകളും കാവ്യാത്മക ശൈലിയില്‍ അനുഭവക്കുറിപ്പുകളും എഴുതി എന്നനിലയിലാണ് എം.ആര്‍.ബി മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍, മറക്കുടക്കുള്ളിലെ മഹാനരകം എന്ന ലഘുനാടകമാണ് ആ നാമം മലയാളികള്‍ക്കിടയില്‍ അനശ്വരമാക്കിയത്. ഇല്ലത്തുനിന്ന് വെളിയിലിറങ്ങുന്ന അന്തര്‍ജനങ്ങളുടെ വേഷവിതാനത്തിന്‍െറ ഭാഗമായിരുന്നു രണ്ടു കൈകൊണ്ട് ശിരസ്സിനോട് ചേര്‍ത്തുപിടിക്കുന്ന ഓലക്കുട. മഴയോ വെയിലോ തടയലായിരുന്നില്ല ആ കുടചൂടലിന്‍െറ ലക്ഷ്യം. സമൂഹത്തില്‍ അന്തര്‍ജന രൂപം അദൃശ്യമാക്കി മറച്ചുവെക്കുന്നതുകൊണ്ടാണ് അതിനെ മറക്കുട എന്ന് വിളിച്ചിരുന്നത്. അന്തര്‍ജനങ്ങളുടെ ബാഹ്യരൂപം മാത്രമല്ല, നരകജീവിതവും സമൂഹത്തില്‍നിന്ന് മറച്ചുവെക്കാനായിരുന്നു കുട പ്രയോജനപ്പെട്ടിരുന്നത്. ഒരു കുടുംബത്തിലെ സഹോദരന്മാരില്‍ മൂത്തയാള്‍ക്കു മാത്രമേ സ്വസമുദായത്തില്‍നിന്ന് വിവാഹം കഴിക്കാവൂവെന്ന സവിശേഷമായ നിയമം പാലിക്കപ്പെട്ടിരുന്ന നമ്പൂതിരി സമുദായത്തിലെ യുവതികള്‍ക്ക് ഏതെങ്കിലും വൃദ്ധനമ്പൂതിരിയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയായിത്തീരേണ്ടിവരുക എന്ന ഗതികേട് സര്‍വസാധാരണമായിരുന്നു.  ഇപ്രകാരം ഹോമിക്കപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ദുസ്സഹജീവിതം കണ്ട് മനസ്സു തപിച്ചാണ് എം.ആര്‍.ബി ആ ആശയം  ആവിഷ്കരിക്കുന്ന ഒരു ചെറുകഥ ‘ഉണ്ണി നമ്പൂതിരി’ മാസികയിലെഴുതിയത്. ആ കഥയാണ് പിന്നീട് യോഗക്ഷേമസഭയില്‍ അവതരിപ്പിക്കുന്നതിന് നാടകമായി രൂപാന്തരപ്പെടുത്തിയത്. പൂമുറ്റത്തുമനയിലെ ഇട്ടിപ്പാപ്തിയാണ് കേന്ദ്ര കഥാപാത്രം. വൃദ്ധനായ പുതിനിപ്പിള്ളി അച്ഛന്‍ നമ്പൂതിരിയുടെ മൂന്നാം വേളിയായി അവളെ അയക്കാന്‍ അച്ഛന്‍ പരമേശ്വരന്‍ തിരുമേനി തയാറായി. ഭര്‍തൃഗൃഹത്തില്‍ ജ്യേഷ്ഠപത്നിയില്‍നിന്നുള്ള കഠിനമായ പീഡനമാണ് ഈട്ടിപ്പാപ്തിക്ക് നേരിടേണ്ടിവന്നത്. ഇടിയും തൊഴിയും നിന്ദയും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ‘ഒരു ഗൃഹസ്ഥന്‍ കെട്ടിയ മംഗല്യച്ചരടിനെക്കാള്‍ ഈ തോര്‍ത്തുമുണ്ട് കുടുക്കാണ് എനിക്കൊരു ആശ്വാസം നല്‍കിയത്’ എന്ന സന്ദേശവുമായി ഇട്ടിപ്പാപ്തി ആത്മഹത്യചെയ്യുന്നു. നമ്പൂതിരി കഴുത്തിലണിഞ്ഞ ചെറുതാലി വലിച്ചുപൊട്ടിച്ച് മുറ്റത്തെറിഞ്ഞാണ് അവള്‍ തോര്‍ത്തെടുത്ത് കുടുക്കിട്ടത്. ഇട്ടിപ്പാപ്തിയുടെ ആത്മാഹുതി സമൂഹത്തില്‍ പരിവര്‍ത്തനത്തിന്‍െറ മഹാപരമ്പരക്ക് പ്രേരകശക്തിയായി. നമ്പൂതിരിവിവാഹ സമ്പ്രദായത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്ന മാറ്റം നാടകത്രയം സമുദായ മനസ്സില്‍ വരുത്തിയ രാസമാറ്റത്തിന്‍െറ സാക്ഷ്യപത്രമാണ്.
 

എം.ആര്‍.ബി ജീവിതരേഖ
മുഴുവന്‍ പേര്: മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
ജനനം: 1908 ആഗസ്റ്റ് എട്ട്, വന്നേരി
ജീവിതവൃത്തി: സ്വാതന്ത്ര്യസമരസേനാനി, 
     സാമൂഹിക പരിഷ്കര്‍ത്താവ്, പത്രപ്രവര്‍ത്തകന്‍, 
      കേളിയുടെ പത്രാധിപര്‍
കൃതികള്‍: വാല്‍ക്കണ്ണാടി, താമരയിതളുകള്‍, 
     വളപ്പൊട്ടുകള്‍, മുഖച്ഛായ തുടങ്ങി ഗദ്യ കവിതകളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരങ്ങള്‍
പുരസ്കാരം: സമഗ്ര സംഭാവനക്ക് കേരള 
     സാഹിത്യ അക്കാദമി പുരസ്കാരം
മരണം: 2001 ഒക്ടോബര്‍ എട്ട്.