മരണത്തി​െൻറ തീവണ്ടിപ്പാത 
  • ആഷിഖ് മുഹമ്മദ് 
  • 02:37 PM
  • 23/03/2020

‘കൂ കൂ കൂ കൂ തീവണ്ടി, കൂകിപ്പായും തീവണ്ടി...’ എന്ന വരികൾ മൂളാത്ത മലയാളിയുണ്ടാവില്ല. അവധിക്ക് നാട്ടിൽവരുന്ന പട്ടാളക്കാര​െൻറയും  അവധിക്ക് നാട്ടിലേക്ക് പോകുന്ന ഉത്തരേന്ത്യൻ ഭായിമാരുടെയും സംസാരത്തിൽ തീവണ്ടിക്ക് സവിശേഷമായൊരു സ്ഥാനമുണ്ട്. തീവണ്ടി യാത്രകൾ, പാളങ്ങൾ, സ്​റ്റേഷൻ പരിസരങ്ങൾ, തീവണ്ടിയുമായി ബന്ധപ്പെട്ട്  ജോലിചെയ്യുന്നവർ എന്നിവയെല്ലാം നമുക്കെന്നും  തീരാകൗതുകങ്ങളുടെ കലവറയാണ്. 
തീവണ്ടിയോളംതന്നെ തീവണ്ടിപ്പാതകൾക്കും അവയുടെ നിർമാണത്തിനും ഒത്തിരി കഥകൾ പറയാനുണ്ടാകും. തെക്കുകിഴക്കേ ഏഷ്യയിലെ രാജ്യമായ തായ്‌ലൻഡിലെ കാഞ്ചനാബുരിയിൽ ക്വായി നദിക്കുകുറുകെ ഒരു റെയിൽപാതയുണ്ട്. ഡെത്ത് റെയിൽവേ എന്ന പേരിലാണതറിയപ്പെടുന്നത്‌. അനേകം മനുഷ്യരുടെ മരണത്തിനുകാരണമായ നിർമാണം.  കഠിനാധ്വാനത്തി​െൻറയും സാങ്കേതികവിദ്യയുടെയും സ്മാരകം കൂടിയാണത്​. രണ്ടാം ലോകയുദ്ധകാലംവരെ ബർമ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. 85,000 പേരുൾപ്പെടുന്ന ബ്രിട്ടീഷ് സേനക്കെതിരെ ജാപ്പനീസ് ലഫ്റ്റനൻറ്​ ജനറൽ യാമഷിതതോമയുക്കിയുടെ നേതൃത്വത്തിൽ 30,000  പേരടങ്ങുന്ന ജാപ്പനീസ് സേന നേടിയ വിജയം ബ്രിട്ടീഷ് പട്ടാളചരിത്രത്തിലെ കനത്ത പരാജയമായി മാറി. 1942 ഫെബ്രുവരി 15ന്​ ബ്രിട്ടീഷ് സൈന്യം പരാജയം അംഗീകരിച്ചതോടെ ഒന്നരലക്ഷത്തോളം വരുന്ന മനുഷ്യർ ജപ്പാ​െൻറ യുദ്ധത്തടവുകാരായി മാറി. കീഴടങ്ങിയ പട്ടാളക്കാരുടെ ദുരിതജീവിതം അവിടെത്തുടങ്ങുകയായിരുന്നു. 1942ൽ ബ്രിട്ടീഷ് യുദ്ധത്തടവുകാരെ അടിമകളെപ്പോലെ ഉപയോഗിച്ച്​ തായ്‌ലൻഡ് അതിർത്തിയിൽനിന്ന് ബർമയിലേക്ക് റെയിൽപാത നിർമാണമാരംഭിച്ചു. ജപ്പാൻ കീഴടക്കിയ ബർമയിലേക്ക് ഗതാഗത മാർഗമെന്ന നിലയിലാണ്  ബ്രിട്ടീഷ് സർക്കാർ അവതരിപ്പിച്ച അതേ റെയിൽപാത നിർമിക്കാൻ ജപ്പാൻ ഭരണകൂടം യുദ്ധത്തടവുകാരെ ഉപയോഗിച്ചത്. 
റെയിൽപാതയുടെ നിർമാണസമയത്ത് പതിനായിരക്കണക്കിന് യുദ്ധത്തടവുകാർ വിവിധ രോഗങ്ങളാലും പട്ടിണിമൂലവും ശിക്ഷയുടെ കാഠിന്യത്താലും  മരണമടഞ്ഞുവെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. തുടർച്ചയായി പതിനാറും ഇരുപതും മണിക്കൂറുകൾ അവരെ ജോലിചെയ്യിപ്പിച്ചു. തളർന്നു വീഴുംവരെ ജോലിയെടുപ്പിക്കുക എന്നതായിരുന്നു ജപ്പാൻ സൈന്യത്തി​െൻറ നയം. അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ 1942 ഒക്ടോബറിലാണ് പാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ, ഒരു വർഷം ആയപ്പോഴേക്കും പ്രവൃത്തികൾ പൂർത്തിയായിരുന്നു. 424 കിലോമീറ്റർ നീളമുണ്ടായിരുന്നു ആ റെയിൽപാതക്ക്. ആഹാരത്തി​െൻറ അഭാവം തൊഴിലാളികളുടെ മുഖ്യപ്രശ്നമായി മാറി. യുദ്ധത്തിനു മുമ്പ്​് ബ്രിട്ടീഷ് പട്ടാളം ധാരാളം അരിയും ഇറച്ചിയും ശേഖരിച്ചുവെച്ചിരുന്നു. എന്നാൽ, പരാജയപ്പെടുമെന്നുറപ്പായപ്പോൾ മാംസമെല്ലാം കുഴിച്ചുമൂടുകയും അരിയിൽ മണ്ണെണ്ണ ഒഴിച്ചുവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭക്ഷണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ ജപ്പാൻ സേന മണ്ണെണ്ണ ഒഴിച്ച അരിയും കുഴിച്ചിട്ട മാംസവുമെല്ലാം തിരികെയെടുത്ത് തടവുകാർക്ക് വിതരണം ചെയ്‌തു. പുഴുവരിച്ച മാംസത്തിൽനിന്ന് അവയെ മാറ്റി മാംസം പുഴുങ്ങിയും പച്ചക്കും കഴിച്ചാണ് യുദ്ധത്തടവുകാർ വിശപ്പുമാറ്റിയിരുന്നത്. 
റെയിൽപാത നിർമാണം പൂർത്തിയായശേഷം അവശേഷിച്ചവർ ഭീകരമായ ജയിൽജീവിതത്തിനും ഇരയായി. ക്വായി നദിയിലെ പാലത്തി​െൻറ അൽപം അകലെ റെയിൽപാത നിർമാണത്തിനിടെ മരണമടഞ്ഞ പതിനായിരക്കണക്കിന് മനുഷ്യരുടെ ശവകുടീരമുണ്ട്. വാർ സെമിത്തേരി എന്ന പേരിലാണതറിയപ്പെടുന്നത്. തടവുകാരുടെ ജീവിതത്തെക്കുറിച്ചും യുദ്ധകാല സംഭവങ്ങളെയും ഓർമപ്പെടുത്തുന്ന ഒരു വാർ മ്യൂസിയവും കാഞ്ചനാബുരിയിലുണ്ട്. പിൽക്കാലത്ത് അമേരിക്കൻ സൈന്യം റെയിൽപാത ബോംബിട്ടു തകർത്തെങ്കിലും പുതുക്കിപ്പണിയുകയും സഞ്ചാരയോഗ്യമാക്കുകയും ചെയ്‌തിരുന്നു.