സ്കൂൾ പച്ച
മഞ്ഞണിഞ്ഞ് ക്രിസ്മസ്
  • സിജു ജോര്‍ജ്
  • 12:10 PM
  • 23/12/2016

യേശു ക്രിസ്തുവിന്‍െറ ജന്മദിനമാണ് ലോകമെങ്ങും ക്രിസ്മസായി ആഘോഷിക്കുന്നത്. ക്രിസ്തുവിന്‍െറ കുര്‍ബാന എന്ന അര്‍ഥം വരുന്ന ‘ക്രിസ്റ്റസ് മാസെ’ എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്മസ് എന്ന വാക്ക് ഉണ്ടായത്. ക്രിസ്തുവിന്‍െറ യഥാര്‍ഥ ജന്മദിനം ഏതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് വ്യക്തതയില്ല. ബൈബിളില്‍ ഇതുസംബന്ധിച്ച സൂചനയൊന്നും നല്‍കുന്നുമില്ല. അപ്പോള്‍ എങ്ങനെയാണ് ഡിസംബര്‍ 25 ക്രിസ്മസ് ആയത്? 
പുരാതന റോമാ സാമ്രാജ്യത്തില്‍ ഡിസംബര്‍ 25 സൂര്യദേവന്‍െറ ജന്മദിനമായി ആഘോഷിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍ൈറന്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ റോമാ സാമ്രാജ്യത്തിലും അതിന്‍െറ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. അങ്ങനെ, ഡിസംബര്‍ 25 ക്രിസ്തുവിന്‍െറ ജന്മദിനമായും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ഒരു വാദം. 
എ.ഡി 336ല്‍ ആണ് ആദ്യമായി ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിച്ചതെന്ന് ചരിത്രം പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ജൂലിയസ് ഒന്നാമന്‍ മാര്‍പാപ്പ ഡിസംബര്‍ 25 ക്രിസ്മസ് ആയി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. കത്തോലിക്കര്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവര്‍ ഡിസംബര്‍ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍, പൗരസ്ത്യ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ മിക്കവയും ജനുവരി ആറ് യേശുവിന്‍െറ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്, റഷ്യന്‍, സെര്‍ബിയന്‍, മാസിഡോണിയന്‍, ജോര്‍ജിയന്‍, യുക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഈ ഗണത്തില്‍പ്പെട്ടവരാണ്. 
ക്രിസ്മസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്ക് തൂക്കുക, സമ്മാനങ്ങള്‍ കൈമാറുക, കരോള്‍ നടത്തുക തുടങ്ങിയ വ്യത്യസ്തങ്ങളായ ആഘോഷ രീതികളാണുള്ളത്. ക്രിസ്മസിന്‍െറ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മനിയില്‍നിന്ന് വന്നതാണെന്ന് കരുതപ്പെടുന്നു. ക്രിസ്മസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ അവയില്‍ ചിലതുമാത്രം. ജര്‍മനിയില്‍ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന ‘യൂല്‍’ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങള്‍ പിന്നീട് ക്രിസ്മസിലേക്ക് കടന്നുവരുകയായിരുന്നു എന്ന് പറയുന്നു. 
സാന്താക്ളോസ് അപ്പൂപ്പന്‍
ക്രിസ്മസ് നാളുകളില്‍ സമ്മാനങ്ങളുമായി എത്തുന്ന അപ്പൂപ്പനാണ്് സാന്താക്ളോസ്. മഞ്ഞുപോലെ വെളുത്ത താടിയും കുടവയറുമുള്ള സാന്താക്ളോസ് അപ്പൂപ്പന്‍ ചുവന്ന കോട്ടും തൊപ്പിയുമണിഞ്ഞാണ് എത്തുക. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്‍റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്താക്ളോസായി മാറിയത്. ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്‍െറ അനുസ്മരണദിനം. ഡച്ചുകാരാണ് സെന്‍റ് നിക്കോളസിനെ ക്രിസ്മസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങിയത്. ഡച്ച്കോളനികളിലൂടെ ഈ രീതി സാര്‍വ ദേശീയമാവുകയും ചെയ്തു. സെന്‍റ് നിക്കോളസ് എന്നത് ലോപിച്ച് സാന്താക്ളോസുമായി. ഇന്ന് സാന്താക്ളോസ് അപ്പൂപ്പന്‍, ക്രിസ്മസ് പപ്പാ, അങ്കിള്‍ സാന്താക്ളോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.
ആംഗ്ളോ അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്താക്ളോസിന്‍െറ വരവ് പ്രത്യേക രീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്മസ് തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ളോസ് എത്തുന്നത്. ഓരോ വീടുകളുടെയും ചിമ്മിനികളിലൂടെ അകത്തത്തെുന്ന സാന്താ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്മസ് നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചുവെക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്. സാന്താക്ളോസ് അപ്പൂപ്പന്‍ ക്രിസ്മസ് തലേന്ന് ആരുമറിയാതെ വെച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്നത്.
ക്രിസ്മസ് മരം
മിക്ക പുരാതന സംസ്കാരങ്ങളിലും മരങ്ങളെ ആരാധിക്കുന്ന രീതി കാണാം. വീടിനകത്ത് അലങ്കരിച്ച മരങ്ങള്‍ സ്ഥാപിക്കുന്ന പതിവുമുണ്ടായിരുന്നു. വരും വര്‍ഷം മികച്ച വിളവ് പ്രതീക്ഷിച്ചായിരുന്നു ഇത്. ഇന്നത്തെ ക്രിസ്മസ് മരം ജര്‍മന്‍കാരുടെ സംഭാവനയാണ്. എട്ടാം നൂറ്റാണ്ടിലാണ് ക്രിസ്മസ് മരം എന്ന രീതി ആരംഭിച്ചതെന്ന് കരുതുന്നു. പുരാതന മതങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോള്‍ മരങ്ങളെ അലങ്കരിക്കുന്ന ആചാരം ക്രിസ്മസ് മരമായി കടന്നുവരുകയായിരുന്നുവെന്ന് പറയുന്നു. ക്രിസ്മസ് മരം ക്രിസ്മസ് ആഘോഷത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. ജര്‍മന്‍കാര്‍ ക്രിസ്മസ് നാളുകളില്‍ പിരമിഡ് ആകൃതിയുള്ള മരങ്ങള്‍ അലങ്കരിക്കുന്ന ഈ രീതി തുടങ്ങി. ഇത് കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്മസ് മരത്തില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്. 
ക്രിസ്മസ് നക്ഷത്രം
ക്രിസ്മസ് നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകള്‍ തൂക്കുന്നതാണ് മറ്റൊരാഘോഷം. ക്രിസ്തു ജനിച്ചപ്പോള്‍ കാണാന്‍ കിഴക്കുനിന്ന് എത്തിയ മൂന്ന് ജ്ഞാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയതിനെ അനുസ്മരിച്ചാണ് നക്ഷത്രം തൂക്കുന്നത്. 
പുല്‍ക്കൂട്
ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയീശോ പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്മസിന് പുല്‍ക്കൂടൊരുക്കാന്‍ തുടങ്ങിയത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുമുതല്‍ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍, 1223ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്‍ക്കൂടാണ് ഈ ആചാരത്തെ സാര്‍വത്രികമാക്കിയത്. പ്രകൃതിസ്നേഹിയായിരുന്ന ഫ്രാന്‍സിസ് ജീവനുള്ള മൃഗങ്ങളുമായി യഥാര്‍ഥ കാലിത്തൊഴുത്താണ് അവതരിപ്പിച്ചത്. പുല്‍ക്കൂട്ടിലെ വിനയത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല്‍ക്കൂട് ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങള്‍ അണിനിരത്തി പുല്‍ക്കൂട് ഒരുക്കുന്നു. ഉണ്ണിയീശോ, അമ്മ മറിയം, ജോസഫ്, ജ്ഞാനികള്‍, ആട്ടിടയന്മാര്‍ എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ക്രിസ്മസ് കാര്‍ഡുകള്‍
ക്രിസ്മസ് കാലത്ത് ആശംസ സന്ദേശങ്ങള്‍ അയക്കുന്നത് ഏവര്‍ക്കും പ്രിയപ്പെട്ട കാര്യമാണ്. അടുത്തകാലം വരെ ക്രിസ്മസ് കാര്‍ഡുകള്‍ക്ക് വന്‍ പ്രചാരമായിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണുകളുടെയും സമൂഹമാധ്യമങ്ങളുടെയുമൊക്കെ വരവോടെ കാര്‍ഡുകള്‍ അയക്കുന്ന രീതി കുറഞ്ഞു. എങ്കിലും ഗൃഹാതുരതയോടെ ക്രിസ്മസ് കാര്‍ഡുകള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന പതിവ് ഇപ്പോഴും തുടരുന്നവരുമുണ്ട്. 
ശാന്തരാത്രി തിരുരാത്രി.....
ക്രിസ്മസ് എന്നു കേള്‍ക്കുമ്പോഴേ മനസ്സില്‍ ഓടിയത്തെുന്ന മറ്റൊരു കാര്യമാണ് ക്രിസ്മസ് ഗാനങ്ങള്‍. ലോകപ്രശസ്തി നേടിയ ക്രിസ്മസ് ഗാനങ്ങള്‍ നിരവധിയാണ്. ഇതില്‍ ഒന്നാമതാണ് സൈലന്‍റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനം. ഇതിനകം നിരവധി ഭാഷകളിലേക്ക് സൈലന്‍റ് നൈറ്റ് പരിഭാഷപ്പെടുത്തിക്കഴിഞ്ഞു. ശാന്തരാത്രി തിരുരാത്രി... എന്ന് മലയാളത്തിലും ഈ ഗാനം പ്രസിദ്ധമാണ്. 
വളരെ രസകരമായൊരു ചരിത്രം ഈ ഗാനത്തിന്‍െറ പിറവിക്കു പിന്നിലുണ്ട്. രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ ഗാനം പിറന്നത്. ക്രൈസ്തവ പുരോഹിതനായ ഫാ. ജോസഫ് മോര്‍ ആണ് ഈ ഗാനത്തിന്‍െറ രചയിതാവ്. ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ക്രൈസ്തവ ദേവാലയത്തിലെ പുരോഹിതനായിരുന്നു അദ്ദേഹം. 1818ല്‍ ഈ ഗാനം രചിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിത്തീരുകയായിരുന്നു. ആ കഥ ഇങ്ങനെ: എല്ലാ വര്‍ഷത്തെയും ക്രിസ്മസ് ആഘോഷത്തിനു പുതിയ ഗാനങ്ങള്‍ പാടുന്നതായിരുന്നു രീതി. മനസ്സിനു വലിയ തൃപ്തി നല്‍കിയില്ളെങ്കിലും ദിവസങ്ങളെടുത്ത് ഒരു ഗാനം അദ്ദേഹം തയാറാക്കി. പക്ഷേ, ഡിസംബര്‍ 23ന് ആ ഗാനത്തിന്‍െറ കൈയെഴുത്തു പ്രതി എങ്ങനെയോ നഷ്ടപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഫാ. ജോസഫ് മോര്‍ ആകെ വിഷമത്തിലായി. അങ്ങനെയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ മനസ്സിലേക്കു താന്‍ ഏതാനും വര്‍ഷം മുമ്പ് ഡയറിയില്‍ കുറിച്ചിട്ട ഒരു കാര്യം ഓര്‍മവന്നു. ജര്‍മന്‍ ഭാഷയിലാണ് അദ്ദേഹം ഡയറി എഴുതിയിരുന്നത്. അദ്ദേഹം ഉടന്‍തന്നെ അതെടുത്തു വായിച്ചു. 1816ല്‍ എഴുതിയ കുറിപ്പായിരുന്നു അത്. ആ വായന അദ്ദേഹത്തിന്‍െറ മനസ്സില്‍ ഉണര്‍ത്തിയ ചിന്തയില്‍നിന്ന് വളരെ പെട്ടെന്നു രചിച്ച ഗാനമാണ് ഇന്നു ലോകമെമ്പാടും ആലപിക്കുന്ന സൈലന്‍റ് നൈറ്റ്/ഹോളി നൈറ്റ് ... എന്നു തുടങ്ങുന്ന ഗാനം. 
എഴുതിതയാറാക്കിയ ഉടന്‍തന്നെ അദ്ദേഹം ഗാനവുമായി പള്ളി സ്കൂളിലെ ഓര്‍ഗന്‍ അധ്യാപകനായ ഫ്രാന്‍സ് സേവര്‍ ഗ്രൂവറിനെ സമീപിച്ചു. തന്‍െറ വരികള്‍ക്ക് സംഗീതമിടാന്‍ ആവശ്യപ്പെട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ആ വരികള്‍ക്കു സംഗീതമേകി. 1818 ഡിസംബര്‍ 24ന് രാത്രിയില്‍ ഈ ഗാനം ആദ്യമായി ആലപിക്കപ്പെട്ടു. പിന്നീട്, ബേന്‍ഡോര്‍ഫ് ഗ്രാമത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായി ഈ ഗാനം തുടര്‍ന്നു. 1859ല്‍ ഈ ഗാനം കേട്ട ന്യൂയോര്‍ക് ട്രിനിറ്റി ദേവാലയത്തിലെ പുരോഹിതനായ ജോണ്‍ ഫ്രീമാനു വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ഈ ഗാനം ജര്‍മനില്‍നിന്ന് ഇംഗ്ളീഷിലേക്കു മൊഴിമാറ്റി. അതോടെ ഗാനം യൂറോപ്പിലാകെ തരംഗമായി മാറി. ഇംഗ്ളീഷ് പരിഭാഷ പുറത്തിറങ്ങി ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു ശേഷം, 1957ല്‍ ലോകപ്രശസ്ത ഗായകന്‍ എല്‍വിസ് പ്രീസ്ളിയുടെ ശബ്ദത്തില്‍ ഈ ഗാനം വീണ്ടും വിസ്മയമായി. പ്രീസ്ളിക്കു ശേഷം ലോകപ്രശസ്തരായ നിരവധി ഗായകര്‍ ഈ ഗാനം ആലപിച്ചു. പക്ഷേ, അതൊന്നും പ്രീസ്ളിയുടെ ഗാനത്തിന്‍െറ സ്വീകാര്യതക്കൊപ്പമത്തെിയില്ല.