മരണത്തി​െൻറ അടയാളങ്ങൾ...
  • ആഷിഖ്​ മുഹമ്മദ്​
  • 02:20 PM
  • 16/02/2019

വിസ്‌മയവും ആകസ്മികതയും കൊണ്ട് അതുല്യമായ അനുഭവമായിമാറാറുണ്ട് ഓരോ പർവതയാത്രയും. പുസ്തകങ്ങളിൽ വായിച്ചും ചിത്രങ്ങളിൽ കണ്ടും നമുക്ക് പരിചയമുള്ള എവറസ്​റ്റ്​ പർവതവും അത്തരത്തിൽ വിസ്മയമാവാറുണ്ട്. എവറസ്​റ്റ്​ കീഴടക്കുക എന്നത് ഏതൊരു പർവതാരോഹക​െൻറയും സ്വപ്നമാണ്. കഠിനമായ ഹിമപാതവും ആഞ്ഞുവീശുന്ന ശീതക്കാറ്റും നേരിട്ട്​, സാഹസികത നിറഞ്ഞ വഴികളിലൂടെയാണ് ഓരോരുത്തരും എവറസ്​റ്റ്​ കീഴടക്കാൻ ശ്രമിക്കുന്നത്. പലരും വിജയിക്കും, അതിലേറെ പരാജയപ്പെടുന്നവരും. പരാജിതരിൽ പലരും തിരിച്ചു വരാത്തവരാണ്, മരണത്തിനു കീഴടങ്ങിയവർ. ഇങ്ങനെയുള്ള 200ഓളം പേരുടെ മൃതദേഹങ്ങൾ എവറസ്​റ്റ്​ കൊടുമുടിയുടെ ഒാരാ ഭാഗങ്ങളിലും വഴിയടയാളമായി ഉപയോഗിക്കുന്നുവന്നതാണ്​ മറ്റൊരു വസ്​തുത. ഓരോ മൃതദേഹവും യാത്രാവഴിയിലെ അപകടസാധ്യതകളുടെ ഓർമപ്പെടുത്തലുകളാണ്. ഇരിക്കുന്ന നിലയിലും കിടക്കുന്ന നിലയിലുമൊക്കെ അവിടെ മൃതദേഹങ്ങൾ കാണാം.
1953ൽ എവറസ്​റ്റിനുമുകളിൽ എത്തിയ ടെൻസിങ് നോർഗെക്കും എഡ്‌മണ്ട് ഹിലാരിക്കും മുമ്പ്​ എവറസ്​റ്റ്​ കയറാനുള്ള ശ്രമത്തിനിടെ മരിച്ച ജോർജ് മല്ലോറിയുടെ മൃതദേഹം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കൊടുമുടിക്ക് മുകളിൽ ഇപ്പോഴുമുണ്ട്.  
എവറസ്​റ്റിലേക്കുള്ള പാതയിൽ ഒരു ഗുഹക്ക് സമീപമാണ് ഇന്ത്യക്കാരനായ സെവാങ് പൽ ജോറി​െൻറ ശരീരമുള്ളത്. പച്ച ബൂട്ട് ധരിച്ച അദ്ദേഹത്തി​െൻറ മൃതദേഹം കിടക്കുന്ന സ്ഥലം ഗ്രീൻ ബൂട്ട്​സ്​ കേവ്  എന്നപേരിൽ അറിയപ്പെടുന്നു. 1996ലാണ് അദ്ദേഹത്തിന് ജീവൻ നഷ്​ടമായത്. കൊടുംതണുപ്പില്‍നിന്ന്​ രക്ഷനേടാന്‍ ഒരു ചെറിയ ഗുഹാകവാടത്തില്‍ അഭയംതേടിയ അദ്ദേഹം അവിടെത്തന്നെ മരിച്ചുവീഴുകയായിരുന്നു.
ഇത്തരത്തിൽ ജീവഹാനി സംഭവിക്കുന്നവരിൽ ഭൂരിഭാഗം പേരും അൽപസമയത്തെ വിശ്രമത്തിനായി ഇരിക്കുന്നവരോ മയങ്ങിപ്പോവുന്നവരോ ആണ്. പിന്നീട് ശരീരം മരവിച്ച് എഴുന്നേൽക്കാനാവാതെ മരണത്തിന് കീഴടങ്ങുന്നു. ഇവിടത്തെ  മൃതദേഹമെല്ലാം എവറസ്​റ്റുതന്നെ കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്. എവറസ്​റ്റ്​ കീഴടക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച 1920കള്‍ മുതല്‍ ഇരുനൂറിലേറെ പേര്‍ക്ക് ലോകത്തെ ഏറ്റവും വലിയ കൊടുമുടിക്ക് മുകളില്‍ ജീവന്‍ നഷ്​ടമായിട്ടുണ്ട്. എങ്കിലും ഏതൊരു പർവതാരോഹക​െൻറയും ചിരകാല അഭിലാഷം എവറസ്​റ്റ്​ കീഴടക്കുക എന്നുതന്നെ ആയിരിക്കും.